ഐമന് ഗോൾ, പഞ്ചാബിന് എതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില

ഡ്യൂറണ്ട് കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഇന്ന് പഞ്ചാബ് എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 1-1 എന്ന സമനിലയാണ് വഴങ്ങിയത്. ഇന്ന് കൊൽക്കത്തയിൽ സാൾട്ട് ലൈക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകിൽ പോയെങ്കിലും തിരിച്ചടിച്ചുകൊണ്ട് സമനില സ്വന്തമാക്കുകയായിരുന്നു.

ആദ്യ പകുതിയുടെ അവസാനം ലൂക്കാ ആണ് പഞ്ചാബിനായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സബ്ബായി അയ്മനെ എത്തിച്ച പരിശീലകൻ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്സിന് സമനില ഗോളിനുള്ള വഴിയൊരുക്കി നൽകി. പെപ്ര നല്ലിയ നൽകിയ പാസിൽ നിന്നായിരുന്നു ഐമന്റെ സമനില ഗോൾ. ഇതോടെ സ്കോർ 1-1 എന്നായി.

ഇതിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് വിജയഗോളിനായി ആഞ്ഞു ശ്രമിച്ചു എങ്കിലും വിജയഗോൾ വന്നില്ല. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നാലു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. ഇനി അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സി ഐ എസ് എഫിനെ നേരിടും. ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ എട്ടു ഗോളുകൾക്ക് പരാജയപ്പെടുത്തുന്നു. പഞ്ചാബും അവരുടെ ഗ്രൂപ്പിൽ ആദ്യ മത്സരം വിജയിച്ചിരുന്നു.

ഈ മത്സരം വിജയിക്കണം, കേരള ബ്ലാസ്റ്റേഴ്സ് ടീം പോസിറ്റീവ് ആണെന്ന് ഐമൻ

ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ് സിയെ നേരിടുകയാണ്. ഈ മത്സരം വിജയിക്കണം എന്ന് ബ്ലാസ്റ്റേഴ്സിന്റെ യുവതാരം മുഹമ്മദ് ഐമൻ പറഞ്ഞു. ടീം പോസിറ്റീവ് ആണെന്നും ഈ മത്സരത്തിനായി തയ്യാറാണെന്നും യുവതാരം പറഞ്ഞു. മത്സരത്തിനു മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുക ആയിരുന്നു ഐമൻ.

പ്ലേ ഓഫ് ഒരു മത്സരം മാത്രമാണ്. എല്ലാവരുടെയും മൈൻഡ് സെറ്റ് പോസിറ്റീവ് ആണ്. ഈ കളി വിജയിക്കണം. ഞങ്ങൾ നന്നായി ഒരുങ്ങിയിട്ടുണ്ട്. ഐമൻ പറഞ്ഞു‌. കഴിഞ്ഞ മത്സരത്തിൽ ഐമൻ തന്റെ ആദ്യ ഐ എസ് എൽ ഗോൾ നേടിയിരുന്നു‌.

സ്വന്തം സഹോദരന്റെ കൂടെ ഒരു ക്ലബിൽ കളിക്കാൻ ആകുന്നത് സന്തോഷം നൽകുന്നുണ്ട് എന്നും മാതാപിതാക്കൾ ഞങ്ങളെ ഓർത്ത് അഭിമാനം കൊള്ളുന്നുണ്ട് എന്നും ഐമൻ പറഞ്ഞു.

ഐമന്റെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ മുന്നിൽ

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിലെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. ഇന്ന് മികച്ച രീതിയിൽ ആദ്യ പകുതിയുൽ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് മുഹമ്മദ് ഐമന്റെ ഗോളിലാണ് ലീഡ് എടുത്തത്.

മത്സരത്തിന്റെ 34ആം മിനിറ്റിൽ ആയിരുന്നു ഗോൾ. വലതു വിങ്ങിൽ നിന്ന് സൗരവ് നൽകിയ ഒരു ക്രോസ് നല്ല ഹെഡ്ഡറിലൂടെ മുഹമ്മദ് ഐമൻ വലയിലാക്കുകയായിരുന്നു. ഐമന്റെ കേരള ബ്ലാസ്റ്റേഴ്സിന് ഉള്ള ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് ഗോളാണ് ഇത്. ഈ ഗോളിന് ശേഷം ഇഷാൻ പണ്ടിതയ്ക്ക് രണ്ട് നല്ല അവസരം ലഭിച്ചു. രണ്ടും ഗോളാവാത്തത് കൊണ്ട് സ്കോർ 1-0ൽ നിന്നു.

ഇന്ത്യൻ U23 ഫുട്ബോൾ ടീം പ്രഖ്യാപിച്ചു!! 5 മലയാളി യുവതാരങ്ങൾ ടീമിൽ

മലേഷ്യൻ പര്യടനത്തിനായി പോകുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിൽ 5 മലയാളികൾ. ഇന്ന് പ്രഖ്യാപിച്ച ടീമിലാണ് അഞ്ച് മലയാളി യുവതാരങ്ങൾ ഇടം നേടിയത്. ലക്ഷദ്വീപ് സ്വദേശിയായ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് ഐമൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം വിബിൻ മോഹനൻ, ജംഷദ്പൂർ എഫ് സിക്ക് ആയി കളിക്കുന്ന മുഹമ്മദ് സനാൻ, ഈസ്റ്റ് ബംഗാൾ താരം വിഷ്ണു, ഹൈദരാബാദ് എഫ് സി താരം റബീഹ് എന്നിവരാണ് ടീമിൽ ഇടം നേടിയ മലയാളികൾ.

മാർച്ച് 22, 25 തീയതികളിൽ മലേഷ്യ U23 യ്‌ക്കെതിരെ രണ്ട് സൗഹൃദ മത്സരങ്ങൾ ആണ് ഇന്ത്യ ഈ പര്യടനത്തിൽ കളിക്കുക.

മുൻ ഇന്ത്യൻ ഇൻ്റർനാഷണലും നിലവിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി അസിസ്റ്റൻ്റ് കോച്ചുമായ നൗഷാദ് മൂസയെ ഇന്ത്യ U23 പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചു. നോയൽ വിൽസൺ സഹപരിശീലകനും ദീപങ്കർ ചൗധരി ഗോൾകീപ്പർ കോച്ചുമാണ്.

ക്യാമ്പ് മാർച്ച് 15 ന് ന്യൂഡൽഹിയിൽ ആരംഭിക്കും, തുടർന്ന് 23 കളിക്കാരുടെ അന്തിമ സ്ക്വാഡ് മാർച്ച് 20 ന് ക്വാലാലംപൂരിലേക്ക് പോകും.

List of 26 probables for India U23 men’s team camp:

Goalkeepers: Arsh Anwer Shaikh, Prabhsukhan Singh Gill, Vishal Yadav

Defenders: Bikash Yumnam, Chingambam Shivaldo Singh, Hormipam Ruivah, Narender, Robin Yadav, Sandip Mandi

Midfielders: Abhishek Suryavanshi, Brison Fernandes, Mark Zothanpuia, Mohammed Aimen, Phijam Sanathoi Meetei, Thoiba Singh Moirangthem, Vibin Mohanan

Forwards: Abdul Rabeeh, Gurkirat Singh, Irfan Yadwad, Isak Vanlalruatfela, Khumanthem Ninthoinganba Meetei, Mohammed Sanan, Parthib Sundar Gogoi, Samir Murmu, Sivasakthi Narayanan, Vishnu Puthiya Valappill

Head coach: Naushad Moosa

ആദ്യ മത്സരത്തിൽ ഈ മികവ് കാണിച്ച അയ്മന് വലിയ ഭാവി ഉണ്ടെന്ന് ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ

ബെംഗളൂരു എഫ് സിക്ക് എതിരെ ഗംഭീര പ്രകടനം നടത്തിയ മുഹമ്മദ് അയ്മനെ പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഫ്രാങ്ക് ദോവൻ. അയ്മന്റെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ ആദ്യ സ്റ്റാർട് ആയിരുന്നു ഇത്. ആദ്യ മത്സരത്തിൽ തന്നെ ഇത്ര നല്ല പ്രകടനം കാഴ്ചവെക്കാൻ അയ്മന് ആയി‌. ഇത് അയ്മന് ഈ ക്ലബിൽ വലിയ ഭാവി ഉണ്ട് എന്ന് കാണിച്ചു തരുന്ന പ്രകടനമായിരുന്നു‌. ദോവൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനൊപ്പം കഴിഞ്ഞ സീസൺ മുതൽ അയ്മൻ പരിശീലനം നടത്തുന്നുണ്ട്. അന്ന് മുതൽ അദ്ദേഹം തന്റെ കഴിവുകൾ തെളിയിക്കുന്നുണ്ട്‌‌. കോച്ച് പറഞ്ഞു. ഇന്ന് ഒരു മികവുള്ള പ്രകടനമാണ് അയ്മൻ കാഴ്ചവെച്ചത്. അയ്മൻ എല്ലാം തികഞ്ഞ വിങ്ങർ ആണ്. അവന് വൈഡ് പൊസിഷനിൽ നന്നായി കളിക്കാൻ ആകും. അവൻ 1 v 1ൽ നല്ല മികവ് കാണിക്കുന്നുണ്ട്. കോച്ച് പറയുന്നു.

ബെംഗളൂരു എഫ് സിക്ക് എതിരെ കളം നിറഞ്ഞു കളിക്കാൻ ലക്ഷദ്വീപ് സ്വദേശിയായ അയ്മന് അയ്യുരുന്നു. ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് അയ്മൻ‌. അയ്മന്റെ സഹോദരൻ അസ്ഹറും ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉണ്ടായിരുന്നു.

മുഹമ്മദ് അയ്‌മൻ ഇവൻ ലക്ഷദ്വീപിന്റെ അഭിമാനം, കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പത്താം ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ബംഗളൂരു എഫ്.സിയെ തോൽപ്പിച്ചു കണക്ക് തീർത്തു തുടങ്ങുമ്പോൾ അത് ലക്ഷദ്വീപിന് അഭിമാനത്തിന്റെ നിമിഷം ആണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശത്തിൽ നിന്നു വെറും 70,000 താഴെ ആളുകൾ ഉള്ള ചെറിയ ദ്വീപുകളിൽ നിന്നു ഒരു താരം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്നതിന് ആണ് അവർ സാക്ഷിയായത്. സ്വപ്നം പോലെ മുഹമ്മദ് അയ്‌മൻ 19 നമ്പർ ജേഴ്‌സി അണിഞ്ഞു വിങിൽ കളിക്കാൻ ഇറങ്ങുമ്പോൾ ഇരട്ട സഹോദരൻ മുഹമ്മദ് അസ്ഹർ തന്റെ അവസരം കാത്ത് പകരക്കാരുടെ ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു.

ഒരു വർഷം മുമ്പ് ഫാൻപോർട്ട് ഇരുവരും ആയി നടത്തിയ അഭിമുഖത്തിന്റെ സമയത്തും കേരള ബ്ലാസ്റ്റേഴ്സ് എന്ന തങ്ങളുടെ സ്വപ്ന ക്ലബിന് ആയി അരങ്ങേറ്റം കുറിക്കുന്ന ഈ നിമിഷത്തെ കുറിച്ചു വാതോരാതെയാണ് ഇരുവരും സംസാരിച്ചത്. ഇന്ന് അയ്‌മൻ അത് യാഥാർത്ഥ്യം ആക്കുമ്പോൾ ബോൾ ബോയ്സ് ആയിട്ടും, താരങ്ങൾക്ക് ഒപ്പം കൈ പിടിച്ചു നടന്നും, ഫൈനലിൽ ഐ.എസ്.എൽ കിരീടം എടുത്തു കൊണ്ട് വന്നവർ ആയിട്ടും ബ്ലാസ്റ്റേഴ്സിന് ഒപ്പം വളർന്ന ഇരുവർക്കും അതൊരു സ്വപ്ന യാഥാർത്ഥ്യം തന്നെയാണ്. 20 വയസ്സിൽ തന്റെ അരങ്ങേറ്റത്തിൽ തന്റെ കഴിവ് എന്താണ് എന്ന സൂചന അയ്‌മൻ മത്സരത്തിൽ എങ്ങും നൽകിയിരുന്നു.

79 മത്തെ മിനിറ്റിൽ കളം വിടുമ്പോൾ നിറഞ്ഞ കയ്യടികൾ കൊണ്ടു തന്നെയാണ് മഞ്ഞപ്പട ആരാധകരും താരത്തെ യാത്രയാക്കിയത്. പലപ്പോഴും ബംഗളൂരു താരങ്ങളെ തന്റെ വേഗവും പന്തെടുക്കവും കൊണ്ടു ലക്ഷദ്വീപുകാരൻ പയ്യൻ വെള്ളം കുടിപ്പിച്ചു എന്നത് ആണ് യാഥാർത്ഥ്യം. മികച്ച ഫസ്റ്റ് ടച്ചും പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവും പന്തിന് മേലുള്ള നിയന്ത്രണവും അയ്‌മന്റെ കളിയിൽ എടുത്തു കാണാൻ ആയിരുന്നു. ഓസ്‌ട്രേലിയൻ ദേശീയ ടീമിൽ കളിച്ച 29 കാരൻ റയാൻ വില്യംസിനെ അയ്‌മൻ വെള്ളം കുടിപ്പിച്ചു കാഴ്ചയും കാണാൻ ആയി. ഒടുവിൽ വില്യംസ് അയ്‌മനെ ഫൗൾ ചെയ്തു വീഴ്ത്തുക ആയിരുന്നു.

കുറച്ചു കൂടി ശാരീരിക ക്ഷമത കൂടി കൈവരിക്കാൻ ആയാൽ അയ്‌മൻ ബ്ലാസ്റ്റേഴ്സിൽ അത്ഭുതം കാണിക്കും എന്നുറപ്പ് നൽകുന്ന അരങ്ങേറ്റം ആണ് ഇന്നുണ്ടായത്. ഉറപ്പായിട്ടും ബ്ലാസ്റ്റേഴ്സിന്റെ ഭാവി പ്രതീക്ഷ തന്നെയാണ് അയ്‌മൻ. മുമ്പ് സംസാരിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിലെ മാതൃക താരമായി സഹൽ അബ്ദുൽ സമദിനെ ആണ് ഇരു സഹോദരങ്ങളും ചൂണ്ടിക്കാട്ടിയത്. സഹൽ ഒഴിച്ചു പോയ ആ വലിയ വിടവ് നികത്താൻ ഉതകുന്ന പ്രതിഭ തനിക്ക്‌ ഉണ്ടെന്നു അയ്‌മൻ തെളിയിക്കും എന്നു തന്നെ പ്രതീക്ഷിക്കാം. അധികം വൈകാതെ തന്നെ അസ്ഹറും ബ്ലാസ്റ്റേഴ്സിൽ അരങ്ങേറ്റം കുറിക്കുന്നത് കാണും എന്നും പ്രതീക്ഷിക്കുമ്പോൾ തന്നെ ഇരു സഹോദരങ്ങളും ലക്ഷദ്വീപിന്റെ അഭിമാനം ഇതിനകം വാനോളം തന്നെയാണ് ഉയർത്തിയത്.

ഐമർ, അസ്ഹർ, ഷഹീഫ്, മൂന്ന് യുവതാരങ്ങളുടെ കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷ വാർത്ത. യുവതാരങ്ങളായ മുഹമ്മദ് ഷെഹീഫ് (20), മുഹമ്മദ് അസ്ഹർ (20), മുഹമ്മദ് ഐമൻ (20) എന്നിവർ കേരള ബ്ലാസ്റ്റേഴ്സിൽ പുതിയക്കരാർ ഒപ്പിവെച്ചു. മൂന്ന് യുവ പ്രതിഭകളും കരാർ 2026 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് ഡെവലപ്‌മെന്റ് ടീമിലെ സജീവ സാന്നിദ്ധ്യമാണ് മൂവരും.കഴിഞ്ഞ സീസണിൽ ഡ്യൂറൻഡ് കപ്പ്, ആർഎഫ് ഡെവലപ്‌മെന്റ് ലീഗ് തുടങ്ങിയ ടൂർണമെന്റുകളിൽ ഇവർ തിളങ്ങിയിരുന്നു. മുഹമ്മദ് ഐമനും മുഹമ്മദ് അസ്ഹറും ഇരട്ട സഹോദരങ്ങളാണ്. ആറാം ക്ലാസു മുതൽ ഇവർ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ട്. ഐമൻ ലെഫ്റ്റ് വിംഗർ ആണ്. സെൻട്രൽ മിഡ്ഫീൽഡറാണ് അസ്ഹർ.

വിങ് ബാക്കായ മുഹമംദ് ഷഹീഫ് കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട ടീമിന്റെ ഭാഗമായിരുന്നു. കോഴിക്കോട് നടന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനായി സീനിയർ ടീമിൽ അരങ്ങേറ്റം നടത്തിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ അയ്മനും അസ്ഹറും മൂന്നു ആഴ്ചത്തെ പരിശീലനത്തിന് ആയി പോളണ്ടിലേക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആയ ഇരട്ട സഹോദരങ്ങൾ ആയ മുഹമ്മദ് അയ്മനും മുഹമ്മദ് അസ്ഹറും മൂന്നു മാസത്തെ പരിശീലനത്തിന് ആയി പോളണ്ടിൽ പോവും. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് താരങ്ങൾ ആയ ലക്ഷദ്വീപ് സ്വദേശികൾ കഴിഞ്ഞ ഡൂറന്റ് കപ്പിൽ മിന്നും പ്രകടനം ആണ് നടത്തിയത്. അയ്മൻ 3 ഗോളുകളും ഒരു അസിസ്റ്റും നേടിയ ടൂർണമെന്റിൽ അസ്ഹർ 2 അസിസ്റ്റുകളും നേടി. ഒരു തവണ അസ്ഹറിന്റെ പാസിൽ അയ്മൻ ഗോളും നേടിയിരുന്നു.

നെക്സ്റ്റ് ജെൻ കപ്പിന് ആയി ലണ്ടനിലേക്ക് പോയ ബ്ലാസ്റ്റേഴ്‌സ് യൂത്ത് ടീമിലും ഇരുവരും സ്ഥാനം പിടിച്ചിരുന്നു. പോളണ്ട് ആദ്യ ഡിവിഷൻ ക്ലബ് ആയ റാക്വോ സെറ്റോചോ(Rakow Czestochow) യും ആയാണ് 19 കാരായ യുവതാരങ്ങൾ പരിശീലനം നടത്തുക. ടീമിന് ഒപ്പം കരാറിൽ എത്താൻ താരങ്ങൾക്ക് ആയാൽ അത് അവരുടെ കരിയറിന് വലിയ മുതൽക്കൂട്ടാവും. സ്‌കൂളിൽ നിന്നു കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിയ ഇരുവരും അണ്ടർ 15, 16, 18 തലങ്ങളിൽ കളിച്ച ശേഷം ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിലേക്ക് വരെ ഉയരുക ആയിരുന്നു.

കലൂരിലെ ബോൾ ബോയ്സിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീം വരെ, ഐമനും അസ്ഹറും, അഭിമുഖം

“ആറാം ക്ലാസ് മുതൽ കേരള ബ്ലാസ്റ്റേഴ്സ് ഞങ്ങൾക്ക് ഒപ്പം ഉണ്ട്”

കേരള ബ്ളാസ്റ്റേഴ്‌സ് യുവതാരങ്ങൾ ആയ മുഹമ്മദ് അയ്‌മനും, മുഹമ്മദ് അസ്ഹറും ഫാൻപോർട്ടുമായി  സംസാരിക്കുന്നു. ലക്ഷദ്വീപ് സ്വദേശികൾ ആയ ഇരട്ട സഹോദരങ്ങൾ തങ്ങളുടെ ഇത് വരെയുള്ള കരിയറിനെക്കുറിച്ചും ഇനിയുള്ള ലക്ഷ്യങ്ങളെക്കുറിച്ചും ഫാൻപോർട്ടുമായി മനസ്സ് തുറന്നു. ലക്ഷദ്വീപ് പോലൊരു ചെറിയ പ്രദേശത്ത് നിന്നു മാതാപിതാക്കളും കുടുംബവും നൽകിയ നിറഞ്ഞ പിന്തുണയുടെ ബലത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ ബ്ളാസ്റ്റേഴ്‌സ് അക്കാദമി തുടങ്ങിയ അന്ന് മുതൽ അക്കാദമിയിൽ ഇടം നേടിയ അവർ പടിപടിയായി ഉയർന്നു വരികയായിരുന്നു.

ലണ്ടനിൽ നടന്ന പ്രീമിയർ ലീഗ് നെക്സ്റ്റ് ജെൻ കപ്പിൽ കളിച്ച ഇവർ കഴിഞ്ഞ ഡ്യൂറന്റ് കപ്പിൽ ബ്ളാസ്റ്റേഴ്‌സിന്റെ മഞ്ഞ ജെഴ്‌സിയിൽ മിന്നും പ്രകടനമായിരുന്നു നടത്തിയത്. അസ്ഹറിന്റെ പാസിൽ അയ്മൻ ഗോൾ നേടുന്നത് അടക്കം  ടൂർണമെന്റിൽ കാഴ്ചവെച്ച പ്രകടനങ്ങൾ അവർക്ക് റിസർവ് ടീമിൽ നിന്നു ഫസ്റ്റ് ടീമിലേക്ക് കഴിഞ്ഞ ദിവസം സ്ഥാന കയറ്റവും നേടി നൽകിയിരുന്നു. വിങ്ങർ ആയി അയ്‌മൻ തിളങ്ങുമ്പോൾ മധ്യനിരയിൽ മികവ് കാണിക്കുകയാണ് അസ്ഹർ. 19 വയസ്സായ ഇരുവരും ബ്ളാസ്റ്റേഴ്‌സ് ടീമിനൊപ്പം ബോൾ ബോയ്സ് ആയി തുടങ്ങി ഇന്ന് ഫസ്റ്റ് ടീമിൽ എത്തി നിൽക്കുകയാണ്.

ലക്ഷദ്വീപിനായി ഈ വർഷം സന്തോഷ് ട്രോഫി യോഗ്യത കളിച്ച ടീമിലും ഇരുവരും ഭാഗമായിരുന്നു. നിലവിൽ മഹാരാജാസ് കോളേജിൽ ബിരുദ വിദ്യാർത്ഥികൾ കൂടിയായ ഇരുവരും അവരുടെ ആഗ്രഹങ്ങളും സ്വപ്നവും പങ്ക് വെക്കുകയാണ് ഇവിടെ.

ലക്ഷദ്വീപ് പോലെ ഒറ്റപ്പെട്ട ഒരു സ്ഥലത്തെ  പരിമിതികളില്‍ നിന്നു കേരള ബ്ളാസ്റ്റേഴ്‌സ് പോലൊരു ക്ലബിൽ എത്തിപ്പെടുക എത്രത്തോളം പ്രയാസകരമായിരുന്നു?

അയ്മൻ, അസ്ഹർ : ചേട്ടന്റെ പഠന സൗകര്യങ്ങള്‍ക്കായി  ഉപ്പക്ക് കൊച്ചിയിലേക്ക് സ്ഥലം മാറ്റം കിട്ടിയതാണ് ഞങ്ങൾക്ക് ബ്ളാസ്റ്റേഴ്‌സിൽ എത്തിപ്പെടാൻ നിമിത്തമായത്. ലക്ഷദ്വീപിൽ നിന്നു ബ്ളാസ്റ്റേഴ്‌സ് പോലുള്ള ക്ലബുകളിൽ എത്തുക ദ്വീപിന്റെ സാഹചര്യത്തിൽ പ്രയാസമുള്ള കാര്യമാണ്. സ്കൗട്ടിങ് സംവിധാനം ഒന്നും അവിടെ നിലവിലില്ല അതിനാൽ തന്നെ രണ്ടും കൽപ്പിച്ചു സാഹസത്തിനു തയ്യാറായാലെ എന്തെങ്കിലും നടക്കൂ.

ദ്വീപിൽ സമീപകാലത്ത് ലക്ഷദ്വീപ് ഫുട്‌ബോൾ അക്കാദമി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ അവിടെ മാത്രം ഒതുങ്ങുന്നവർക്ക് പുറത്ത് കളിച്ചു തുടങ്ങാതെ ബ്ലാസ്റ്റേഴ്സോ ഗോകുലമോ പോലുള്ള ക്ലബുകളുടെ ശ്രദ്ധ നേടാൻ പറ്റില്ല. ദ്വീപുകളിൽ നിന്നു പഠിക്കാൻ വൻകരയിൽ എത്തുന്നവർ അവിടുത്തെ സ്‌കൂൾ, കോളേജ് ടീമുകളിൽ കളിച്ചു മുന്നോട്ടു പോയാലെ വലിയ ക്ലബുകളിൽ എത്താൻ സാധിക്കുകയുള്ളൂ. നിലവിൽ ലക്ഷദ്വീപ് അത്രത്തോളം ആളുകളുടെ ശ്രദ്ധയിൽ ഇല്ല അതിനാൽ തന്നെ ദ്വീപിൽ നിന്നു പുറത്തേക്ക് വന്നു പ്രൊഫഷണൽ സമീപനം എടുത്താലെ ഇത് പോലുള്ള ക്ലബുകളിൽ എത്തുകയുള്ളൂ.

 

നിങ്ങളുടെ വളർച്ചയിൽ കുടുബത്തിന്റെ പങ്കിനെ പറ്റിയും ത്യാഗത്തെ പറ്റിയും നിങ്ങൾ മുമ്പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവരുടെ സ്വാധീനം നിങ്ങളുടെ കരിയറിലും ജീവിതത്തിലും എത്രത്തോളം ഉണ്ട്?

അയ്മൻ, അസ്ഹർ : ഏതൊരു കായിക താരത്തിന്റെയും പ്രധാന കരുത്ത് അവരുടെ കുടുംബം ആണ്. ബാക്കിയുള്ളവരൊക്കെ നമ്മുടെ നേട്ടങ്ങൾ മാത്രമാണ് കാണുക, എന്നാൽ നമ്മുടെ പരാജയങ്ങളും താഴ്ചകളും നമ്മുടെ കുടുംബം ആയിരിക്കും കാണുക, അവർ തന്നെയാവും നമ്മെ ആദ്യമായി പിന്തുണക്കുന്നവരും. എല്ലാതരത്തിലും ഞങ്ങളുടെ പ്രചോദനവും കരുത്തും മാതാപിതാക്കളും സഹോദരങ്ങളും ഗോഡ് ഫാദറും അടക്കമുള്ള കുടുംബമാണ്. അവർ ഒപ്പം ഉണ്ടായതിനാൽ മാത്രമാണ് ഞങ്ങൾ ഇവിടെ വരെയെങ്കിലും എത്തിയത്.

സമീപകാലത്ത് ലക്ഷദ്വീപ് കായിക രംഗത്ത് ഏറെ ദേശീയ ശ്രദ്ധ നേടുന്നുണ്ട്. അത്ലറ്റിക്സിൽ മുബസ്സിന മുഹമ്മദ് ഫ്രാൻസിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നു, ദേശീയതലത്തിൽ ദ്വീപിലെ താരങ്ങളിൽ നിന്നു ശ്രദ്ധേയമായ പ്രകടനങ്ങൾ ഉണ്ടാവുന്നു. ലക്ഷദ്വീപിൽ കായികതാരം അല്ലെങ്കിൽ ഫുട്‌ബോൾ താരം ആവാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിക്ക് നിങ്ങൾ എത്രത്തോളം പ്രചോദനം ആവും എന്നാണ് പ്രതീക്ഷ?

അയ്മൻ, അസ്ഹർ : ഒരു വർഷം മുമ്പ് ഞങ്ങളുടെ പഴയ പരിശീലകൻ ബേബി ജോഷി സാർ പരിശീലിപ്പിക്കുന്ന ലക്ഷദ്വീപ് ഫുട്‌ബോൾ അക്കാദമിയിൽ പോയിരുന്നു. അവിടുത്തെ പല കുട്ടികളും ഞങ്ങളോട് എങ്ങനെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ പറ്റുക, പുറത്ത് പോവാൻ പറ്റുക എന്നൊക്കെ വന്നു ചോദിച്ചിരുന്നു. പണ്ട് സുബ്രദോ മുഖർജി കഴിഞ്ഞാൽ കളി നിർത്തുക എന്ന നിലയിൽ നിന്നു അതിനു പുറത്ത് ഐ ലീഗ് കളിക്കണം, ഐ.എസ്.എൽ കളിക്കണം എന്ന ആഗ്രഹങ്ങൾ ദ്വീപിലെ കുട്ടികൾക്ക് ഇപ്പോൾ ഉണ്ട്. നാട്ടിൽ കളിച്ചു നടക്കുന്നതിൽ മാത്രം ഒതുങ്ങാതെ വലിയ ക്ലബുകളിൽ എത്തണം എന്ന ചിന്ത പലർക്കും ഉണ്ട്. അവരിൽ പലരും ഉപദേശങ്ങൾ ചോദിക്കുന്നുമുണ്ട്.

 

എല്ലാവർക്കും ആഗ്രഹങ്ങളും ഉണ്ട്. ലക്ഷദ്വീപിനെപ്പോലെ പ്രതിഭകൾ ചിലപ്പോൾ കേരളത്തിൽ തന്നെ കാണാൻ പറ്റില്ല, പലപ്പോഴും ലക്ഷദ്വീപിലെ ടീമുകളും ആയി സുബ്രദോ ഒക്കെ കളിക്കുമ്പോൾ  ഒരു പരിശീലന ക്യാമ്പ് പോലും കിട്ടാതെ ഇവർ എങ്ങനെയാണ് ഇത്രക്ക് മികച്ച രീതിയിൽ കളിക്കുന്നത് എന്നു ഇവിടുത്തെ ആളുകൾ അത്ഭുതപ്പെടുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. അത്രക്ക് പ്രതിഭകൾ ദ്വീപിൽ ഉണ്ട്, എന്നാൽ അവരെ വളർത്തിയെടുക്കാനുള്ള സാഹചര്യമോ സൗകര്യങ്ങളോ നിലവിൽ ലക്ഷദ്വീപിൽ ഇല്ല.

സുബ്രദോയിൽ തിളങ്ങിയാലും  ദ്വീപുകാർ മാത്രമെ കാണുകയുള്ളൂ, അതിനാൽ തന്നെ അവരുടെ പ്രചോദനവും കുറയും. പിന്നെ ദ്വീപിൽ പലരും എല്ലാ സ്പോർട്സിലും കാലു വയ്ക്കും, ഇപ്പോൾ പക്ഷെ ഐ.എസ്.എൽ വന്നതിനു ശേഷം ഒരുപാട് പേർ ഫുട്‌ബോളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അക്കാദമിയും മികച്ച പരിശീലകരും ഒക്കെ ഉള്ളതിനാൽ കുട്ടികൾക്ക് കൂടുതൽ പരിശീലനം ലഭിക്കുന്നു, എന്നാൽ കേരളത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ദ്വീപിൽ ഇല്ല.  പ്രതിഭകൾ ഉണ്ട് അവരെ വളർത്തേണ്ട സാഹചര്യം ആണ് ദ്വീപിൽ ഉണ്ടാവേണ്ടത്.

ലക്ഷദ്വീപിന്റെ ആദ്യ സന്തോഷ് ട്രോഫി പ്രകടനം കണ്ട് പല പരിശീലകരും ഇത്രയും പരിശീലനം പോലും കിട്ടാതെ ദ്വീപുകാർ നടത്തുന്ന പ്രകടനം അത്ഭുതപ്പെടുത്തുന്നത് ആണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ദ്വീപിലെ കുട്ടികൾക്ക് അതിനപ്പുറം എന്താണെന്ന് അറിയില്ല, ചിലപ്പോൾ നിങ്ങളുടെ വരവ് അതിൽ മാറ്റം ഉണ്ടാക്കും എന്നു പ്രതീക്ഷിക്കാം.

അയ്മൻ, അസ്ഹർ : കഴിഞ്ഞ സന്തോഷ് ട്രോഫി പ്രകടനം കണ്ടു പലരും അഭിനന്ദിച്ചിരുന്നു, നമുക്ക് പ്രതിഭകൾ ഉണ്ട് പക്ഷെ പരിശീലകരും പരിശീലന സൗകര്യവും അക്കാദമികളും ഉണ്ടാവണം. ലക്ഷദ്വീപ് അധികൃതർ കേരള ഫുട്‌ബോൾ അസോസിയേഷൻ, കേരള ബ്ളാസ്റ്റേഴ്‌സ് അക്കാദമി, സ്‌കോർ ലൈൻ തുടങ്ങിയവരുമായി സഹകരിച്ചു ഇവിടുത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. ഇന്ത്യൻ താരങ്ങൾ യൂറോപ്പിൽ കളിക്കണമെങ്കിൽ അനുഭവിക്കുന്ന അത്ര ബുദ്ധിമുട്ട് നിലവിൽ ലക്ഷദ്വീപിൽ നിന്നു കേരള ബ്ളാസ്റ്റേഴ്‌സ് അല്ലെങ്കിൽ ഐ.എസ്.എൽ പോലൊരു വേദിയിൽ എത്താൻ ലക്ഷദ്വീപിലെ താരങ്ങൾ നേരിടുന്നുണ്ട്.

 

ജീവിതത്തിലും ഫുട്‌ബോൾ കരിയറിലും കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ് എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്?

അയ്മൻ, അസ്ഹർ : ആറാം ക്ലാസ് മുതലാണ് ഞങ്ങൾ ഫുട്‌ബോളിലേക്ക് മാത്രമായി ശ്രദ്ധ പതിപ്പിക്കുന്നത്. അതിനുമുമ്പ് ഫുട്‌ബോൾ, ക്രിക്കറ്റ് അങ്ങനെ പലതും മാറിമാറി കളിച്ചിരുന്നു. ആദ്യമായി ബ്ളാസ്റ്റേഴ്‌സ് അക്കാദമി സെലക്ഷനിൽ പങ്കെടുത്തു സ്‌കോളർഷിപ്പോടെ യോഗ്യത നേടിയ 7 പേരിൽ ഞങ്ങൾ രണ്ടു പേരും ഉണ്ടായിരുന്നു. അവിടെ നിന്നാണ് തുടക്കം . ആറാം ക്ലാസിൽ ഞങ്ങളുടെ കരിയർ തുടങ്ങുന്ന അന്ന് മുതൽ കേരള ബ്ളാസ്റ്റേഴ്‌സ് ഞങ്ങൾക്കൊപ്പമുണ്ട്.

അതിനു മുമ്പ് എസ്.എച് സ്‌കൂളിൽ രവി സാറിനു കീഴിലും, അതിനു ശേഷം ബേബി സാറിനു താഴെ സ്പോർട്സ് കൗൺസിൽ ടീമിലും കളിച്ചിരുന്നു. ആ സമയത്ത് തന്നെ ഫുട്‌ബോൾ സ്‌കൂളിൽ പരിശീലനവും ഉണ്ടായിരുന്നു. ബ്ളാസ്റ്റേഴ്‌സ് അക്കാദമിയിൽ തുടർന്ന് പടിപടിയായി അണ്ടർ 15, 16, 18 പിന്നെ റിസർവ് ടീം അങ്ങനെ ഉയർന്നു വരിക ആയിരുന്നു.

കേരള ബ്ളാസ്റ്റേഴ്‌സ് ടീമിൽ ഇരുവരുടെയും റോൾ മോഡൽ ആരാണ്?

അയ്മൻ : അത് സഹലിക്കയാണ്.(സഹൽ അബ്ദു സമദ്)
അസ്ഹർ : എനിക്കും സഹലിക്ക തന്നെയാണ്, ഇഷ്ടതാരവും സഹലിക്കയാണ്.

യൂറോപ്പിന്റെ കാര്യം പറഞ്ഞപ്പോൾ ആണ്, നിങ്ങൾ ഇംഗ്ലണ്ടിൽ വച്ച് ലണ്ടനിൽ നടന്ന പ്രീമിയർ ലീഗ് നെക്സ്റ്റ് ജെൻ കപ്പിൽ കളിച്ചിരുന്നു. അവിടുത്തെ ടീമുകളും ആയി കളിച്ചപ്പോൾ ലഭിച്ച അനുഭവം എന്തായിരുന്നു? അവരുടെ ഫുട്‌ബോളും ആയി നമ്മുടെ ഫുട്‌ബോളിൽ എന്ത് വ്യത്യാസം ആണ് തോന്നിയത്?

അയ്മൻ, അസ്ഹർ : പലപ്പോഴും നമ്മുടെ ടീമും അവരുടെ ടീമുകളും ആയി കളി മികവിൽ വലിയ വ്യത്യാസം ഉണ്ടാവില്ല. പക്ഷെ അവർ നൽകുന്ന പരിശീലനവും അവർ കളിക്കുന്ന സാഹചര്യങ്ങളും അവർക്ക് ടെക്നിക്കൽ തലത്തിൽ വലിയ മുൻതൂക്കം നൽകുന്നുണ്ട്. പലപ്പോഴും ശാരീരിക ക്ഷമതയിൽ പിടിച്ചു നിൽക്കാൻ നമുക്കാവും. എന്നാൽ ചെറുപ്പത്തിൽ ഗ്രാസ് റൂട്ട് തലത്തിൽ അവർക്ക് ലഭിക്കുന്ന പരിശീലനങ്ങൾ അവർക്ക് കൂടുതൽ മേധാവിത്വം നൽകുന്നു. വർഷങ്ങളായി അത്തരം ഒരു രീതി പിന്തുടർന്നതിനാൽ ടെക്നിക്കൽ തലത്തിൽ അവർ വളരെ മുന്നിട്ടു നിൽക്കുന്നു. അതേപോലെ അക്കാദമിയിൽ വർഷങ്ങളോളം ഒരേ താരങ്ങൾ ഒന്നിച്ചു സമയം ചിലവഴിക്കുന്നതിന്റെ മുൻതൂക്കവും അവർക്ക് ലഭിക്കുന്നു.

അതിനോടൊപ്പം തന്നെ ഈ അടുത്ത് കഴിഞ്ഞ ഡ്യൂറന്റ് കപ്പിലെ അനുഭവം എങ്ങനെയായിരുന്നു. വളരെ നല്ല ടീമുകളും ആയാണ് നിങ്ങൾ കളിച്ചത്. ബാഗ്ലൂർ, മുംബൈ ഒക്കെ മികച്ച ടീമിനെ തന്നെ കളത്തിൽ ഇറക്കി. നിങ്ങൾ തോൽക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച ക്ലബ്ബായ മൊഹമ്മദൻസിനോടാണ്. ടൂർണമെന്റിൽ അസ്ഹറിന്റെ പാസിൽ അയ്മൻ ഗോൾ അടിക്കുന്നു, അത് ടിവിയിൽ സ്വന്തം നാട്ടുകാർ അടക്കം കാണുന്നു. എങ്ങനെ ഉണ്ടായിരുന്നു ആ അനുഭവം?

അയ്മൻ : ഗോളിന്റെ കാര്യത്തിൽ ഇത് പോലുള്ള വലിയൊരു ടൂർണമെന്റിൽ അസ്ഹറിന്റെ പാസിൽ ഞാൻ ഗോൾ അടിക്കുന്നത് മാതാപിതാക്കളുടെ വലിയൊരു ആഗ്രഹം ആയിരുന്നു, അത് നടന്നതിൽ വലിയ സന്തോഷം ഉണ്ട്.

അയ്മൻ, അസ്ഹർ : പിന്നെ ദൈവാനുഗ്രഹവും ഗോഡ് ഫാദർ അടക്കമുള്ളവരുടെ അനുഗ്രഹവും ആണ് എല്ലാം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റിൽ ഒന്നായ ഡ്യൂറന്റ് കപ്പ് ഞങ്ങൾക്ക് കഴിവ് തെളിയിക്കാൻ ലഭിച്ച മികച്ച വേദിയായിരുന്നു . ഇന്ത്യയിലെ വലിയ ക്ലബുകൾ കളിക്കുന്ന ടൂർണമെന്റിൽ തിളങ്ങാനായാൽ തന്നെ തങ്ങളുടെ പേര് ആളുകൾ ശ്രദ്ധിക്കും എന്നറിയാമായിരുന്നു. അവിടെ ഞങ്ങളുടെ മികവ് പുറത്ത് എടുത്തിട്ടുണ്ട് എന്നാണ് വിശ്വാസം.

ലക്ഷദ്വീപിൽ നിന്നു വരുന്ന ഒരു ഫുട്‌ബോൾ താരം ആവണം എന്നാഗ്രഹിക്കുന്ന കുട്ടിക്ക് നിങ്ങൾ നൽകുന്ന ഉപദേശം എന്താവും?

അയ്മൻ, അസ്ഹർ : സ്വയം വിശ്വസിക്കുക, പരമാവധി പരിശ്രമിച്ചു കൊണ്ടേയിരിക്കുക. മെസ്സി ആവട്ടെ നെയ്മർ ആവട്ടെ വലിയ താരങ്ങൾ എല്ലാം ഒരുപാട് ത്യാഗം സഹിച്ചാണ് ഈ നിലയിൽ എത്തിയത്. ഏത് കായിക ഇനത്തിൽ ഏത് ഇതിഹാസത്തെ എടുത്താലും അവർ കഠിനമായി അദ്ധ്വാനിച്ചു ത്യാഗം സഹിച്ചു ആണ് ഇവിടെ വരെ എത്തിയത് എന്നു കാണാം. സ്വയം പ്രചോദനം കണ്ടത്തി പരിശ്രമിച്ചു കൊണ്ടേയിരിക്കുക നിങ്ങളുടെ സമയം വരും. പലപ്പോഴും നിരാശ വന്നേക്കും പ്രത്യേകിച്ച് ലക്ഷദ്വീപിന്റെ സാഹചര്യത്തിൽ പക്ഷെ പരിശ്രമം തുടരുക. ദ്വീപുകാർ ആണെങ്കിൽ കേരളത്തിലോ മറ്റ് എവിടേയോ പഠിക്കാൻ വരുമ്പോൾ അവിടുത്തെ സ്‌കൂൾ, കോളേജ് ടീമിൽ കയറാൻ നോക്കുക. ഒരുപാട് പേർ ഫുട്‌ബോളിലേക്ക് വരുന്ന സമയം ആണ് ഇത് എല്ലാം മറന്നു ശ്രമിച്ചാൽ മാത്രമെ ജയിക്കാൻ ആവൂ. വെറുതെ കളിക്കാതെ ഫുട്‌ബോൾ പാഷൻ ആയി എടുത്തു പരമാവധി ശ്രമിക്കുക, നിങ്ങളുടെ സമയം വരും.

ഇത് വരെ കേരള ബ്ളാസ്റ്റേഴ്‌സ് ഐ.എസ്.എൽ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിങ്ങൾ ഉണ്ടാവും എന്നു കേൾക്കുന്നുണ്ട്. ഈ വർഷം ഐ.എസ്.എലിൽ അരങ്ങേറാൻ ആവും എന്ന പ്രതീക്ഷയുണ്ടോ?

അയ്മൻ, അസ്ഹർ : ഇൻഷ അള്ളാ! ഐ.എസ്.എൽ കളിക്കണം. കേരള ബ്ളാസ്റ്റേഴ്‌സ് ഞങ്ങളുടെ സ്വപ്നക്ലബ് ആണ്. ബോൾ ബോയ്സ് ആയിട്ടും, താരങ്ങൾക്ക് ഒപ്പം കൈ പിടിച്ചു നടന്നും, ഫൈനലിൽ ഐ.എസ്.എൽ കിരീടം എടുത്തു കൊണ്ട് വന്ന സമയത്തും ഒക്കെയുള്ള ഏറ്റവും വലിയ ആഗ്രഹം ആണ് ഈ വലിയ കാണികൾക്ക് മുന്നിൽ ബ്ളാസ്റ്റേഴ്‌സിന് ആയി അരങ്ങേറ്റം നടത്തണം, ഗോൾ നേടണം, കളി മികവ് കാണിച്ചു കൊടുക്കണം എന്നതൊക്കെ.

നിലവിൽ ഐ.എസ്.എൽ കളിക്കാനുള്ള മികവും പ്രതിഭയും ഞങ്ങൾക്ക് ഉണ്ട് എന്ന് കാണിച്ചു കൊടുക്കാനുള്ള സമയവും അവസരവും ആണ് ഞങ്ങൾക്ക് തുറന്നു കിട്ടിയത്. ഇൻഷ അള്ളാ, ഈ വർഷം തന്നെ ഐ.എസ്.എൽ കളിക്കണം.

എന്താണ് ഭാവി പ്രതീക്ഷകൾ? ഒരു 10 വർഷത്തിന് അപ്പുറം കരിയർ എങ്ങനെ ഉണ്ടാവും എന്നു കരുതുന്നു.

അയ്മൻ, അസ്ഹർ : ഞങ്ങളുടെ ആഗ്രഹം ഇന്ത്യൻ സൂപ്പർ ലീഗിന് അപ്പുറം യൂറോപ്യൻ ഫുട്‌ബോൾ ആണ്. ലാ ലീഗ, പ്രീമിയർ ലീഗ് എന്നിവയിൽ കളിക്കണം എന്നതാണ് സ്വപ്നം. പലപ്പോഴും പലരും അതൊന്നും നടക്കില്ല എന്നു ഞങ്ങളോട് പറയാറുണ്ട്. ഇന്ത്യക്കാർ ആണ് നമ്മുക്ക് അതൊന്നും നടക്കില്ല എന്ന് പലരും പറയാറുണ്ട്, അവർക്ക് അത് പറയാം.എന്നാൽ 19 വയസ്സ് മാത്രമാണ് ഞങ്ങൾക്ക്, ഇനിയും സമയമുണ്ട്. ഐ.എസ്.എൽ കളിച്ചു തെളിയിച്ചു യൂറോപ്പിൽ എത്തുക ആണ് ഞങ്ങളുടെ ലക്ഷ്യം, അതിനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്. ഞങ്ങളുടെ പൊസിഷനിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരമാവുകയാണ് ഞങ്ങളുടെ ലക്ഷ്യം.

ഉറപ്പായിട്ടും അത് നടക്കട്ടെ എന്നു ആശംസിക്കുന്നു. ചിലപ്പോൾ ക്ലീഷേ ചോദ്യം ആവും, മെസ്സി ഓർ റൊണാൾഡോ?

അയ്മൻ : മെസ്സി
അസ്ഹർ : മെസ്സി, എന്റെ പ്രിയതാരം പക്ഷെ ചാവിയാണ്.
അയ്മൻ : എന്റെ പ്രിയതാരം നെയ്‌മർ ജൂനിയർ ആണ്.

രണ്ടുപേരുടെയും ഇഷ്ട ഫുട്‌ബോൾ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് അല്ലെങ്കിൽ ഏതാണ്?

അയ്മൻ, അസ്ഹർ : ഉറപ്പായിട്ടും എഫ്.സി ബാഴ്‌സലോണ.

ലക്ഷദ്വീപിൽ നമുക്ക് അറിയാവുന്നത് പോലെ ഫുട്‌ബോൾ ലോകകപ്പ് ഒരു വലിയ ആഘോഷം ആണ്. അർജന്റീന, ബ്രസീൽ തർക്കം ഒക്കെ സ്ഥിര കാഴ്ചയാണ്. ഇന്ത്യ കഴിഞ്ഞാൽ പ്രിയപ്പെട്ട ദേശീയ ടീം ഏതാണ്?

അസ്ഹർ : അർജന്റീന
അയ്മൻ : ബ്രസീൽ ആണ് എന്റെ ടീം, ബാപ്പയുടെ ഇഷ്ടതാരം മെസ്സിയാണ്, ബാപ്പയും അസ്ഹറും അർജന്റീന ആണ്, ഞാനും ഇക്കയും ബ്രസീലും.

ഫുട്‌ബോൾ അല്ലെങ്കിൽ ഇരുവരുടെയും പ്രിയപ്പെട്ട സ്പോർട്സ് ഏതാണ്?

അയ്മൻ, അസ്ഹർ : ക്രിക്കറ്റ്

ഇഷ്ട ക്രിക്കറ്റ് താരം?

അസ്ഹർ : സഞ്ജു സാംസൺ
അയ്മൻ : രോഹിത് ശർമ്മ

ഫുട്‌ബോളിന് പുറത്തുള്ള ജീവിതം എങ്ങനെ ആസ്വദിക്കുന്നു?

അയ്മൻ, അസ്ഹർ : കോളേജ് ജീവിതവും അതിന്റെ സന്തോഷങ്ങളും ആസ്വദിക്കുന്നു. കേരളത്തിലെ തന്നെ ഏറ്റവും മികച്ച കോളേജ് ആയ മഹാരാജാസ് കോളേജിൽ ആണ് പഠിക്കുന്നത്, അവിടുത്തെ പഠനവും ജീവിതവും ആസ്വദിക്കുന്നു.

ഏതായാലും ഫാൻപോർട്ടിനോട് സംസാരിച്ചതിൽ ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. ഭാവിയിൽ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും യാഥാർത്ഥ്യം ആവട്ടെ എന്നും ആശംസിക്കുന്നു

പ്രതീക്ഷയായി യുവതാരങ്ങൾ, ഐമനും അസ്ഹറും റോഷനും കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനൊപ്പം

കേരള ബ്ലാസ്റ്റേഴ്സിനായി ഡൂറണ്ട് കപ്പിലും നെക്സ് ജെൻ കപ്പിലും ഗംഭീര പ്രകടനം കാഴ്ചവെച്ച മൂന്ന് യുവതാരങ്ങൾ സീനിയർ ടീമിലേക്ക്. ലക്ഷദ്വീപ് സ്വദേശികളായ മൊഹമ്മദ് ഐമനും മൊഹമ്മദ് അസ്ഹറും കേരളതാരമായ റോഷൻ ജിജിയും ആണ് സീനിയർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇവർ സീനിയർ ടീമിനൊപ്പം പരിശീലനം നടത്തുന്ന ചിത്രങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പങ്കുവെച്ചു.

ഐമനും അസ്ഹറും ഇരട്ട സഹോദരന്മാർ ആണ്. ഇരുവരും ആറാം ക്ലാസ് മുതൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉള്ളതാണ്. ഐമൻ ഈ കഴിഞ്ഞ ഡൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയിരുന്നു. ഐമൻ വിങ്ങിലും അറ്റാക്കിങ് മിഡിലും കളിക്കാൻ കഴിവുള്ള താരമാണ്. അസ്ഹർ മധ്യനിര താരമാണ്.

റോഷൻ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് നിരയിൽ വലിയ പ്രകടനങ്ങൾ നടത്തി നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. മുമ്പ് കേരളത്തിന്റെ സന്തോഷ് ട്രോഫി ക്യാമ്പിൽ ഉണ്ടായിരുന്നു. ഇന്ത്യയുടെ അണ്ടർ 17 ലോകകപ്പ് ടീമിന്റെ ക്യാമ്പിലും റോഷൻ ഉണ്ടായിരുന്നു.

Exit mobile version