Mumbaiindianssuryakumarnehal

മുംബൈ സ്കോറിന് മാന്യത പകര്‍ന്ന് നെഹാൽ വദേര

മുംബൈ ടോപ് ഓര്‍ഡറിനെ എറിഞ്ഞിട്ട ചെന്നൈയ്ക്കെതിരെ 139 റൺസ് നേടി രോഹിത് ശര്‍മ്മയും സംഘവും. നെഹാൽ വദേരയുടെ അര്‍ദ്ധ ശതകം ആണ് വലിയ നാണക്കേടിൽ നിന്ന് മുംബൈയെ രക്ഷിച്ചത്. 14/3 എന്ന നിലയിൽ സൂര്യകുമാര്‍ യാദവിനൊപ്പവും ട്രിസ്റ്റന്‍ സ്റ്റബ്സിനൊപ്പവും നെഹാൽ നേടിയ കൂട്ടുകെട്ടുകളാണ് മുംബൈ സ്കോറിന് മാന്യത പകര്‍ന്നത്.

കാമറൺ ഗ്രീനിനെ തുഷാര്‍ ദേശ്പാണ്ടേ രണ്ടാം ഓവറിൽ പുറത്താക്കിയപ്പോള്‍ ഇഷാന്‍ കിഷനെയും രോഹിത് ശര്‍മ്മയെയും തൊട്ടടുത്ത ഓവറിൽ പുറത്താക്കി ദീപക് ചഹാര്‍ മുംബൈയെ 14/3 എന്ന നിലയിലേക്ക് തള്ളിയിട്ടു. നാലാം വിക്കറ്റിൽ 54 റൺസ് കൂട്ടുകെട്ട് നേടിയ സൂര്യകുമാര്‍ യാദവ് – നെഹാൽ വദേര കൂട്ടുകെട്ടിനെ രവീന്ദ്ര ജഡേജ തകര്‍ക്കുകയായിരുന്നു.

26 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ രവീന്ദ്ര ജഡേജ പുറത്താക്കിയപ്പോള്‍ മുംബൈ 69/4 എന്ന നിലയിലായിരുന്നു. സൂര്യ പുറത്തായ ശേഷം നെഹാൽ – ട്രിസ്റ്റന്‍ സ്റ്റബ്സ് കൂട്ടുകെട്ട് മുംബൈയുടെ സ്കോര്‍ 100 കടത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 54 റൺസാണ് നേടിയത്.

തന്റെ അര്‍ദ്ധ ശതകം തികച്ച ശേഷം അവസാന ഓവറുകളിൽ സ്കോറിംഗിന് വേഗത കൂട്ടി നെഹാൽ മുംബൈയെ മുന്നോട്ട് നയിക്കുന്നതാണ് പിന്നീട് എംഎ ചിദംബരം സ്റ്റേഡിയത്തിൽ കണ്ടത്. 51 പന്തിൽ 64 റൺസ് നേടി താരം മടങ്ങുമ്പോള്‍ മുംബൈ 123/5 എന്ന നിലയിലായിരുന്നു.

ട്രിസ്റ്റന്‍ സ്റ്റബ്സ് 20 റൺസ് നേടി അവസാന ഓവറിൽ പുറത്തായപ്പോള്‍ മുംബൈ 8 വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് നേടിയത്. ചെന്നൈയ്ക്കായി മതീഷ പതിരാന മൂന്നും ദീപക് ചഹാര്‍, തുഷാര്‍ ദേശ്പാണ്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version