കന്നിയങ്കത്തില്‍ മുംബൈ നേരിടുന്നത് ആരാധകരുടെ ഇഷ്ട ടീമായ കാലിക്കറ്റിനെ
ബംഗളൂരു, ഫെബ്രുവരി 4: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സീസണിലെ രണ്ടാം ദിനം ലീഗിലെ കന്നിക്കാരായ മുംബൈ മിറ്റിയോഴ്‌സ് ഇറങ്ങുന്നു. ബെംഗളൂരുവിലെ കോറമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് ഹീറോസാണ് മുംബൈ ടീമിന്റെ എതിരാളികള്‍. കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തായിരുന്ന കാലിക്കറ്റ് ഹീറോസ് ഇത്തവണ ജയത്തോടെ സീസണ്‍ തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഇറങ്ങുന്നത്. യുവത്വവും അനുഭവപരിചയത്തും നിറഞ്ഞ താരങ്ങളാല്‍ സമ്പന്നമാണ് അരങ്ങേറ്റ സീസണ്‍ കളിക്കുന്ന മുംബൈ മിറ്റിയോഴ്‌സ് ടീം.
രണ്ട് ടീമുകളും തമ്മില്‍ ആവേശകരമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കാരണം കഴിഞ്ഞ സീസണില്‍ ആരാധകര്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനമുണ്ടായിരുന്നില്ല. ഇത്തവണ ആരാധക സാനിധ്യം മത്സരത്തിന് കൂടുതല്‍ ആവേശം പകരും.
ആദ്യ മത്സരത്തിനായി ടീം ശരിക്കും ആവേശത്തിലാണെന്നും, മത്സരത്തിനായി കാത്തിരിക്കാനാവുന്നില്ലെന്നും മത്സരത്തിന് മുന്നോടിയായി സംസാരിച്ച മുംബൈ മിറ്റിയേഴ്‌സ് ക്യാപ്റ്റന്‍ കാര്‍ത്തിക് എ പറഞ്ഞു. ഞങ്ങള്‍ക്ക് നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്. സ്‌റ്റേഡിയത്തില്‍ ആരാധകരുടെ സാനിധ്യം ടീമിന് കൂടുതല്‍ ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യപരിശീലകന്‍ സണ്ണി ജോസഫിനെ അഭിനന്ദിച്ച കാര്‍ത്തിക്, ലീഗ് മത്സരങ്ങള്‍ക്കായുള്ള തയാറെടുപ്പില്‍ കോച്ചിന്റെ സാനിധ്യം ടീം ക്യാമ്പിന് എത്രമാത്രം ഗുണകരമായെന്നും വിശദീകരിച്ചു. അദ്ദേഹത്തിന്റെ കീഴിലുള്ള ടീമിന്റെ പരിശീലനം തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു. അദ്ദേഹം ഞങ്ങളെ വിശ്വസിക്കുകയും ഞങ്ങളുടെ കഴിവുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ടീമിനെ പ്രചോദിപ്പിക്കുന്നതിനും ഇത് സഹായകരമായി-കാര്‍ത്തിക് പറഞ്ഞു.
വിപുലമായ അനുഭവസമ്പത്തുള്ള യുഎസ്എ വെറ്ററന്‍ താരം മാറ്റ് ഹില്ലിങ് ആണ് ഇത്തവണ പിവിഎലില്‍ കാലിക്കറ്റ് ഹീറോസിനെ നയിക്കുന്നത്. റുപേ പ്രൈം വോളിബോള്‍ ലീഗില്‍ തന്റെ ആദ്യ സീസണ്‍ കളിക്കുന്ന താരം, ടീമിന്റെ തയ്യാറെടുപ്പിലും മൊത്തത്തിലുള്ള അനുഭവത്തിലും പൂര്‍ണ സംതൃപ്തി പങ്കുവെച്ചു. ഇന്ത്യയില്‍ ഇതൊരു വിസ്മയിപ്പിക്കുന്ന അനുഭവമാണെന്ന് മാറ്റ് ഹില്ലിങ് പറഞ്ഞു. ജനുവരി 15 മുതല്‍ ഞങ്ങള്‍ ഒരു ടീമായി കഠിന പരിശീലനത്തിലാണ്, അത് പ്രകടനത്തിലും പ്രതിഫലിപ്പിക്കാനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ടീം അംഗങ്ങള്‍ക്കിടയിലെ ആശയവിനിമയവും സുഗമവും ഫലപ്രദവുമാണെന്നും ഹില്ലിങ് പറഞ്ഞു.
മിറ്റിയോഴ്‌സിനെതിരായ മത്സരത്തില്‍ അദ്ദേഹത്തിന്റെ പ്രതീക്ഷയെക്കുറിച്ച് ചോദിച്ചപ്പോള്‍, കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി. എല്ലാ ഗെയിമും വളരെ മത്സരബുദ്ധിയോടെയുള്ളതാവാമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ചുരുക്കിയ ഫോര്‍മാറ്റും, സൂപ്പര്‍ പോയിന്റും, സൂപ്പര്‍ സെര്‍വും അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ പ്രതിരോധത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യക്ക് പുറത്ത് വോളിബോള്‍ വേള്‍ഡില്‍ ടിവിയിലും മത്സരം തത്സമയം സ്ട്രീം ചെയ്യും.
റുപേ പ്രൈം വോളിബോള്‍ ലീഗിനെക്കുറിച്ച്
ഇന്ത്യയിലെ ഇന്ത്യയിലെ ഏക സ്വകാര്യ സ്‌പോര്‍ട്‌സ് ലീഗാണ് റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23. 2022 ഫെബ്രുവരിയില്‍ ഒന്നാം സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ്, സീസണ്‍ രണ്ടിലേക്ക് പ്രവേശിക്കുന്നത്. റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സീസണ്‍ 2023 ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 5 വരെ നടക്കും. ഇതാദ്യമായാണ് കാണികളുടെ സാനിധ്യത്തില്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലാണ് ഇത്തവണ ലീഗ് മത്സരങ്ങള്‍. ആഗോള വോളിബോള്‍ സംഘടനയായ എഫ്‌ഐവിബിയുടെ വാണിജ്യ വിഭാഗമായ വോളിബോള്‍ വേള്‍ഡ്, ഇന്റര്‍നാഷണല്‍ സ്ട്രീമിങ് പാര്‍ട്ണര്‍മാരായി രണ്ടു വര്‍ഷത്തെ കരാറില്‍ ഇത്തവണ പിവിഎലുമായി കൈകോര്‍ക്കുന്നുണ്ട്. വോളിബോള്‍ വേള്‍ഡ് ടിവിയാണ് ഇന്ത്യക്ക് പുറത്ത് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെ റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ 31 മത്സരങ്ങള്‍ തത്സമയം കാണാം.