കെ.കെ സെയ്ദ് മുഹമ്മദ് സാഹിബ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിൽ മുത്തമിട്ടു ആർ.എസ്.സി കവരത്തി

ജനസാഗരത്തെ സാക്ഷിയാക്കി ലക്ഷദ്വീപിൽ കാരക്കാട് യങ് ചലഞ്ചേഴ്‌സ് ക്ലബ് സംഘടിപ്പിച്ച അഞ്ചാമത് കെ.കെ സെയ്ദ് മുഹമ്മദ് സാഹിബ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിൽ മുത്തമിട്ടു ആർ.എസ്.സി കവരത്തി. ടൂർണമെന്റിൽ ആദ്യമായി സ്വന്തം ടീമിന് ആയി ആർത്തു വിളിച്ച കാണികൾക്ക് മുന്നിൽ ആദ്യ സെറ്റ് കൈവിട്ട ശേഷം ആയിരുന്നു കവരത്തി ടീമിന്റെ തിരിച്ചു വരവ്. ആദ്യ സെറ്റ് നേടാൻ ആയി എങ്കിലും തുടർന്ന് മത്സരത്തിൽ മൂന്നു സെറ്റുകളും ആന്ത്രോത്ത് നുനു ആൽമണ്ട് കൈവിടുക ആയിരുന്നു. സെറ്റർ ദർവേശിന് പരിക്കേറ്റതും കവരത്തി നിരയിലെ കേരള താരങ്ങളുടെ അനുഭവ പരിചയവും നുനുവിനു തിരിച്ചടിയായി.

വോളിബോൾ

വോളിബോൾ

80,000 രൂപയും മെഡലുകളും ട്രോഫിയും അടങ്ങുന്ന സമ്മാനം കവരത്തി ടീം നേടിയപ്പോൾ നുനു 60,000 രൂപയും മെഡലുകൾ അടങ്ങുന്ന സമ്മാനം സ്വന്തമാക്കി. നിറഞ്ഞ കാണികൾക്ക് മുന്നിൽ അത്യന്തം ആവേശകരമായിരുന്നു ഫൈനൽ മത്സരം. ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായി കവരത്തി ടീമിൽ കളിച്ച കേരള താരം അർഷദ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച അറ്റാക്കർ ആയും അർഷദിനെ തന്നെ തിരഞ്ഞെടുത്തു. ബുദ്ധിപൂർവ്വമായ കളി മികവ് കൊണ്ട് കവരത്തി ടീമിന്റെ ഏറ്റവും വലിയ ശക്തിയായ ക്യാപ്റ്റനും കേരള താരവുമായ നജാസ് മികച്ച സെറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം മികച്ച വളർന്നു വരുന്ന താരമായി നുനുവിന്റെ ഇഹിതിഷാമും തിരഞ്ഞെടുക്കപ്പെട്ടു.