റുപേ പ്രൈം വോളിബോള്‍ ലീഗ്; കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കി

Newsroom

Picsart 23 02 01 15 40 14 404

കൊച്ചി: പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം പതിപ്പിനുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ജേഴ്‌സി പുറത്തിറക്കി. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ചും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീമംഗങ്ങളും ചേര്‍ന്നാണ് ജേഴ്‌സി പുറത്തിറക്കിയത്. ഫെബ്രുവരി 4-ന് ബെംഗലൂരുവിലാണ് പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

കൊച്ചി ബ്ലൂ സ്പൈകേഴ്സ് 703566521209101 4254049446663442289 N

നേവി ബ്ലൂ നിറത്തിലുള്ള ജേഴ്‌സിയുടെ കോളറിന് സ്വര്‍ണനിറമാണ്. ജേഴ്‌സിയുടെ തോളിലും സ്ലീവിലും ഇടതും വലതും ഭാഗത്ത് സ്വര്‍ണ നിറത്തില്‍ സ്‌ട്രൈപ്പുകളുമുണ്ട്. സ്വര്‍ണ നിറത്തിലുള്ള ടീമിന്റെ ലോഗോയിലെ സ്വര്‍ണ നിറത്തിന് സമാനമായ സ്‌ട്രൈപ്പുകളാണ് ജേഴ്‌സിലുള്ളത്. ടീമിന്റെ ലോഗോ ജേഴ്‌സിയുടെ മുന്നില്‍ ഇടത് വശത്തും പ്രൈം വോളിബോള്‍ ലീഗിന്റെ ലോഗോ വലത് വശത്തും പുറക് വശത്തുമുണ്ട്. ജേഴ്‌സിയുടെ മുന്‍വശത്ത് നടുക്കായിട്ട് ടൈറ്റില്‍ സ്‌പോണ്‍സര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ലോഗോയും പിന്‍വശത്ത് പ്രസന്റിങ് പാര്‍ട്ണര്‍ എംസ്വാസ്ത്തിന്റെയും വലത് കൈയില്‍ അസോസിയേറ്റ് പാര്‍ട്ണറായ പ്രസ്റ്റിജിന്റെയും ഇടത് കൈയില്‍ ഡിലൈറ്റിന്റെയും (Dlight) ലോഗോയുണ്ട്. ഇതിന് പുറമേ കളിക്കാരുടെ പേരും നമ്പറുമുണ്ട്. ലീഗിന്റെ രണ്ടാം പതിപ്പില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ കിറ്റിങ് പാര്‍ട്ണര്‍ ഡാനിഷ് ബ്രാന്‍ഡായ ഹമ്മല്‍ (Hummel) ആണ്.

റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം പതിപ്പ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ടീമിന് കഴിയുമെന്നതില്‍ നല്ല പ്രതീക്ഷയുണ്ടെന്ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഉടമയും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യുട്ടിവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു. പരിശീലനത്തിനും ടീമെന്ന നിലയില്‍ ഇഴുകി ചേരാനും കളിക്കാര്‍ക്ക് ആവശ്യത്തിന് സമയം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗലൂരുവില്‍ ഫെബ്രുവരി 7-ന് ചെന്നൈ ബ്ലിറ്റ്‌സുമായാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ആദ്യ മത്സരം. കൊച്ചിയില്‍ ഫെബ്രുവരി 25-ന് കാലിക്കറ്റ് ഹീറോസുമായാണ് ടീമിന്റെ ആദ്യ ഹോം മാച്ച്.