ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റൻ ആകുന്നു!! ഡൽഹിക്ക് എതിരെ നായകനായേക്കും

എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന ഐപിഎൽ 2025 മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) എംഎസ് ധോണി നയിക്കുമെന്ന് ബാറ്റിംഗ് പരിശീലകൻ മൈക്കൽ ഹസി സൂചന നൽകി.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് സ്ഥിരം നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന്റെ മത്സരത്തിലെ പങ്കാളിത്തം അനിശ്ചിതത്വത്തിലായതിനെ തുടർന്നാണ് ഈ സാധ്യത ഉടലെടുത്തത്. തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ ഗെയ്ക്‌വാദിന്റെ കൈക്ക് പരിക്കേറ്റിരുന്നു.

“റുതുരാജ് കളിച്ചില്ലെങ്കിൽ ആര് നയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ല. പക്ഷേ ഒരു യുവ വിക്കറ്റ് കീപ്പർ ക്യാപ്റ്റനായി വരാനുള്ള സാധ്യത വളരെ കൂടുതലാണ്,” മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ ഹസി പറഞ്ഞു.

ധോണിയുടെ നേതൃത്വത്തിൽ സി‌എസ്‌കെ അഞ്ച് ഐ‌പി‌എൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫികളും നേടിയിട്ടുണ്ട്. ഇതിഹാസ നായകൻ അവസാനമായി ടീമിനെ നയിച്ചത് 2023 ലെ ഐ‌പി‌എൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ്.

ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രം നേടി സി‌എസ്‌കെ നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

ധോണിയോട് നേരത്തെ ഇറങ്ങാൻ പറയാൻ സി എസ് കെ മാനേജ്‌മെന്റിന് ധൈര്യമില്ല – മനോജ് തിവാരി

ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്‌സ് എം.എസ്. ധോണിയെ നേരത്തെ ഇറക്കാത്തതിനെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി വിമർശിച്ചു. ഇന്നലെ 16 പന്തിൽ നിന്ന് 30 റൺസുമായി പുറത്താകാതെ നിന്ന ധോണി 9-ാം നമ്പറിൽ ആയിരുന്നു ഇറങ്ങിയത്. ആ തീരുമാനം ആരാധകരുടെ ഇടയിൽ രോഷം ജനിപ്പിച്ചിരുന്നു.

ധോണിയെപ്പോലുള്ള ഒരു തെളിയിക്കപ്പെട്ട ഫിനിഷറെ, പ്രത്യേകിച്ച് സി‌എസ്‌കെ 197 റൺസ് പിന്തുടരുന്നതിൽ ബുദ്ധിമുട്ടുമ്പോൾ, ഇത്ര താഴ്ന്ന ഓർഡറിൽ ഇറക്കിയതിനു പിന്നിലെ യുക്തിയെ തിവാരി ക്രിക്ക്ബസിൽ ചോദ്യം ചെയ്തു.

“16 പന്തിൽ നിന്ന് 30 റൺസ് നേടിയ പുറത്താകാതെ നിൽക്കാൻ കഴിയുന്ന എം‌എസ് ധോണിയെപ്പോലുള്ള ഒരു ബാറ്റ്‌സ്മാനെ എങ്ങനെ ഓർഡറിൽ മുകളിലേക്ക് ഇറക്കുന്നില്ല എന്നത് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾ ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത്, അല്ലേ? കോച്ചിംഗ് സ്റ്റാഫിന് അദ്ദേഹത്തോട് നേരത്തെ ഇറങ്ങാൻ ആവശ്യപ്പെടാൻ ധൈര്യമില്ല,” തിവാരി അഭിപ്രായപ്പെട്ടു.

CSK-യുടെ എക്കാലത്തെയും മികച്ച റൺസ് സ്‌കോററായി എംഎസ് ധോണി

ഐപിഎൽ ചരിത്രത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരനായി ധോണി ഇന്ന് മാറി. സുരേഷ് റെയ്‌നയെ മറികടന്നാണ് എംഎസ് ധോണി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് സി‌എസ്‌കെ ക്യാപ്റ്റൻ ഈ നാഴികക്കല്ല് പിന്നിട്ടത്. ഇന്ന് 16 പന്തിൽ നിന്ന് 30 റൺസ് നേടി ധോണി മിന്നുന്ന പ്രകടനം കാഴ്ചവച്ചു.

ഐപിഎല്ലിൽ സിഎസ്‌കെയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയവർ:

🔹 4699 – എം എസ് ധോണി*
🔹 4687 – സുരേഷ് റെയ്‌ന
🔹 2721 – ഫാഫ് ഡു പ്ലെസിസ്
🔹 2433 – റുതുരാജ് ഗെയ്ക്‌വാദ്
🔹 1932 – അമ്പാട്ടി റായിഡു

ധോണിയുടെ മികച്ച പ്രകടനം ഉണ്ടായിരുന്നിട്ടും, സി‌എസ്‌കെ ഇന്ന് ആർ‌സി‌ബിക്കെതിരെ തോൽവി ഏറ്റുവാങ്ങി.

“താൻ ധോണിക്ക് സ്ട്രൈക്ക് കൊടുക്കണം എന്നാണ് ആരാധാകർ ആഗ്രഹിച്ചത്. എന്നാൽ…”

മുംബൈ ഇന്ത്യൻസിനെതിരെ നാല് വിക്കറ്റ് വിജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്‌സ് 2025 ഐ‌പി‌എൽ സീസണിന് തുടക്കമിട്ടു, രചിൻ രവീന്ദ്ര ഒരു സിക്സ് അടിച്ച് കൊണ്ടാണ് വിജയ റൺസിൽ എത്തിയത്. അവസാന ഓവറിൽ വെറും നാല് റൺസ് മാത്രം ആവശ്യമുള്ളപ്പോൾ, ചിദംബരം സ്റ്റേഡിയത്തിലെ ആരാധകർ എം‌എസ് ധോണി വിജയ റൺസ് നേടണം എന്നാഗ്രഹിച്ച സമയത്തായിരുന്നു രവീന്ദ്ര ഒരു സിക്‌സ് പറത്തിയത്‌.

മത്സരശേഷം, ധോണിക്ക് സ്ട്രൈക്ക് ലഭിക്കണം എന്ന് ആരാധകർ ആഗ്രഹിച്ചിട്ടുണ്ടാകാം എന്ന് രചിൻ പറഞ്ഞു. “നിങ്ങൾ വേറെ ഒന്നും ചിന്തിക്കില്ല, കാരണം ടീമിനായി കളി ജയിക്കുന്നതിൽ മാത്രമാണ് അപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്” അദ്ദേഹം പറഞ്ഞു.

“ധോണി കളത്തിലേക്ക് വരുമ്പോൾ വിസിലുകളും ആരവങ്ങളും കേൾക്കാൻ ആകും. അദ്ദേഹത്തോടൊപ്പം ക്രീസ് പങ്കിടുന്നത് രസകരമാണ്. അദ്ദേഹം കളിയിലെ ഒരു ഇതിഹാസമാണ്, ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നു.” രചിൻ പറഞ്ഞു.

“എല്ലാ കാണികളും ഞാൻ അദ്ദേഹത്തിന് [സ്ട്രൈക്ക്] നൽകിയിരുന്നെങ്കിൽ എന്നും അദ്ദേഹം കളി ഫിനിഷ് ചെയ്യണമെന്നും പ്രതീക്ഷിച്ചിട്ടുണ്ടാകും. പക്ഷേ എന്റെ ജോലി ക്ലി പൂർത്തിയാക്കുകയാണ്. അദ്ദേഹം സി‌എസ്‌കെയ്‌ക്കായി നിരവധി ഗെയിമുകൾ ഫിനിഷ് ചെയ്തു, ഇനിയും ധാരാളം അത്തരം ഫിനിഷസ് വരാനുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്,” രവീന്ദ്ര കൂട്ടിച്ചേർത്തു.

“ഞാൻ വീൽചെയറിലായാലും CSK എന്നോട് കളിക്കാൻ പറയും” – ധോണി

ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചുള്ള നർമ്മം നിറഞ്ഞ ഒരു പരാമർശത്തോടെ എം.എസ്. ധോണി വീണ്ടും വിരമിക്കൽ ചർച്ചകളെ തള്ളിക്കളഞ്ഞു. മുംബൈ ഇന്ത്യൻസിനെതിരായ സി.എസ്.കെ.യുടെ ഐ.പി.എൽ 2025 സീസൺ ഓപ്പണറിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ധോണി.

“സി.എസ്.കെ.ക്ക് വേണ്ടി എനിക്ക് എത്ര കാലം വേണമെങ്കിലും കളിക്കാൻ കഴിയും. ഞാൻ വീൽചെയറിലായാലും അവർ എന്നെ ഗ്രൗണ്ടിലേക്ക് വലിച്ച് കൊണ്ടുവരും. അതാണെന്റെ ഫ്രാഞ്ചൈസി” ധോണി പറഞ്ഞു.

ഇത് ധോണിയുടെ അവസാന ഐ.പി.എൽ സീസണായിരിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ പ്രസ്താവന വരുന്നത്.

“സച്ചിൻ 50ആം വയസ്സിലും നന്നായി ബാറ്റ് ചെയ്യുന്നു, ധോണിക്ക് ഇനിയും വർഷങ്ങളുണ്ട്” – റുതുരാജ്

മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ ഓപ്പണറിന് മുമ്പ് എം.എസ്. ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ആശങ്കകൾ ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് തള്ളിക്കളഞ്ഞു. ധോണിയുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ, ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിൽ സച്ചിൻ ടെണ്ടുൽക്കർ 50 വയസ്സിൽ പോലും ഇപ്പോഴും നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് ഗെയ്ക്‌വാദ് ചൂണ്ടിക്കാട്ടി.

“നിങ്ങൾ നോക്കിയാൽ, സച്ചിൻ ടെണ്ടുൽക്കർ പോലും 50 വയസ്സുള്ളപ്പോഴും അത്രയും മികച്ച ബാറ്റിംഗ് കാഴ്ചവയ്ക്കുന്നുണ്ട്. അതിനാൽ, ധോണിക്ക് ഇനിയും ഒരുപാട് വർഷങ്ങൾ ബാക്കിയുണ്ടെന്ന് ഞാൻ കരുതുന്നു,” – റുതുരാജ് പറഞ്ഞു

“കഴിയുന്നത്ര സിക്‌സറുകൾ അടിക്കുന്നതിലും മികച്ച ഫോം നിലനിർത്തുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 43ആം വയസ്സിലും അദ്ദേഹം ചെയ്യുന്നത് ശ്രദ്ധേയമാണ്,” ഗെയ്ക്‌വാദ് പറഞ്ഞു.

ധോണി ഒരു 4 സീസൺ കൂടെ കളിച്ചാലും അത്ഭുതപ്പെടില്ല – ഉത്തപ്പ

43 വയസ്സുള്ളപ്പോഴും എംഎസ് ധോണി ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായി തുടരുന്നുവെന്ന് റോബിൻ ഉത്തപ്പ. 2025 ലെ ഐപിഎല്ലിൽ മികച്ച നിമിഷങ്ങൾ നൽകാൻ ധോണിക്ക് കഴിയുമെന്നും റോബിൻ ഉത്തപ്പ വിശ്വസിക്കുന്നു.

“മഹിയെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ മികവിന്റെ ഒരു നേർക്കാഴ്ച നമുക്ക് കാണാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, അദ്ദേഹം ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ ബാറ്റ് ചെയ്തേക്കുമെന്ന് എനിക്ക് തോന്നുന്നു. കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ, സീസണിലുടനീളം അദ്ദേഹം 12 മുതൽ 20 പന്തുകൾ വരെ ബാറ്റ് ചെയ്യുന്നത് നമുക്ക് കാണാൻ കഴിയും,” ഉത്തപ്പ പറഞ്ഞു.

ധോണിയുടെ കളിയോടുള്ള അചഞ്ചലമായ അഭിനിവേശത്തെയും അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിംഗ് കഴിവുകളെയും ഉത്തപ്പ പ്രശംസിച്ചു. “ആ അഭിനിവേശം ഒരിക്കലും മരിക്കുമെന്ന് ഞാൻ കരുതുന്നില്ല. ധോണിയുടെ കളിയോടുള്ള സ്നേഹം ഒട്ടും കുറഞ്ഞിട്ടില്ല. കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ആണ് അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത്. 43 വയസ്സുള്ളപ്പോഴും, ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ കൈകൾ അദ്ദേഹത്തിനുണ്ടെന്ന് ഞാൻ കരുതുന്നു,” ഉത്തപ്പ കൂട്ടിച്ചേർത്തു.

വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിലും, ഈ സീസണിന് ശേഷവും ധോണിക്ക് കളിക്കാൻ കഴിയുമെന്ന് ഉത്തപ്പ വിശ്വസിക്കുന്നു. “സീസൺ അവസാനിക്കുമ്പോൾ അദ്ദേഹം വിരമിച്ചാലും ഞാൻ അത്ഭുതപ്പെടില്ല. എന്നാൽ ഇതിനുശേഷം അദ്ദേഹം മറ്റൊരു നാല് സീസണുകൾ കൂടി കളിച്ചാലും ഞാൻ അത്ഭുതപ്പെടില്ല,” അദ്ദേഹം പറഞ്ഞു.

പരിശീലനത്തിൽ വിൻ്റേജ് ഹെലികോപ്റ്റർ ഷോട്ട് പറത്തി ധോണി | വീഡിയോ

വിന്റേജ് ധോണിയെ ആരാധകർക്ക് ഇന്ന് കാണാൻ ആയി. എംഎ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പരിശീലന സെഷനിൽ ശ്രീലങ്കൻ പേസർ മതീശ പതിരണയ്‌ക്കെതിരെ ധോണി ഒരു വിൻ്റേജ് ഹെലികോപ്റ്റർ സിക്സ് പറത്തി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായി.

43-കാരൻ ഒരു യോർക്കർ ബൗളറുടെ തലയ്ക്ക് മുകളിലൂടെ സിക്സറിന് അയച്ചു, ആരാധകരെ ഇത് ആവേശഭരിതരാക്കി.

അൺക്യാപ്പ്ഡ് കളിക്കാരനെന്ന നിലയിൽ 4 കോടി രൂപയ്ക്ക് സിഎസ്‌കെ നിലനിർത്തിയ ധോണിയുടെ അവസാന ഐപിഎൽ സീസണാകും ഇതെന്നാണ് പലരും വിലയിരുത്തുന്നത്. അഞ്ച് തവണ കിരീടം നേടിയ ക്യാപ്റ്റൻ വിരമിക്കലിനെ കുറിച്ച് സൂചനകൾ നൽകിയിട്ടുണ്ട്.

ജൂലൈയിൽ ധോണിക്ക് 44 വയസ്സ് തികയുന്നതിനാൽ, ഒരു തവണ കൂടി ടീമിനെ നയിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ഇതിഹാസ ഫിനിഷിംഗ് കഴിവിൻ്റെ കൂടുതൽ കാഴ്ചകൾ കാണുമെന്ന് CSK ആരാധകർ പ്രതീക്ഷിക്കുന്നു.

ധോണി ഐ പി എല്ലിനായി ഒരുങ്ങാൻ ചെന്നൈയിലെത്തി

ഐ.പി.എൽ 2025-നുള്ള ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രീ-സീസൺ ക്യാമ്പിന് മുന്നോടിയായി എം.എസ്. ധോണി ചെന്നൈയിൽ എത്തി. വിമാനത്താവളത്തിൽ തങ്ങളുടെ മുൻ ക്യാപ്റ്റൻ എത്തിയതിന്റെ ഒരു ഫോട്ടോ ക്ലബ് ഇന്ന് പങ്കിട്ടു. ധോണിക്കൊപ്പം റുതുരാജ് ഗെയ്ക്വാദ്, ഖലീൽ അഹമ്മദ്, അൻഷുൽ കംബോജ്, കമലേഷ് നാഗർകോട്ടി തുടങ്ങിയ കളിക്കാരും പ്രീസീസണായി ചെന്നൈയിൽ എത്തി.

2020-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി, മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായാണ് പ്രീ-സീസൺ ധോണി നേരത്തെ എത്തുന്നത്. ₹4 കോടിക്ക് ആയിരുന്നു സി.എസ്.കെ അദ്ദേഹത്തെ ഇത്തവണ നിലനിർത്തിയത്. ധോണിയുടെ അവസാന സീസൺ ആകും ഇത് എന്നാണ് റിപ്പോർട്ടുകൾ.

ധോണിയുമായി 10 വർഷമായി സംസാരിക്കാറില്ല എന്ന് ഹർഭജൻ സിംഗ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്, താൻ എംഎസ് ധോണിയുമായി സംസാരിക്കാറില്ല എന്ന് തുറന്ന് പറഞ്ഞു, ഇരുവരും ഒരു ദശാബ്ദത്തിലേറെയായി സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2011 ലോകകപ്പ് നേടിയ ഇന്ത്യയുടെ ടീമിലെ പ്രധാന അംഗമായിരുന്ന ഹർഭജൻ.

“ഇല്ല, ഞാൻ ധോണിയോട് സംസാരിക്കില്ല,” ഹർഭജൻ ന്യൂസ്18നോട് പറഞ്ഞു. “എനിക്ക് അവനോട് വിരോധമൊന്നുമില്ല. അവന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് പറയാം. പക്ഷെ അവന് പറയാനുണ്ടായുരുന്നു എങ്കിൽ അവൻ എന്നോട് പറയുമായിരുന്നു.” ഹർഭജൻ പറഞ്ഞു.

2018 മുതൽ 2020 വരെ ചെന്നൈ സൂപ്പർ കിംഗ്‌സിൽ ധോണിയുടെ നേതൃത്വത്തിൽ ഹർഭജൻ കളിച്ചിരുന്നു.

“ഞാൻ സിഎസ്‌കെയിൽ കളിക്കുമ്പോൾ, അപ്പോഴാണ് ഞങ്ങൾ സംസാരിച്ചത്; അല്ലെങ്കിൽ ഞങ്ങൾ സംസാരിക്കാറില്ല. ഇത് 10 വർഷവും അതിലധികവും കഴിഞ്ഞു,” ഹർഭജൻ വെളിപ്പെടുത്തി.

“ഞങ്ങൾ CSK യിൽ ഐപിഎൽ കളിക്കുമ്പോൾ, ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു, അതും ഗ്രൗണ്ടിൽ ഒതുങ്ങി, അതിനുശേഷം അവൻ എൻ്റെ മുറിയിൽ വന്നിട്ടില്ല, ഞാൻ അവൻ്റെ മുറിയിലേക്ക് പോയിട്ടുമില്ല.”

“എൻ്റെ കോളുകൾ എടുക്കുന്നവരെ മാത്രമേ ഞാൻ വിളിക്കൂ,” അദ്ദേഹം പറഞ്ഞു. “എനിക്ക് സമയമില്ല, ഒപ്പം ഞാൻ സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്തുന്നു. ഒരു ബന്ധം എല്ലായ്പ്പോഴും കൊടുക്കലും വാങ്ങലുമാണ്. ഞാൻ നിങ്ങളെ ബഹുമാനിച്ചാൽ, നിങ്ങൾ എന്നെ ബഹുമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ നിങ്ങൾ എന്റെ കോളുകളോട് പ്രതികരിക്കണം. പക്ഷേ ഒന്നോ രണ്ടോ തവണ വിളിച്ചിട്ടും പ്രതികരണം ലഭിച്ചില്ലെങ്കിൽ, പിന്നെ ആ ബന്ധം മുന്നോട്ട് പോകില്ല.”

എംഎസ് ധോണി ആവേശം ഒരു സീസൺ കൂടെ തുടരും, CSK നിലനിർത്തിയ താരങ്ങൾ ഇവർ

ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) തങ്ങളുടെ നിലനിർത്തിയ കളിക്കാരുടെ പട്ടിക സ്ഥിരീകരിച്ചു. സിഎസ്‌കെ അവരുടെ ഐക്കണിക് ലീഡർ എംഎസ് ധോണിയെ മറ്റൊരു സീസണിലേക്ക് നിലനിർത്തി. ധോണിയ്‌ക്കൊപ്പം, റുതുരാജ് ഗെയ്‌ക്‌വാദ്, രവീന്ദ്ര ജഡേജ, മതീശ പതിരണ, ശിവം ദുബെ തുടങ്ങിയ പ്രധാന കളിക്കാരെയും അവർ നിലനിർത്തി.

സിഎസ്‌കെയുടെ നിലനിർത്തിയ പട്ടികയിൽ ഒന്നാമത് ഐപിഎല്ലിലെ ഏറ്റവും മികച്ച യുവ ഓപ്പണർമാരിൽ ഒരാളും അവരുടെ ക്യാപ്റ്റനും ആയ റുതുരാജ് ഗെയ്‌ക്‌വാദാണ്, 18 കോടി രൂപയ്ക്ക് ആണ് അദ്ദേഹത്തെ ടീം നിലനിർത്തിയത്.

സിഎസ്‌കെയുടെ സമീപകാല വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച രവീന്ദ്ര ജഡേജയും അദ്ദേഹത്തോടൊപ്പം ചേരുന്നു. 18 കോടി ആണ് ജഡേജക്ക് നൽകിയത്. ശ്രീലങ്കയുടെ യുവ പേസർ മതീശ പതിരണയും 13 കോടിക്ക് നിലനിർത്തി.

12 കോടിയുമായി ശിവം ദുബെയാണ് നിലനിർത്തൽ പട്ടികയിലെ മറ്റൊരു പ്രധാന താരം. സിഎസ്‌കെയ്‌ക്കായി ബൗണ്ടറികൾ ക്ലിയർ ചെയ്യാനും ഗെയിമുകൾ ഫിനിഷ് ചെയ്യാനും കഴിവുള്ള ദൂബെ കഴിഞ്ഞ സീസണിൽ അസാധ്യ ഫോമിൽ ആയിരുന്നു.

ലോകമെമ്പാടുമുള്ള ആരാധകരെ ആവേശം കൊള്ളിക്കുന്നത് എംഎസ് ധോണി തുടരുന്നത് ആകും. 4 കോടിക്ക് ആണ് അദ്ദേഹത്തെ നിലനിർത്തിയത്.

ധോണി IPL 2025 കളിക്കുമെന്ന് ഉറപ്പാകുന്നു

എംഎസ് ധോണി 2025-ൽ ഐപിഎൽ കളിക്കും എന്ന് ഉറപ്പാകുന്നു. ടീം മാനേജ്മെന്റ് തന്നെ ഇത് സംബന്ധിച്ച് സൂചനകൾ തന്നു. അൺ കാപ്ഡ് പ്ലയർ ആയി ധോണിയെ ടീം നിലനിർത്തും എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയെ പ്രതിനിധീകരിക്കാത്ത കളിക്കാരെ “അൺക്യാപ്ഡ്” ആയി കണക്കാക്കുന്ന പുതിയ നിയമത്തിന് കീഴിൽ ആണ് ചെന്നൈ സൂപ്പർ കിംഗ്സ് (CSK) അദ്ദേഹത്തെ നിലനിർത്തുന്നത്.

അടുത്തിടെ നടന്ന ഒരു പരിപാടിയിൽ സംസാരിച്ച ധോണി, തൻ്റെ ക്രിക്കറ്റ് ജീവിതം നീട്ടുന്നതിനെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. “എനിക്ക് കളിക്കാൻ കഴിയുന്ന അവസാന കുറച്ച് വർഷത്തെ ക്രിക്കറ്റ് ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ “ധോണി തയ്യാറാണെങ്കിൽ, ഞങ്ങൾക്ക് മറ്റെന്താണ് വേണ്ടത്? ഞങ്ങൾക്ക് സന്തോഷമുണ്ട്.” എന്നും പറഞ്ഞു.

Exit mobile version