കലിംഗ സൂപ്പർ കപ്പ് എഫ്‌സി ഗോവ സ്വന്തമാക്കി


മനോലോ മാർക്വേസിന്റെ എഫ്‌സി ഗോവ 2025 ലെ കലിംഗ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഖാലിദ് ജാമിലിന്റെ ജംഷഡ്പൂർ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഗോവ പരാജയപ്പെടുത്തി. ബോർഹ ഹെരേരയുടെ ഇരട്ട ഗോളുകളും ദേജാൻ ഡ്രാസിച്ചിന്റെ ഒരു ഗോളും ഗോവയുടെ വിജയത്തിൽ നിർണായകമായി.

ഈ വിജയത്തോടെ എഫ്‌സി ഗോവ 2025-26 എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ന്റെ പ്രാഥമിക റൗണ്ടിലേക്ക് യോഗ്യത നേടി. 2019 ന് ശേഷം ഗോവ നേടുന്ന ആദ്യ സൂപ്പർ കപ്പ് കിരീടമാണിത്, പരിശീലകൻ മനോലോ മാർക്വേസിന്റെ എഫ്‌സി ഗോവക്കൊപ്പമുള്ള ആദ്യ കിരീടം കൂടിയാണിത്.


മത്സരത്തിൽ തുടക്കം മുതൽ ആക്രമണാത്മക ഫുട്ബോൾ കാഴ്ചവെച്ച ഗോവ 23-ാം മിനിറ്റിൽ ബോർഹ ഹെരേരയുടെ ഗോളിലൂടെ മുന്നിലെത്തി. രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ ഹെരേര വീണ്ടും ഗോൾ നേടിയതോടെ ഗോവ ലീഡ് രണ്ടാക്കി ഉയർത്തി. 83-ാം മിനിറ്റിൽ ഡ്രാസിച്ച് ഗോൾ നേടിയതോടെ ഗോവ വിജയം ഉറപ്പിച്ചു. ജംഷഡ്പൂരിന്റെ മുന്നേറ്റങ്ങൾ കാര്യമായ ഫലം കണ്ടില്ല. കനത്ത മഴയെ അവഗണിച്ച് ഇരു ടീമുകളും പൊരുതിയെങ്കിലും ഒടുവിൽ എഫ്‌സി ഗോവ കിരീടം സ്വന്തമാക്കി.

കലിംഗ സൂപ്പർ കപ്പ് ഫൈനലിൽ ഇന്ന് ഗോവയും ജംഷഡ്പൂരും നേർക്കുനേർ


ഏകദേശം രണ്ടാഴ്ച നീണ്ട ആവേശകരമായ പോരാട്ടങ്ങൾക്ക് ശേഷം, എഫ്‌സി ഗോവയും ജംഷഡ്‌പൂർ എഫ്‌സിയും ഇന്ന് (മെയ് 3, ശനിയാഴ്ച) ഭുവനേശ്വറിൽ നടക്കുന്ന കലിംഗ സൂപ്പർ കപ്പ് 2025 ഫൈനലിൽ ഏറ്റുമുട്ടും. കിരീടം നേടുന്ന ടീമിന് 2025-26 സീസണിലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു പ്രിലിമിനറി റൗണ്ടിൽ ഒരു സ്ഥാനവും ലഭിക്കും.


എഫ്‌സി ഗോവ ടൂർണമെന്റിൽ രണ്ട് തവണ ചാമ്പ്യന്മാരാകുന്ന ആദ്യ ടീമാകാനും നാല് വർഷത്തിന് ശേഷം കോണ്ടിനെന്റൽ മത്സരത്തിലേക്ക് തിരിച്ചെത്താനും ലക്ഷ്യമിടുമ്പോൾ, ജംഷഡ്‌പൂർ എഫ്‌സി അവരുടെ ആദ്യ പ്രധാന കിരീടത്തിനും ഏഷ്യൻ ഫുട്ബോളിലേക്കുള്ള ആദ്യ പ്രവേശനത്തിനും വേണ്ടിയാണ് പോരാടുന്നത്.


മനോലോ മാർക്വേസിന്റെ കീഴിൽ ഗോവ, ഗോകുലം കേരള, പഞ്ചാബ് എഫ്‌സി, മോഹൻ ബഗാൻ എസ്ജി എന്നിവരെ തോൽപ്പിച്ച് ഫൈനലിൽ എത്തി. ഖാലിദ് ജമീലിന്റെ നേതൃത്വത്തിലുള്ള ജംഷഡ്‌പൂർ, ഹൈദരാബാദ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മുംബൈ സിറ്റി എന്നിവർക്കെതിരെ ഗോൾ വഴങ്ങാതെ മികച്ച പ്രതിരോധം കാഴ്ചവെച്ച് ശ്രദ്ധേയരായി.



ഇന്ത്യൻ സമയം വൈകുന്നേരം 7:30ന് ആരംഭിക്കുന്ന ഫൈനൽ സ്റ്റാർ സ്പോർട്സ് 3യിലും ജിയോസിനിമയിലും തത്സമയം സംപ്രേക്ഷണം ചെയ്യും. 90 മിനിറ്റിന് ശേഷം മത്സരം സമനിലയിൽ അവസാനിക്കുകയാണെങ്കിൽ, അധിക സമയവും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടും ഏഷ്യയിലേക്കുള്ള സുവർണ്ണ ടിക്കറ്റ് ആർക്കാണെന്ന് തീരുമാനിക്കും.

മോഹൻ ബഗാനെ തോൽപ്പിച്ച് എഫ് സി ഗോവ കലിംഗ സൂപ്പർ കപ്പ് ഫൈനലിൽ


എഫ്‌സി ഗോവ രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെ 3-1ന് തോൽപ്പിച്ച് കലിംഗ സൂപ്പർ കപ്പ് ഫൈനലിൽ പ്രവേശിച്ചു. ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും രണ്ടാം പകുതിയിൽ ഗോവ തകർപ്പൻ കളി പുറത്തെടുത്ത് വിജയം സ്വന്തമാക്കി.

During the match played between Mohun Bagan Super Giant and Football Club Goa in the Kalinga Super Cup 2025 season held at the Kalinga Stadium in Bhubaneswar on 27th April 2025. Photos : Abhinav Ashish Aind / Shibu Nair Photography AIFF


20-ാം മിനിറ്റിൽ ഫലം കണ്ടു ബോർജ ഹെറേരയുടെ കോർണറിൽ നിന്ന് ബ്രിസൺ ഫെർണാണ്ടസ് ഗോൾ നേടി ഗോവയ്ക്ക് ലീഡ് നൽകി. എന്നാൽ ഈ ലീഡ് അധികനേരം നീണ്ടുനിന്നില്ല. മൂന്ന് മിനിറ്റിനുള്ളിൽ ആശിഖ് കുരുണിയന്റെ മികച്ച മുന്നേറ്റവും ക്രോസും ബോക്സിനുള്ളിൽ സുഹൈൽ ഭട്ടിനെ കണ്ടെത്തി, താരം ഗോൾ നേടി സമനില പിടിച്ചു.


രണ്ടാം പകുതിയിൽ ഗോവ കൂടുതൽ മികച്ച കളി പുറത്തെടുത്തു. ബ്രിസൺ ഫെർണാണ്ടസ് വീണ്ടും നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ മുന്നേറ്റവും ത്രൂ ബോളും ഡെജാൻ ഡ്രാസിക്കിന് ഗോൾ നേടാൻ അവസരം നൽകിയെങ്കിലും ലക്ഷ്യം കണ്ടില്ല. തൊട്ടുപിന്നാലെ ഡ്രാസിക്കിനെ ധീരജ് സിംഗ് ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഐകർ ഗ്വാറോട്ടെക്സ ഗോൾ ആക്കി മാറ്റി ഗോവയ്ക്ക് 51-ാം മിനിറ്റിൽ വീണ്ടും ലീഡ് നൽകി.


ഗോവ അവിടെ നിർത്തിയില്ല. ഏഴ് മിനിറ്റിന് ശേഷം ഹെറേരയുടെ ഒരു അപകടകരമായ കോർണർ ധീരജിന്റെ കണക്കുകൂട്ടൽ തെറ്റി വലയിലേക്ക് കയറി, ഗോവയുടെ ലീഡ് 3-1 ആയി ഉയർന്നു.

ഈ വിജയത്തോടെ എഫ്‌സി ഗോവ ശനിയാഴ്ച നടക്കുന്ന ഫൈനലിൽ മുംബൈ സിറ്റി എഫ്‌സി – ജംഷഡ്‌പൂർ എഫ്‌സി മത്സരത്തിലെ വിജയികളെ നേരിടും.

നാടകീയ തിരിച്ചുവരവുമായി എഫ്‌സി ഗോവ സൂപ്പർ കപ്പ് സെമിയിൽ


പഞ്ചാബ് എഫ്‌സിയുടെ ഹൃദയം തകർക്കുന്ന നാടകീയ തിരിച്ചുവരവുമായി എഫ്‌സി ഗോവ സൂപ്പർ കപ്പ് സെമിയിൽ. അവർ 2-1ന്റെ വിജയം സ്വന്തമാക്കി. 89 മിനുറ്റ് വരെ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് പഞ്ചാബ് പരാജയപ്പെട്ടത്.


89-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബ്രിസൺ ഫെർണാണ്ടസ് വലതുവശത്തു നിന്ന് നൽകിയ ക്രോസ് പഞ്ചാബിൻ്റെ ആശിഷ് പ്രധാൻ വേണ്ടവിധം ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് ബോക്‌സിന് പുറത്തേക്ക് പോയില്ല. അവിടെയുണ്ടായിരുന്ന ബോർഹ ഹെറേറ പന്ത് ശാന്തമായി വലയുടെ താഴെ വലത് കോണിലേക്ക് അടിച്ച് ഗോവയെ ഒപ്പമെത്തിച്ചു.


ഇതിന് പിന്നാലെ മൂന്ന് മിനിറ്റിനുള്ളിൽ ഡ്രാസിച്ചിൻ്റെ ഉയർന്നു വന്ന ക്രോസ് പ്രതിരോധ താരം പ്രംവീർ മോശമായി ഹെഡ് ചെയ്തത് എഫ്‌സി ഗോവയുടെ യാസിറിന് അവസരമൊരുക്കി. യാസിറിന് പിഴച്ചില്ല, സ്കോർ 2-1.


ഇനി നാളെ നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ. വൈകുന്നേരം 4:30ന് ഇൻ്റർ കാശി മുംബൈ സിറ്റി എഫ്‌സിയെയും രാത്രി 8 മണിക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ജംഷഡ്‌പൂർ എഫ്‌സിയെയും നേരിടും. മത്സരങ്ങൾ ജിയോ ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സ് 3 ലും തത്സമയം സംപ്രേക്ഷണം ചെയ്യും.

സൂപ്പർ കപ്പ്: സഹലിന്റെ ഗോളിൽ ആദ്യ പകുതിയിൽ മോഹൻ ബഗാന് കേരള ബ്ലാസ്റ്റേഴ്സിന് എതിരെ ലീഡ്


സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിന്റെ ഗോളിലാണ് മോഹൻ ബഗാൻ ലീഡ് നേടിയത്


മത്സരത്തിന്റെ തുടക്കം മുതൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മത്സരത്തിന്റെ 22-ാം മിനിറ്റിലാണ് സഹൽ ഗോൾ നേടിയത്. ഒരു ക്രോസ് സ്വീകരിച്ച് മനോഹരമായ ഫിനിഷിലൂടെ താരം പന്ത് വലയിലെത്തിക്കുകയായിരുന്നു.


കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾശ്രമം മത്സരത്തിന്റെ 28-ാം മിനിറ്റിലാണ് ഉണ്ടായത്. നോഹ സദാവോയിയുടെ ഒരു ഗോൾ ശ്രമം ധീരജിന്റെ സേവിൽ അവസാനിച്ചു. ധീരജിന്റെ മികച്ച പ്രകടനം പിന്നീടും കേരള ബ്ലാസ്റ്റേഴ്സിനെ ഗോൾ നേടുന്നതിൽ നിന്ന് അകറ്റി നിർത്തി.


രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന് വിജയം നേടാനായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.

സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനൽ: ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് – മോഹൻ ബഗാൻ പോരാട്ടം


കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ കരുത്തരായ മോഹൻ ബഗാനെ നേരിടും. ഇന്ന് വൈകിട്ട് 4:30ന് കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ജിയോ ഹോട്ട് സ്റ്റാറിൽ തത്സമയം കാണാനാകും.


ആദ്യ റൗണ്ടിൽ ഈസ്റ്റ് ബംഗാളിനെതിരെ തകർപ്പൻ വിജയം നേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. മറുവശത്ത്, മോഹൻ ബഗാൻ അവരുടെ ആദ്യ റൗണ്ടിലെ എതിരാളികളായ ചർച്ചിൽ ബ്രദേഴ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് നേരിട്ടാണ് ക്വാർട്ടർ ഫൈനലിൽ എത്തുന്നത്.
മോഹൻ ബഗാന്റെ പ്രധാന താരങ്ങളിൽ പലരും ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല എന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.

പുതിയ പരിശീലകൻ കറ്റാലയുടെ കീഴിൽ ഈസ്റ്റ് ബംഗാളിനെതിരെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ പരിക്കേറ്റ ടീമിന്റെ ക്യാപ്റ്റൻ അഡ്രിയൻ ലൂണ പരിക്ക് മാറി തിരിച്ചെത്തിയിട്ടുണ്ട് എന്നുള്ള വാർത്തകൾ ബ്ലാസ്റ്റേഴ്സ് ക്യാമ്പിന് ഉണർവ് നൽകുന്നു. ലൂണ ഇന്ന് ആദ്യ ഇലവനിൽ കളിക്കുമോ അതോ പകരക്കാരനായി ഇറങ്ങുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

ജംഷഡ്‌പൂർ എഫ്‌സി ഹൈദരാബാദിനെ തകർത്ത് സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ


കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ 2-0 ന് തകർപ്പൻ വിജയം നേടിയ ജംഷഡ്‌പൂർ എഫ്‌സി 2025 ലെ കലിംഗ സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ജാവിയർ സിവേരിയോയുടെയും (39’, പെനാൽറ്റി) സ്റ്റീഫൻ എസെയുടെയും (64’) ഗോളുകളാണ് ജെ എഫ് സിക്ക് വിജയം സമ്മാനിച്ചത്. ഇതോടെ അവർ അടുത്ത റൗണ്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.


39-ാം മിനിറ്റിൽ ജംഷഡ്‌പൂരിന്റെ സമ്മർദ്ദത്തിന് ഫലം കണ്ടു. ബോക്സിനുള്ളിൽ അശുതോഷ് മെഹ്തയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി സിവേരിയോ ഗോളാക്കി മാറ്റി.
രണ്ടാം പകുതിയിലും ആക്രമണം തുടർന്ന ജംഷഡ്പൂർ 64-ാം മിനിറ്റിൽ ജോർദാൻ മറെയുടെ അസിസ്റ്റിൽ നിന്ന് എസെ ഗോൾ നേടിയതോടെ വിജയം ഉറപ്പിച്ചു.

മുംബൈ സിറ്റി സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ; ചെന്നൈയിനെ തകർത്തു


ഒഡീഷ: സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ മുംബൈ സിറ്റി എഫ്സി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് ഒഡീഷയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് അവർ ചെന്നൈയിൻ എഫ്സിയെ തകർത്തു.
ആദ്യ പകുതിയുടെ 42-ാം മിനിറ്റിൽ മൗറീഷ്യോ കരയലിസാണ് മുംബൈ സിറ്റിക്കായി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 63-ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്തെ കരയലിസിന്റെ അസിസ്റ്റിൽ ലീഡ് ഇരട്ടിയാക്കി.

85-ാം മിനിറ്റിൽ ചാങ്തെ തന്റെ രണ്ടാം ഗോളും നേടി മുംബൈയുടെ വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ അധിക സമയത്ത് (90+1) ബിപിൻ സിംഗ് ഒരു ഗോൾ കൂടി നേടിയതോടെ മുംബൈ സിറ്റിയുടെ വിജയം 4-0 എന്ന നിലയിൽ പൂർത്തിയായി.
ഇതോടെ മുംബൈ സിറ്റി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

അവർ ഇനി ക്വാർട്ടർ ഫൈനലിൽ ഐ-ലീഗ് ചാമ്പ്യന്മാരായ ഇന്റർ കാശിയെ നേരിടും. ഇന്ന് നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സിയെ തോൽപ്പിച്ചാണ് ഇന്റർ കാശി ക്വാർട്ടർ ഫൈനലിൽ എത്തിയത്.

സൂപ്പർ കപ്പിൽ അട്ടിമറി: ബംഗളൂരു എഫ്‌സിയെ പെനാൽറ്റിയിൽ വീഴ്ത്തി ഇന്റർ കാശി ക്വാർട്ടറിൽ


ഒഡീഷയിൽ ഇന്ന് നടന്ന സൂപ്പർ കപ്പ് പ്രീ-ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കരുത്തരായ ബംഗളൂരു എഫ്‌സിയെ അട്ടിമറിച്ച് ഇന്റർ കാശി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയം 1-1 എന്ന നിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇൻ്റർ കാശി 5-3 എന്ന സ്കോറിനാണ് വിജയം നേടിയത്.


മത്സരത്തിന്റെ 62-ാം മിനിറ്റിൽ വില്യംസ് നേടിയ ഗോളിലൂടെ ബംഗളൂരു എഫ്‌സിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ 88-ാം മിനിറ്റിൽ ബാബോവിച്ചിലൂടെ ഇൻ്റർ കാശി സമനില ഗോൾ നേടി.


തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ഇൻ്റർ കാശിയുടെ ഗോൾകീപ്പർ ശുഭം മികച്ച പ്രകടനം കാഴ്ചവെച്ചു. അദ്ദേഹത്തിൻ്റെ തകർപ്പൻ സേവുകളാണ് ടീമിന് 5-3 എന്ന വിജയവും ക്വാർട്ടർ ഫൈനൽ സ്ഥാനവും ഉറപ്പിച്ചത്.


ഇതോടെ സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിയ ഇൻ്റർ കാശി, ചെന്നൈയിൻ എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയികളെ നേരിടും.

ഗോകുലം കേരള സൂപ്പർ കപ്പിൽ നിന്ന് പുറത്ത്! എഫ് സി ഗോവ ക്വാർട്ടറിൽ

ഗോകുലം കേരളയെ തോൽപ്പിച്ച് എഫ് സി ഗോവ സൂപ്പർ കപ്പിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഒഡീഷയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്താ മൂന്നു ഗോളുകൾക്ക് ആയിരുന്നു ഗോവയുടെ വിജയം.

ആദ്യ പകുതിയിൽ തന്നെ ഗോകുലം കേരള 2 ഗോളുകൾക്ക് പിറകിലായിരുന്നു. 23ആം മിനുറ്റിൽ ഒരു പെനാൽറ്റിയിലൂടെ ഐകർ ഗോവയെ മുന്നിൽ എത്തിച്ചു. പിന്നാലെ 35ആം മിനുറ്റിൽ ഐകർ തന്നെ ലീഡ് ഇരട്ടിയാക്കി. ഗോകുലം കേരളക്ക് ഈ ഗോളുകൾക്ക് മറുപടി നൽകാൻ ആയില്ല. അവസാനം 84ആം മിനുറ്റിൽ വീണ്ടും ഐകർ ഗോൾ നേടിയതോടെ ഗോവയുടെ ജയം പൂർത്തിയായി.

സൂപ്പർ കപ്പിൽ ആദ്യ അങ്കത്തിനൊരുങ്ങി ഗോകുലം കേരള

ഭൂവനേശ്വർ: കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിനായി ഗോകുലം കേരള ഇന്ന് കളത്തിലിറങ്ങുന്നു. നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരത്തിൽ ഐ.എസ്.എൽ ക്ലബായ ഗോവയെയാണ് ഗോകുലം നേരിടുന്നത്. ഐ ലീഗിൽ മികച്ച പ്രകടനം നടത്തിയ അതേ ടീം തന്നെയാകും സൂപ്പർ കപ്പിലും ഗോകുലത്തിനായി കളത്തിലിറങ്ങുക.

ഐ ലീഗിലെ അവസാന മത്സരത്തിൽവരെ കിരീടത്തിനായി ഗോകുലം പൊരുതി നോക്കിയിരുന്നു. മുന്നേറ്റതാരം താബിസോ ബ്രൗൺ മികച്ച ഫോമിലാണെന്നുള്ളത് ഗോകുലത്തിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. ഐ ലീഗിനായി ടീമിനെ ഒരുക്കിയ അതേ പരിശീലന സംഘം തന്നെയാണ് സൂപ്പർ കപ്പിലും ഗോകുലം കേരളക്കായി തന്ത്രങ്ങൾ മെനയുക. 24 പേരുടെ സ്‌ക്വാഡിൽ 10 മലയാളി താരങ്ങളുണ്ട്, ടീം ഒഫീഷ്യൽസ് മുഴുവൻ മലയാളികളാണ് എന്ന സവിശേഷത കൂടിയുണ്ട്.

എതിരാളികൾ ഗോവ ആയതിനാൽ ശ്രദ്ധയോടെ കളിച്ചാൽ മാത്രമേ ആദ്യ മത്സരത്തിൽ ജയിച്ച് അടുത്ത റൗണ്ടിൽ പ്രവേശിക്കാൻ കഴിയൂ. സെർജിയോയുടെ നേതൃത്തിലാണ് ഗോകുലം ഇന്ന് കളത്തിലെത്തുക. രഞ്ജിത്ത് ടി.എ തന്നെയാണ് മുഖ്യ പരിശീലകൻ . വൈകിട്ട് 4.30ലാണ് മത്സരം.

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പറായി തുടങ്ങി!! ഈസ്റ്റ് ബംഗാളിനെ പുറത്താക്കി ക്വാർട്ടറിൽ

സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ കറ്റാലയുടെ കീഴിലെ ആദ്യ മത്സരത്തിൽ മികച്ച അറ്റാക്കിംഗ് ഫുട്ബോൾ ആണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്.

അഞ്ച് വിദേശ താരങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് നിരവധി നല്ല അവസരങ്ങൾ സൃഷ്ടിച്ചു. രണ്ടാം മിനുറ്റിൽ തന്നെ ജീസസിന് നല്ല അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ ആയില്ല. ജീസസിന് പിന്നെയും രണ്ട് നല്ല അവസരം ലഭിച്ചെങ്കിലും ടാർഗറ്റിൽ നിന്ന് പന്ത് അകന്നു.

അവസാനം 40ആം മിനുറ്റിൽ നോഹ നേടിയ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് ജീസസ് ജിമനസ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. ജിമനസിന്റെ ആദ്യ പെനാൽറ്റി ഗിൽ തടഞ്ഞു എങ്കിലും താരം കിക്ക് എടുക്കും മുമ്പ് ലൈൻ വിട്ടതിനാൽ കിക്ക് വീണ്ടും എടുക്കാൻ റഫറി വിധിച്ചു. ഇത്തവണ ജീസസിന് പിഴച്ചില്ല. കേരള ബ്ലാസ്റ്റേഴ്സ് 1-0 ഈസ്റ്റ് ബംഗാൾ.

രണ്ടാം പകുതിയിലും ഈ പ്രകടനം തുടർന്ന ബ്ലാസ്റ്റേഴ്സ് 64ആം മിനുറ്റിൽ നോഹയുടെ അവിസ്മരണീയ സ്ട്രൈക്കിൽ ലീഡ് ഇരട്ടിയാക്കി. 35 വാരെ അകലെ നിന്ന് തന്റെ ഇടം കാലു കൊണ്ട് നോഹ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി വലയ്ക്ക് അകത്തേക്ക് വീഴുക ആയിരുന്നു. ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നേടിയ ഏറ്റവും മികച്ച ഗോളും ഇതായിരിക്കും.

ഇതിന് ശേഷം ലീഡ് ഉയർത്താൻ ബ്ലാസ്റ്റേഴ്സിന് കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും മൂന്നാം ഗോൾ വന്നില്ല. ഇനി കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാനെ ആകും നേരിടുക.

Exit mobile version