ആവേശകരമായ പോരിൽ മുംബൈ മിറ്റിയോഴ്‌സിനെ പിന്തള്ളി അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌ ഒന്നാമത്‌

Newsroom

Picsart 24 03 02 02 22 41 887
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌ മിന്നുംജയം. വെള്ളിയാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ മിറ്റിയോഴ്‌സിനെ രണ്ടിനെതിരെ മൂന്ന്‌ സെറ്റുകൾക്ക് നിലവിലെ ചാമ്പ്യൻമാർ തോൽപ്പിച്ചു. സ്‌കോർ:15–12, 15–11, 14–16, 13–15,15–13). അഹമ്മദാബാദിന്റെ നന്ദഗോപാലാണ്‌ കളിയിലെ താരം.
നാലാം ജയത്തോടെ അഹമ്മദാബാദ്‌ ഒന്നാമതെത്തി. മുംബൈയെ മറികടന്നു.

Picsart 24 03 02 02 22 57 965

നന്ദയുടെ ആക്രമണങ്ങൾ തുടക്കത്തിൽതന്നെ മുംബൈക്ക്‌ വെല്ലുവിളി ഉയർത്തി. അതേസമയം മുത്തുസാമി അപ്പാവു അറ്റാക്കർമാർക്ക്‌ വേഗത്തിൽ അവസരമൊരുക്കികൊണ്ടിരുന്നു. എൽ എം മനോജ്‌ മധ്യനിരയിൽനിന്ന്‌ പിന്തുണ നൽകി. ഷമീം തകർപ്പൻ നീക്കങ്ങളുമായി നിന്നെങ്കിലും അഹമ്മദാബാദിനെ തടയാനായില്ല. അതിനിടെ അമിത്‌ ഗുലിയ മുംബൈക്ക്‌ വേണ്ടി പോയിന്റുകൾ നേടാൻ തുടങ്ങി. പക്ഷേ, മാക്‌ സെനിക്കയുടെ തകർപ്പൻ ആക്രമണം അഹമ്മദാബാദിന്‌ ലീഡൊരുക്കി.

മുംബൈ അറ്റാക്കർമാരെ മനോജ്‌ തടഞ്ഞു. അഹമ്മദാബാദ്‌ പ്രതിരോധത്തിൽ ഇല്യ ബുറാവു കൂടി കണ്ണിചേർന്നതോടെ അവർക്ക്‌ മുൻതൂക്കം കിട്ടി. കുറ്റമറ്റ തന്ത്രങ്ങളാണ്‌ നിലവിലെ ചാമ്പ്യൻമാർ പുറത്തെടുത്തത്‌. ചില പിഴവുകൾ മുംബൈക്ക്‌ സാധ്യതയൊരുക്കി. എന്നാൽ നിർണായക സൂപ്പർ പോയിന്റ്‌ അഹമ്മദാബാദിന്‌ നിയന്ത്രണം നൽകാൻ സഹായകരമായി.

അജിത്‌ ലാലിന്റെ സെർവീസ്‌ പിഴവുകൾ മുംബൈക്ക്‌ തിരിച്ചടിയായി.
നന്ദയുടെ റോക്കറ്റ്‌ സെർവുകൾ മുംബൈയെ ഉലച്ചുകളഞ്ഞു. എന്നാൽ ശുഭം ചൗധരിയുടെ കരുത്തുറ്റ സ്‌പൈക്കുകളിലൂടെ മുംബൈ മറുപടി നൽകി. മധ്യനിരയിൽ സൗരഭ്‌ മാൻ തകർപ്പൻ കളി പുറത്തെടുത്തതോടെ മുബൈ മത്സരത്തിലേക്ക്‌ തിരിച്ചുവന്നു. അതേസമയം നന്ദയുടെ വഴികൾ ഷമീം അടക്കുകയും ചെയ്‌തു. മധ്യഭാഗത്ത്‌ ഷമീം പോരാടിയതോടെ മുംബൈ കളി അവസാന സെറ്റിലേക്ക്‌ നീട്ടി.
പകരക്കാരുടെ ബെഞ്ചിൽനിന്ന്‌ ജെറി ഡാനിയേൽ എത്തിയതോടെ കളി മുംബൈക്ക്‌ അനുകൂലമായി.

തകർപ്പൻ സെർവുകൾ തൊടുത്ത്‌ എതിരാളികളെ സമ്മർദത്തിലാക്കി. പക്ഷേ, സൂപ്പർ പോയിന്റ്‌ വിജയം കളിഗതി മാറ്റി. അവസാന മിനിറ്റുകളിൽ നിർണായക ബ്ളോക്കുകളിലൂടെ ശിഖർ സിങ്‌ കോച്ച്‌ ഡ്രാഗൺ മിഹയ്‌ലോവിച്ചിന്റെ വിശ്വാസം കാത്തു. സൂപ്പർ സെർവിലൂടെ നന്ദ സെറ്റും ജയവും അഹമ്മദാബാദിന്‌ നൽകി.

ലീഗില്‍ ഇന്ന് (ശനി) ഒരു മത്സരം മാത്രം. വൈകിട്ട് 6.30ന് കാലിക്കറ്റ് ഹീറോസ് ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെ നേരിടും. നാലില്‍ മൂന്നും ജയിച്ച് 6 പോയിന്റുള്ള ഹീറോസ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.