ബ്രൂണോ ഫെർണാണ്ടസ് റയൽ മാഡ്രിഡിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം തള്ളി. “ബ്രൂണോ ഫെർണാണ്ടസ് റയൽ മാഡ്രിഡിലേക്കോ? അത് സംഭവിക്കില്ല. അവൻ എങ്ങോട്ടും പോകുന്നില്ല,” അമോറിം പറഞ്ഞു, ക്ലബ്ബിന് അവരുടെ ക്യാപ്റ്റനെ ക്ലബ് വിടാൻ അനുവദിക്കാൻ ഉദ്ദേശ്യമില്ലെന്ന് അമോറിം വ്യക്തമാക്കി.
“ഒരു ദിവസം ഞങ്ങൾ വീണ്ടും പ്രീമിയർ ലീഗ് ജയിക്കണം. അതുകൊണ്ട് ഞങ്ങളുടെ മികച്ച കളിക്കാർ ഞങ്ങളോടൊപ്പം തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു… ബ്രൂണോ പോകില്ല, ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്,” അമോറിം കൂട്ടിച്ചേർത്തു.
അവസാന വർഷങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ബ്രൂണോ ഫെർണാണ്ടസ്. ഈ സീസണിലും ബ്രൂണോ മികച്ച ഫോമിലാണ്.
ഓൾഡ് ട്രാഫോർഡിൽ ആഴ്സണലിനെതിരായ 1-1 സമനിലയിലെ പോർച്ചുഗീസ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസിന്റെ പ്രകടനത്തെ പ്രശംസിച്ച് റൂബൻ അമോറിം. തൻ്റെ ടീമിന് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിനെപ്പോലെയുള്ള കൂടുതൽ കളിക്കാരെ ആവശ്യമാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം പറഞ്ഞു.
“ഞങ്ങൾക്ക് കൂടുതൽ ബ്രൂണോകളെ ആവശ്യമുണ്ട്? അത് വ്യക്തമാണ്,” അമോറിം പറഞ്ഞു. “മികവ് മാത്രമല്ല, അവന്റെ സമീപനവും. ഈ ലീഗിൽ എല്ലാ കളിക്കും ഉള്ള ലഭ്യതയും, എല്ലാം വളരെ പ്രധാനമാണ്. പന്ത് ഉള്ളപ്പോഴും പന്ത് ഇല്ലാതെയും ബ്രൂണോയുടെ പ്രകടനം ടീമിന് നിർണായകമാണ്.” – അമോറിം പറഞ്ഞു.
ഗുഡിസൺ പാർക്കിൽ ഇന്നലെ എവർട്ടണെതിരെ 2-2ന്റെ സമനില നേടിയ ശേഷം സംസാരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം തന്റെ ടീമിന്റെ പ്രകടനത്തെ വിമർശിച്ചു. യുണൈറ്റഡ് 2-0 ന് പിന്നിലായിരുന്ന അവസ്ഥയിൽ നിന്ന് തിരിച്ചടിച്ച് 2-2ന്റെ സമനില നേടുക ആയിരുന്നു. എന്നാൽ ടീം വളരെ സോഫ്റ്റ് ആയിരുന്നു എന്ന് അമോറിം പറഞ്ഞു.
“ഞങ്ങൾ സോഫ്റ്റ് ആയിരുന്നു. ഏറ്റവും മോശം കാര്യം എന്തെന്നാൽ ഒരു സമ്മർദ്ദവും ഇല്ലാതെ ഞങ്ങൾ പന്ത് നഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു. ഗ്രൗണ്ടിൽ ചെയ്യേണ്ട കാര്യങ്ങൾ ടീം ചെയ്യാതിരിക്കുകയാണ്” അമോറിം പറഞ്ഞു.
“ഇപ്പോൾ, നമ്മൾ ഒരോ ദിവസവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഈ സീസൺ നമുക്ക് അതിജീവിക്കേണ്ടതുണ്ട്. അതുകഴിഞ്ഞ് നമുക്ക് മുന്നോട്ട് എന്താക്കാം എന്ന് ചിന്തിക്കാം.” അമോറിം പറഞ്ഞു.
ടീമിന്റെ മോശം ആദ്യ പകുതിയെ അദ്ദേഹം അംഗീകരിച്ചെങ്കിലും, രണ്ടാം പകുതിയിലെ തിരിച്ചുവരവ് ടീമിനെ വിജയത്തിന് അടുത്ത് എത്തിച്ചു എന്ന് അമോറിം പറഞ്ഞു.
ഗുഡിസൺ പാർക്കിൽ എവർട്ടണെ നേരിടാൻ തയ്യാറെടുക്കുന്ന, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുഖ്യ പരിശീലകൻ റൂബൻ അമോറിം, എവർട്ടന്റെ പരിശീലകൻ ഡേവിഡ് മോയ്‌സ് നിലവിൽ തന്നേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് സമ്മതിച്ചു. നവംബറിൽ ചുമതലയേറ്റ അമോറിമിന് നാല് പ്രീമിയർ ലീഗ് വിജയങ്ങൾ മാത്രമേ ആകെ നേടാനായിട്ടുള്ളൂ. ജനുവരിയിൽ എവർട്ടണിലേക്ക് തിരിച്ചെത്തിയ മോയ്‌സും 4 മത്സരങ്ങൾ തന്റെ ടീമിനൊപ്പം ജയിച്ചു.
“കാര്യം ലളിതമാണ്… ഡേവിഡ് മോയ്‌സ് എന്നെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കാര്യങ്ങൾ അത്ര ലളിതമാണ്,” അമോറിം സമ്മതിച്ചു.
“പിന്നെ ഒരു കളി ജയിക്കുക, രണ്ട് കളി ജയിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ സംഭവിക്കണം, ആ വിശ്വാസം ഉണ്ടാവണം. ഇരു ക്ലബിലെയും സമ്മർദ്ദം സമാനമല്ല. പക്ഷേ എവർട്ടണിലെ കളിക്കാർക്ക്, പ്രത്യേകിച്ച് എവർട്ടണിന്റെ പരിശീലകന് നമ്മൾ ക്രെഡിറ്റ് നൽകണമെന്ന് ഞാൻ കരുതുന്നു.” അമോറിം പറഞ്ഞു.
ക്ലബ് ഇങ്ങനെ പതറുമ്പോഴും വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ വെറും രണ്ട് സൈനിംഗ് മാത്രം നടത്തിയത് റിസ്ക് ആണെന്ന് അറിയാമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം സമ്മതിച്ചു. ലെസെയിൽ നിന്ന് പാട്രിക് ഡോർഗുവിനെയും ആഴ്സണലിൽ നിന്ന് അയ്ഡൻ ഹെവനെയും ആയിരുന്നു യുണൈറ്റഡ് ഈ വിൻഡോയിൽ സൈൻ ചെയ്തത്.
മാർക്കസ് റാഷ്ഫോർഡ്, ആന്റണി, ടൈറൽ മലാഷ്യ തുടങ്ങിയ പ്രധാന കളിക്കാരെ ലോണിൽ വിട്ടെങ്കിലും അറ്റാക്കിലേക്ക് ഒരു താരത്തെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല.
“ഞങ്ങൾ ഒരു റിസ്ക് എടുക്കുകയാണ്, പക്ഷേ ടീമിന് അനുയോജ്യമായ പ്രൊഫൈലുകളെ മാത്രം സ്വന്തമാക്കാൻ ആണ് ഞങ്ങൾ ആഗ്രഹിച്ചത്. അത് എന്റെ തീരുമാനമായിരുന്നു… വേനൽക്കാലത്ത്, നമുക്ക് നോക്കാം.” അമോറിം പറഞ്ഞു.
മുൻകാലങ്ങളിൽ ഞങ്ങൾ ചില തെറ്റുകൾ ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയിട്ടുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ ഞങ്ങൾ വളരെ ശ്രദ്ധാലുവാണ്,” അമോറിം പറഞ്ഞു.
നിലവിൽ പ്രീമിയർ ലീഗിൽ 13-ാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഷ്ടപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ പരിഹാരം കണ്ടെത്താൻ ശ്രമിക്കും എന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ യുണൈറ്റഡ് ഈ വിൻഡോയിൽ അമോറിമിനെ പിന്തുണക്കാനായി കാര്യമായ നീക്കങ്ങൾ ഒന്നും നടത്തിയില്ല. ആകെ ലെഫ്റ്റ് ബാക്ക് ആയ ഡോർഗുവിന്റെ സൈനിംഗ് മാത്രമേ സീനിയർ ടീമിനെ സഹായിക്കാൻ ഉതകുന്ന സൈനിംഗ് ആയി പറയാൻ ആവുകയുള്ളൂ.
യുണൈറ്റഡ് ആഴ്സണൽ യുവതാരം എയ്ദൻ ഹെവനെയും പരാഗ്വേ താരം ഡീഗോ ലിയോണെയും സൈൻ ചെയ്തു എങ്കിലും ഇരുവരെയും ഭാവി താരങ്ങളായാണ് യുണൈറ്റഡ് കണക്കാക്കുന്നത്. ഇരുവരും ഉടനടി ഫസ്റ്റ് ടീമിൽ എത്തുകയുമില്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ ആവശ്യം ഒരു സ്ട്രൈക്കർ ആയിരുന്നു. ഈ സീസണിൽ ഗോളടിക്കൽ ആയിരുന്നു യുണൈറ്റഡിന്റെ ഏറ്റവും വലിയ പ്രശ്നം. ഹൊയ്ലുണ്ടും സിർക്സിയും ഗോളടിക്കുന്നേ ഇല്ല എന്നത് കൊണ്ട് അവസാന മത്സരത്തിൽ യുണൈറ്റഡ് മധ്യനിര താരം മൈനുവിനെ വരെ സ്ട്രൈക്കർ ആക്കി ഇറക്കി നോക്കി.
റാഷ്ഫോർഡ്, ആന്റണി എന്നിവരെല്ലാം ക്ലബ് വിട്ടപ്പോൾ പകരം യുണൈറ്റഡ് ഒരു അറ്റാക്കിങ് താരത്തെ എങ്കിലും ടീമിൽ എത്തിക്കും എന്ന് ആരാധകർ കരുതി. അമോറിം പോലും പത്ര സമ്മേളനത്തിൽ അത്തരം പ്രതീക്ഷകൾ പുലർത്തി. എന്നാൽ ട്രാൻസ്ഫർ വിൻഡോ അടക്കുന്നത വരെ അങ്ങനെ ഒരു നീക്കം യുണൈറ്റഡ് നടത്തിയില്ല.
ഇനി ഈ സീസൺ അവസാനം വരെ ഹൊയ്ലുണ്ടും സിർക്സിയും ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇരിക്കേണ്ടി വരും. ഈ സീസണിൽ 24 ലീഗ് മത്സരങ്ങളിൽ നിന്ന് വെറും 28 ഗോളുകൾ മാത്രമാണ് യുണൈറ്റഡ് അടിച്ചത്. ഈ അറ്റാക്കിനെയും ആശ്രയിച്ച് യുണൈറ്റഡ് ടോപ് 10ൽ എങ്കിലും എത്തുമോ എന്ന ആശങ്കയാണ് യുണൈറ്റഡ് ആരാധകർക്ക് ഉള്ളത്.
മാർക്കസ് റാഷ്‌ഫോർഡിനെ ടീമിൽ നിന്ന് തുടർച്ചയായി ഒഴിവാക്കുന്നതിനെ ന്യായീകരിച്ച് കടുത്ത പരാമർശവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം. പരിശീലനത്തിൽ റാഷ്ഫോർഡിന്റെ മോശം പ്രകടനവും ടീമിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ അഭാവവും ആണ് താരം പുറത്തിരിക്കാൻ കാരണം എന്ന് അമോറിം ഊന്നിപ്പറഞ്ഞു.
“കാര്യങ്ങൾ മാറിയില്ലെങ്കിൽ, ഞാൻ മാറില്ല” എന്ന് അദ്ദേഹം പറഞ്ഞു. റാഷ്‌ഫോർഡിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹത്തിന്റെ പരിശ്രമത്തിനെയും സമർപ്പണത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന് അമോറിം പറഞ്ഞു.
“എല്ലാ ദിവസവും പരമാവധി ടീമിനായി നൽകാത്ത ഒരു കളിക്കാരനെ ഞാൻ കളിപ്പിക്കില്ല. അതിനു മുമ്പ് ഞാൻ ഗോൾ കീപ്പിംഗ് കോച്ച് വൈറ്റലിനെ കളിപ്പിക്കും. ആ നിലപാടിൽ നിന്ന് ഞാൻ മാറില്ല.” – അമോറിം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന 11 മത്സരങ്ങളിൽ റാഷ്‌ഫോർഡ് പങ്കെടുത്തിട്ടില്ല, ക്ലബ്ബിലെ അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ തുടരുകയാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ 147 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മോശം ടീമാണ് ഇതെന്ന് പരിശീലകൻ റൂബൻ അമോറിം. ഓൾഡ് ട്രാഫോർഡിൽ ബ്രൈറ്റണോട് മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1 ന് പരാജയപ്പെട്ടതിന് ശേഷം സംസാരിച്ച അമോറിം തന്റെ നിരാശ പങ്കുവെച്ചു.
“പ്രീമിയർ ലീഗിലെ പത്ത് മത്സരങ്ങളിൽ, ഞങ്ങൾ രണ്ടെണ്ണമാണ് ജയിച്ചത,” അമോറിം പറഞ്ഞു. ” മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു ആരാധകന് ഇത് എന്താണെന്ന് സങ്കൽപ്പിക്കുക. എനിക്ക് ഇത് എന്താണെന്ന് സങ്കൽപ്പിക്കുക. കഴിഞ്ഞ പരിശീലകനേക്കാൾ കൂടുതൽ തോൽക്കുന്ന ഒരു പുതിയ പരിശീലകനെ നമുക്ക് ലഭിക്കുന്നു. എനിക്ക് ഇതിനെക്കുറിച്ച് പൂർണ്ണമായ അറിവുണ്ട്.” അമോറിം പറഞ്ഞു.
“എന്തായാലും ഞാൻ മാറാൻ പോകുന്നില്ല. നമുക്ക് വിജയിക്കാൻ കഴിയുമെന്ന് എനിക്കറിയാം, പക്ഷേ ഈ നിമിഷം നമ്മൾ അതിജീവിക്കേണ്ടതുണ്ട്. ഇപ്പോൾ ഈ ദുരിതാവസ്ഥ അതിജീവിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.
“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ടീമായിരിക്കാം ഞങ്ങളുടേത്. അത് അംഗീകരിക്കുകയും അത് മാറ്റുകയും ചെയ്യേണ്ടതിനാലാണ് ഞാൻ അങ്ങനെ പറയുന്നത്.” കോച്ച് പറഞ്ഞു.
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അർജന്റീനിയൻ വിംഗർ ഗർനാച്ചോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിലും, മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം ഗാർനാച്ചോയുടെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ സീസണിൽ 30 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടിയ 20 കാരനായ ഗാർനാച്ചോ അമോറികിന്റെ സ്റ്റാർടിംഗ് ഇലവനിലെ സ്ഥിര സാന്നിദ്ധ്യമല്ല.
“ഗർനാചോക്ക് കഴിവുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു സ്ഥാനത്ത് കളിക്കാൻ അദ്ദേഹം പഠിക്കേണ്ടതുണ്ട്. പരിശീലന സമയത്ത് അദ്ദേഹം മെച്ചപ്പെടുന്നുണ്ട്, അവസാന മത്സരം സ്റ്റാർട് ചെയ്തു. സതാമ്പ്ടണ് എതിരെ എന്താകും എന്ന് നോക്കാം.” – അമോറിം പറഞ്ഞു.
ഗർനാചോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച ഭാവി ഉണ്ടാകും എന്നും അമോറിം ആവർത്തിച്ചു. നാപോളി ഗർനാചോയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചെറുതായി കാണാൻ ആകില്ല എന്ന് ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ട്. ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ആർനെ സ്ലോട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഇപ്പോഴത്തെ ടേബിൾ പൊസിഷനേക്കാൾ നല്ല ടീമാണെന്നും അവരെ ഗൗരവമായി തന്നെ കാണുന്നു എന്നും സ്ലോട്ട് പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു സ്ലോട്ട്. ഇപ്പോൾ വിഷമഘട്ടത്തിലൂടെ പോകുന്ന യുണൈറ്റഡ് പരിശീലകൻ അമോറിം ടീമിനെ തിരികെ കൊണ്ടുവരും എന്ന് സ്ലോട്ട് പറഞ്ഞു. അമോറിം പോർച്ചുഗലിൽ മികവ് കാട്ടിയിട്ടുണ്ട് അദ്ദേഹം ഇവിടെയും ടീമിനെ മുന്നോട്ട് കൊണ്ടു വരും. അദ്ദേഹം പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം റാഷ്ഫോർഡ് നൽകിയ വിവാദ അഭിമുഖത്തെ കുറിച്ച് സംസാരിച്ചു. മാഞ്ചസ്റ്റർ ഡെർബിയിൽ നിന്ന് ഒഴിവാക്കിയതിന് ശേഷം മാർക്കസ് റാഷ്‌ഫോർഡ് താൻ പുതിയ വെല്ലുവിളികൾ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിരുന്നു.
ഈ സാഹചര്യത്തെ “അഭിപ്രായം പറയാൻ ബുദ്ധിമുട്ടുള്ള സാഹചര്യം” ആണ് എന്ന് അമോറിം വിശേഷിപ്പിച്ചു. “ഞാൻ ഇതിന് വളരെയധികം പ്രാധാന്യം നൽകിയാൽ, അത് പത്രങ്ങളിൽ വലിയ തലക്കെട്ടുകൾ ഉണ്ടാക്കും, അത് ഒരു പ്രശ്നമല്ലെന്ന് ഞാൻ പറഞ്ഞാൽ, എൻ്റെ നിലവാരം താഴ്ത്തുകയാണ്. അതിനാൽ ഞാൻ ഈ സാഹചര്യം കൈകാര്യം ചെയ്യും.” അമോറിം പറഞ്ഞു.
“റാഷ്ഫോർഡിന്റെ സാഹചര്യത്തിൽ ഞാനാണെങ്കിൽ, ഞാൻ മാനേജരുമായി സംസാരിക്കുകയാണ് ചെയ്യുക.” അമോറിം പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം താൻ റാഷ്ഫോർഡിനെ സഹായിക്കാൻ ആണ് ശ്രമിക്കുന്നത് എന്ന് പറഞ്ഞു. ടീമിന് ഉയർന്ന തലത്തിൽ പ്രകടനം നടത്താൻ ക്ലബിന് റാഷ്ഫോർഡിനെ പോലുള്ള “വലിയ പ്രതിഭകൾ” ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
“യുണൈറ്റഡിന് വലിയ പ്രതിഭകൾ ആവശ്യമാണ്, അവൻ ഒരു വലിയ പ്രതിഭയാണ്, അതിനാൽ അവൻ ഉയർന്ന തലത്തിൽ പ്രകടനം നടത്തേണ്ടതുണ്ട്. അതിലാണ് എൻ്റെ ശ്രദ്ധ.” മാനേജർ പറഞ്ഞു
“എനിക്ക് മാർക്കസിനെ സഹായിക്കണമെന്നുണ്ട്. അതിനാണ് ഞാൻ ശ്രമിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ അവൻ കാണിച്ച മികവിലേക്ക് അവനെ എത്തിക്കാൻ ഞാൻ ശ്രമിക്കും.” അമോറിം പറഞ്ഞു.
ഒരു പുതിയ വെല്ലുവിളി ആവശ്യമാണെന്ന് റാഷ്ഫോർഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ക്ലബ് വിടുന്നതിന്റെ സൂചനയാണെന്ന് ചർച്ചകൾ ഉയരവെ അതിനെ അമോറിം തള്ളി. “അവൻ പറഞ്ഞത് ശരിയാണ്! ഞങ്ങൾക്ക് ഇവിടെ ഒരു പുതിയ വെല്ലുവിളിയുണ്ട്, ഫുട്ബോളിലെ ഏറ്റവും വലിയ വെല്ലുവിളി. ഞങ്ങൾ ഒരു വിഷമകരമായ അവസ്ഥയിലാണ്. എൻ്റെ എല്ലാ കളിക്കാരും ഈ വെല്ലുവിളിക്ക് തയ്യാറാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.