ഇംഗ്ലണ്ടിനെതിരെ വെല്ലുവിളി ഉയര്‍ത്തി ഇറ്റലി, ഇംഗ്ലണ്ടിന് 24 റൺസ് വിജയം

ടി20 ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ ഇറ്റലിയ്ക്കെതിരെ വിജയത്തോടെ സൂപ്പര്‍ 8 ഉറപ്പാക്കി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 202/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇറ്റലി 178 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 25 പന്തിൽ 60 റൺസ് നേടി ബെന്‍ മനേന്റിയും 23 പന്തിൽ 45 റൺസ് നേടി ഗ്രാന്റ് സ്റ്റുവര്‍ടും ഇംഗ്ലണ്ടിനെ വിറപ്പിച്ചുവെങ്കിലും സ്റ്റുവര്‍ട് എട്ടാം വിക്കറ്റായി പുറത്തായ ശേഷം ഒരു റൺസ് പോലും സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ക്കാന്‍ ഇറ്റലിയ്ക്ക് കഴിയാതെ പോയത് ടീമിന് തിരിച്ചടിയായി. ജസ്റ്റിന്‍ മോസ്ക 43 റൺസ് നേടി പൊരുതി നോക്കി. ഇംഗ്ലണ്ടിനായി സാം കറനും ജാമി ഓവര്‍ട്ടണും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ 2 വിക്കറ്റ് നേടി.

അവസാന ഓവറുകളിൽ വിൽ ജാക്സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് ഇംഗ്ലണ്ടിനെ 200 കടക്കുവാന്‍ സഹായിച്ചത്. താരം 22 പന്തിൽ 53 റൺസ് നേടി പുറത്താകാതെ നിന്നു. ഫിലിപ് സാള്‍ട്ട് (28), ടോം ബാന്റൺ (30), ജേക്കബ് ബെത്തൽ (23), സാം കറന്‍ (25) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന് സ്കോറര്‍മാര്‍. ഇറ്റലിയ്ക്കായി ഗ്രാന്റ് സ്റ്റുവര്‍ടും ക്രിഷന്‍ കാലുഗാമാഗേയും രണ്ട് വീതം വിക്കറ്റ് നേടി.