ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎലിന് ഉണ്ടാകുമോ എന്നതിപ്പോൾ പറയാനാകില്ല

സെപ്റ്റംബർ – ഒക്ടോബർ ജാലകത്തിൽ ഐപിഎലിന് ഓസ്ട്രേലിയൻ താരങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാകുമോ ഇല്ലയോ എന്നതിപ്പോൾ പറയാനാകില്ലെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ നിക്ക് ഹോക്ക്ലി. ഓസ്ട്രേലിയൻ ബോർഡ് ഇതിപ്പോൾ ചർച്ചയ്ക്ക് എടുത്തിട്ടില്ലെന്നും അതിന് ശേഷം മാത്രമേ വിഷയത്തിൽ വ്യക്തത വരുത്താനാകൂ എന്നും ഹോക്ക്ലി പറഞ്ഞു.

പാറ്റ് കമ്മിൻസ് താൻ ഐപിഎലിന് ഉണ്ടാകില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. അത് പോലെ തന്നെ ഇംഗ്ലണ്ട് താരങ്ങളെ ദേശീയ ഡ്യൂട്ടിയിൽ നിന്ന് ഐപിഎൽ യുഎഇ പാദം കളിക്കുവാൻ വിടില്ലെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്. ഐപിഎൽ കളിച്ച ഓസ്ട്രേലിയൻ താരങ്ങളുടെ ക്വാറന്റീൻ ഇപ്പോൾ അവസാനിച്ചതേയുള്ളുവെന്നും ഇപ്പോൾ അവർ കൂടുംബത്തോടൊപ്പം ഒന്നിക്കുവാനും വിൻഡീസ് ടൂറിനെക്കുറിച്ചും ചിന്തിക്കട്ടേയെന്ന് പറഞ്ഞ് ഹോക്ക്ലി യഥാസമയത്ത് ഐപിഎൽ പങ്കെടുക്കുന്നതിനെക്കുറിച്ചഉള്ള ചർച്ച താരങ്ങളും ബോർഡും ചേർന്ന് എടുക്കുമെന്നും പറഞ്ഞു.

നിക്ക് ഹോക്ക്ലിയെ ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ആയി നിയമിച്ചു

ഓസ്ട്രേലിയയുടെ താത്കാലിക സിഇഒ ആയ നിക്ക് ഹോക്ക്ലിയെ സ്ഥിരമാക്കി ഓസ്ട്രേലിയൻ ബോർഡ്. ജൂൺ 2020ൽ കെവിൻ റോബേർട്സ് രാജി വെച്ച ശേഷമാണ് നിക്ക് ഹോക്ക്ലിയെ താത്കാലി ചീഫ് എക്സിക്യൂട്ടീവ് ആയി ബോർഡ് നിയമിച്ചത്. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ കമേഴ്സൽ നെഗോസിയേഷൻസ് തലവനായി ഹോക്ക്ലി പ്രവർത്തിച്ചിട്ടുണ്ട്.

ഐസിസിയുടെ ടി20 ലോകകപ്പ് 2020ന്റെ പ്രാദേശിക ഓർഗനൈസിംഗ് കമ്മിറ്റി അംഗവും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കമേഴ്സൽ പ്രോജക്ടുകളുടെ തലവനുമായി പ്രവർത്തിച്ചിട്ടുള്ള ഹോക്ക്ലി 2015 ഐസിസി ലോകകപ്പിന്റെ കമേഴ്സൽ ആൻഡ് മാർക്കറ്റിംഗ് വിഭാഗത്തിന്റെ ജനറൽ മാനേജർ ആയിരുന്നു.

ഓസ്ട്രേലിയയുടെ ദേശീയ സ്പോർട്സ് ആയ ക്രിക്കറ്റിന്റെ തലവനായി സ്ഥാനം ലഭിയ്ക്കുന്നത് വലിയ കാര്യമാണെന്നും തന്റെ ചുമതല മികച്ച രീതിയിൽ നിർവഹിക്കുവാനായി താൻ പ്രയത്നിക്കുമെന്നും നിക്ക് ഹോക്ക്ലി വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ താരങ്ങളെ നാട്ടിലെത്തിച്ചതിന് ബിസിസിഐയോട് നന്ദി അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ

ഓസ്ട്രേലിയന്‍ താരങ്ങളെ ഐപിഎല്‍ കഴിഞ്ഞ് സുരക്ഷിതമായി നാട്ടിലെത്തിക്കുവാന്‍ സഹായിച്ച ബിസിസിഐയോട് നന്ദി അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ താത്കാലിക സിഇഒ നിക്ക് ഹോക്ക്ലി. ഇന്ത്യയില്‍ കേസുകള്‍ വര്‍ദ്ധിച്ചപ്പോള്‍ തന്നെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പിന്നീട് ഐപിഎല്‍ നിര്‍ത്തേണ്ടി വന്ന സാഹചര്യത്തില്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ മടങ്ങിപ്പോക്ക് തന്നെ സംശയത്തിലായി.

ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ബിസിസിഐ അവരെ ആദ്യം മാല്‍ദീവ്സിലേക്കും പിന്നീട് അവിടെ നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തിക്കുവാനുമുള്ള സൗകര്യങ്ങള്‍ അതിവേഗത്തില്‍ നിയമങ്ങള്‍ക്ക് ഉള്ളില്‍ നിന്ന് നടത്തിക്കൊടുക്കുകയായിരുന്നു. ഈ തീരുമാനത്തിനുള്ള നന്ദിയാണ് നിക്ക് അറിയിച്ചത്.

38 ഓസ്ട്രേലിയന്‍ താരങ്ങളാണ് ഇത്തരത്തില്‍ ട്രാവല്‍ ബാന്‍ കാരണം കുടുങ്ങി കിടന്നത്. ഇവരില്‍ പോസിറ്റീവായി തുടര്‍ന്ന മൈക്കല്‍ ഹസ്സിയെ ഒഴികെ എല്ലാ താരങ്ങളെയും ഇന്ത്യന്‍ ബോര്‍ഡ് മാല്‍ദീവ്സിലേക്ക് എത്തിച്ചു.

കോഹ്‍ലിയുടെ അഭാവം സാമ്പത്തിക നഷ്ടം സൃഷ്ടിക്കില്ല – ക്രിക്കറ്റ് ഓസ്ട്രേലിയ

അഡിലെയ്ഡ് ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന വിരാട് കോഹ്‍ലിയുടെ അഭാവം ബോര്‍ഡിന് മേല്‍ സാമ്പത്തിക നഷ്ടം സൃഷ്ടിക്കുകയില്ലെന്ന് അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ നിക്ക് ഹോക്ലി. കോഹ്‍ലി പരമ്പരയുടെ മാര്‍ക്കറ്റിംഗിനായി ഏറെ പ്രാധാന്യമുള്ള താരമാണെങ്കിലും താരത്തിന് ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുവാന്‍ ബോര്‍ഡ് അവസരം നല്‍കിയിട്ടുണ്ട്. തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് താരം നാട്ടിലേക്ക് മടങ്ങുന്നത്.

വിരാടിന്റെ തീരുമാനത്തെയുെ താരത്തിന് ലീവ് നല്‍കിയ ബിസിസിഐ തീരുമാനത്തെയും താന്‍ ബഹുമാനിക്കുന്നുവെന്ന് നിക്ക് വ്യക്തമാക്കി. ഏകദിനത്തിലും ടി20യിലും ആദ്യ ടെസ്റ്റിലും താരത്തിന്റെ സേവനമുണ്ടാകുമെന്നത് തന്നെ വളരെ വലിയ കാര്യമാണെന്നും അദ്ദേഹത്തിന്റെ അഭാവം ബോര്‍ഡിന് യാതൊരുവിധ സാമ്പത്തിക നഷ്ടവും സൃഷ്ടിക്കില്ലെന്നും നിക്ക് ഹോക്ലി പ്രത്യാശ പ്രകടിപ്പിച്ചു.

മെല്‍ബേണില്‍ തന്നെ ബോക്സിംഗ് ഡേ ടെസ്റ്റ് നടത്തുവാനുള്ള സാധ്യത പരിശോധിക്കും – നിക്ക് ഹോ‍ക്ക്ലേ

മെല്‍ബേണില്‍ കൊറോണ കേസുകള്‍ ഉയരുന് സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ബോക്സിംഗ് ഡേ ടെസ്റ്റ് മറ്റൊരു വേദിയിലേക്ക് മാറ്റുവാനുള്ള സാധ്യത ഓസ്ട്രേലിയ പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ മെല്‍ബേണില്‍ തന്നെ ടെസ്റ്റ് നടത്തുവാനുള്ള സാധ്യത ക്രിക്കറ്റ് ഓസ്ട്രേലിയ അവസാന നിമിഷം വരെ പരിശോധിക്കുമെന്നാണ് ബോര്‍ഡ് സിഇഒ നിക്ക് ഹോക്ക്ലേ പറയുന്നത്.

ബോക്സിംഗ് ഡേ എന്നത് ഓസ്ട്രേലിയന്‍ സ്പോര്‍ട്ടിംഗ് കലണ്ടറിലെ ഐതിഹാസികമായ ദിവസമാണ്. അതിനാല്‍ തന്നെ അത് മെല്‍ബേണില്‍ തന്നെ നടത്തുവാനുള്ള സാധ്യതകള്‍ പരിശോധിക്കും, ഇപ്പോളത്തെ നിലയില്‍ നടത്തിപ്പുമായി ബന്ധപ്പെട്ട പദ്ധതികളുമായി ബോര്‍ഡ് മുന്നോട്ട് പോകുകയാണെന്നും നിക്ക് വ്യക്തമാക്കി.

ഇനിയും നാല് മാസത്തോളം ഉണ്ടെന്നതിനാല്‍ തന്നെ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഹോക്ക്ലേ വ്യക്തമാക്കി. സാഹചര്യങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ എംസിജിയില്‍ തന്നെ കളി നടത്തുവാനുള്ള ശ്രമങ്ങള്‍ അവസാന നിമിഷം വരെയും ക്രിക്കറ്റ് ഓസ്ട്രേലിയ ശ്രമിക്കുമെന്നും ഹോക്ക്ലേ അഭിപ്രായപ്പെട്ടു.

കെവിന്‍ റോബര്‍ട്സിന്റെ രാജി, താത്കാലിക ചീഫ് എക്സിക്യൂട്ടീവ് ആയി നിക്ക് ഹോക്ലേ

ഓസ്ട്രേലിയയുടെ പുതിയ താത്കാലിക ചീഫ് എക്സിക്യൂട്ടീവ് ആയി നിക്ക് ഹോക്ലേ നിയമിക്കപ്പെട്ടു. ഇപ്പോളത്തെ ചീഫ് കെവിന്‍ റോബര്‍ട്സിന്റെ രാജി വന്നതോടെയാണ് പുതിയ നിയമനം. ഹോക്ലേ ഐസിസി ടി20 ലോകകപ്പിന്റെ നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു.

റോബര്‍ട്ടിന് പകരം മുഴുവന്‍ സമയ ചീഫിനുള്ള ശ്രമം കോവിഡിന് ശേഷം ക്രിക്കറ്റ് മടങ്ങിയെത്തുമ്പോളേക്കും ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍മാന്‍ എര്‍ള്‍ എഡ്ഡിംഗ്സ് വ്യക്തമാക്കി. കെവിന്റെ സേവനങ്ങള്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.

കോവിഡ് വിഷയത്തില്‍ ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ റോബര്‍ട്സിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് താരത്തിന്റെ രാജിയ്ക്കായുള്ള മുറവിളി ആയി മാറിയതെന്നാണ് മനസ്സിലാക്കുന്നത്.

Exit mobile version