ഫിനിഷര്‍ ഫ്രൈലിങ്ക്, അവസാന ഓവറില്‍ 16 റണ്‍സ് അടിച്ചെടുത്ത് ചിറ്റഗോംഗ് വൈക്കിംഗ്സ്

അവസാന ഓവറില്‍ കളി കൈവിട്ട് ധാക്ക ഡൈനാമൈറ്റ്സ്. ജയിക്കുവാന്‍ 16 റണ്‍സ് ആറ് പന്തില്‍ നിന്ന് നേടേണ്ടിയിരുന്ന ചിറ്റഗോംഗ് വൈക്കിംഗ്സിനെ മൂന്ന് സിക്സുകളടക്കം അടിച്ച് ഒരു പന്ത് അവശേഷിക്കെയാണ് ഫ്രൈലിങ്ക് വിജയത്തിലേക്ക് നയിച്ചത്. 10 പന്തില്‍ റോബി ഫ്രൈലിങ്ക് 25 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ കാമറൂണ്‍ ഡെല്‍പോര്‍ട്ട്(12 പന്തില്‍ 30), മുഷ്ഫിക്കുര്‍ റഹിം(22), മൊസ്ദേക്ക് ഹൊസൈന്‍ സൈക്കത്ത്(33) എന്നിവരാണ് വിജയികള്‍ക്ക് വേണ്ടി തിളങ്ങിയത്. ഷാക്കിബ് അല്‍ ഹസന്‍ നാല് വിക്കറ്റ് നേടി ചിറ്റഗോംഗിനു തടസ്സം സൃഷ്ടിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഫ്രൈലിങ്ക് ഒറ്റയ്ക്ക് കളി മാറ്റുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ധാക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമേ നേടാനായുള്ളു. 34 റണ്‍സ് നേടിയ ഷാക്കിബ് അല്‍ ഹസന്‍ ആണ് ടോപ് സ്കോറര്‍. ശുവാഗത ഹോം 29 റണ്‍സും നൂരുള്‍ ഹസന്‍ 29 റണ്‍സും നേടിയപ്പോള്‍ സുനില്‍ നരൈന്‍ 9 പന്തില്‍ നിന്ന് 18 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. കാമറൂണ്‍ ഡെല്‍പോര്‍ട്ട് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ റോബി ഫ്രൈലിങ്ക്, അബു ജയേദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും ചിറ്റഗോംഗിനായി നേടി.

സൂപ്പര്‍ ഓവറില്‍ ചിറ്റഗോംഗിനു വിജയം, റോബി ഫ്രൈലിങ്ക് കളിയിലെ താരം

ചിറ്റഗോംഗ് വൈക്കിംഗ്സും ഖുല്‍ന ടൈറ്റന്‍സും തമ്മിലുള്ള മത്സരം നിശ്ചിത 20 ഓവറുകള്‍ക്ക് ശേഷം സമനിലയില്‍ പിരിഞ്ഞുവെങ്കിലും സൂപ്പര്‍ ഓവറില്‍ വിജയം ഉറപ്പാക്കി ചിറ്റഗോംഗ് വൈക്കിംഗ്സ്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത വൈക്കിംഗ്സ് 11 റണ്‍സ് നേടിയപ്പോള്‍ റോബി ഫ്രൈലിങ്ക് എറിഞ്ഞ ഓവറില്‍ നിന്ന് 9 റണ്‍സ് മാത്രമേ ഖുല്‍നയ്ക്ക് നേടാനായുള്ളു. തന്റെ പ്രകടനത്തിനു റോബി ഫ്രൈലിങ്ക് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന ടൈറ്റന്‍സ് 151 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ദാവീദ് മലന്‍(45), മഹമ്മദുള്ള(33) എന്നിവരാണ് ടീമിനു വേണ്ടി തിളങ്ങിയത്. സുനസ്മുള്‍ ഇസ്ലാം രണ്ടും റോബി, നയീം ഹസന്‍, അബു ജയേദ്, ഖലീദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും ചിറ്റഗോംഗിനു വേണ്ടി നേടി.

യസീര്‍ അലി(41), റോബി ഫ്രൈലിങ്ക്(13 പന്തില്‍ 23), മുഷ്ഫിക്കുര്‍ റഹിം(34) എന്നിവരാണ് ചിറ്റഗോംഗിനെ സമനിലയില്‍ എത്തിക്കുവാന്‍ കിണഞ്ഞ് പരിശ്രമിച്ചവര്‍. എട്ട് വിക്കറ്റാണ് ടീമിനു നഷ്ടമായത്. അവസാന ഓവറില്‍ 19 റണ്‍സ് വിജയത്തിനായി വേണ്ടിയിരുന്ന ചിറ്റഗോംഗിനു വേണ്ടി അവസാന ഓവറില്‍ നിന്ന് മൂന്ന് സിക്സാണ് ബാറ്റ്സ്മാന്മാര്‍ നേടിയത്. രണ്ട് സിക്സുകള്‍ റോബി ഫ്രൈലിങ്ക് നേടിയപ്പോള്‍ ഒരു സിക്സ് നയീം ഹസന്‍ നേടി. അവസാന പന്തില്‍ റോബി റണ്ണൗട്ടായതാണ് അപ്പോള്‍ വിജയം സ്വന്തമാക്കുവാന്‍ വൈക്കിംഗ്സിനു തടസ്സമായത്. കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഷരീഫുള്‍ ഇസ്ലാം എന്നിവര്‍ ഖുല്‍നയ്ക്കായി രണ്ട് വിക്കറ്റ് വീതം നേടി.

ഉദ്ഘാടന മത്സരത്തില്‍ പിടിമുറുക്കി ബൗളര്‍മാര്‍, 3 വിക്കറ്റ് വിജയവുമായി ചിറ്റഗോംഗ് വൈക്കിംഗ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് പുതിയ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മേല്‍ക്കൈ നേടി ബൗളര്‍മാര്‍. ചിറ്റഗോംഗ് വൈക്കിംഗ്സിന്റെ ബൗളര്‍ റോബി ഫ്രൈലിങ്കിനു മുന്നില്‍ രംഗ്പൂര്‍ റൈഡേഴ്സ് ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ 20 ഓവറില്‍ ടീം 98 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രവി ബൊപ്പാര നേടിയ 44 റണ്‍സാണ് 98 റണ്‍സിലേക്ക് എത്തുവാന്‍ രംഗ്പൂറിനെ സഹായിച്ചത്.

സൊഹാഗ് ഗാസി 21 റണ്‍സ് നേടി. മറ്റാരും തന്നെ രണ്ടക്കം കടക്കാതെ പുറത്താകുകയായിരുന്നു. റോബി ഫ്രൈലിങ്ക് നാല് വിക്കറ്റാണ് മത്സരത്തില്‍ നിന്ന് നേടിയത്. അബു ജയേദ്, നയീം ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ചിറ്റഗോംഗ് വൈക്കിംഗ്സിന്റെ ഇന്നിംഗ്സും ആടിയുലഞ്ഞാണ് മുന്നോട്ട് പോയത്. ചെറിയ സ്കോര്‍ നേടുവാന്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയ ടീം അവസാന ഓവറിലാണ് വിജം നേടിയത്. നിര്‍ണ്ണായകമായ എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 16 റണ്‍സ് നേടി റോബി ഫ്രൈലിങ്ക്(12*)-സന്‍സ്മുള്‍ ഇസ്ലാം(7*) എന്നിവരുടെ പ്രകടനമാണ് ടീമിനു നിര്‍ണ്ണായകമായത്.

27 റണ്‍സ് നേടിയ മുഹമ്മദ് ഷെഹ്സാദ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മുഷ്ഫിക്കുര്‍ റഹിം 25 റണ്‍സ് നേടി പുറത്തായി. മഷ്റഫെ മൊര്‍തസ രണ്ട് വിക്കറ്റ് നേടി രംഗ്പൂര്‍ റൈഡേഴ്സ് ബൗളര്‍മാരില്‍ വേറിട്ട് നിന്നു. മറ്റു ബൗളര്‍മാരും മികവ് പുലര്‍ത്തിയെങ്കിലും ലക്ഷ്യം തീരെ ചെറുതായത് റൈഡേഴ്സിനു വിനയായി.

Exit mobile version