ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡിലിനായി ഇന്ത്യയ്ക്ക് പുറത്ത് പരിശീലനം നടത്തണം

- Advertisement -

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പരിക്ക് മൂലം പിന്മാറിയ ദീപക് പൂനിയ 86 കിലോ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേട്ടം സ്വന്തമാക്കിയതോടൊപ്പം ഒളിമ്പിക്സ് യോഗ്യതയും നേരത്തെ ഉറപ്പാക്കിയിരുന്നുവെങ്കിലും ഒളിമ്പിക്സ് സ്വര്‍ണ്ണം നേടുവാന്‍ തനിക്ക് വിദേശ രാജ്യങ്ങളില്‍ പരിശീലനത്തില്‍ ഏര്‍പ്പെടേണ്ടതായിട്ടുണ്ടെന്ന് താരം അറിയിച്ചു. തന്റെ കന്നി സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത 19 വയസ്സുകാരന്‍ ദീപക് ആദ്യ ടൂര്‍ണ്ണമെന്റില്‍ തന്നെ ഫൈനലില്‍ കടന്നിരുന്നു.

കസാക്കിസ്ഥാനില്‍ നടന്ന മത്സരത്തില്‍ കാലിനും കണ്ണിനുമേറ്റ പരിക്കാണ് താരത്തിനെ ഫൈനലില്‍ നിന്ന് പിന്മാറുവാന്‍ പ്രേരിപ്പിച്ചത്. സ്വര്‍ണ്ണമാണ് താന്‍ മോഹിച്ചതെന്നും അതില്‍ അതീവ സങ്കടമുണ്ടെന്നും താരം പറഞ്ഞപ്പോള്‍ ഒളിമ്പിക്സ് യോഗ്യത നേടാനായതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. നിലവിലെ ലോക ജൂനിയര്‍ ചാമ്പ്യന്‍ കൂടിയായ ദീപക് ഈ ചാമ്പ്യന്‍ഷിപ്പിനായി കടുത്ത പരിശീലനത്തില്‍ ഏര്‍പ്പെട്ടുവെന്ന് പറഞ്ഞു.

ഒളിമ്പിക്സ് സ്വര്‍ണ്ണം തന്റെ സ്വപ്നമാണ്. ടോക്കിയോയില്‍ എല്ലാ മത്സരങ്ങളും കടുത്തതാവും എന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് പോയി പരിശീലിക്കാനായാല്‍ തനിക്ക് ഇത് സാധ്യമാകുമെന്നു പൂനിയ പറഞ്ഞു. ഈ പ്രകടനം തന്റെ ആത്മവിശ്വാസം ഏറെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത അനുഭവം തന്നെ വ്യത്യസ്തമായിരുന്നുവെന്നും പൂനിയ പറഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന ബഹുമതി കൂടിയാണ് താരം സ്വന്തമാക്കിയത്.

ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടിലാണ് താരത്തിന് പരിക്ക് പറ്റിയത്. ഇത്തരം പരിക്കുകള്‍ ഗുസ്തിയില്‍ സഹജമാണെന്നും താരം വ്യക്തമാക്കി.

Advertisement