ഒരു റണ്‍സ് ജയം, ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്

സ്കോട്‍ലാന്‍ഡിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്. ഇന്നലത്തെ മത്സരത്തിന് മുമ്പ് ഇരു ടീമുകള്‍ക്കും എട്ട് പോയിന്റ് വീതമായിരുന്നുവെങ്കിലും ഒരു റണ്‍സ് വിജയം അയര്‍ലണ്ടിനെ ചാമ്പ്യന്മാരാക്കി. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 186 റണ്‍സാണ് 20 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. അവസാന ഓവറില്‍ 15 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സ്കോട്‍ലാന്‍ഡിന് 13 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന പന്തില്‍ ലക്ഷ്യം മൂന്ന് റണ്‍സായെങ്കിലും രണ്ടാം റണ്ണിന് ശ്രമിക്കുന്നതിനിടയില്‍ വാല്ലെസ് റണ്ണൗട്ടായത് തിരിച്ചടിയായി.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനായി കെവിന്‍ ഒബ്രൈന്‍ 63 റണ്‍സ് നേടിയപ്പോള്‍ ഗാരി വില്‍സണ്‍(31), ഗാരെത്ത് ഡെലാനി(25), ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(20) എന്നിവരും റണ്‍സ് കണ്ടെത്തി. പത്തോവറില്‍ 114 റണ്‍സിലേക്ക് കുതിച്ച അയര്‍ലണ്ടിന് പക്ഷേ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ 186/9 എന്ന സ്കോറെ നേടാനായുള്ളു. സ്കോട്‍ലാന്‍ഡിന് വേണ്ടി ആഡ്രിയന്‍ നീല്‍, സഫ്യാന്‍ ഫെറീഫ്, ടോം സോള്‍, ഹംസ താഹിര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മാത്യു ക്രോസ് പുറത്താകാതെ 66 റണ്‍സും റിച്ചി ബെറിംഗ്ടണ്‍ 76 റണ്‍സും നേടി മൂന്നാം വിക്കറ്റില്‍ നിലയുറപ്പിച്ചപ്പോള്‍ സ്കോട്‍ലാന്‍ഡ് വിജയം ഉറപ്പാക്കിയതായിരുന്നു. 16.5 ഓവറില്‍ സ്കോര്‍ 158ല്‍ നില്‍ക്കെ റിച്ചി പുറത്തായതാണ് മത്സരത്തില്‍ വഴിത്തിരിവായത്. ലക്ഷ്യം 28 റണ്‍സ് അകലെ മാത്രം നില്‍ക്കെയാണ് 43 പന്തില്‍ നിന്ന് 7 ഫോറും 5 സിക്സും സഹിതം നേടിയ റിച്ചി ബെറിംഗ്ടണ്‍ പുറത്തായത്.

മാത്ു ക്രോസ് 66 റണ്‍സ് നേടി പുറത്താകാതെ നിന്നുവെങ്കിലും പിന്നീട് മൂന്ന് വിക്കറ്റുകള്‍ കൂടി ശേഷിക്കുന്ന ഓവറുകളില്‍ നഷ്ടമായപ്പോള്‍ സ്കോട്‍ലാന്‍ഡ് ഇന്നിംഗ്സിന്റെ താളം തെറ്റുകയായിരുന്നു. 185 റണ്‍സില്‍ അവരുടെ ഇന്നിംഗ്സ് അവസാനിച്ചതോടെ ഒരു റണ്‍സ് ജയവും പരമ്പരയും അയര്‍ലണ്ട് സ്വന്തമാക്കി.

പരമ്പരയിലെ മൂന്നാമത്തെ ടീം നെതര്‍ലാണ്ട്സ് ആയിരുന്നു.

മഴ നിയമത്തില്‍ വിജയം കരസ്ഥമാക്കി ശ്രീലങ്ക

സ്കോട്‍ലാന്‍ഡിനെതിരെ 35 റണ്‍സ് വിജയം കരസ്ഥമാക്കി ശ്രീലങ്ക. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 322 റണ്‍സ് എട്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയ ശേഷം മഴ വില്ലനായി എത്തിയതോടെ മത്സരം 34 ഓവറായി ചുരുക്കുകയായിരുന്നു. 235 റണ്‍സായിരുന്നു സ്കോട്‍ലാന്‍ഡ് 34 ഓവറില്‍ നിന്ന് നേടേണ്ടിയിരുന്നതെങ്കിലും ടീം 33.2 ഓവറില്‍ 199 റണ്‍സിനു ഓള്‍ഔട്ട് ആയി.

ശ്രീലങ്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേ 77 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ അവിഷ്ക ഫെര്‍ണാണ്ടോ 74 റണ്‍സ് നേടി. ഒന്നാംവ ിക്കറ്റില്‍ 123 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. കുശല്‍ മെന്‍ഡിസും അനായാസം റണ്‍സ് കണ്ടെത്തിയപ്പോള്‍ ശ്രീലങ്ക കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. 66 റണ്‍സാണ് കുശല്‍ മെന്‍ഡിസ് നേടിയത്. ലഹിരു തിരിമന്നേ 44 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 50 ഓവറില്‍ നിന്ന് ലങ്ക 322/8 എന്ന സ്കോര്‍ നേടുകയായിരുന്നു. സ്കോട്‍ലാന്‍ഡിനു വേണ്ടി ബ്രാഡ്‍ലി വീല്‍ മൂന്നും സഫ്യാന്‍ ഷറീഫ് 2 വിക്കറ്റും നേടി.

മികച്ച തുടക്കം സ്കോട്‍ലാന്‍ഡിനായി ഓപ്പണര്‍മാ്‍ നല്‍കിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ലങ്കയ്ക്കായി. മാത്യൂ ക്രോസ് 55 റണ്‍സും കൈല്‍ കോയറ്റ്സര്‍ 34 റണ്‍സും നേടിയപ്പോള്‍ ജോര്‍ജ്ജ് മുന്‍സേ ആണ് ടീമിന്റെ ടോപ് സ്കോറര്‍. 61 റണ്‍സാണ് താരം നേടിയത്. 4 വിക്കറ്റുമായി നുവാന്‍ പ്രദീപ് ആണ് ശ്രീലങ്കയ്ക്കായി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തത്. സുരംഗ ലക്മല്‍ രണ്ട് വിക്കറ്റും നേടി.

ത്രിരാഷ്ട്ര പരമ്പരയില്‍ ആദ്യ ജയം സ്വന്തമാക്കി സ്കോട്‍ലാന്‍ഡ്

മാത്യൂ ക്രോസിന്റെ 107* ന്റെ ബലത്തില്‍ സ്കോട്‍ലാന്‍ഡിനു ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ ജയം. മറുവശത്ത് അയര്‍ലണ്ട് നാല് ജയത്തോടെ ടൂര്‍ണ്ണമെന്റില്‍ ഏറ്റവും അധികം ജയവുമായി മുന്നിട്ട് നില്‍ക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ യുഎഇയ്ക്കെതിരെ 31 റണ്‍സ് ജയമാണ് സ്കോട്‍ലാന്‍ഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍‍ഡ് 50 ഓവറില്‍ 249/8 എന്ന സ്കോര്‍ നേടിയപ്പോള്‍ യുഎഇ 46.3 ഓവറില്‍ 218 റണ്‍സിനു ഓള്‍ഔട്ട് ആയി.

മാത്യൂ ക്രോസ്(107*), ജോര്‍ജ്ജ് മുന്‍സി(45) എന്നിവരാണ് സ്കോട്‍ലാന്‍ഡ് ബാറ്റിംഗില്‍ തിളങ്ങിയത്. യുഎഇയ്ക്കായി ഷൈമന്‍ അന്‍വര്‍ 3 വിക്കറ്റ് നേടി. ഗുലാം ഷബീര്‍ 90 റണ്‍സുമായി യുഎഇ ബാറ്റിംഗ് നയിച്ചപ്പോള്‍ സ്കോട്‍ലാന്‍ഡിനായി മാര്‍ക്ക് വാട്ട് 2 വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.

യുഎഇ യാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ജയമൊന്നും നേടാനാകാതെ നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version