റാഷ്ഫോർഫും ഗർനാച്ചോയും അവരുടെ ടീമിലെ സ്ഥാനം പ്രയത്നിച്ച് നേടണം എന്ന് അമോറിം

ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ നാടകീയമായ വിജയം സ്വന്തമാക്കാൻ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആയിരുന്നു‌. എന്നാൽ ഇന്നലെ മാർക്കസ് റാഷ്‌ഫോർഡിനെയും ഗാർനാച്ചോയെയും ടീമിൽ നിന്ന് ഒഴിവാക്കിയത് വലിയ ചർച്ച ആയിരുന്നു. ഇരുവരും മാച്ച് സ്ക്വാഡിൽ പോലും ഉണ്ടായിരുന്നില്ല.

പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഇരുവരെയും ഒഴിവാക്കാൻ തീരുമാനിച്ചത് എന്നും അച്ചടക്ക നടപടി അല്ല എന്നും അമോറിം പറഞ്ഞു. “ഇത് ഒരു അച്ചടക്കപരമായ കാര്യമായിരുന്നില്ല. പരിശീലനത്തിലെ മികവ് അടിസ്ഥാനമാക്കി ആണ് ടീം തിരഞ്ഞെടുത്തത്. ഇരുവരും കൂടുതൽ വർക്ക് ചെയ്യേണ്ടതുണ്ട്” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ അമോറിം പറഞ്ഞു.

“അടുത്ത ആഴ്ച, അടുത്ത ഗെയിം, അവർ അവരുടെ സ്ഥലങ്ങൾക്കായി പോരാടണം.” അമോറിം പറഞ്ഞു.

“എനിക്ക് ഇത് പ്രധാനമാണ്-പരിശീലനത്തിലെ പ്രകടനം, ഗെയിമുകളിലെ പ്രകടനം, വസ്ത്രധാരണ രീതി, ഭക്ഷണം കഴിക്കുന്ന രീതി, ടീമംഗങ്ങളുമായി ഇടപഴകുന്ന രീതി, നിങ്ങളുടെ ടീമംഗങ്ങളെ പുഷ് നെയ്യ് ന്ന രീതി. ഒരുപാട് കാര്യങ്ങൾ മാറ്റാൻ ആഗ്രഹിക്കുമ്പോൾ നമ്മൾ എല്ലാം നൽകേണ്ടതുണ്ട്” അമോറിം പറഞ്ഞു.

“ഇന്ന്, ടീമിൽ നിന്ന് ആരെയും ഒഴിവാക്കാമെന്നും ഒരുമിച്ച് കളിച്ചാൽ വിജയിക്കാമെന്നും ടീം തെളിയിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

അമോറിം കളി മാറ്റുന്നു!! മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ വെച്ച് എവർട്ടണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത 4 ഗോളുകൾക്ക് ആണ് വിജയിച്ചത്. അമോറിമിനു കീഴിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗിലെ ആദ്യ വിജയമാണിത്.

ഇന്ന് യൂറോപ്പ മത്സരത്തിൽ നിന്ന് ആറോളം മാറ്റങ്ങൾ വരുത്തിയാണ് അമോറിം ടീമിനെ ഇറക്കിയത്. തുടക്കത്തിൽ യുണൈറ്റഡ് താളം കണ്ടെത്താൻ പ്രയാസപ്പെട്ടു എങ്കിലും 34ആം മിനുട്ടിൽ ഒരു കോർണറിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ നേടി. ബ്രൂണോ എടുത്ത കോർണർ റാഷ്ഫോർഡ് ഒരു വൺ ടച്ച് സ്ട്രൈക്കിലൂടെ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0.

ഈ ഗോളിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആത്മവിശ്വാസം ഇരട്ടിയായി. 41ആം മിനുട്ടിൽ യുണൈറ്റഡിന്റെ രണ്ടാം ഗോൾ വന്നു. ഇത്തവണ സിർക്സിയുടെ സ്ട്രൈക്ക്. അമദ് എവർട്ടൺ ഡിഫൻസിൽ നിന്ന് വിൻ ചെയ്ത പന്ത് ബ്രൂണോയിലേക്ക്. ബ്രൂണോ ബോക്സിലേക്ക് കുതിച്ചെത്തിയ സിർക്സിക്ക് പാസ് കൈമാറി. പന്ത് സിർക്സി വലയിലേക്ക് തൊടുത്തു. സ്കോർ 2-0.

രണ്ടാം പകുതി ആരംഭിച്ച് 30 സെക്കൻഡുകൾക്ക് അകം മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ മൂന്നാം ഗോൾ കണ്ടെത്തി. ഇത്തവണ അമദ് സൃഷ്ടിച്ച അവസരം റാഷ്ഫോർഡ് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 3-0. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം മാറ്റങ്ങൾ നടത്തി എങ്കിലും അവരുടെ അറ്റാക്കിനു കുറവു വന്നില്ല.

64ആം മിനുട്ടിൽ സിർക്സിയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ നാലാം ഗോൾ കണ്ടെത്തി. ഒരിക്കൽ കൂടെ അമദ് ആയിരുന്നു ഗോൾ സൃഷ്ടിച്ചത്.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഒമ്പതാം സ്ഥാനത്ത് എത്തി. 13 മത്സരങ്ങളിൽ നിന്ന് 19 പോയിന്റാണ് യുണൈറ്റഡിനുള്ളത്. എവർട്ടൺ 11 പോയിന്റുമായി 15ആം സ്ഥാനത്ത് നിൽക്കുന്നു.

അമോറിമിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ വിജയം!!

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പുതിയ പരിശീലകൻ റുബെൻ അമോറിമിനു കീഴിൽ തങ്ങളുടെ ആദ്യ വിജയം നേടി. ഇന്ന് യൂറോപ്പ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോദോയെ ആണ് തോൽപ്പിച്ചത്. ഒരു ഘട്ടത്തിൽ 2-1ന് പിറകിലായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ച് 3-2ന് ജയിക്കുക ആയിരുന്നു.

ഇന്ന് മത്സരം ആരംഭിച്ച് 2ആം മിനുട്ടിൽ തന്നെ യുണൈറ്റഡ് ഗോൾ നേടി. ബോദോ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് ഗർനാചോ ആണ് യുണൈറ്റഡിനായി ആദ്യ ഗോൾ നേടിയത്. ഇതിൽ പതറാത്ത സന്ദർശക ടീം 19ആം മിനുട്ടിലും 23ആം മിനുട്ടിലും തുടരെ ഗോൾ അടിച്ച് 2-1ന് മുന്നിൽ എത്തി. ഹാകോൺ ഇവനും സിങ്കർനാഗലും ആണ് ബോദോയ്ക്ക് ആയി ഗോൾ നേടിയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഹൊയ്ലുണ്ടിലൂടെ സമനില നേടി. ഉഗാർതെ ബോദോ ഡിഫംസീവ് താരങ്ങളെ ഡ്രിബിൾ ചെയ്തകറ്റി നൽകിയ ക്രോസ് മനോഹരമായ ടച്ചിലൂടെ നിയന്ത്രണത്തിൽ ആക്കി രണ്ടാം ടച്ചിലൂടെ വലയിലെത്തിച്ചാണ് ഹൊയ്ലുണ്ട് സമനില നൽകിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹൊയ്ലുണ്ട് തന്നെ യുണൈറ്റഡിന് ലീഡ് നൽകി. ഉഗാർതെയുടെ പാസിൽ നിന്നായിരുന്നു ഈ ഫിനിഷ്.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 9 പോയിന്റുമായി ടേബിളിൽ 12ആം സ്ഥാനത്ത് നിൽക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ തന്റെ ടാക്ടിക്സിലേക്ക് എത്താൻ സമയം എടുക്കുമെന്ന് അമോറിം

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എന്ന നിലയിൽ റൂബൻ അമോറിമിൻ്റെ ആദ്യ മത്സരം ഇപ്‌സ്‌വിച്ച് ടൗണിനെതിരെ 1-1 സമനിലയിൽ അവസാനിച്ചു, പോർച്ചുഗീസ് തന്ത്രജ്ഞൻ ടീം വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെ അഭിമുഖീകരിക്കുമെന്ന് സമ്മതിച്ചു.

അമോറിമിൻ്റെ 3-4-3 സംവിധാനം നടപ്പിലാക്കാൻ ഇന്നലെ കളിക്കാർ പാടുപെട്ടിരുന്നു. പുതിയ ഫോർമേഷനോടും ടാക്ടിക്സുകളോടും പൊരുത്തപ്പെടാൻ കളിക്കാർ സമയമെടുക്കുമെന്ന് അമോറിം മത്സര ശേഷം പറഞ്ഞു. കളിക്കാർ പിച്ചിൽ “വളരെയധികം ചിന്തിക്കുന്നു” എന്ന് അമോറിം സമ്മതിച്ചു.

പ്രധാന ഡിഫൻഡർമാർ ലഭ്യമല്ലാത്തതിനാൽ ആണ് നൗസൈർ മസ്‌റോയിയെ ബാക്ക്-ത്രീയിൽ സെന്റർ ബാക്ക് ആയി കളിപ്പിച്ചത് എന്നും മസ്റോയ് നന്നായി കളിച്ചു എന്നും അമോറിം പറഞ്ഞു. 2 ദിവസം മാത്രമേ താൻ ട്രെയിൻ ചെയ്തുള്ളൂ. അതു കൊണ്ട് തന്നെ തന്റെ ടാക്റ്റിക്സിലേക്ക് വരിക കളിക്കാർക്ക് അത്ര എളുപ്പമല്ല എന്നും അദ്ദേഹം പറഞ്ഞു.

ദീർഘകാല വിജയത്തിന് ഈ പരിവർത്തന ഘട്ടം ആവശ്യമാണെന്ന് അമോറിം ഊന്നിപ്പറഞ്ഞു, സ്ക്വാഡ് തൻ്റെ തന്ത്രങ്ങളിലെത്താ‌ പഠിക്കുമ്പോൾ ക്ഷമയോടെയിരിക്കാൻ ആരാധകരോട് അദ്ദേഹം അഭ്യർത്ഥിച്ചു.

അമോറിമിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനിലയോടെ തുടക്കം

റൂബൻ അമോറിമിനു കീഴിലുള്ള ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ. ഇന്ന് എവേ ഗ്രൗണ്ടിൽ ഇപ്സിചിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1 എന്ന സമനിലയിലാണ് കളി അവസാനിപ്പിച്ചത്.

ഇന്ന് മികച്ച രീതിയിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയത്. കളി ആരംഭിച്ച് 81 സെക്കൻഡുകൾക്ക് അകം മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടി. റൈറ്റ് വിങ്ബാക്കായി ഇന്ന് ഇറങ്ങിയ അമദ് ദിയാലോ വലതുവിങ്ങിലൂടെ നടത്തിയ കുതിപ്പ് ഇപ്സിച് ഡിഫൻസിനെ സമ്മർദ്ദത്തിൽ ആക്കി. അമദ് വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ റാഷ്ഫോർഡ് പന്ത് വലയിൽ എത്തിച്ചു.

ഈ തുടക്കത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താളം നഷ്ടപ്പെട്ടു. ഇപ്സിച് അവസരങ്ങൾ സൃഷ്ടിച്ചു തുടങ്ങി. ഒനാനയുടെ മികച്ച സേവുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പലപ്പോഴും രക്ഷിച്ചു എങ്കിലും 43ആം മിനുട്ടിൽ ഇപ്സിച് സമനില കണ്ടെത്തി. ഹച്ചിൻസൺ ഒരു കേർവിംഗ് ഷോട്ടിലൂറെ വല കണ്ടെത്തി. സ്കോർ 1-1.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പല മാറ്റങ്ങളും വരുത്തി കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു. പക്ഷെ ഗോൾ കണ്ടെത്താൻ യുണൈറ്റഡിന് ആയില്ല.

ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 16 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുകയാണ്‌.

റൂബൻ അമോറിമിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പുതിയ യുഗം ഇന്ന് ആരംഭിക്കും

റൂബൻ അമോറിം മാനേജർ ആയി ചുമതലയേറ്റ ശേഷമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരം ഇന്ന് നടക്കും. സ്‌പോർട്ടിംഗ് ലിസ്‌ബണിൽ അത്ഭുതം കാണിച്ചിട്ടുള്ള യുവ പരിശീലകൻ ഇന്ന് യുണൈറ്റഡിലെ ആദ്യ മത്സരത്തിൽ ഇപ്‌സ്‌വിച്ച് ടൗണിനെ ആണ് നേരിടുക.

പോർട്ട്‌മാൻ റോഡിൽ വെച്ചാകും മത്സരം നടക്കുക. അമോറിമിനു കീഴിലെ പരിശീലന സെഷനുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോസിറ്റീവ് അന്തരീക്ഷം ഉണ്ടാക്കിയിട്ടുണ്ട്. അമോറിമിന്റെ ഫോർമേഷാനും ഏതൊക്കെ താരങ്ങളെ ആകും അദ്ദേഹം ആദ്യ ഇലവനിലേക്ക് പരിഗണിക്കുക എന്നതും ആകും ആദ്യ മത്സരത്തിൽ ഏവരും ഉറ്റു നോക്കുന്നത്.

മുൻ യുണൈറ്റഡ് അസിസ്റ്റൻ്റ് പരിശീലകൻ കീറൻ മക്കെന്നയുടെ കീഴിലുള്ള ഇപ്‌സ്‌വിച്ച് ടൗൺ, അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പ് ടോട്ടൻഹാമിനെതിരെ 2-1 ന് വിജയിച്ച് ഫോമിലായിരുന്നു. നിലവിൽ ടേബിളിൽ 17-ാം സ്ഥാനത്തുള്ള ട്രാക്ടർ ബോയ്സ് ഈ സീസണിൽ ആറ് ഗോളുകളുമായി മികച്ച ഫോമിലുള്ള ലിയാം ഡെലാപ്പിനെയാണ് പ്രധാനമായി ആശ്രയിക്കുക.

ഇന്ന് രാത്രി 10 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാൻ ആകും.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഐഡൻ്റിറ്റി കൊണ്ടുവരുമെന്ന് റൂബൻ അമോറിം

നവംബർ 24-ന് ഇപ്‌സ്‌വിച്ച് ടൗണിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ഔദ്യോഗികമായി ചുമതലയേൽക്കാൻ തയ്യാറെടുക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പുതിയ ഹെഡ് കോച്ച് റൂബൻ അമോറിം ആരാധകർക്ക് പുതിയ സമീപനം വാഗ്ദാനം ചെയ്തു. എറിക്ക് ടെൻ ഹാഗിന് പകരക്കാരനായി യുണൈറ്റഡിൽ എത്തിയ അമോറിം, വ്യക്തമായ ഒരു ഐഡന്റിറ്റി ക്ലബിന്റെ ശൈലിയിൽ കൊണ്ടുവരും എന്ന് പറഞ്ഞു.

താൻ എന്താണ് യുണൈറ്റഡിൽ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ ഒരു സൂചന ആദ്യ മത്സരത്തിൽ കാണാം എന്ന് അമോറിം അഭിപ്രായപ്പെട്ടു, “നിങ്ങൾ ഒരു ആശയം ശൈലിയിൽ കാണുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നിങ്ങൾ ഒരു ആശയം കാണും.” അമോറിം പറഞ്ഞു.

പ്രസിംഗിലും ഫോർമേഷനിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് അടിസ്ഥാന തത്വങ്ങൾ, സ്വഭാവം, ലക്ഷ്യബോധം എന്നിവ സ്ഥാപിക്കുന്നതായിരിക്കും അടിയന്തിര മുൻഗണന എന്നും അമോറിം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ റൂബൻ അമോറിം മുന്നോട്ട് കൊണ്ടു പോകും എന്ന് ബ്രൂണോ ഫെർണാണ്ടസ്

റൂബൻ അമോറിം മുഖ്യപരിശീലകനായി എത്തുന്നത് ക്ലബ്ബിൽ നല്ല മാറ്റമുണ്ടാക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് പ്രതീക്ഷിക്കുന്നു. “ചിലപ്പോൾ ഒരു വ്യക്തിക്ക് ഒരു സ്ഥലത്തിൻ്റെ ഊർജ്ജം മാറ്റാൻ കഴിയും, അത് ശരിയായ നിമിഷമാണെങ്കിൽ,” അമോറിമിൻ്റെ ഊർജ്ജവും ഗുണങ്ങളും ടീമിലെ കാര്യങ്ങൾ മാറ്റാൻ സഹായിക്കുമെന്ന് ബ്രൂണോ പറഞ്ഞു.

നാല് സീസണുകളിലായി സ്‌പോർട്ടിംഗിനെ രണ്ട് ലീഗ് കിരീടങ്ങളിലേക്ക് നയിച്ച അമോറിം തിങ്കളാഴ്ച യുണൈറ്റഡിൻ്റെ കാരിംഗ്ടൺ പരിശീലന സമുച്ചയത്തിൽ എത്തി ചുമതലയേറ്റു. അമോറിമിൻ്റെ സമീപനം ടീമിന് വിജയങ്ങൾ കൊണ്ടുവരുമെന്ന് ഫെർണാണ്ടസ് പറഞ്ഞു. ൽ

അദ്ദേഹം പോർച്ചുഗലിൽ അത്ഭുതങ്ങൾ കാണിച്ചു. കിരീടങ്ങൾ ഇല്ലാതിരുന്ന സ്പോർടിംഗിനെ ലീഗ് കിരീടത്തിലേക്ക് നയിച്ചു. സ്പോർടിംഗിനെ അവർ അർഹിച്ച നിലയിലേക്ക് എത്തിച്ചു. അതുപോലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും അർഹിച്ച സ്ഥലത്തേക്ക് എത്തിക്കാൻ അമോറിമിന് ആകും എന്നാണ് പ്രതീക്ഷ. ബ്രൂണോ പറഞ്ഞു.

അമോറിം മാഞ്ചസ്റ്ററിൽ എത്തി ചുമതലയേറ്റു

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി റൂബൻ അമോറിം ചുമതലയേറ്റു. ഇന്ന് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തി തന്റെ ജോലി ഔദ്യോഗികമായി ആരംഭിച്ചു. നേരത്തെ തന്നെ യുണൈറ്റഡ് അമോറിമിനെ പരിശീലകനായി പ്രഖ്യാപിച്ചിരുന്നു എങ്കിലും നവംബർ 11ന് മാത്രമേ ഔദ്യോഗിക ചുമതലയേറ്റെടുക്കൂ എന്ന് പറഞ്ഞിരുന്നു.

2027 ജൂൺ വരെയുള്ള കരാറിൽ ആണ് പോർച്ചുഗീസ് പരിശീലകൻ എത്തുന്നത്. ഒരു അധിക വർഷത്തേക്കുള്ള ഓപ്‌ഷനുമുണ്ട്. യൂറോപ്പിലെ ഏറ്റവും മികച്ച യുവ പരിശീലകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അമോറിം ഇന്ന് കാരിങ്ടണിൽ എത്തി യുണൈറ്റഡ് സി ഇ ഒയെ ഉൾപ്പെടെയുള്ളവരെ കണ്ടു.

39 കാരനായ പോർച്ചുഗീസ് മാനേജർ സ്പോർട്ടിംഗിനെ രണ്ട് പ്രൈമിറ ലിഗ കിരീടങ്ങൾ ഉൾപ്പെടെ സുപ്രധാന വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. 19 വർഷത്തിനിടെ അവരുടെ ആദ്യ ലീഗ് കിരീടം അദ്ദേഹം നേടിക്കൊടുത്തു. നവംബർ 24 ന് ഇപ്‌സ്‌വിച്ച് ടൗണിനെതിരെ യുണൈറ്റഡുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിൽ ആകും അമോറിം ആദ്യമായി ചുമതല ഏറ്റെടുക്കുക.

അതുവരെയുള്ള ഇടക്കാലത്തേക്ക് റൂഡ് വാൻ നിസ്റ്റൽറൂയ് മാനേജരായി തുടരും. അമോറിം മുമ്പ് ജോസ് മൗറീഞ്ഞോക്ക് കീഴിൽ ഇൻ്റേൺഷിപ്പ് ചെയ്യുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രവർത്തിച്ചിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ മാഞ്ചസ്റ്റർ സിറ്റിയെ നാണംകെടുത്തി!!

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ 4-1ൻ്റെ വൻ സ്കോറിൽ സ്പോർട്ടിംഗ് ലിസ്ബൺ മാഞ്ചസ്റ്റർ സിറ്റിയെ കീഴ്പ്പെടുത്തി. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു സ്പോർടിങിന്റെ തിരിച്ചടി. അടുത്ത ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാകാൻ പോകുന്ന അമോറിം ആണ് സ്പോർടിംഗിന്റെ പരിശീലകൻ.

പ്രതിരോധ പിഴവ് ഫിൽ ഫോഡൻ മുതലാക്കിയപ്പോൾ മത്സരം തുടങ്ങി നാല് മിനിറ്റിനുള്ളിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് നേടി. സ്‌പോർടിംഗിൻ്റെ മൊറിറ്റയുടെ കൈവശം പൊസഷൻ നഷ്‌ടപ്പെട്ടു, ഫോഡനെ ലക്ഷ്യത്തിലേക്ക് നയിക്കുകയും ഗോൾകീപ്പർ അൻ്റോണിയോ ആദനെ മറികടന്ന് ഒരു ഷോട്ടടിച്ച് സിറ്റി 1-0ന് മുന്നിലെത്തുകയും ചെയ്തു.

എന്നാൽ സ്‌പോർടിംഗ് 38-ാം മിനിറ്റിൽ സ്പോർടിംഗ് സമനില പിടിച്ചു. ഗോൺസാലോ ക്വെൻഡയുടെ ഒരു ത്രൂ ബോളിനുശേഷം സ്‌ട്രൈക്കർ വിക്ടർ ഗ്യോക്കറസ് ഒരു റൺ നടത്തി, ഡിഫൻഡർ മാനുവൽ അകാൻജിയെ മറികടന്ന് എഡേഴ്‌സൻ്റെ മുകളിലൂടെ പന്ത് ചിപ്പുചെയ്‌ത് 1-1 എന്ന നിലയിൽ എത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ പോർച്ചുഗൽ ക്ലബ് ഇരട്ട ഗോളുകൾ നേടി‌. കളി പുനരാരംഭിച്ച് നിമിഷങ്ങൾക്കകം അവർ ലീഡ് നേടി. പെഡ്രോ ഗോൺസാൽവ്‌സ് പിന്നിൽ നിന്ന് ഒരു പ്രത്യാക്രമണം ആരംഭിച്ചു, മാത്യൂസ് അരാഹോയെ കണ്ടെത്തി, എഡേഴ്‌സണെ കീഴ്പ്പെടുത്തി ഒരു ലോ സ്‌ട്രൈക്ക് അയച്ച് 46-ാം മിനിറ്റിൽ സ്‌പോർട്ടിംഗിനെ അരോഹോ 2-1ന് മുന്നിലെത്തിച്ചു.

നിമിഷങ്ങൾക്കകം, ബോക്സിലെ ഒരു മോശം ഫൗളിന് കിട്ടിയ പെനാൽറ്റി ഗ്യോകെറസ് ആത്മവിശ്വാസത്തോടെ ഗോളാക്കി, സ്പോർട്ടിംഗിൻ്റെ ലീഡ് 3-1 ആയി ഉയർത്തി. 68ആം മിനുട്ടിൽ ഒരു പെനാൾറ്റിയിലൂടെ കളിയിലേക്ക് തിരികെ വരാൻ സിറ്റിക്ക് അവസരം കിട്ടി. എന്നാൽ ഹാളണ്ട് എടുത്ത പെനാൾറ്റി ബാറിന് തട്ടി പുറത്തായി‌.

ഇതിന് ശേഷം സ്പോടിംഗിന് അനുകൂലമായി ഒരു പെനാൾറ്റി കൂടെ ലഭിച്ചു. അതു ലക്ഷ്യത്തിൽ എത്തിച്ച് ഗ്യോകെറസ് ഹാട്രിക്ക് പൂർത്തിയാക്കി. സ്കോർ 4-1.

ഈ വിജയത്തോടെ സ്പോർടിംഗ് 10 പോയിന്റുമായി ടേബിളിൽ രണ്ടാമത് നിൽക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിക്ക് 7 പോയിന്റാണ് ഉള്ളത്.

“പണത്തിന് വേണ്ടിയല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് തിരഞ്ഞെടുത്തത്,ഈ ക്ലബാണ് താൻ ആഗ്രഹിച്ചത്” – റൂബൻ അമോറിം

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മാനേജരായി പുതുതായി നിയമിതനായ റൂബൻ അമോറിം, തൻ്റെ തീരുമാനത്തെ പണം അല്ല സ്വാധീനിച്ചത് എന്ന് പറഞ്ഞു. “ചിലർ പറയുന്നു ഞാൻ പണത്തിനായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നതെന്ന്. അതല്ല, മറ്റ് ക്ലബ്ബുകൾ ” മൂന്ന് മടങ്ങ് കൂടുതൽ പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ഞാൻ ആഗ്രഹിച്ച ക്ലബ്ബ്” അദ്ദേഹം സ്ഥിരീകരിച്ചു.

“സീസണിൻ്റെ അവസാനം വരെ ഞാൻ സ്പോർടിങിൽ തുടരണമെന്ന് എന്നെക്കാൾ അധികം ആഗ്രഹിച്ച ഒരു കായിക ആരാധകനില്ല. പക്ഷേ അത് സാധ്യമായിരുന്നില്ല,” അമോറിം പറഞ്ഞു.

“ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലും” എന്ന് യുണൈറ്റഡ് നിർബന്ധിച്ചപ്പോൾ കരാർ അംഗീകരിക്കുക ആയിരുന്നു എന്നും അമോറിം പറഞ്ഞു.

പ്രഖ്യാപനം വന്നു!! മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകനായി റൂബൻ അമോറിം എത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് റൂബൻ അമോറിമിനെ പുതിയ ഹെഡ് കോച്ചായി ഔദ്യോഗികമായി നിയമിച്ചു, 2027 ജൂൺ വരെ കരാറിൽ ആണ് പോർച്ചുഗീസ് പരിശീലകൻ എത്തുന്നത്. ഒരു അധിക വർഷത്തേക്കുള്ള ഓപ്‌ഷനുമുണ്ട്. യൂറോപ്പിലെ ഏറ്റവും മികച്ച യുവ പരിശീലകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അമോറിം, യുണൈറ്റഡിൽ തൻ്റെ റോൾ ഏറ്റെടുക്കുന്ന നവംബർ 11 വരെ സ്പോർട്ടിംഗ് ലിസ്ബണിൽ തുടരും.

39 കാരനായ പോർച്ചുഗീസ് മാനേജർ സ്പോർട്ടിംഗിനെ രണ്ട് പ്രൈമിറ ലിഗ കിരീടങ്ങൾ ഉൾപ്പെടെ സുപ്രധാന വിജയങ്ങളിലേക്ക് നയിച്ചു. 19 വർഷത്തിനിടെ അവരുടെ ആദ്യ ലീഗ് കിരീടം അദ്ദേഹം നേടിക്കൊടുത്തു. നവംബർ 24 ന് ഇപ്‌സ്‌വിച്ച് ടൗണിനെതിരെ യുണൈറ്റഡുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിൽ അദ്ദേഹം ആദ്യമായി ചുമതല ഏറ്റെടുക്കും.

അതുവരെയുള്ള ഇടക്കാലത്തേക്ക് റൂഡ് വാൻ നിസ്റ്റൽറൂയ് മാനേജരായി തുടരും. അമോറിം മുമ്പ് ജോസ് മൗറീഞ്ഞോക്ക് കീഴിൽ ഇൻ്റേൺഷിപ്പ് ചെയ്യുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രവർത്തിച്ചിരുന്നു.

Exit mobile version