തകര്‍ച്ചയ്ക്ക് ശേഷം കരകയറി അഫ്ഗാനിസ്ഥാന്‍, രക്ഷകരായത് നജീബുള്ള സദ്രാനും അസ്ഗര്‍ അഫ്ഗാനും

അയര്‍ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം കരകയറി 256/8 എന്ന സ്കോറിലെത്തി അഫ്ഗാനിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 74/5 എന്ന നിലയിലായിരുന്നു. ആറാം വിക്കറ്റില്‍ അസ്ഗര്‍ അഫ്ഗാനും നജീബുള്ള സദ്രാനും ഒത്തുകൂടി 117 റണ്‍സ് നേടിയാണ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തിരികെ എത്തിക്കുന്നത്. 75 റണ്‍സ് നേടി അസ്ഗര്‍ അഫ്ഗാന്‍ പുറത്തായതോടെ കൂട്ടുകെട്ട് തകര്‍ന്നെങ്കിലും ബാറ്റിംഗ് തുടര്‍ന്ന് തന്റെ ശതകം പൂര്‍ത്തിയാക്കി 104 റണ്‍സുമായി നജീബുള്ള സദ്രാന്‍ പുറത്താകാതെ നിന്നു.

സദ്രാന്‍ 98 പന്തില്‍ നിന്ന് അഞ്ച് വീതം സിക്സും ഫോറും നേടി പുറത്താകാതെ നിന്നപ്പോള്‍ അസ്ഗര്‍ അഫ്ഗാന്‍ 4 ഫോറും 3 സിക്സും നേടി. അയര്‍ലണ്ടിനു വേണ്ടി ടിം മുര്‍ട്ഗയും ബോയഡ് റാങ്കിനും രണ്ട് വീതം വിക്കറ്റ് നേടി.

ഓള്‍റൗണ്ട് പ്രകടനവുമായി മുഹമ്മദ് നബി, ആദ്യ ടി20യില്‍ അനായാസ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

ഇന്നലെ നടന്ന ആദ്യ ടി20യില്‍ അയര്‍ലണ്ടിനെതിരെ മികച്ച വിജയം നേടി അഫ്ഗാനിസ്ഥാന്‍. ഡെറാഡൂണില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 132/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 4 പന്ത് ബാക്കി നില്‍ക്കെ 5 വിക്കറ്റുകളുടെ നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാന്‍ ലക്ഷ്യം മറികടന്നത്. മുഹമ്മദ് നബിയാണ് കളിയിലെ താരം.

65/6 എന്ന നിലയിലേക്ക് വീണ അയര്‍ലണ്ടിനെ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോര്‍ജ്ജ് ഡോക്രെല്‍-സ്റ്റുവര്‍ട് പോയന്റര്‍ കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്കോറായ 132ലേക്ക് നയിച്ചത്. 67 റണ്‍സാണ് 8.2 ഓവറില്‍ നിന്ന് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയത്. ഡോക്രെല്‍ 34 റണ്‍സും പോയന്റര്‍ 31 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാനും മുഹമ്മദ് നബിയും രണ്ട് വീതം വിക്കറ്റ് നേടി. നബി തന്റെ നാലോവറില്‍ 16 റണ്‍സും റഷീദ് ഖാന്‍ 21 റണ്‍സും മാത്രമാണ് വിട്ട് നല്‍കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ 50/5 എന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാന്‍ വീണുവെങ്കിലും ബാറ്റിംഗിലൂടെയും നബി നായകനായി മാറുകയായിരുന്നു. നിര്‍ണ്ണായകമായ ആറാം വിക്കറ്റില്‍ 86 റണ്‍സ് നേടി മുഹമ്മദ് നബിയും നജീബുള്ള സദ്രാനും അഫ്ഗാന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. മുഹമ്മദ് നബി 49 റണ്‍സും സദ്രാന്‍ 40 റണ്‍സും നേടി അപരാജിതരായി നിന്നു. അയര്‍ലണ്ടിനു വേണ്ടി ബോയഡ് റാങ്കിന്‍ 2 വിക്കറ്റ് നേടി.

ഈ സീസണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കാനൊരുങ്ങി മൂന്ന് അഫ്ഗാന്‍ താരങ്ങള്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പില്‍ പങ്കെടുക്കുമെന്ന സ്ഥിതീകരണം നല്‍കി മൂന്ന് അഫ്ഗാന്‍ താരങ്ങള്‍. നജീബുള്ള സദ്രാന്‍, ഗുല്‍ബാദിന്‍ നൈബ്, സഹീര്‍ ഖാന്‍ എന്നിവരാണ് പുതിയ സീസണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെത്തുന്നത്. ലോകത്തെ മുന്‍ നിര താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റായ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റി വരുന്ന ഘട്ടത്തിലാണിപ്പോള്‍.

താരങ്ങള്‍ പ്ലേയര്‍ ഡ്രാഫ്ടിലേക്കാണോ പേര് ചേര്‍ത്തത് അതോ നേരിട്ട് ടീമുകള്‍ ഇവരെ സമീപിച്ചതാണോയെന്ന കാര്യത്തില്‍ വ്യക്ത വരാനുണ്ട്.

സിംബാബ്‍വേയ്ക്ക് ജയമില്ല, അഫ്ഗാനോട് തോല്‍വി 154 റണ്‍സിനു

അഫ്ഗാനിസ്ഥാനോട് ഏകദിനത്തിലും പരാജയപ്പെട്ട് സിംബാബ്‍വേ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തേതില്‍ ഇന്ന് സിംബാബ്‍വേ 154 റണ്‍സിന്റെ തോല്‍വി ആണ് വഴങ്ങിയത്. റഹ്മത്ത് ഷാ നേടിയ ശതകത്തിന്റെയും നജീബുള്ള സദ്രാന്റെ വെടിക്കെട്ട് അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 333/5 എന്ന സ്കോര്‍ നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേ 34.4 ഓവറില്‍ 179 റണ്‍സിനു ഓള്‍ഔട്ട് ആയി.

മികച്ച തുടക്കത്തിനു ശേഷം ഗ്രെയിം ക്രെമര്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനിസ്ഥാനെ പ്രതിരോധത്തിലാക്കിയെങ്കിലും റഹ്മത്ത് ഷാ(114)-നജീബുള്ള സദ്രാന്‍(81*) കൂട്ടുകെട്ട് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. 110 പന്തില്‍ നിന്ന് 8 ബൗണ്ടറിയുടെയും 4 സിക്സുകളുടെയും സഹായത്തോടെ റഹ്മത്ത് ഷാ 114 റണ്‍സ് നേടി പുറത്തായത്. 51 പന്തില്‍ നിന്നാണ് നജീബുള്ള സദ്രാന്‍ പുറത്താകാതെ 81 റണ്‍സ് നേടിയത്. 5 വീതം ബൗണ്ടറിയും സിക്സുമാണ് താരം പറത്തിയത്.

ഇഹ്സാനുള്ള ജനത്(54), മുഹമ്മദ് ഷെഹ്സാദ്(36), നസീര്‍ ജമാല്‍(31) എന്നിവരും അഫ്ഗാനു വേണ്ടി റണ്‍ കണ്ടെത്തി. ഗ്രെയിം ക്രെമര്‍ നേടിയ മൂന്ന് വിക്കറ്റുകളാണ് മത്സരത്തില്‍ സിംബാബ്‍വേയുടെ മികച്ച മുഹൂര്‍ത്തമെന്ന് പറയാവുന്നത്.

തിരിച്ച് ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയെ റഷീദ് ഖാന്റെ നാല് വിക്കറ്റ് നേട്ടമാണ് പിന്നോട്ടടിച്ചത്. മുജീബ് സദ്രാന്‍ രണ്ടും ദവലത് സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ്, റഹ്മത് ഷാ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 34 റണ്‍സ് നേടിയ സോളമന്‍ മീര്‍ ആണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. ക്രെയിഗ് എര്‍വിന്‍ 33 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version