റുപേ പ്രൈം വോളിബോള്‍ ലീഗ്: ഫൈനല്‍ ലക്ഷ്യമിട്ട് കാലിക്കറ്റ് അഹമ്മദാബാദിനെതിരെ

Newsroom

Img 20230304 Wa0012

കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ രണ്ടാം സെമിഫൈനലില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും കാലിക്കറ്റ് ഹീറോസും ഏറ്റുമുട്ടും. ഇന്ന് (ശനിയാഴ്ച) വൈകിട്ട് ഏഴിന് കൊച്ചിയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് മത്സരം. ലീഗ് റൗണ്ടില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് 7 മത്സരങ്ങളില്‍ 5 വിജയങ്ങളുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, 7 മത്സരങ്ങളില്‍ 4 വിജയങ്ങളുമായി കാലിക്കറ്റ് ഹീറോസ് മൂന്നാം സ്ഥാനത്തെത്തി. ലീഗ് റൗണ്ടില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഹമ്മദാബാദിനായിരുന്നു ജയം. അഞ്ച് സെറ്റ് ത്രില്ലറില്‍ 3-2നായിരുന്നു അവരുടെ ജയം. ഈ തോല്‍വിക്കൊപ്പം കഴിഞ്ഞ സെമിഫൈനലിലെ തോല്‍വിയും ഇന്ന് ജയിച്ചാല്‍ കാലിക്കറ്റിന് മറക്കാം. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് കാലിക്കറ്റ് ഹീറോസ് സെമിഫൈനല്‍ കളിക്കുന്നത്. ആദ്യ സീസണിലെ സെമിയില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റാണ് ടീം പുറത്തായത്. ഫൈനലും ജയിച്ച കൊല്‍ക്കത്ത ചാമ്പ്യന്‍മാരാവുകയും ചെയ്തു. നിലവിലെ റണ്ണേഴ്‌സ് അപ്പാണ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്.

Img 20230304 Wa0011

ഏത് ടീമിനെയും നേരിടാനുള്ള വളരെയേറെ ആത്മവിശ്വാസം റോബിന്‍ റൗണ്ട് ഘട്ടത്തില്‍ ഞങ്ങള്‍ നേടിയിട്ടുണ്ടെന്ന് സെമിഫൈനലിന് മുന്നോടിയായി സംസാരിച്ച കാലിക്കറ്റ് ഹീറോസ് സെറ്റര്‍ മോഹന്‍ ഉക്രപാണ്ഡ്യന്‍ പറഞ്ഞു. ലീഗില്‍ ഇതുവരെ മികച്ച പ്രകടനം നടത്തിയത് പോലെ സെമി ഫൈനലിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് ടീമംഗങ്ങളും വിശ്വസിക്കുന്നത്. മുന്‍മത്സരങ്ങളില്‍ വരുത്തിയ പിഴവുകളില്‍ നിന്ന് ടീം പാഠം പഠിച്ചെന്നും, അവ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഉക്രപാണ്ഡ്യന്‍ പറഞ്ഞു. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് എങ്ങനെ കളിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം, അവര്‍ അവരുടെ മികവ് കാത്തുസൂക്ഷിക്കുന്നുണ്ട്. ഇതിന് മുമ്പുള്ള മത്സരങ്ങളില്‍ ഞങ്ങള്‍ ചില അപ്രേരിത പിഴവുകള്‍ വരുത്തിയിട്ടുണ്ട്, ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ തലത്തിലും ബെംഗളൂരു ടോര്‍പ്പിഡോസിനെ അപേക്ഷിച്ച് കാലിക്കറ്റ് കൂടുതല്‍ ശക്തരായ എതിരാളികളാണെന്ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെ സ്റ്റാര്‍ പ്ലെയറായ അംഗമുത്തു രാമസ്വാമി പറഞ്ഞു. മുഖ്യപരിശീലകന്‍ ദക്ഷിണമൂര്‍ത്തിയുടെ മാര്‍ഗനിര്‍ദേശത്തില്‍ ടീം നന്നായി തയ്യാറെടുക്കുകയാണ്. ഈ മത്സരം ഞങ്ങള്‍ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. സെമിഫൈനലില്‍ ഇതുവരെയുള്ളതില്‍ മികച്ച പ്രകടനം നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംഗമുത്തു കൂട്ടിച്ചേര്‍ത്തു.

സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 (മലയാളം) ചാനലുകളില്‍ മത്സരം തത്സമയം കാണാം. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വോളിബോള്‍ വേള്‍ഡിലൂടെയും മത്സരങ്ങള്‍ തത്സമയം കാണാനാവും.