111 റൺസ് വിജയം, യുഎഇയ്ക്കെതിരെ മിന്നും പ്രകടനവുമായി സ്കോട്‍ലാന്‍ഡ്

യുഎഇയ്ക്കെതിരെ സ്കോട്‍ലാന്‍ഡിന് ലോകകപ്പ് യോഗ്യത മത്സരത്തിൽ മികച്ച വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ഡലാന്‍ഡ് 282 റൺസ് നേടിയപ്പോള്‍ യുഎഇ 171 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 111 റൺസിന്റെ വലിയ വിജയം ആണ് സ്കോട്‍ലാന്‍ഡ് കരസ്ഥമാക്കിയത്.

റിച്ചി ബെറിംഗ്ടൺ 127 റൺസ് നേടിയാണ് സ്കോട്‍ലാന്‍ഡിനെ 282 റൺസിലേക്ക് എത്തിച്ചത്. മാര്‍ക്ക് വാട്ട് 44 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ മൈക്കൽ ലീസെക് 41 റൺസ് നേടി. യുഎഇയ്ക്കായി ജുനൈദ് സിദ്ദിക്കി 3 വിക്കറ്റും അലി നാസ്സര്‍ 2 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇയ്ക്ക് 35.3 ഓവറിൽ 171 റൺസേ നേടാനായുള്ളു. സയ്ഫാന്‍ ഷറീഫ് 4 വിക്കറ്റും ക്രിസ് സോള്‍ മൂന്ന് വിക്കറ്റും നേടി സ്കോട്‍ലാന്‍ഡിനായി തിളങ്ങിയപ്പോള്‍ 36 റൺസ് നേടിയ മുഹമ്മദ് വസീം ആണ് യുഎഇയുടെ ടോപ് സ്കോറര്‍.

അഞ്ചും ജയിച്ച് അപരാജിതരായി പാക്കിസ്ഥാന്‍

സൂപ്പര്‍ 12ലെ അഞ്ച് മത്സരങ്ങളും വിജയിച്ച് പാക്കിസ്ഥാന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് സ്കോട്‍ലാന്‍ഡിനെതിരെ 189/4 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളെ 6 വിക്കറ്റ് നഷ്ടത്തിൽ 117 റൺസിൽ ഒതുക്കി 72 റൺസിന്റെ വിജയം നേടിയ പാക്കിസ്ഥാന്‍ സെമിയിലെത്തിയ ടീമുകളിൽ പരാജയം അറിയാത്ത ഏക ടീമാണ്.

36 പന്തിൽ 53 റൺസുമായി റിച്ചി ബെറിംഗ്ടൺ ആണ് സ്കോട്‍ലാന്‍ഡ് നിരയിൽ തിളങ്ങിയത്. പാക്കിസ്ഥാന് വേണ്ടി ഷദബ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷഹീന്‍ അഫ്രീദിയും ഹസന്‍ അലിയും ഹാരിസ് റൗഫും ഓരോ വിക്കറ്റ് നേടി. ചേസിംഗിൽ ഒരു ഘട്ടത്തിലും സ്കോട്‍ലാന്‍ഡിന് പാക്കിസ്ഥാന് വെല്ലുവിളി ഉയര്‍ത്തുവാന്‍ സാധിച്ചിരുന്നില്ല.

പവര്‍പ്ലേയിൽ കളി കൈവിട്ട് പാപുവ ന്യു ഗിനി, സ്കോട്‍ലാന്‍ഡിനോട് 17 റൺസ് തോല്‍വി

ടി20 ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് ബിയിൽ തങ്ങളുടെ രണ്ടാം വിജയം നേടി സ്കോട്‍ലാന്‍ഡ്. ഇന്ന് പാപുവ ന്യു ഗിനിയെ 17 റൺസിന് പരാജയപ്പെടുത്തിയാണ് സ്കോട്‍ലാന്‍ഡ് വിജയം കരസ്ഥമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 165/9 എന്ന സ്കോറാണ് നേടിയത്. റിച്ചി ബെറിംഗ്ടൺ 49 പന്തിൽ 70 റൺസും മാത്യു ക്രോസ് 45 റൺസും നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും റൺസ് കണ്ടെത്താനായില്ല.

92 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിൽ സ്കോട്‍ലാന്‍ഡിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്. പിഎന്‍ജിയ്ക്ക് വേണ്ടി കബൗ മോറിയ നാലും ചാഡ് സോപര്‍ മൂന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പിഎന്‍ജി പവര്‍പ്ലേയ്ക്കുള്ളിൽ 35/5 എന്ന നിലയിലേക്ക് വീണ ശേഷം മത്സരത്തിൽ തിരിച്ചുവരവ് സാധ്യമല്ലാതെ രീതിയിലേക്ക് പോയി.

67/6 എന്ന നിലയിൽ നിന്ന് 53 റൺസ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടുമായി നോര്‍മന്‍ വനൗ – കിപ്ലിന്‍ ഡോറിഗ കൂട്ടുകെട്ട് പാപുവ ന്യൂ ഗിനിയ്ക്കായി പൊരുതി നോക്കി. കിപ്ലിന്‍ 18 റൺസും നോര്‍മന്‍ വനൗ 47 റൺസും നേടിയപ്പോള്‍ ക്യാപ്റ്റന്‍ അസ്സാദ് വാല 18 റൺസും ചാഡ് സോപര്‍ 16 റൺസും നേടി.

സ്കോട്‍ലാന്‍ഡിനായി ജോഷ് ഡേവി 4 വിക്കറ്റ് നേടിയപ്പോള്‍ 19.3 ഓവറിൽ 148 റൺസിന് സ്കോട്‍ലാന്‍ഡ് പിഎന്‍ജി ഓള്‍ഔട്ട് ആയി.

ഒരു റണ്‍സ് ജയം, ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്

സ്കോട്‍ലാന്‍ഡിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി അയര്‍ലണ്ട്. ഇന്നലത്തെ മത്സരത്തിന് മുമ്പ് ഇരു ടീമുകള്‍ക്കും എട്ട് പോയിന്റ് വീതമായിരുന്നുവെങ്കിലും ഒരു റണ്‍സ് വിജയം അയര്‍ലണ്ടിനെ ചാമ്പ്യന്മാരാക്കി. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 186 റണ്‍സാണ് 20 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. അവസാന ഓവറില്‍ 15 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സ്കോട്‍ലാന്‍ഡിന് 13 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന പന്തില്‍ ലക്ഷ്യം മൂന്ന് റണ്‍സായെങ്കിലും രണ്ടാം റണ്ണിന് ശ്രമിക്കുന്നതിനിടയില്‍ വാല്ലെസ് റണ്ണൗട്ടായത് തിരിച്ചടിയായി.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനായി കെവിന്‍ ഒബ്രൈന്‍ 63 റണ്‍സ് നേടിയപ്പോള്‍ ഗാരി വില്‍സണ്‍(31), ഗാരെത്ത് ഡെലാനി(25), ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(20) എന്നിവരും റണ്‍സ് കണ്ടെത്തി. പത്തോവറില്‍ 114 റണ്‍സിലേക്ക് കുതിച്ച അയര്‍ലണ്ടിന് പക്ഷേ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ 186/9 എന്ന സ്കോറെ നേടാനായുള്ളു. സ്കോട്‍ലാന്‍ഡിന് വേണ്ടി ആഡ്രിയന്‍ നീല്‍, സഫ്യാന്‍ ഫെറീഫ്, ടോം സോള്‍, ഹംസ താഹിര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മാത്യു ക്രോസ് പുറത്താകാതെ 66 റണ്‍സും റിച്ചി ബെറിംഗ്ടണ്‍ 76 റണ്‍സും നേടി മൂന്നാം വിക്കറ്റില്‍ നിലയുറപ്പിച്ചപ്പോള്‍ സ്കോട്‍ലാന്‍ഡ് വിജയം ഉറപ്പാക്കിയതായിരുന്നു. 16.5 ഓവറില്‍ സ്കോര്‍ 158ല്‍ നില്‍ക്കെ റിച്ചി പുറത്തായതാണ് മത്സരത്തില്‍ വഴിത്തിരിവായത്. ലക്ഷ്യം 28 റണ്‍സ് അകലെ മാത്രം നില്‍ക്കെയാണ് 43 പന്തില്‍ നിന്ന് 7 ഫോറും 5 സിക്സും സഹിതം നേടിയ റിച്ചി ബെറിംഗ്ടണ്‍ പുറത്തായത്.

മാത്ു ക്രോസ് 66 റണ്‍സ് നേടി പുറത്താകാതെ നിന്നുവെങ്കിലും പിന്നീട് മൂന്ന് വിക്കറ്റുകള്‍ കൂടി ശേഷിക്കുന്ന ഓവറുകളില്‍ നഷ്ടമായപ്പോള്‍ സ്കോട്‍ലാന്‍ഡ് ഇന്നിംഗ്സിന്റെ താളം തെറ്റുകയായിരുന്നു. 185 റണ്‍സില്‍ അവരുടെ ഇന്നിംഗ്സ് അവസാനിച്ചതോടെ ഒരു റണ്‍സ് ജയവും പരമ്പരയും അയര്‍ലണ്ട് സ്വന്തമാക്കി.

പരമ്പരയിലെ മൂന്നാമത്തെ ടീം നെതര്‍ലാണ്ട്സ് ആയിരുന്നു.

സ്കോട്‍ലാന്‍ഡിനെ ആദ്യ രണ്ട് മത്സരങ്ങളില്‍ ബെറിംഗ്ടണ്‍ നയിക്കും

സ്കോട്‍ലാന്‍ഡിന്റെ നായകന്‍ കൈല്‍ കോയേറ്റ്സര്‍ കളിയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുന്നതിനാല്‍ ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സ്കോട്‍ലാന്‍ഡിനെ ഓള്‍റൗണ്ടര്‍ റിച്ചി ബെറിംഗ്ടണ്‍ നയിക്കുമെന്ന് മുഖ്യ പരിശീലകന്‍ ഗ്രാന്റ് ബ്രാഡ്ബേണ്‍ അറിയിച്ചു. കോയേറ്റ്സര്‍ തന്റെ ലെവല്‍ 4 കോച്ചിംഗ് ക്വാളിഫിക്കേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി തിരക്കിലായതിനാല്‍ ആദ്യ രണ്ട് മത്സരങ്ങളിലുണ്ടാവില്ല.

ആദ്യ മത്സരത്തില്‍ സ്കോട്‍ലാന്‍ ജനുവരി 16നു അയര്‍ലണ്ടിനെ നേരിടും. അതിനു ശേഷം രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അയര്‍ലണ്ടുമായി തന്നെയാണ് പരമ്പരയിലെ സ്കോട്‍ലാന്‍ഡിന്റെ അടുത്ത മത്സരം. യുഎഇയ്ക്കെതിരെയുള്ള ടീമിന്റെ മൂന്നാം മത്സര സമയത്ത് കൈല്‍ കോയേറ്റ്സര്‍ തിരികെ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version