ഇന്ന് ഗംഭീർ യുഗത്തിലെ ആദ്യ മത്സരം, സഞ്ജുവിന് അവസരം കിട്ടുമോ!

ഗൗതം ഗംഭീർ പരിശീലകനായി എത്തിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് നടക്കും. ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി 7 മണിക്കാണ് ആരംഭിക്കുക. മത്സരം സോണി നെറ്റ്വർക്കിൽ തത്സമയം കാണാൻ ആകും.

ഗംഭീറിന്റെ ആദ്യ മത്സരം ആയതു കൊണ്ട് തന്നെ ടീം എങ്ങനെ ആയിരിക്കും എന്നാകും ഏവരും ഉറ്റു നോക്കുന്നത്. സൂര്യകുമാർ യാദവ് ആണ് ടീമിന്റെ ക്യാപ്റ്റൻ. സഞ്ജു സാംസൺ സ്ക്വാഡിൽ ഉണ്ട്. എന്നാൽ സഞ്ജുവിനെ ഗംഭീർ കളിപ്പിക്കുമോ എന്നത് കണ്ടു തന്നെ അറിയണം. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ തന്നെയാകും ഗംഭീർ പരിഗണിക്കുക.

കോഹ്ലി, രോഹിത് ശർമ്മ എന്നിവർ ഒഴിച്ചിട്ട സ്ഥാനം ആര് ഏറ്റെടുക്കും എന്നും ക്രിക്കറ്റ് പ്രേമികൾ ഉറ്റു നോക്കും. ഗില്ലും ജയ്സ്വാളും ഇന്ത്യക്ക് ആയി ഇന്ന് ഓപ്പൺ ചെയ്യാൻ ആണ് സാധ്യത.

ഫിറ്റ്നസ് പ്രശ്നങ്ങൾ ആണ് ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ ആക്കാതിരിക്കാൻ കാരണം എന്ന് അഗാർക്കർ

ഫിറ്റ്നസിൽ ആശങ്ക ഉള്ളത് കൊണ്ടാണ് ഹാർദിക് പാണ്ഡ്യയെ ടി20 ക്യാപ്റ്റൻ ആക്കാതിരുന്നത് എന്ന് ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടർ അജിത് അഗാർക്കർ. ടീം സ്ഥിരമായി കളിക്കാൻ കഴിയുന്ന ഒരു ക്യാപ്റ്റനെ ആയിരുന്നു നോക്കിയത്. അതാണ് സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ ആക്കാൻ കാരണം എന്നും ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ അഗാർക്കർ പറഞ്ഞു.

“ഹാർദിക്കിനെ സംബന്ധിച്ച്, അവൻ ഇപ്പോഴും ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരനാണ്. ഫിറ്റ്‌നസ് അദ്ദേഹത്തിന് ഒരു വെല്ലുവിളിയായിരുന്നു. അത് കോച്ചിനും സെലക്ടർമാർക്കും ബുദ്ധിമുട്ടാണ്. കൂടുതൽ മത്സരങ്ങൾക്ക് ലഭ്യമാകുന്ന ഒരാളെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അങ്ങനെ പറയുമ്പോൾ, ഒരു ക്യാപ്റ്റനാകാൻ ആവശ്യമായ ഗുണങ്ങൾ സൂര്യകുമാറിന് ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.” അഗാർക്കർ പറഞ്ഞു.

“ഹാർദിക്കിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾക്കും തോന്നുന്നു, ലോകകപ്പിൽ ബാറ്റിലും പന്തിലും അദ്ദേഹത്തിന് എന്തുചെയ്യാനാകുമെന്ന് ഞങ്ങൾ കണ്ടു. ഓരോ കളിക്കാരനോടും അവരുടെ റോൾ എന്താണെന്ന് ഞങ്ങൾ സംസാരിച്ചു. ക്യാപ്റ്റൻസിയുടെ തീരുമാനത്തെ കുറിച്ച് ഞങ്ങൾ അവനോട് സംസാരിച്ചിരുന്നു.” അഗാർക്കർ പറഞ്ഞു

ഹാർദിക് അല്ല, സൂര്യകുമാർ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ!! സഞ്ജു ഏകദിന ടീമിൽ ഇല്ല

വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവ് ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റൻ ആയി. കഴിഞ്ഞ മാസം നടന്ന ലോകകപ്പ് വിജയത്തിന് ശേഷം രോഹിത് ശർമ്മ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പുതിയ ക്യാപ്റ്റനെ ഇന്ത്യ തീരുമാനിക്കേണ്ടിയിരുന്നു. ഗംഭീർ പരിശീലകനായി എത്തിയ ശേഷം എടുക്കുന്ന ആദ്യ വലിയ തീരുമാനം ആണ് സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻ ആയുള്ള നിയമനം.

രോഹിത് ഏകദിനത്തിൽ ടീമിനെ നയിക്കും, വിരാട് കോഹ്‌ലിയും എകദിന ടീമിൽ ഉണ്ട്. ശുഭ്മാൻ ഗില്ലിനെ രണ്ട് ഫോർമാറ്റിലും വൈസ് ക്യാപ്റ്റനായി ഇന്ത്യ നിയമിച്ചു. ജൂലൈ 27 മുതൽ ഓഗസ്റ്റ് 7 വരെ മൂന്ന് ട്വൻ്റി 20 ഇൻ്റർനാഷണലുകളും നിരവധി ഏകദിന മത്സരങ്ങളും ഇന്ത്യ ശ്രീലങ്കയിൽ കളിക്കും. മലയാളി താരം സഞ്ജു സാംസൺ ടി20 ടീമിൽ ഉണ്ട്. ഏകദിന ടീമിൽ ഇടം ലഭിച്ചില്ല.

https://x.com/ICC/status/1813939010076602673

ടി20 ടീം;

സൂര്യകുമാർ യാദവ് (c), ശുഭ്മൻ ഗിൽ (vc), യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, ഋഷഭ് പന്ത് (WK), സഞ്ജു സാംസൺ (WK), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ് , ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്.

ഏകദിന ടീം;
രോഹിത് ശർമ്മ (c), ശുഭ്മൻ ഗിൽ (vc), വിരാട് കോലി, KL രാഹുൽ (wk), ഋഷഭ് പന്ത് (wk), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ , ഖലീൽ അഹമ്മദ്, ഹർഷിത് റാണ

ഗംഭീറിന്റെ ആദ്യ സർപ്രൈസ്? ഹാർദികിനെ മറികടന്ന് സൂര്യകുമാർ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ ആകുന്നു

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമുകൾ ഇന്ന് പ്രഖ്യാപിക്കാൻ ഇരിക്കെ ഒരു വലിയ സർപ്രൈസ് നീക്കമാണ് പുതിയ പരിശീലകൻ ഗൗതം ഗംഭീർ നടത്തുന്നത്. രോഹിത് ശർമ്മ വിരമിച്ചതോടെ ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റൻ ആകുമെന്ന് കരുതിയ ഹാർദിക് പാണ്ഡ്യ ആയിരിക്കില്ല ഇന്ത്യയുടെ അടുത്ത ക്യാപ്റ്റൻ ആകുന്നത്. ഹാർദികിനു പകരം സൂര്യകുമാർ ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ ആയി ഇന്ന് നിയമിക്കപ്പെടും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ഗൗതം ഗംഭീർ സൂര്യകുമാർ യാദവ് ടി20 ക്യാപ്റ്റൻ ആകണം എന്ന് ബി സി സി ഐയോട് ആവശ്യപ്പെട്ടു എന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു. ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസ് ആണ് അദ്ദേഹത്തെ പരിഗണിക്കാതിരിക്കാൻ പ്രധാന കാരണം. സൂര്യകുമാർ ക്യാപ്റ്റനുൻ ഹാർദിക് വൈസ് ക്യാപ്റ്റനും ആയാലും ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പര കളിക്കുക.

ഏകദിനത്തിൽ രോഹിത് ശർമ്മ വിശ്രമം കഴിഞ്ഞു മടങ്ങി എത്തുന്നത് വരെ കെ എൽ രാഹുൽ ആകും ഇന്ത്യയുടെ ക്യാപ്റ്റൻ.

ഇന്ത്യ 3 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളും ആണ് ശ്രീലങ്കൻ പര്യടനത്തിൽ കളിക്കുന്നത്. സഞ്ജു സാംസൺ രണ്ട് ടീമിലും സ്ഥാനം നേടും എന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 27ന് ആണ് പരമ്പര ആരംഭിക്കുന്നത്.

ശ്രീലങ്കയ്ക്ക് എതിരായ ടീം ഇന്ന്, ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ ആയി സൂര്യകുമാറിനെയും പരിഗണിക്കുന്നു

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമുകൾ ഇന്ന് പ്രഖ്യാപിക്കും. ഗൗതം ഗംഭീർ പരിശീലകനായി എത്തിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര ആയിരിക്കും ഇത് എന്നതു കൊണ്ട് തന്നെ അദ്ദേഹം പ്രഖ്യാപിക്കാൻ പോകുന്ന ടീമിൽ ആകും ഏവരുടെയും ശ്രദ്ധ. ആര് ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റൻ ആകും എന്നതും ഇന്ന് തീരുമാനം ആകും.

ഹാർദിക് പാണ്ഡ്യയോ സൂര്യകുമാർ യാദവോ ക്യാപ്റ്റൻ ആകും എന്നാണ് റിപ്പോർട്ടുകൾ. ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസിൽ ആശങ്കയുള്ളത് കൊണ്ട് ഹാർദികിനു മേൽ സൂര്യകുമാറിന് ക്യാപ്റ്റൻസി കിട്ടാൻ സാധ്യതയുണ്ട് എന്ന് News18 റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യ 3 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളും ആണ് ഈ പര്യടനത്തിൽ കളിക്കുന്നത്. രോഹിത് ശർമ്മയും കോഹ്ലിയും ഇല്ലാത്ത പര്യടനത്തിൽ രാഹുൽ ഏകദിനത്തിൽ ഇന്ത്യയെ നയിക്കും. സഞ്ജു സാംസൺ രണ്ട് ടീമിലും സ്ഥാനം നേടും എന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 27ന് ആണ് പരമ്പര ആരംഭിക്കുന്നത്.

സൂര്യകുമാറിന്റെ ആ ക്യാച്ച്!! കപ്പ് ഉറപ്പിച്ച നിമിഷം

സൂര്യകുമാർ യാദവ് ഇന്ന് എടുത്ത മില്ലറിന്റെ ക്യാച്ച് അത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ എക്കാലവും ഓർക്കുന്ന ക്യാച്ചാകും. പഴ കപിൽ ദേവിന്റെ ക്യാച്ച് പോലെ ക്രിക്കറ്റ് പ്രേമികൾ അത് ഓർക്കും. മത്സരത്തിന്റെ അവസാന ഓവറിൽ ഹാർദിക് പന്തെറിയുക ആയിരുന്നു. ഒരു ഓവറിൽ വേണ്ടത് 16 റൺസ്. മില്ലർ ആണ് ബാറ്റു ചെയ്യുന്നത്. ടി20യിലെ ഏറ്റവും അപകടകാരികളായ ബാറ്റർമാരിൽ ഒരാൾ.

ആദ്യ പന്തിൽ തന്നെ മില്ലർ ഉയർത്തിയടിച്ച പന്ത് ലോംഗ് ഓണിൽ സിക്സ് കടക്കും എന്നാണ് ഒരു നിമിഷം കരുതിയത്. അപ്പോൾ ആണ് സൂര്യകുമാർ സൂപ്പർമാൻ ആയത്. സിക്സ് ലൈനിന് തൊട്ടു തൊട്ടില്ല എന്ന നിലയിച്ച് ക്യാച്ച് കൈക്കലാക്കിയ സൂര്യകുമാർ താൻ സിക്സ് ലൈൻ ചവിട്ടും എന്ന് ഉറപ്പായപ്പോൾ പന്ത് മുകളിലേക്ക് എറിഞ്ഞും എന്നിട്ട് വീണ്ടും ഗ്രൌണ്ടിന് അകത്ത് കയറിയ ശേഷം പന്ത് വീണ്ടും കൈകളിലാക്കി. മില്ലർ ഞെട്ടിത്തിരിച്ച് നിൽക്കുന്നത് കാണാൻ ആയിരുന്നു.

ഈ ക്യാച്ച് ആണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ഇതിനു ശേഷം സമ്മർദ്ദം ഇല്ലാതെ ജയിക്കാൻ ഇന്ത്യക്ക് ആയി.

സൂര്യകുമാർ മാത്രം തിളങ്ങി, അഫ്ഗാന് മുന്നിൽ 182 വിജയലക്ഷ്യം വെച്ച് ഇന്ത്യ

അഫ്ഗാനിസ്ഥാന് എതിരായ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 181 റൺസ് എടുത്തു. ഇന്ത്യയുടെ മുൻനിര ബാറ്റർമാർ എല്ലാം പരാജയപ്പെട്ട മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സ് ആണ് നിർണായകമായത്. ഈ ലോകകപ്പിൽ മുൻ മത്സരങ്ങളിൽ കണ്ടതുപോലെ ഇന്ത്യയുടെ പുതിയ ഓപ്പണിംഗ് ജോടിയായ വിരാട് കോഹ്ലി – രോഹിത് ശർമ്മ സഖ്യം ഇന്നും പരാജയപ്പെടുന്നതാണ് തുടക്കത്തിൽ തന്നെ കണ്ടത്.

11 റൺ മാത്രമാണ് ഇന്ന് ഓപ്പണിംഗ് വിക്കറ്റിൽ പിറന്നത്. 13 പന്തിൽ എട്ട് റൺസ് എടുത്ത രോഹിത് ശർമ്മയാണ് ആദ്യം തന്നെ പുറത്തായത്. പിന്നാലെ 20 റൺസ് എടുത്ത പന്തും 24 റൺസ് എടുത്ത വിരാട് കോഹ്ലിയും പുറത്തായി. ഏഴ് പന്തിൽ 10 റൺസ് മാത്രം എടുത്ത് ശിവം ദൂബെ ഇന്നും നിരാശപ്പെടുത്തി. എങ്കിലും ഒരു ഭാഗത്ത് സൂര്യകുമാർ യാദവ് തൻറെ പതിവ് ശൈലിയിൽ ആക്രമിച്ചു തന്നെ കളിക്കുന്നുണ്ടായിരുന്നു.

സൂര്യകുമാർ യാദവ് 28 പന്തിൽ 53 ആണ് പുറത്തായത് മൂന്ന് സിക്സും 5 ഫോറും സൂര്യകുമാർ യാദവിന്റെ ഉണ്ടായിരുന്നു 32 റൺസ് എടുത്ത് ഹാർദിക് പാണ്ഡെയും ഇന്ത്യയുടെ സ്കോർ 160 കടക്കാൻ സഹായിച്ചു. 26 റൺസ് മാത്രം നൽകി മൂന്ന് വിക്കറ്റ് എടുത്ത റാഷിദ് ഖാനാണ് അഫ്ഗാൻ ബൗളർമാറിൽ ഏറ്റവും തിളങ്ങിയത്.

ദൂബെയും സൂര്യകുമാറും പക്വത കാണിച്ചു എന്ന് രോഹിത് ശർമ്മ

അമേരിക്കയ്ക്ക് എതിരായ മത്സരത്തിലെ വിജയത്തിൽ സൂര്യകുമാറിനെയും ശിവം ദൂബെയെയും പ്രശംസിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. സൂപ്പർ 8 ഉറപ്പിക്കാൻ ആയതിൽ സന്തോഷം ഉണ്ടെന്നും ക്രിക്കറ്റ് കളിക്കാൻ ഒട്ടും എളുപ്പമുള്ള പിച്ച് ആയിരുന്നില്ല ന്യൂയോർക്കിലേതെന്നും രോഹിത് പറഞ്ഞു.

ഈ മത്സരം കഠിനമായിരിക്കുമെന്ന് അറിയാമായിരുന്നു. ഇന്ന് പക്വത കാണിച്ചതിനും ഞങ്ങളെ മുന്നോട്ട് നയിച്ചതിനും സൂര്യയ്ക്കും ദുബെയ്ക്കും ക്രെഡിറ്റ് നൽകുന്നു. രോഹിത് മത്സര ശേഷം പറഞ്ഞു. ഇരുവരുടെയും കൂട്ടുകെട്ട് ആയിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഈ പിച്ചിൽ ഞങ്ങളെ ബൗളർമാർ മുന്നിൽ നിന്ന് നയിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, റൺ സ്കോറിംഗ് ബുദ്ധിമുട്ടായിരുന്നു. എല്ലാ ബൗളർമാരും നല്ല ജോലി ചെയ്തു, പ്രത്യേകിച്ച് അർഷ്ദീപ്. രോഹിത് പറയുന്നു.

നിങ്ങൾക്ക് ബൗളിംഗിൽ ഓപ്ഷനുകൾ വേണം, ഇന്ന്, പിച്ച് സീമർമാർക്ക് അനുകൂലമായതിനാൽ ആണ് ദൂബയെ പരീക്ഷിച്ചത്. രോഹിത് കൂട്ടിച്ചേർത്തു.

സ്കൈ ഈസ് ദി മാന്‍!!! വിജയം ഇന്ത്യയ്ക്ക്, പാക്കിസ്ഥാന് പ്രതീക്ഷ

യുഎസ്എയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ഇന്ത്യ. പാക്കിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കുവാന്‍ ഇന്ത്യയുടെ ഈ വിജയം കാരണമായിട്ടുണ്ട്. സൂര്യകുമാര്‍ യാദവും ശിവം ദുബേയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയ 72 റൺസാണ് ഇന്ത്യയെ 18.2 ഓവറിൽ വിജയത്തിലേക്ക് നയിച്ചത്. വിജയത്തോടെ ഇന്ത്യ സൂപ്പര്‍ 8ൽ കടന്നു.

ഓപ്പണര്‍മാരെ നഷ്ടമാകുമ്പോള്‍ ഇന്ത്യ 10 റൺസ് മാത്രമാണ് നേടിയത്. വിരാടിനെ രണ്ടാം പന്തിലും മൂന്നാം ഓവറിൽ രോഹിത്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ ഇരു വിക്കറ്റും സൗരഭ് നെത്രാവൽക്കര്‍ ആണ് നേടിയത്. 29 റൺസ് രണ്ടാം വിക്കറ്റിൽ നേടി ഋഷഭ് പന്ത് – സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചുവെങ്കിലും അലി ഖാന്‍ 18 റൺസ് നേടിയ പന്തിനെ പുറത്താക്കി ഈ കൂട്ടുകെട്ട് തകര്‍ത്തു.

സൂര്യകുമാര്‍ യാദവും ശിവം ദുബേയും കരുതലോടെ ബാറ്റ് വീശിയപ്പോള്‍ നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിനരികിലേക്ക് എത്തിച്ചു. ഓവറുകള്‍ ആരംഭിയ്ക്കുവാന്‍ വൈകുന്നത് മൂന്ന് തവണ ആവര്‍ത്തിച്ചപ്പോള്‍ 5 പെനാള്‍ട്ടി റൺസും യുഎസ്എയ്ക്കെതിരെ ചുമത്തി.

സ്കൈ 50 റൺസും ശിവം ദുബേ 31 റൺസുമാണ് ഇന്ത്യയ്ക്കായി നേടിയത്.

 

സൂര്യകുമാർ യാദവ് ആകും ഈ ലോകകപ്പിലെ ഇന്ത്യയുടെ സ്റ്റാർ എന്ന് ഹർഭജൻ സിംഗ്

ഈ ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന കളിക്കാരിലൊരാളായി സൂര്യകുമാർ യാദവ് മാറുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ടൂർണമെൻ്റിൽ ഇന്ത്യയുടെ ഗെയിം ചേഞ്ചർ ആകാൻ സൂര്യ കുമാർ യാദവിന് കഴിയുമെന്ന് സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ ഹർഭജൻ സിംഗ് പറഞ്ഞു.

“ഈ ടൂർണമെൻ്റിലുടനീളം ഇന്ത്യയുയ്യെ ഗെയിം മാറ്റാൻ കഴിയുന്ന ഒരാളാണ് സൂര്യകുമാർ യാദവ് എന്ന് ഞാൻ കരുതുന്നു. എന്നിരുന്നാലും, കഴിഞ്ഞ ദിവസം അദ്ദേഹത്തിന് പോയില്ല. പക്ഷേ, സൂര്യകുമാർ യാദവ്, അദ്ദേഹം ആദ്യം 10 അല്ലെങ്കിൽ 15 പന്തുകൾ കളിച്ചു കഴിഞ്ഞാൽ, പിന്നെ അദ്ദേഹത്തിന് വലിയ സ്കോർ നേടാൻ ആകും.” ഹർഭജൻ പറഞ്ഞു.

“ടീം ഇന്ത്യയയെ വിജയിപ്പിക്കാൻ കഴിയുന്ന വലിയ ഇന്നിംഗ്സ് കളിക്കാൻ അദ്ദേഹത്തിന് ആകും. എന്നെ സംബന്ധിച്ചിടത്തോളം, ഈ ലോകകപ്പിൽ സൂര്യകുമാർ യാദവ് ആയിരിക്കും ടീം ഇന്ത്യയുടെ സ്റ്റാർ.” അദ്ദേഹം പറഞ്ഞു.

കോഹ്ലി അല്ല സൂര്യകുമാർ ആണ് ഇന്ത്യയുടെ മൂന്നാം നമ്പറായി ലോകകപ്പിൽ ഇറങ്ങേണ്ടത് എന്ന് ലാറ

ലോകകപ്പിൽ ഇന്ത്യ സൂര്യകുമാറിനെ വൺ ഡൗൺ ആക്കി ഇറക്കണം എന്ന് മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ബ്രയാൻ ലാറ. സൂര്യകുമാറിന് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നൽകിയില്ലെങ്കിൽ ഇന്ത്യ ഒരു ടാലന്റ് പാഴാക്കുക ആണെന്ന് ലാറ പറഞ്ഞു.

“എൻ്റെ ഒരു ഉപദേശം, നിങ്ങൾക്കിത് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ സ്കൈ മൂന്നാം നമൊഅറിൽ ബാറ്റ് ചെയ്യണം. അവന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്താൽ മതി. ഏറ്റവും മികച്ച ടി20 കളിക്കാരിൽ ഒരാളാണ് അദ്ദേഹം.”ലാറ പറഞ്ഞു.

“എത്രയും വേഗം അവൻ കളിയിൽ എത്തണം. അവൻ ഒരു ഓപ്പണറല്ല,, 10-15 ഓവർ അവന് ബാറ്റ് ചെയ്യാൻ കഴിയുമെങ്കിൽ, എന്താണ് സംഭവിക്കുക എന്ന് നിങ്ങൾക്കറിയാം” ലാറ പറഞ്ഞു. ഇപ്പോൾ ഇന്ത്യയുടെ മൂന്നാം നമ്പറായി കോഹ്ലി ആണ് ഇറങ്ങുന്നത്. സൂര്യ മൂന്നാമൻ ആകണം എങ്കിൽ കോഹ്ലി രോഹിതിന് ഒരുമിച്ച് ഓപ്പൺ ചെയ്യേണ്ടി വരും.

സൂര്യകുമാർ ടീമിൽ ഉള്ളത് ഭാഗ്യമാണെന്ന് ഹാർദിക് പാണ്ഡ്യ

സൂര്യകുമാർ ടീമിൽ ഉള്ളത് ഭാഗ്യമാണെന്ന് ഹാർദിക് പാണ്ഡ്യ. ഇന്നലെ നടന്ന മത്സരത്തിൽ സൂര്യകുമാർ സെഞ്ച്വറിയുമായി മുംബൈ ഇന്ത്യൻസിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഇതിനു ശേഷം സംസാരിക്കുക ആയിരുന്നു ഹാർദിക് പാണ്ഡ്യ.

“സൂര്യയുടെ ഇന്നിംഗ്സ് അവിശ്വസനീയമായിരുന്നു. അവൻ റൺസ് നേടുന്നതിനേക്കാൾ അപ്പുറം , ബൗളർമാരിൽ വളരെയധികം സമ്മർദ്ദം ചെലുത്തി, അത് മറ്റ് ബാറ്റർമാർക്കും അയഞ്ഞ പന്തുകൾ ലഭിക്കാൻ കാരണമാകുന്നു. അവൻ എതിരാളികളെ തകർക്കുന്നു. എൻ്റെ ടീമിൽ അദ്ദേഹത്തെ കിട്ടിയത് ഭാഗ്യമാണ്. ഇനിയും ഇത്തരത്തിൽ നിരവധി ഇന്നിംഗ്‌സുകൾ അദ്ദേഹത്തിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,” ഹാർദിക് മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ പറഞ്ഞു.

മുംബൈ ഇന്ത്യനൈന്റെ പ്ലേ ഓഫ് സാധ്യതകളെ കുറിച്ച് താൻ ചിന്തിക്കുന്നില്ല എന്നും ഹാർദിക് പറഞ്ഞു. “നമ്മുക്ക് യോഗ്യത നേടാൻ വേണ്ട കണക്കുകളുടെ സാഹചര്യത്തെ കുറിച്ച് എനിക്കറിയില്ല, പക്ഷേ ഞങ്ങൾ ഇന്ന് കളിച്ച രീതിയിൽ സന്തോഷമുണ്ട്. എങ്കിലും 15-20 റൺസ് ഞങ്ങൾ അധികമായി നൽകിയെന്ന് എനിക്ക് തോന്നുന്നു.” ഹാർദിക് പറഞ്ഞു.

Exit mobile version