വീരോചിതം കാലിക്കറ്റ് ഹീറോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ വീഴ്ത്തി

Newsroom

Picsart 24 02 25 20 45 38 574
Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണില്‍ ജൈത്രയാത്ര തുടര്‍ന്ന് കാലിക്കറ്റ് ഹീറോസ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഹീറോസ് വീഴ്ത്തിയത്. സ്‌കോര്‍: 16-14, 15-8, 15-5. ലീഗില്‍ ഹീറോസിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ജെറോം വിനീതാണ് കൡയിലെ താരം.

കാലിക്കറ്റ് 24 02 25 20 45 55 393

ഒനൂര്‍ സുകൂറിന്റെ പ്രകടനം തുടക്കത്തില്‍ കൊല്‍ക്കത്തയെ സഹായിച്ചെങ്കിലും, ജെറോമിന്റെ കരുത്തേറിയ സര്‍വുകള്‍ അവര്‍ക്ക് വെല്ലുവിളിയുയര്‍ത്തി. ചിരാഗ് യാദവും ലൂയിസ് പെരോറ്റോയും ആക്രമണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ കാലിക്കറ്റ് കുതിച്ചു. എന്നാല്‍ വിനിത് കുമാറിന്റെ സ്‌പൈക്കുകളിലൂടെ കൊല്‍ക്കത്ത ഒപ്പം പിടിച്ചു. അശ്വലിന്റെ സൂപ്പര്‍ സെര്‍വ് കൊല്‍ക്കത്തയെ മുന്നിലെത്തിച്ചതിന് പിന്നാലെ സൂപ്പര്‍ പോയിന്റിലൂടെ കാലിക്കറ്റ് ഹീറോസ് ആദ്യ സെറ്റ് നേടി.

രണ്ടാം സെറ്റില്‍ ഇരുടീമുകളും മികച്ച അറ്റാക്കിങ് പുറത്തെടുത്തതോടെ ജെറോം വിനീത്-വിനിത് കുമാര്‍ പോരിനും കളം സാക്ഷിയായി. സര്‍വീസ് നിരയില്‍ നിന്നുള്ള ആക്രമണോത്സുകമായ കളിയിലൂടെ ചിരാഗ് മത്സരം കാലിക്കറ്റിന്റെ നിയന്ത്രണത്തിലാക്കി. മിഡില്‍ ബ്ലോക്കര്‍മാരായ വികാസ് മാനും ഡാനിയല്‍ മൊതാസെദിയും കൊല്‍ക്കത്തയുടെ പ്രത്യാക്രമണങ്ങളെ തടുത്തുനിര്‍ത്തി. ഉക്രപാണ്ഡ്യന്റെ സമര്‍ഥമായ പാസിങിലുടെ അറ്റാക്കിങ് തുടര്‍ന്ന ഹീറോസ് രണ്ടാം സെറ്റ് അധികം വിയര്‍ക്കാതെ നേടി.

ഉക്രപാണ്ഡ്യന്റെ സൂപ്പര്‍ സെര്‍വ് തണ്ടര്‍ബോള്‍ട്ട്‌സിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. ചിരാഗ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. കൊല്‍ക്കത്ത തുടര്‍ച്ചായി അനാവശ്യ പിഴവുകള്‍ വരുത്തിയതോടെ ഹീറോസ് കുതിച്ചു. മികച്ച ടീം ഗെയിം തുടര്‍ന്ന കാലിക്കറ്റ്, തണ്ടര്‍ബോള്‍ട്ട്‌സ് അഞ്ചാം പോയിന്റില്‍ നില്‍ക്കേ സെറ്റും മത്സരവും സ്വന്തമാക്കി.

ലീഗില്‍ തിങ്കളാഴ്ച രണ്ട് മത്സരങ്ങള്‍. വൈകിട്ട് 6.30ന് ഡല്‍ഹി തൂഫാന്‍സ് ഹൈദരാബാദ് ബ്ലാക് ഹോക്സിനെ നേരിടും. രാത്രി 8.30ന് ബെംഗളൂരു ടോര്‍പ്പിഡോസും അഹമ്മദാബാദ് ഡിഫന്‍ഡേഴ്സും തമ്മിലാണ് രണ്ടാം മത്സരം.

റൂപേ പ്രൈം വോളിബോള്‍ ലീഗ് സീസണ്‍ 3ന്റെ തത്സമയ കവറേജ് 2024 ഫെബ്രുവരി 15 വൈകുന്നേരം 6:30 മുതല്‍ സോണി സ്പോര്‍ട്സ് ടെന്‍ 1 എസ്ഡി ആന്‍ഡ എച്ച്ഡി, സോണി സ്പോര്‍ട്സ് ടെന്‍ 3 എസ്ഡി ആന്‍ഡ് എച്ച്ഡി (ഹിന്ദി), സോണി സ്പോര്‍ട്സ് ടെന്‍ 4 എസ്ഡി ആന്‍ഡ് എച്ച്ഡി (തമിഴ്, തെലുങ്ക്) എന്നിവയില്‍ കാണാം.