റഗ്ബി ലോകകപ്പിൽ ചരിത്രം എഴുതി ജപ്പാൻ, ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് ആയി

- Advertisement -

റഗ്ബി ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ആദ്യ ഏഷ്യൻ രാജ്യമായി ജപ്പാൻ ചരിത്രം എഴുതി. സ്വന്തം മണ്ണിൽ തങ്ങളുടെ പോരാട്ടവീര്യം ആവേശമായപ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് അവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ശക്തരായ അയർലൻഡിനു പിറകെ ഇന്ന് സ്‌കോട്ട്‌ലൻഡിനേയും അവർ മറികടന്നു. ആദ്യം മുന്നിൽ എത്തിയ സ്‌കോട്ടിഷ്കാർക്ക് എതിരെ ഉജ്ജ്വല പ്രകടനത്തിലൂടെ മത്സരത്തിൽ നിയന്ത്രണം ഏറ്റെടുക്കുന്ന ജപ്പാനെയാണ് മത്സരത്തിൽ പിന്നീട് കണ്ടത്. എന്നാൽ അവസാനം ജീവന്മരണ പോരാട്ടത്തിൽ സ്‌കോട്ട്‌ലൻഡ് പൊരുത്തിയെങ്കിലും ജപ്പാൻ വഴങ്ങിയില്ല. 28-21 സാമുറായികൾ മത്സരത്തിൽ ജയവും പുതിയ ചരിത്രവും കുറിച്ചു. രാജ്യത്ത് നാശം വിതച്ച ചുഴലിക്കാറ്റും, ഭൂമി കുലുക്കവും ജീവൻഎടുത്തവർക്ക് ആദരവ് അർപ്പിച്ചു തുടങ്ങിയ മത്സരത്തിലെ ജയം ജപ്പാൻ ടീം അവർക്കായി സമർപ്പിച്ചു. കെങ്കി ഫുകോക്ക, കൊട്ടാരോ മൊട്ടുഷിമ എന്നിവരുടെ മിന്നും പ്രകടനത്തിന് പുറകെ ടീമിന്റെ കൂട്ടായ പോരാട്ടവീര്യം ആണ് ജപ്പാന് ജയം സമ്മാനിച്ചത്.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായ മത്സരത്തിൽ ജയം കണ്ടതോടെ ഗ്രൂപ്പ് എയിൽ അയർലൻഡിനെ മറികടന്ന അവർ ഒന്നാമത് ആയാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് എയിൽ 4 മത്സരങ്ങളിൽ നിന്ന് ബോണസ് പോയിന്റ് അടക്കം ജപ്പാന് 19 പോയിന്റും അയർലൻഡിനു 16 പോയിന്റും ഉണ്ട്. അതേസമയം സ്‌കോട്ട്‌ലൻഡിനു 11 ഉം സമോവക്ക് അഞ്ചും റഷ്യക്ക് 0 പോയിന്റും ആണ് ഗ്രൂപ്പിൽ. ഇതോടെ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാർ ആയ നിലവിലെ ജേതാക്കളും മൂന്നു തവണ കിരീടം ഉയർത്തിയ ന്യൂസിലാൻഡ് അയർലൻഡിനെയും ജപ്പാൻ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാർ ആയ മുമ്പ്‌ രണ്ടു തവണ ലോകജേതാക്കൾ ആയ ദക്ഷിണാഫ്രിക്കയെയും നേരിടും. കഴിഞ്ഞ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ചരിത്രം ആവർത്തിക്കാൻ ആവും ജപ്പാൻ ശ്രമം. ഗ്രൂപ്പ് ബിയിൽ ന്യൂസിലാൻഡിനു 16 ഉം ദക്ഷിണാഫ്രിക്കക്ക് 15 പോയിന്റും ആണ് ഉള്ളത്. അതേസമയം ഇറ്റലിക്ക് 12 ഉം നമീബിയ, കാനഡ ടീമുകൾക്ക് 2 വീതം പോയിന്റും ഉണ്ട്.

അതേസമയം മരണഗ്രൂപ്പ് ആയ ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ട്, ഫ്രാൻസ് ടീമുകൾ മുന്നേറിയപ്പോൾ വമ്പന്മാരായ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മടങ്ങി. ഗ്രൂപ്പിൽ 2003 ലെ ജേതാക്കൾ ആയ ഇംഗ്ലണ്ട് 17 പോയിന്റുമായി ഒന്നാമത് എത്തിയപ്പോൾ 15 പോയിന്റുമായി ഫ്രാൻസ് രണ്ടാമത് എത്തി. 11 പോയിന്റുകൾ മാത്രം നേടാൻ ആയ അർജന്റീന പുറത്തേക്കുള്ള വഴി കണ്ടു. അതേസമയം ഇന്ന് നടന്ന ഗ്രൂപ്പിലെ ദുർബലർ തമ്മിലുള്ള പോരാട്ടത്തിൽ ജയം കണ്ട ടോങ അമേരിക്കയെ അക്ഷരാർത്ഥത്തിൽ നാണം കെടുത്തി. ഇതോടെ ഗ്രൂപ്പിൽ 6 പോയിന്റുകൾ ടോങ നേടിയപ്പോൾ ഒരു പോയിന്റ് പോലും ഗ്രൂപ്പ് ഘട്ടത്തിൽ നേടാതെ ആയി അമേരിക്കയുടെ മടക്കം. ഇതോടെ ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാർ ആയ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാർ ആയ ഓസ്‌ട്രേലിയയെ നേരിടും, 2003 റഗ്ബി ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനം ആവും ഈ മത്സരം. അന്ന് ഓസ്‌ട്രേലിയയെ തോൽപ്പിച്ച ഇംഗ്ലണ്ട് കിരീടം ഉയർത്തിയിരുന്നു.

അതേസമയം ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച വെയിൽസ് തങ്ങൾ കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത് എന്ന വ്യക്തമായ സൂചന നൽകി. ഇന്ന് നടന്ന മത്സരത്തിൽ പരിക്ക് കാരണം പല പ്രമുഖതാരങ്ങൾ ഇല്ലാതെ കളത്തിൽ ഇറങ്ങിയ അവർ 35-13 എന്ന സ്കോറിന് ആണ് ഉറുഗ്വായെ മറികടന്നത്. ഇതോടെ ഗ്രൂപ്പിൽ 19 പോയിന്റുമായി ഒന്നാമത് എത്തിയ അവർ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാർ ആയ ഫ്രാൻസുമായുള്ള ക്വാർട്ടർ ഉറപ്പാക്കി. ഈ ലോകകപ്പ് കാത്തിരിക്കുന്ന മികച്ച മത്സരങ്ങളിൽ ഒന്നാവും ഇത് എന്നുറപ്പാണ്. ഗ്രൂപ്പിൽ രണ്ടാമതുള്ള ഓസ്‌ട്രേലിയക്ക് 16 പോയിന്റുകൾ ആണ് ഉള്ളത്. അതേസമയം ഫിജിക്ക് 7 ഉം ജോർജിയക്ക് 5 ഉം ഉറുഗ്വായ്ക്ക് 4 ഉം പോയിന്റുകൾ ആണ് ഗ്രൂപ്പ് ഡിയിൽ നിന്നു നേടാൻ ആയത്. ഈ മാസം 19 തിന് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ മത്സരത്തിൽ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ നേരിടുമ്പോൾ അന്ന് തന്നെ നടക്കുന്ന രണ്ടാം ക്വാർട്ടർ ന്യൂസിലാൻഡ് അയർലൻഡ് പോരാട്ടം ആവും. അതേസമയം 20 നു നടക്കുന്ന മൂന്നാം ക്വാർട്ടറിൽ വെയിൽസ് ഫ്രാൻസിനെ നേരിടുമ്പോൾ അന്ന് തന്നെ നടക്കുന്ന നാലാം ക്വാർട്ടർ ഫൈനലിൽ ജപ്പാനും ദക്ഷിണാഫ്രിക്കയും മുഖാമുഖം വരും. ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങൾ ആണ് ക്വാട്ടർ ഫൈനൽ മുതൽ ആരാധകരെ കാത്തിരിക്കുന്നത്. തുല്യശക്തികൾ ഏറ്റുമുട്ടുന്ന പല ക്വാട്ടർ മത്സരങ്ങളും തീപാറും എന്നുറപ്പാണ്. പല മത്സരങ്ങളും പ്രകൃതി ക്ഷോഭം മൂലം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ലോകകപ്പിന്റെ ആവേശം ഒട്ടും ചോർന്നിട്ടില്ല ജപ്പാനിൽ എന്നതിന്റെ തെളിവാണ് ഗാലറി നിറയുന്ന ആരാധകർ. ഇനിയും ലോകകപ്പ് ആവേശം ആക്കാൻ തന്നെയാവും ജപ്പാന്റെ ശ്രമം.

Advertisement