കേരള ഡെര്‍ബി ത്രില്ലറില്‍ കാലിക്കറ്റ് ഹീറോസിന് ജയം, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ 3-2ന് പരാജയപ്പെടുത്തി

Newsroom

Img 20220218 Wa0075
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്, 18 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗില്‍ വെള്ളിയാഴ്ച നടന്ന കേരള ഡെര്‍ബി ത്രില്ലറില്‍ കാലിക്കറ്റ് ഹീറോസിന് ജയം. ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 15-12, 15-9, 9-15, 9-15, 15-11. ജയത്തോടെ രണ്ട് പോയിന്റ് നേടിയ കാലിക്കറ്റ് ഹീറോസ് സെമി പ്രതീക്ഷകളും നിലനിര്‍ത്തി. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കാലിക്കറ്റ് ഹീറോസിന്റെ അജിത്‌ലാല്‍ സി കളിയിലെ താരമായി. നാലു മത്സരങ്ങളില്‍ കൊച്ചിയുടെ മൂന്നാം തോല്‍വിയാണിത്. അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കാലിക്കറ്റിന്റെ രണ്ടാം ജയവും.

ജെറോം വിനിതിന്റെ തകര്‍പ്പന്‍ സ്‌പൈക്കിലൂടെ ആദ്യ സെറ്റില്‍ 8-6ന് ഹീറോസ് ലീഡ് നേടി. ഡേവിഡ് ലീയും മികച്ചു നിന്നതോടെ കാലിക്കറ്റ് കുതിപ്പ് തുടര്‍ന്നു. ജെറോമിന്റെ മറ്റൊരു സ്‌പൈക്കിലൂടെ സൂപ്പര്‍ പോയിന്റ് നേടിയ ഹീറോസ് 13-9ന് നാല് പോയിന്റ് ലീഡ് നേടി. ഹീറോസ് കുതിച്ചുകയറി, ആദ്യ സെറ്റ് 15-12ന് സ്വന്തമാക്കി.

എറിന്‍ വര്‍ഗീസും കോഡി കാള്‍ഡ്‌വെലും ചേര്‍ന്ന് മികച്ച സ്‌പൈക്കുകള്‍ സൃഷ്ടിച്ചതോടെ രണ്ടാം സെറ്റില്‍ കൊച്ചി 9-6ന് മുന്നിലെത്തി. എന്നാല്‍ മികച്ച ഫോം തുടര്‍ന്ന നായകന്‍ ജെറോമിലൂടെ 10-9ന് ഹീറോസ് ലീഡ് പിടിച്ചു. അജിത്‌ലാല്‍ രണ്ട് മികച്ച സ്‌പൈക്കുകള്‍ നടത്തി. 9-6ന് പിന്നില്‍ നിന്ന ശേഷം തുടര്‍ച്ചയായി 9 പോയിന്റുകള്‍ നേടിയ കാലിക്കറ്റ് 15-9ന് രണ്ടാം സെറ്റും നേടി.

എറിന്‍ വര്‍ഗീസിന്റെ ഉജ്ജ്വലമായ സ്‌പൈക്കിലൂടെ മൂന്നാം സെറ്റില്‍ 10-7ന് കൊച്ചി ആധിപത്യം സ്ഥാപിച്ചു. അബ്ദുള്‍ റഹീമും, കോഡി കാള്‍ഡ്‌വെലും മിന്നും പ്രകടനം നടത്തി 13-8ന് ലീഡ് അഞ്ചാക്കി ഉയര്‍ത്തി. 15-9ന് മൂന്നാം സെറ്റ് അവസാനിപ്പിച്ച് ബ്ലൂ സ്‌പൈക്കേഴ്‌സ് കളിയിലേക്കും തിരിച്ചെത്തി.

റഹീമിന്റെ മികവില്‍ നാലാം സെറ്റില്‍ 5-1ന് കൊച്ചിക്ക് ശക്തമായ തുടക്കം ലഭിച്ചു. കാള്‍ഡ്‌വെലിന്റെ മികച്ച സ്മാഷിലൂടെ ബ്ലൂ സ്‌പൈക്കേഴ്‌സ് ലീഡ് ഉയര്‍ത്തി. സൂപ്പര്‍ പോയിന്റും നേടിയതോടെ സ്‌കോര്‍ 12-6 ആയി. ആധിപത്യം തുടര്‍ന്ന കൊച്ചി 15-9ന് സെറ്റ് അവസാനിപ്പിച്ച് മത്സരം കൂടുതല്‍ ആവേശകരമാക്കി.

അവസാന സെറ്റില്‍ ഇരുടീമുകളും കടുത്ത പോരാട്ടം നടത്തി. 7-7ന് സ്‌കോര്‍ സമനിലയിലായി. എബില്‍ കൃഷ്ണന്റെ രണ്ട് നിര്‍ണായക സ്‌പൈക്കുകള്‍ ഹീറോസിനെ 13-10ന് ലീഡ് ചെയ്യാന്‍ സഹായിച്ചു. അജിത്‌ലാലിന്റെ അതിഗംഭീരമായ സ്‌പൈക്കിലൂടെ 15-11ന് അവസാന സെറ്റും മത്സരവും കാലിക്കറ്റ് ഹീറോസിന് സ്വന്തമായി.

2022 ഫെബ്രുവരി 19 ശനിയാഴ്ച വൈകിട്ട് 6.50ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും.