FeaturedT20 World Cup

ഇഷാന്‍ ചുമ്മാ തീ!!! പാക്കിസ്ഥാന് മുന്നിൽ 176 റൺസ് വിജയ ലക്ഷ്യം നൽകി ഇന്ത്യ

Ishankishan

പാക്കിസ്ഥാനെതിരെ ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 175 റൺസ്. ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ 200ന് മേലെ സ്കോര്‍ അനായാസം നേടുമെന്നാണ് കരുതിയതെങ്കിലും ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസിൽ ഒതുങ്ങുകയായിരുന്നു.

ആദ്യ ഓവറിൽ തന്നെ അഭിഷേക് ശര്‍മ്മയെ നഷ്ടമായ ഇന്ത്യയെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 52/1 എന്ന സ്കോറിലേക്ക് ഇഷാന്‍ കിഷന്‍ എത്തിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇഷാന്‍ 25 പന്തിൽ നിന്ന് 42 റൺസാണ് നേടിയത്.

അടുത്ത ഓവറിൽ ഇഷാന്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. 27 പന്തിൽ നിന്നാണ് താരത്തിന്റെ അര്‍ദ്ധ ശതകം. പവര്‍പ്ലേയ്ക്ക് ശേഷമുള്ള അടുത്ത രണ്ട് ഓവറിൽ മുഴുവന്‍ സ്ട്രൈക്കും ഇഷാന്‍ കിഷന്‍ എടുത്തപ്പോള്‍ താരം കത്തിക്കയറുന്ന കാഴ്ചയാണ് കണ്ടത്.

Ishankishan ഇഷാന്‍ കിഷന്‍

എന്നാൽ എട്ടാം ഓവറിന്റെ അവസാനശേഷം താരത്തിന് മെഡിക്കൽ ട്രീറ്റ്മെന്റ് എടുക്കേണ്ടി വന്നത് താരത്തിന്റെ താളംതെറ്റിച്ചു. ഒടുവിൽ 40 പന്തിൽ 77 റൺസ് നേടി ഇഷാന്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 88 റൺസായിരുന്നു. 87 റൺസാണ് ഇഷാന്‍ കിഷന്‍ – തിലക് വര്‍മ്മ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്.

പത്തോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 92/2 എന്ന നിലയിലായിരുന്നു. ഇഷാന്‍ കിഷന്‍ പുറത്തായ ശേഷം ഇന്ത്യയുടെ റൺറേറ്റ് വലിയ തോതിൽ കുറയുന്നതാണ് കൊളംബോയിൽ കണ്ടത്. 25 റൺസ് നേടിയ തിലക് വര്‍മ്മയെയും തൊട്ടടുത്ത പന്തിൽ ഹാര്‍ദ്ദിക് പാണ്ഡ്യയെയും പുറത്താക്കി സൈയിം അയൂബ് ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. നേരത്തെ ഇഷാന്‍ കിഷന്റെ വിക്കറ്റും അയൂബ് തന്നെയാണ് നേടിയത്.

32 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ ഉസ്മാന്‍ താരീഖ് പുറത്താക്കിയപ്പോള്‍ ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. ശിവം ദുബേ 17 പന്തിൽ 27 റൺസ് നേടി പുറത്തായപ്പോള്‍ റിങ്കു സിംഗ് 4 പന്തിൽ നിന്ന് 11 റൺസ് നേടി.