രഞ്ജി ട്രോഫി, ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് അടുത്ത് കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ. സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് 160 റൺസിന് അവസാനിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിൻ്റെ ബൌളിങ് മികവാണ് സൗരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകർത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ്.

ടോസ് നേടി സൗരാഷ്ട്രയെ ആദ്യം ബാറ്റ് ചെയ്യാനയച്ച കേരളത്തിന് ബൌളർമാർ ഉജ്ജ്വലമായ തുടക്കമാണ് നല്കിയത്. അക്കൌണ്ട് തുറക്കും മുൻപെ തന്നെ സൗരാഷ്ട്രയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ഹാർവിക് ദേശായിയെ പുറത്താക്കി നിധീഷ് തൻ്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ഏഴാം ഓവറിൽ തുടരെയുള്ള പന്തുകളിൽ ചിരാഗ് ജാനിയെയും അർപ്പിത് വസവദയെയും പുറത്താക്കി നിധീഷ് വീണ്ടും പ്രഹരമേല്പിച്ചു. ചിരാഗ് അഞ്ച് റൺസെടുത്തപ്പോൾ റണ്ണൊന്നുമെടുക്കാതെയാണ് അർപ്പിത് മടങ്ങിയത്. ഇതോടെ മൂന്ന് വിക്കറ്റിന് ഏഴ് റൺസെന്ന നിലയിലായ സൗരാഷ്ട്രയെ ജയ് ഗോഹിലും പ്രേരക് മങ്കാദും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത് . ഇരുവരും ചേർന്ന് 69 റൺസാണ് കൂട്ടിച്ചേർത്തത്.

ഉച്ചഭക്ഷണത്തിന് തൊട്ടു മുൻപ് പ്രേരക് മങ്കാദിനെ പുറത്താക്കി നിധീഷ് വീണ്ടും കേരളത്തിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. 13 റൺസെടുത്ത പ്രേരക്, നിധീഷിൻ്റെ പന്തിൽ മൊഹമ്മദ് അസറുദ്ദീൻ ക്യാച്ചെടുത്താണ് പുറത്തായത്. അടുത്ത ഓവറിൽ ഒരു റണ്ണെടുത്ത അൻഷ് ഗോസായിയെയും അസറുദ്ദീൻ്റെ കൈകളിലെത്തിച്ച് നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. മറുവശത്ത് ഉറച്ച് നിന്ന ജയ് ഗോഹിൽ തുടർന്നെത്തിയ ഗജ്ജർ സമ്മാറുമായി ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നീക്കി.ഇരുവരും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 84 റൺസെടുത്ത ജയ് ഗോഹിലിനെ ഏദൻ ആപ്പിൾ ടോം പുറത്താക്കിയതോടെ സൗരാഷ്ട്രയുടെ ഇന്നിങ്സ് വീണ്ടും തകർച്ചയിലേക്ക് നീങ്ങി. 23 റൺസെടുത്ത ഗജ്ജറിനെയും 11 റൺസെടുത്ത ധർമ്മേന്ദ്ര സിങ് ജഡേജയെയും ഒരു റണ്ണെടുത്ത ഹിതൻ കാംബിയെയും പുറത്താക്കി ബാബ അപരാജിത് സൗരാഷ്ട്രയുടെ ചെറുത്തുനില്പിന് അവസാനമിട്ടു. ക്യാപ്റ്റൻ ജയ്ദേവ് ഉനദ്ഘട്ടിനെ നിധീഷും പുറത്താക്കി.ആറ് വിക്കറ്റ് വീഴ്ത്തിയ നിധീഷിന് പുറമെ ബാബ അപരാജിത് മൂന്നും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രോഹൻ കുന്നുമ്മലും എ കെ ആകർഷും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. ഇരുവരും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 61 റൺസ് പിറന്നു. രോഹൻ കുന്നുമ്മൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെ അതിവേഗത്തിലാണ് കേരളത്തിൻ്റെ ഇന്നിങ്സ് മുന്നോട്ടു നീങ്ങിയത്. ആദ്യ ദിവസത്തെ കളി അവസാനത്തോട് അടുക്കെ ആകർഷിൻ്റെയും സച്ചിൻ ബേബിയുടെ വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. ആകർഷ് 18ഉം സച്ചിൻ ബേബി ഒരു റണ്ണും നേടിയാണ് പുറത്തായത്. ഹിതെൻ കാംബിയാണ് ഇരു വിക്കറ്റുകളും നേടിയത്. കളി നിർത്തുമ്പോൾ രോഹൻ 59ഉം അഹ്മദ് ഇമ്രാൻ രണ്ട് റൺസുമായി ക്രീസിലുണ്ട്. 58 പന്തുകളിൽ ഒൻപത് ഫോറും ഒരു സിക്സുമടക്കമാണ് രോഹൻ 59 റൺസ് നേടിയത്.

രഞ്ജി ട്രോഫി: കേരളത്തിനെതിരെ സൗരാഷ്ട്ര 160-ന് ഓൾ ഔട്ട്; 6 വിക്കറ്റുമായി നിധീഷ് എം ഡി


തിരുവനന്തപുരം മംഗലപുരം കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിനെതിരെ സൗരാഷ്ട്ര തകർച്ചയോടെ തുടങ്ങി. മത്സരത്തിന്റെ ഒന്നാം ദിവസം സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് വെറും 160 റൺസിന് അവസാനിച്ചു.


സൗരാഷ്ട്ര ബാറ്റിംഗ് നിരയിൽ ജയ് ഗോഹിലിന്റെ (Jay Gohil) ഒറ്റയാൾ പോരാട്ടം ശ്രദ്ധേയമായി. 123 പന്തിൽ 11 ഫോറും 2 സിക്‌സും ഉൾപ്പെടെ 84 റൺസെടുത്ത ഗോഹിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, മറ്റ് ബാറ്റ്‌സ്മാൻമാർക്ക് കാര്യമായ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ കഴിയാതെ പോയത് ടീമിന് തിരിച്ചടിയായി.


കേരള ബൗളർമാരിൽ പേസർ നിധീഷ് എം ഡി (Nidheesh M D) ആയിരുന്നു താരം. 13 ഓവറിൽ വെറും 20 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തി നിധീഷ് സൗരാഷ്ട്രയെ തകർത്തു. 1.54 ആയിരുന്നു അദ്ദേഹത്തിന്റെ എക്കണോമി റേറ്റ്. സൗരാഷ്ട്ര ക്യാപ്റ്റൻ ജയദേവ് ഉനദ്കട്ടിന്റെ വിക്കറ്റ് ഉൾപ്പെടെ 3 വിക്കറ്റുകൾ വീഴ്ത്തി ബി അപരാജിത് മികച്ച പിന്തുണ നൽകി. എദെൻ ആപ്പിൾ ടോം ഒരു വിക്കറ്റും നേടി.


തുടക്കത്തിൽ തന്നെ ഓപ്പണർമാരായ എച്ച് ദേശായിയും എ വി വാസവഡയും പൂജ്യത്തിന് പുറത്തായത് സൗരാഷ്ട്രയ്ക്ക് തിരിച്ചടിയായി. ഗോഹിൽ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയപ്പോൾ പ്രേരക് മങ്കാദ് (13), ഗജ്ജർ സമ്മാർ (23) എന്നിവർ ചെറിയ സംഭാവനകൾ നൽകി മധ്യനിരയെ താങ്ങിനിർത്തി. എന്നാൽ, കേരള ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിന് മുന്നിൽ സൗരാഷ്ട്രയുടെ വാലറ്റക്കാർ വേഗത്തിൽ തകർന്നു.

രഞ്ജി ട്രോഫി: തകർപ്പൻ ബൗളിംഗുമായി നിധീഷ്, സൗരാഷ്ട്ര കേരളത്തിനെതിരെ പതറുന്നു


മംഗലപുരത്തെ കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഫസ്റ്റ്-ക്ലാസ് മത്സരത്തിൽ, ആദ്യ ദിനം തന്നെ കേരള ബൗളർമാർ സൗരാഷ്ട്രയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. 26.3 ഓവറിൽ സൗരാഷ്ട്രയെ 5 വിക്കറ്റിന് 82 റൺസ് എന്ന നിലയിൽ ഒതുക്കാൻ കേരളത്തിന് സാധിച്ചു. നിധീഷ് എം ഡിയുടെ പ്രകടനമാണ് കേരളത്തിന് മികച്ച തുടക്കം നൽകിയത്. 7.3 ഓവറിൽ കേവലം 15 റൺസ് മാത്രം വഴങ്ങി അദ്ദേഹം അഞ്ച് വിക്കറ്റ് വീഴ്ത്തി.


സൗരാഷ്ട്രയുടെ ഇന്നിംഗ്സ് വളരെ മോശമായാണ് തുടങ്ങിയത്. ഓപ്പണർ എച്ച് ദേശായി ആദ്യ ഓവറിൽ തന്നെ നിധീഷിന് മുന്നിൽ പൂജ്യത്തിന് പുറത്തായി. ചിരാഗ് ജാനി 5 റൺസ് സംഭാവന നൽകിയ ശേഷം നിധീഷിന്റെ അടുത്ത ഇരയായി.

സൗരാഷ്ട്രയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ജയ് ഗോഹിൽ (82 പന്തിൽ 62*) മാത്രമാണ് ചെറുത്തുനിൽപ്പ് നടത്തിയത്. 8 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെടെയായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. എന്നാൽ മറ്റ് പ്രധാന ബാറ്റ്സ്മാൻമാർക്ക് സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല. പ്രേരക് മങ്കാദ് 13 റൺസ് എടുത്തപ്പോൾ എ വി വാസവഡ റൺസൊന്നും എടുക്കാതെ പുറത്തായി.
ഗോഹിലിന്റെയും മങ്കാദിന്റെയും കൂട്ടുകെട്ടാണ് ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് (69 റൺസ്).

രഞ്ജി ട്രോഫിയിൽ കേരളം നാളെ സൗരാഷ്ട്രയ്ക്കെതിരെ

തിരുവനന്തപുരം – രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം നാളെ സൗരാഷ്ട്രയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കർണ്ണാടകയോട് ഇന്നിങ്സ് തോൽവി വഴങ്ങിയ കേരളത്തെ സംബന്ധിച്ച് നാളത്തെ മത്സരം നിർണ്ണായകമാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിൻ്റ് മാത്രമാണ് കേരളത്തിനുള്ളത്. കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിച്ച സൗരാഷ്ട്രയ്ക്ക് അഞ്ച് പോയിൻ്റാണുള്ളത്.

സൗരാഷ്ട്രയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി കേരള ടീമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സി കെ നായിഡു ടൂർണ്ണമെൻ്റിൽ മികച്ച പ്രകടനം കാഴ്ച വച്ച വരുൺ നായനാർ, ആകർഷ് എ കൃഷ്ണമൂർത്തി എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.ഇതിനു പുറമെ കെസിഎല്ലിലടക്കം മികവ് തെളിയിച്ച സിബിൻ പി ഗിരീഷും പുതുതായി ടീമിലെത്തി. മറുവശത്ത് മുൻ ഇന്ത്യൻ താരം ജയ്ദേവ് ഉനദ്ഘട്ടിൻ്റെ നേതൃത്വത്തിലാണ് സൗരാഷ്ട്ര കളിക്കാനിറങ്ങുക.

കേരള ടീം – മൊഹമ്മദ് അസറുദ്ദീൻ, ബാബ അപരാജിത്, രോഹൻ എസ് കുന്നുമ്മൽ, കൃഷ്ണപ്രസാദ്, അഹ്മദ് ഇമ്രാൻ, സച്ചിൻ ബേബി, ആകർഷ് എ കൃഷ്ണമൂർത്തി, വരുൺ നായനാർ, അഭിഷേക് പി നായർ, സച്ചിൻ സുരേഷ്, അങ്കിത് ശർമ്മ, ഹരികൃഷ്ണൻ എം യു, നിധീഷ് എം ഡി, ബേസിൽ എൻ പി, ഏദൻ ആപ്പിൾ ടോം, സിബിൻ പി ഗിരീഷ്

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കർണ്ണാടകയ്ക്ക് മികച്ച വിജയം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് കർണ്ണാടകയോട് തോൽവി. ഒരിന്നിങ്സിനും 164 റൺസിനുമാണ് കർണ്ണാടക കേരളത്തെ തകർത്തത്. ആദ്യ ഇന്നിങ്സിൽ 348 റൺസിൻ്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിൽ 184 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ മൊഹ്സിൻ ഖാൻ്റെ ബൌളിങ്ങാണ് രണ്ടാം ഇന്നിങ്സിൽ കേരളത്തെ തകർത്തത്.

സമനിലയെന്ന ലക്ഷ്യത്തോടെ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ പ്രഹരമേറ്റു. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ കേരളത്തിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഒൻപത് റൺസെടുത്ത നിധീഷിനെ വിദ്വത് കവേരപ്പ കരുൺ നായരുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ അക്ഷയ് ചന്ദ്രൻ ക്ലീൻ ബൌൾഡായി. നിലയുറപ്പിക്കും മുൻപെ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീനും പുറത്തായതോടെ മൂന്ന് വിക്കറ്റിന് 40 റൺസെന്ന നിലയിലായിരുന്നു കേരളം. ശിഖർ ഷെട്ടിയുടെ പന്തിൽ കെ എൽ ശ്രീജിത് ക്യാച്ചെടുത്താണ് 15 റൺസെടുത്ത അസറുദ്ദീൻ മടങ്ങിയത്.

തുടർന്നെത്തിയ അഹ്മദ് ഇമ്രാനും കൃഷ്ണപ്രസാദും ചേർന്ന് നാലാം വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിയ ഘട്ടത്തിലാണ് കൃഷ്ണപ്രസാദിനെ ക്ലീൻ ബൌൾഡാക്കി മൊഹ്സിൻ ഖാൻ തൻ്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 33 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്. തൊട്ടു പിറകെ 23 റൺസെടുത്ത അഹ്മദ് ഇമ്രാനെ മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെ മൊഹ്സിൻ തന്നെ പുറത്താക്കി. സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന് ചെറുത്തുനില്പിന് തുടക്കമിട്ടെങ്കിലും അധികം ആയുസ്സുണ്ടായില്ല. ഓരോവറിൽ തന്നെ സച്ചിനെയും ഷോൺ റോജറെയും ക്ലീൻ ബൌൾഡാക്കി മൊഹ്സിൻ കർണ്ണാടകയ്ക്ക് വിജയത്തിലേക്കുള്ള വഴി തുറന്നു. സച്ചിൻ ബേബി 12ഉം ഷോൺ റോജർ പൂജ്യത്തിനുമാണ് പുറത്തായത്. വൈകാതെ 19 റൺസെടുത്ത ബാബ അപരാജിത്തിനെയും പുറത്താക്കി മൊഹ്സിൻ ഖാൻ അഞ്ച് വിക്കറ്റ് തികച്ചു.

അനിവാര്യമായ തോൽവി നീട്ടിയത് അവസാന വിക്കറ്റിൽ ഏദൻ ആപ്പിൾ ടോമും ഹരികൃഷ്ണനും ചേർന്നുള്ള ചെറുത്തുനില്പാണ്. 23 ഓവർ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് 44 റൺസാണ് കൂട്ടിച്ചേർത്തത്. ഒടുവിൽ ഹരികൃഷ്ണനെ എൽബിഡബ്ല്യുവിൽ കുടുക്കി മൊഹ്സിൻ ഖാൻ തന്നെയാണ് ഈ കൂട്ടുകെട്ടിനും അവസാനമിട്ടത്. ഏദൻ ആപ്പിൾ ടോം 39ഉം ഹരികൃഷ്ണൻ ആറും റൺസെടുത്തു. കർണ്ണാടകയ്ക്ക് വേണ്ടി ആറ് വിക്കറ്റെടുത്ത മൊഹ്സിൻ ഖാന് പുറമെ വിദ്വത് കവേരപ്പ രണ്ട് വിക്കറ്റും വീഴ്ത്തി.

രഞ്ജി ട്രോഫിയിൽ കേരളത്തിന് ഫോളോ ഓൺ, ആദ്യ ഇന്നിങ്സിൽ 238 റൺസിന് പുറത്ത്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണ്ണാടകയ്ക്ക് 348 റൺസിൻ്റെ കൂറ്റൻ ലീഡ്. കേരളം ആദ്യ ഇന്നിങ്സിൽ 238 റൺസിന് ഓൾ ഔട്ടായി.തുടർന്ന് ഫോളോ ഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 10 റൺസെന്ന നിലയിലാണ്. 586 റൺസായിരുന്നു കർണ്ണാടക ആദ്യ ഇന്നിങ്സിൽ നേടിയത്.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം കേരളം കളി തുടങ്ങിയത്. എന്നാൽ മൂന്നാം ഓവറിൽ തന്നെ 11 റൺസെടുത്ത അക്ഷയ് ചന്ദ്രൻ്റെ വിക്കറ്റ് നഷ്ടമായി. വിദ്വത് കവേരപ്പയുടെ പന്തിൽ അക്ഷയ് ക്ലീൻ ബൌൾഡാവുകയായിരുന്നു. തൊട്ടു പിറകെ ബേസിൽ റിട്ടയേഡ് ഹർട് ആയി മടങ്ങി. തുടർന്നെത്തിയ സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. 85 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. എന്നാൽ സ്കോർ 114ൽ നില്ക്കെ സച്ചിൻ ബേബി മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. വിദ്വത് കവേരപ്പയുടെ പന്തിൽ ശ്രേയസ് ഗോപാൽ പിടിച്ചാണ് 31 റൺസെടുത്ത സച്ചിൻ ബേബി പുറത്തായത്.

മറുവശത്ത് ഉറച്ച് നിന്ന ബാബ അപരാജിതും അഹ്മദ് ഇമ്രാനും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നീക്കി. ഇരുവരും ചേർന്ന് 68 റൺസ് നേടിയെങ്കിലും ബാബ അപരാജിത്ത് പുറത്തായതോടെ കേരളത്തിൻ്റെ തകർച്ചയ്ക്ക് തുടക്കമായി. 88 റൺസെടുത്ത അപരാജിത്തിനെ ശിഖർ ഷെട്ടിയാണ് പുറത്താക്കിയത്. തൊട്ടു പിറകെ 31 റൺസെടുത്ത അഹ്മദ് ഇമ്രാനും ആറ് റൺസെടുത്ത മൊഹമ്മദ് അസറുദ്ദീനും പുറത്തായി. 85 പന്തുകളിൽ നിന്ന് 29 റൺസുമായി ഷോൺ റോജർ ചെറുത്തു നിന്നെങ്കിലും വൈശാഖിൻ്റെ പന്തിൽ എൽബിഡബ്ല്യു ആയി മടങ്ങി. ആറ് റൺസെടുത്ത ഹരികൃഷ്ണനും പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സിന് 238ൽ അവസാനമായി. ഏദൻ ആപ്പിൾ ടടോം 60 പന്തുകളിൽ നിന്ന് 10 റൺസുമായി പുറത്താകാതെ നിന്നു. കർണ്ണാടകയ്ക്ക് വേണ്ടി വിദ്വത് കവെരപ്പ നാലും വൈശാഖ് മൂന്നും ശിഖർ ഷെട്ടി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് വേണ്ടി കൃഷ്ണപ്രസാദും എം ഡി നിധീഷും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. കളി നിർത്തുമ്പോൾ കൃഷ്ണപ്രസാദ് രണ്ടും നിധീഷ് നാലും റൺസുമായി ക്രീസിലുണ്ട്.

രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കർണ്ണാടക മികച്ച സ്കോറിലേക്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണ്ണാടക ശക്തമായ നിലയിൽ. ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന നിലയിലാണ് കർണ്ണാടക. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ മലയാളി താരം കരുൺ നായരുടെ പ്രകടനമാണ് കർണ്ണാടകയുടെ ഇന്നിങ്സിന് കരുത്ത് പകർന്നത്. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.ഈ വേദിയിൽ നടക്കുന്ന ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കൂടിയാണിത്.

ടോസ് നേടിയ കർണ്ണാടക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കേരള ബൌളർമാർ കർണ്ണാടകത്തെ ഞെട്ടിച്ചു. അഞ്ച് റൺസെടുത്ത ക്യാപ്റ്റൻ മായങ്ക് അഗർവാളായിരുന്നു ആദ്യം മടങ്ങിയത്. എം ഡി നിധീഷിൻ്റെ പന്തിൽ മൊഹമ്മദ് അസറുദ്ദീൻ ക്യാച്ചെടുത്താണ് മായങ്ക് പുറത്തായത്. തൊട്ടു പിറകെ എട്ട് റൺസെടുത്ത ഓപ്പണർ കെ വി അനീഷിനെ ബേസിൽ എൻ പിയും അസറുദ്ദീൻ്റെ കൈകളിലെത്തിച്ചു. രണ്ട് വിക്കറ്റിന് 13 റൺസെന്ന നിലയിൽ തകർച്ചയെ മുന്നിൽക്കണ്ട കർണ്ണാടകയെ കരുൺ നായരും കെ എൽ ശ്രീജിത്തും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്.

ക്ഷമയോടെ ബാറ്റു വീശിയ ഇരുവരും ചേർന്ന് 123 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം കളി തുടങ്ങി ആദ്യ നിമിഷങ്ങളിൽ തന്നെ കർണ്ണാടകയ്ക്ക് ശ്രീജിത്തിൻ്റെ വിക്കറ്റ് നഷ്ടമായി. 65 റൺസെടുത്ത ശ്രീജിത്, ബാബ അപരാജിത്തിൻ്റെ പന്തിൽ അഹ്മദ് ഇമ്രാൻ ക്യാച്ചെടുത്താണ് പുറത്തായത്. തുടർന്നെത്തിയ ആർ സ്മരൺ കരുൺ നായർക്ക് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ ഇതിനകം തന്നെ 183 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു. ചായയ്ക്ക് ശേഷം കളി തുടങ്ങി ഉടൻ തന്നെ കരുൺ നായർ സെഞ്ച്വറി പൂർത്തിയാക്കി. കഴിഞ്ഞ മല്സരത്തിലും കരുൺ സെഞ്ച്വറി നേടിയിരുന്നു. കളി നിർത്തുമ്പോൾ കരുൺ നായർ 142ഉം സ്മരൺ 88 റൺസുമായി ക്രീസിലുണ്ട്. 14 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കരുൺ നായരുടെ ഇന്നിങ്സ്.

കഴിഞ്ഞ മത്സരത്തിൽ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് കേരളം കർണ്ണാടകയ്ക്കെതിരെ കളിക്കാനിറങ്ങിയത്. രോഹൻ കുന്നുമ്മലിന് പകരം കൃഷ്ണപ്രസാദിനെയും അങ്കിത് ശർമ്മയ്ക്ക് പകരം എം യു ഹരികൃഷ്ണനെയുമാണ് ഉൾപ്പെടുത്തിയത്. വൈശാഖ് ചന്ദ്രനിലൂടെ ഒരു ബൌളറെ കൂടുതലായി ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രഞ്ജി ട്രോഫിയിൽ പഞ്ചാബിനോട് ലീഡ് വഴങ്ങി കേരളം, മത്സരം സമനിലയിൽ പിരിഞ്ഞു

ചണ്ഡീഗഢ് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും പഞ്ചാബും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 371 റൺസിന് അവസാനിക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് 65 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ പഞ്ചാബ് വിക്കറ്റ് പോകാതെ 15 റൺസെടുത്ത് നില്ക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ലീഡിൻ്റെ മികവിൽ പഞ്ചാബിന് മത്സരത്തിൽ നിന്ന് മൂന്ന് പോയിൻ്റ് ലഭിച്ചു. കേരളം ഒരു പോയിൻ്റ് നേടി. ആദ്യ ഇന്നിങ്സിൽ പഞ്ചാബിന് വേണ്ടി 170 റൺസെടുത്ത ഹർനൂർ സിങ്ങാണ് പ്ലെയർ ഓഫ് ദി മാച്ച്.

അവസാന ദിവസം കളി തുടങ്ങുമ്പോൾ ബാബ അപരാജിത്തും അഹ്മദ് ഇമ്രാനും ചേർന്നുള്ള കൂട്ടുകെട്ടിലായിരുന്നു കേരളത്തിൻ്റെ പ്രതീക്ഷ. ഇരുവരും ചേർന്ന് 20 റൺസ് കൂടി കൂട്ടിച്ചേർത്തു. അർദ്ധസെഞ്ച്വറി പൂർത്തിയാക്കി നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് ബാബ അപരാജിത് പുറത്തായത്.51 റൺസെടുത്ത അപരാജിത് ആയുഷ് ഗോയലിൻ്റെ പന്തിൽ ക്ലീൻ ബൌൾഡാവുകയായിരുന്നു. തുടർന്നെത്തിയ ഷോൺ റോജറിനൊപ്പം ചേർന്ന് അഹ്മദ് ഇമ്രാൻ ഇന്നിങ്സ് മുന്നോട്ട് നീക്കി. എട്ടാം വിക്കറ്റിൽ 78 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. കേരളത്തിൻ്റെ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇത് തന്നെയായിരുന്നു.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഏഴ് വിക്കറ്റിന് 323 റൺസെന്ന നിലയിലായിരുന്നു കേരളം. എന്നാൽ ഇടവേളയ്ക്ക് ശേഷം മത്സരം തുടങ്ങി വൈകാതെ തന്നെ കേരളത്തിന് ഷോൺ റോജറുടെ വിക്കറ്റ് നഷ്ടമായി. 27 റൺസെടുത്ത ഷോൺ റോജറെ എൽബിഡബ്ല്യുവിൽ കുടുക്കി ആയുഷ് ഗോയലാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. 15 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ കേരളത്തിന് അഹ്മദ് ഇമ്രാൻ്റെ വിക്കറ്റും നഷ്ടമായി. 86 റൺസെടുത്ത അഹ്മദ് ഇമ്രാൻ കൃഷ് ഭഗതിൻ്റെ പന്തിൽ സലീൽ അറോറ ക്യാച്ചെടുത്താണ് പുറത്തായത്. 10 ബൌണ്ടറികൾ അടങ്ങുന്നതായിരുന്നു കേരളത്തിൻ്റെ ടോപ് സ്കോറർ കൂടിയായ അഹ്മദ് ഇമ്രാൻ്റെ ഇന്നിങ്സ്.

തുടർന്നെത്തിയ നിധീഷ് അക്കൌണ്ട് തുറക്കും മുൻപെ തന്നെ പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സ് 371ന് അവസാനിച്ചു. അക്ഷയ് ചന്ദ്രൻ 13 റൺസുമായി പുറത്താകാതെ നിന്നു.പഞ്ചാബിന് വേണ്ടി കൃഷ് ഭഗത് നാലും ആയുഷ് ഗോയൽ, നമൻ ധീർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

സ്കോർ
പഞ്ചാബ് ആദ്യ ഇന്നിങ്സ് – 436, രണ്ടാം ഇന്നിങ്സ് – 15/0

കേരളം ആദ്യ ഇന്നിങ്സ് – 371

രഞ്ജി ട്രോഫി : കേരളം ആറ് വിക്കറ്റിന് 247 റൺസെന്ന നിലയിൽ

ചണ്ഡീഗഢ് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ കേരളം പതറുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ്. ബാബ അപരാജിത്തും അഹ്മദ് ഇമ്രാനുമാണ് കളി നിർത്തുമ്പോൾ ക്രീസിലുള്ളത്. പഞ്ചാബ് 436 റൺസായിരുന്നു ആദ്യ ഇന്നിങ്സിൽ നേടിയത്.

ഒരു വിക്കറ്റിന് 15 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് വത്സൽ ഗോവിന്ദിൻ്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 106 പന്തുകളിൽ നിന്ന് 18 റൺസുമായാണ് വത്സൽ മടങ്ങിയത്. തുടർന്നെത്തിയ രോഹൻ കുന്നുമ്മലും അങ്കിത് ശർമ്മയും ചേർന്ന് നാലാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു. മത്സരത്തിൽ കേരളത്തിൻ്റെ ഇത് വരെയുള്ള ഏറ്റവും മികച്ച കൂട്ടുകെട്ടും ഇത് തന്നെയായിരുന്നു. അങ്കിതിനെ പുറത്താക്കി രമൺദീപ് സിങ്ങാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. വളരെ കരുതലോടെ ബാറ്റ് വീശിയ അങ്കിത് ശർമ്മ 152 പന്തുകൾ നേരിട്ട് 62 റൺസുമായാണ് മടങ്ങിയത്.

ചായയ്ക്ക് പിരിയുന്നതിന് തൊട്ടു മുൻപെ കേരളത്തിന് രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റും നഷ്മമായി. 43 റൺസെടുത്ത രോഹൻ, മായങ്ക് മാർക്കണ്ഡെയുടെ പന്തിൽ സലിൽ അറോറ ക്യാച്ചെടുത്താണ് പുറത്തായത്. തുടർന്നെത്തിയ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീനും അധികം പിടിച്ചു നില്ക്കാനായില്ല. 13 റൺസെടുത്ത അസറുദ്ദീൻ ക്രിഷ് ഭഗതിൻ്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങിയാണ് പുറത്തായത്. 36 റൺസെടുത്ത സച്ചിൻ ബേബിയെ നമൻ ധീറും പുറത്താക്കി.

തുടർന്നെത്തിയ ബാബ അപരാജിത്തും അഹ്മദ് ഇമ്രാനും ചേർന്നുള്ള കൂട്ടുകെട്ടിലാണ് കേരളത്തിൻ്റെ ഇനിയുള്ള പ്രതീക്ഷ. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 48 റൺസ് കൂട്ടിച്ചേർത്ത് കഴിഞ്ഞു. കളിനിർത്തുമ്പോൾ ബാബ അപരാജിത്ത് 39ഉം അഹ്മദ് ഇമ്രാൻ 19ഉം റൺസ് നേടി ക്രീസിലുണ്ട്. പഞ്ചാബിന് വേണ്ടി കൃഷ് ഭഗത്, നമൻ ധീർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രഞ്ജി ട്രോഫി കേരളത്തിനെതിരെ പഞ്ചാബിന് മികച്ച സ്കോർ

ചണ്ഡീഗഢ് : രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ പഞ്ചാബ് ആദ്യ ഇന്നിങ്സിൽ 436 റൺസിന് പുറത്ത്. ഓപ്പണർ ഹർനൂർ സിങ്ങിൻ്റെ ഉജ്ജ്വല സെഞ്ച്വറിയും വാലറ്റക്കാരുടെ ചെറുത്തുനില്പുമാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. 170 റൺസെടുത്ത ഹർനൂർ സിങ്ങും 72 റൺസെടുത്ത പ്രേരിത് ദത്തയുമാണ് പഞ്ചാബ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. കേരളത്തിന് വേണ്ടി അങ്കിത് ശർമ്മ നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് 15 റൺസെന്ന നിലയിലാണ്.

ആറ് വിക്കറ്റിന് 240 റൺസെന്ന നിലയിലാണ് പഞ്ചാബ് രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്. ശേഷിക്കുന്ന വിക്കറ്റുകൾ ഉടൻ വീഴ്ത്തി പഞ്ചാബിനെ ചെറിയ സ്കോറിൽ ഒതുക്കാമെന്ന കേരളത്തിൻ്റെ പ്രതീക്ഷകൾ പഞ്ചാബിൻ്റെ വാലറ്റക്കാർ തല്ലിക്കെടുത്തി. ഹർനൂർ സിങ്ങും കൃഷ് ഭഗതും ചേർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ 66 റൺസ് പിറന്നു. 28 റൺസെടുത്ത കൃഷ് ഭഗതിനെ ക്ലീൻ ബൌൾഡാക്കി അങ്കിത് ശർമ്മയാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ ഓവറിൽ തന്നെ ഹർനൂർ സിങ്ങിനെ നിധീഷ് എംഡി ക്ലീൻ ബൌൾഡാക്കി. 170 റൺസെടുത്ത ഹർനൂർ മടങ്ങുമ്പോൾ എട്ട് വിക്കറ്റിന് 312 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്.

എന്നാൽ ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിൽ പ്രേരിത് ദത്തയും മായങ്ക് മാർക്കണ്ഡെയും ചേർന്ന് നേടിയ 111 റൺസാണ് മത്സരത്തിൽ പഞ്ചാബിന് മേൽക്കൈ നല്കിയത്. കേരള ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീൻ ബൌളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ സ്കോർ 423ൽ നില്ക്കെ അഹ്മദ് ഇമ്രാനാണ് പ്രേരിത് ദത്തയെ പുറത്താക്കി കൂട്ടുകെട്ടിന് അവസാനമിട്ടത്. 72 റൺസെടുത്ത പ്രേരിത് ക്ലീൻ ബൌൾഡാവുകയായിരുന്നു. നാല് റൺസെടുത്ത ആയുഷ് ഗോയലിനെ അങ്കിത് ശർമ്മയും പുറത്താക്കിയതോടെ പഞ്ചാബിൻ്റെ ഇന്നിങ്സിന് 436ൽ അവസാനമായി. മായങ്ക് മാർക്കണ്ഡെ 48 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി അങ്കിത് ശർമ്മ നാല് വിക്കറ്റും ബേസിൽ എൻ പിയും ബാബ അപരാജിത്തും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി വത്സൽ ഗോവിന്ദും ബേസിൽ എൻ പിയും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. നാല് റൺസെടുത്ത ബേസിൽ തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും തുടർന്നെത്തിയ അങ്കിത് ശർമ്മയും വത്സൽ ഗോവിന്ദും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ രണ്ടാം ദിവസത്തിന് അവസാനമിട്ടു. കളി നിർത്തുമ്പോൾ വത്സൽ ഏഴും അങ്കിത് ശർമ്മ രണ്ടും റൺസുമായി ക്രീസിലുണ്ട്.

രഞ്ജി ട്രോഫി : കേരള – മഹാരാഷ്ട്ര മത്സരം സമനിലയിൽ

കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റിന് 224 റൺസെടുത്ത് നില്ക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ആദ്യ ഇന്നിങ്സിൽ മഹാരാഷ്ട്ര 239ഉം കേരളം 219ഉം റൺസായിരുന്നു നേടിയത്.20 റൺസിൻ്റെ ഒന്നാം ഇന്നിങ്സിൻ്റെ ലീഡിൻ്റെ മികവിൽ മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിൻ്റ് ലഭിച്ചു. കേരളം ഒരു പോയിൻ്റ് സ്വന്തമാക്കി.

വിക്കറ്റ് പോകാതെ 51 റൺസെന്ന നിലയിൽ നാലാം ദിവസം കളി തുടങ്ങിയ മഹാരാഷ്ട്രയ്ക്ക് സ്കോർ 84ൽ നില്ക്കെ ആർഷിൻ കുൽക്കർണ്ണിയുടെ വിക്കറ്റ് നഷ്ടമായി. 34 റൺസെടുത്ത ആർഷിൻ എൻ പി ബേസിലിൻ്റെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. മറുവശത്ത് അനായാസ ബാറ്റിങ് തുടർന്ന പൃഥ്വീ ഷാ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ഇടയ്ക്ക് പൃഥ്വീ ഷായും സിദ്ദേഷ് വീറും നല്കിയ അവസരങ്ങൾ ഫീൽഡർമാർ കൈവിട്ടത് കേരളത്തിന് തിരിച്ചടിയായി. ഒടുവിൽ 75 റൺസെടുത്ത് നില്ക്കെ അക്ഷയ് ചന്ദ്രൻ്റെ പന്തിൽ മൊഹമ്മദ് അസറുദ്ദീൻ പിടിച്ചാണ് പൃഥ്വീ ഷാ പുറത്തായത്.

തുടർന്നെത്തിയ ഋതുരാജ് ഗെയ്ക്വാദും സിദ്ദേഷ് വീറും അതീവ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. കേരള ക്യാപ്റ്റൻ ബൌളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റിന് 224 റൺസെടുത്ത് നില്ക്കെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. സിദ്ദേഷ് വീറും ഋതുരാജ് ഗെയ്ക്വാദും 55 റൺസ് വീതം നേടി പുറത്താകാതെ നിന്നു.

രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളം ലീഡ് വഴങ്ങി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മഹാരാഷ്ട്രയ്ക്ക് 20 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 219 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ മഹാരാഷ്ട്ര മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 51 റൺസെന്ന നിലയിലാണ്.

മൂന്ന് വിക്കറ്റിന് 35 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് സച്ചിൻ ബേബിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഏഴ് റൺസെടുത്ത സച്ചിൻ ബേബി രാമകൃഷ്ണ ഘോഷിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ പിടിച്ച് പുറത്താവുകയായിരുന്നു. തുടർന്ന് ഒത്തു ചേർന്ന സഞ്ജു സാംസനും മൊഹമ്മദ് അസറുദ്ദീനും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ട് നീക്കി. അഞ്ചാം വിക്കറ്റിൽ 57 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ സഞ്ജു മികച്ച രീതിയിൽ ബാറ്റിങ് തുടരുമ്പോഴാണ് വിക്കി ഓസ്വാളിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ പിടിച്ച് പുറത്തായത്.63 പന്തുകളിൽ അഞ്ച് ഫോറും ഒരു സിക്സുമടക്കം 54 റൺസാണ് സഞ്ജു നേടിയത്.

തൊട്ടുപിറകെ മൊഹമ്മദ് അസറുദ്ദീനെയും വിക്കി ഓസ്വാൾ തന്നെ മടക്കി. 36 റൺസാണ് അസറുദ്ദീൻ നേടിയത്. എന്നാൽ സൽമാൻ നിസാറും അങ്കിത് ശർമ്മയും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 49 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 17 റൺസെടുത്ത അങ്കിത് ശർമ്മയെ പുറത്താക്കി ജലജ് സക്സേന കളി മഹാരാഷ്ട്രയ്ക്ക് അനുകൂലമാക്കി. ചെറുത്തു നിന്ന ഏദൻ ആപ്പിൾ ടോമിനെ മികച്ചൊരു ബൌൺസറിലൂടെ മുകേഷ് ചൌധരിയും പുറത്താക്കി. അടുത്ത ഓവറിൽ നിധീഷും മടങ്ങിയതോടെ ഒൻപത് വിക്കറ്റിന് 208 റൺസെന്ന നിലയിലായിരുന്നു കേരളം.

മറുവശത്ത് ഉറച്ച് നിന്ന സൽമാൻ നിസാർ പ്രതീക്ഷ നല്കിയെങ്കിലും മുകേഷ് ചൌധരിയെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ പുറത്താവുകയായിരുന്നു. 93 പന്തുകളിൽ മൂന്ന് ഫോറടക്കം 49 റൺസാണ് സൽമാൻ നേടിയത്. മഹാരാഷ്ട്രയ്ക്ക് ജലജ സക്സേന മൂന്നും മുകേഷ് ചൌധരി, രജനീഷ് ഗുർബാനി, വിക്കി ഓസ്വാൾ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അഞ്ച് ക്യാച്ചും ഒരു സ്റ്റമ്പിങ്ങുമടക്കം വിക്കറ്റിന് പിന്നിൽ മികച്ച പ്രകടം കാഴ്ചവച്ച കീപ്പർ സൌരഭ് നവാലെയും മഹാരാഷ്ട്രയ്ക്കായി തിളങ്ങി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ മഹാരാഷ്ട്ര വെളിച്ചക്കുറവിനെ തുടർന്ന് കളി നേരത്തെ നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 51 റൺസെന്ന നിലയിലാണ്. പൃഥ്വീ ഷാ 37ഉം ആർഷിൻ കുൽക്കർണ്ണി 14 റൺസുമായി ക്രീസിലുണ്ട്. മഹാരാഷ്ട്രയ്ക്ക് ഇപ്പോൾ 71 റൺസിൻ്റെ ലീഡുണ്ട്.

Exit mobile version