കനേഡിയൻ വിമൻസ് ഓപ്പൺ 2025-ൽ (Canadian Women’s Open 2025) നിലവിലെ ചാമ്പ്യനും ലോക ഏഴാം നമ്പർ താരവുമായ ബെൽജിയത്തിന്റെ ടിൻ ഗിലിസിനെ (Tinne Gilis) നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യൻ താരം അനഹത് സിംഗ് (Anahat Singh) സ്ക്വാഷ് ലോകത്തെ ഞെട്ടിച്ചു.
17-കാരിയായ ഈ ഇന്ത്യൻ അത്ഭുത ബാലിക 12-10, 11-9, 11-9 എന്ന സ്കോറിനാണ് വിജയിച്ചത്. ഇത് കരിയറിലെ ആദ്യത്തെ ടോപ്പ്-10 വിജയമാണ്, ഇതോടെ താരം സെമിഫൈനലിലേക്ക് മുന്നേറി.
ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നതിന് മുമ്പ് ലോക 20-ാം നമ്പർ താരം മെലിസ ആൽവെസിനെ (Melissa Alves) അട്ടിമറിച്ചാണ് അനഹത് ടൂർണമെന്റിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്. ലോക റാങ്കിംഗിൽ 43-ാം സ്ഥാനത്തുള്ള അനഹത് സിംഗിൻ്റെ ടൊറന്റോയിലെ പ്രകടനം, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർക്കെതിരെ മത്സരിക്കുന്ന ഒരു കൗമാരക്കാരി എന്ന നിലയിൽ അവരുടെ യുവ കരിയറിലെ ഒരു പ്രധാന നാഴികക്കല്ലാണ്.
തിരുവനന്തപുരം: കേരള സ്‌പോർട്‌സ് ജേർണലിസ്റ്റ് അസോസിയേഷൻറെ (കെഎസ്ജെ എ ) മികച്ച അത്‌ലീറ്റുകൾക്കുള്ള യു. എച്ച്. സിദ്ദിഖ് മെമ്മോറിയൽ അവാർഡ് ജെ. നിവേദ് കൃഷ്‌ണയ്‌ക്കും പി ടി ബേബി മെമ്മോറിയൽ അവാർഡ് ആദിത്യ അജിക്കും. 5000 രൂപയും ട്രോഫിയുമാണ് അവാർഡ്. കേരള സ്‌കൂൾ കായികമേളയുടെ സമാപന ദിവസം നടന്ന പ്രത്യേക ചടങ്ങിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ഗോൾ കീപ്പറും പരിശീലകനുമായ ഒളിമ്പ്യൻ പി. ആർ. ശ്രീജേഷ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ചാമ്പ്യനായ നിവേദ് 200ൽ മീറ്റ് റെക്കോഡോടെയാണ് ഒന്നാമതെത്തിയത്. പാലക്കാട് ചിറ്റൂർ ജിഎച്ച്‌എസ്‌എസിലെ പ്ലസ് ടു വിദ്യാർഥിയാണ് നിവേദ്.
സീനിയർ പെൺകുട്ടികളിൽ ആദിത്യ ട്രിപ്പിൾ സ്വർണം നേടി. 100, 200, 100 മീറ്റർ ഹർഡിൽസ് എന്നിവയിൽ ചാമ്പ്യനായി. 4×100 മീറ്റർ റിലേയിൽ പൊന്നണിഞ്ഞ മലപ്പുറം ടീമിലും ഉൾപ്പെട്ടു. മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്‌എസ്‌എസിലെ പ്ലസ്‌ടുക്കാരിയാണ് ആദിത്യ.
കൊമ്പൻസ് എഫ്‌സി ഡയറക്ടർ ആർ. അനിൽ കുമാർ, കേരള ഒളിമ്പിക് അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. എൻ രഘുചന്ദ്രൻ നായർ, മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനീഷ് തോമസ് എന്നിവർ സംസാരിച്ചു. പരിശീലകരായ പി. ഐ. ബാബു, ഡോ. ജിമ്മി ജോസഫ്, സ്‌പോർട്‌സ് ലേഖകൻ ജോമിച്ചൻ ജോസ് എന്നിവർ അംഗങ്ങളായ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ദേശീയ, അന്തർദേശീയ കായികമേളകളിൽ നിറസാന്നിധ്യമായിരുന്ന മാതൃഭൂമി സ്പോർട്സ് ന്യൂസ് എഡിറ്റർ പി. ടി. ബേബിയുടെയും സുപ്രഭാതം റിപ്പോർട്ടർ യു എച്ച് സിദ്ദിഖിന്റെയും സ്‌മരണാർഥമാണ് അവാർഡുകൾ നൽകുന്നത്.
ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ്‍ കിരീടം ബെംഗളൂരു ടോര്‍പ്പിഡോസിന്. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത മുംബൈ മിറ്റിയോഴ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ബെംഗളൂവിന്റെ കന്നിക്കിരിടം. സ്‌കോര്‍: 15-13, 16-4, 15-13. ലീഗ്ഘട്ടത്തില്‍ മുംബൈയോട് തോറ്റ് രണ്ടാം സ്ഥാനക്കാരാവേണ്ടി വന്ന ബെംഗളൂരിന് ഫൈനല്‍ വിജയം മധുരപ്രതികാരം കൂടിയായി. രണ്ടാം സെറ്റില്‍ നാലു പോയിന്റുകള്‍ മാത്രമാണ് മുംബൈക്ക് നേടാനായത്. മൂന്നാം സെറ്റില്‍ സ്‌കോര്‍ 14-13 വരെയെത്തിച്ചെങ്കിലും ഡേവിഡ് ലീയുടെ സംഘത്തെ തടയാനായില്ല. 2023 ഫൈനലില്‍ ബെംഗളൂരു അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനോട് തോറ്റിരുന്നു. അന്നും ഡേവിഡ് ലീ തന്നെയായിരുന്നു ടോര്‍പ്പിഡോസിന്റെ പരിശീലകന്‍.
ആദ്യ സെറ്റില്‍ ഇരുടീമുകളും ജാഗ്രതയോടെ കളിച്ചു. പീറ്റര്‍ ഓസ്റ്റ്വിക് ജോയല്‍ ബെഞ്ചമിനെ ബ്ലോക്ക് ചെയ്തപ്പോള്‍, ശുഭം ചൗധരിയുടെ ഷോട്ട് ബ്ലോക്ക് ചെയ്തുകൊണ്ട് ജിഷ്ണു ബംഗളൂരുവിനായി ശക്തമായി തിരിച്ചടിച്ചു. സേതുവിന്റെ സെര്‍വീസ് ബംഗളൂരുവിന് നേരിയ മുന്‍തൂക്കം നല്‍കി, ഇത് മിറ്റിയോഴ്‌സിനെ സൂപ്പര്‍ പോയിന്റിന് വിളിക്കാന്‍ നിര്‍ബന്ധിതരാക്കി. മുംബൈ ശക്തമായി പൊരുതിയെങ്കിലും, ബെംഗളൂരു ക്യാപ്റ്റനും സെറ്ററുമായ മാറ്റ് വെസ്റ്റിന്റെ കൃത്യതയാര്‍ന്ന പന്തെത്തിക്കല്‍ ടോര്‍പ്പിഡോസിനെ ആദ്യ സെറ്റ് നേടാന്‍ സഹായിച്ചു.
ബെംഗളൂരിന്റെ സര്‍വാധിപത്യമായിരുന്നു രണ്ടാം സെറ്റില്‍. സേതുവിന്റെ സൂപ്പര്‍ സെര്‍വിലൂടെയാണ് ബെംഗളൂരു തുടങ്ങിയത്. മുംബൈയുടെ ഭാഗത്തുനിന്നുണ്ടായ തുടര്‍ച്ചയായ പിഴവുകള്‍ ബെംഗളൂരുവിന്റെ സ്‌കോറിങ് വേഗത്തിലാക്കി. മുംബൈക്കായി ഓം ലാഡ് വസന്ത് അറ്റാക്കര്‍മാര്‍ക്ക് കൃത്യമായി പന്തെത്തിച്ചു, എന്നാല്‍ ശുഭവും ക്യാപ്റ്റന്‍ അമിത് ഗുലിയയും പന്തുകള്‍ ദൂരത്തേക്ക് അടിച്ച് പാഴാക്കി. ജോയലിന്റെ സ്ഥിരതയാര്‍ന്ന ആക്രമണങ്ങള്‍ മുംബൈയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും ചെയ്തു. ജോയലിന്റെ സൂപ്പര്‍ സെര്‍വിലൂടെ ടോര്‍പ്പിഡോസ് രണ്ട് സെറ്റിന്റെ ലീഡുറപ്പിച്ചു. മൂന്നാം സെറ്റില്‍, ജാലെന്‍ പെന്റോസ് ശക്തമായ സ്‌പൈക്കുകള്‍ ഉതിര്‍ത്തതോടെ ടോര്‍പ്പിഡോസ് മുന്നേറ്റം തുടര്‍ന്നു. ശുഭം കൗണ്ടര്‍അറ്റാക്കിന് നേതൃത്വം നല്‍കിയെങ്കിലും മുംബൈയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ല. സൂപ്പര്‍പോയിന്റും മുംബൈയെ തുണച്ചില്ല, നിഖിലിന്റെ സര്‍വീസ് പിഴവിലൂടെ ബെംഗളൂരു ജയവും കിരീടവും ഉറപ്പിച്ചു.
Image Caption
പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം സീസണ്‍ ഫൈനലില്‍ മുംബൈ മിറ്റിയോഴ്‌സിനെതിരെ വിജയം നേടിയ ബെംഗളൂരു ടോര്‍പ്പിഡോസ് താരങ്ങളുടെ ആഹ്ലാദം
ഇന്ത്യക്ക് ആയി പുതിയ ചരിത്രം കുറിച്ചു ലക്ഷദ്വീപിന്റെ മുബസ്സിന മുഹമ്മദ്. സീനിയർ തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ ലക്ഷദ്വീപുകാരിയായ മുബസ്സിന സൗത്ത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയാണ് ചരിത്രം എഴുതിയത്. നേരത്തെ ജൂനിയർ തലത്തിൽ ഇന്ത്യക്ക് ആയി മെഡൽ നേടിയ താരം ലോങ് ജംപിൽ വീണ്ടും ചരിത്രം ആവർത്തിക്കുക ആയിരുന്നു.
തന്റെ ആദ്യ ശ്രമത്തിൽ 6.07 മീറ്റർ ചാടിയ താരം വെള്ളി ഉറപ്പിക്കുക ആയിരുന്നു. 6.23 മീറ്റർ ചാടിയ ശ്രീലങ്കൻ താരമാണ് സ്വർണം നേടിയത്. തന്റെ ഏറ്റവും മികച്ച ദൂരമായ 6.30 മീറ്റർ ചാടാൻ ആയില്ലെങ്കിലും ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആയി മെഡൽ നേടി ചരിത്രം കുറിക്കാൻ ലക്ഷദ്വീപിന്റെ അഭിമാന താരത്തിന് ആയി.
ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ അനായാസ ജയവുമായി മുംബൈ മിറ്റിയോഴ്‌സ് ഫൈനലില്‍. ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച്ച നടന്ന ആദ്യ സെമിഫൈനലില്‍ ഗോവ ഗാര്‍ഡിയന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 15-8, 15-8, 16-14. ഒക്ടോബര്‍ 26ന് നടക്കുന്ന ഫൈനലില്‍ രണ്ടാം സെമിയിലെ ബെംഗളൂരു ടോര്‍പ്പിഡോസ്-അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് വിജയികളെ നേരിടും. ആദ്യരണ്ട് സെറ്റുകള്‍ അനായാസം നേടിയ മുംബൈക്കെതിരെ മൂന്നാം സെറ്റില്‍ മാത്രമാണ് ഗോവയ്ക്ക് അല്‍പമെങ്കിലും പൊരുതാനായത്. പോയിന്റ് 14-14 വരെയെത്തിച്ചെങ്കിലും മുംബൈയുടെ നേരിട്ടുള്ള ജയം തടയാനായില്ല. നഥാനിയേല്‍ ഡിക്ക്‌സണിന്റെ സ്‌പൈക്കും രോഹിത് യാദവിന്റെ സെര്‍വീസും ഗോവക്ക് മികച്ച തുടക്കം നല്‍കി. എന്നാല്‍ മുംബൈയുടെ ശുഭം ചൗധരിയും അമിത് ഗുലിയയും മികച്ച പ്രകടനത്തിലൂടെ ഗോവന്‍ പ്രതിരോധത്തെ തകര്‍ത്തു. ഗോവ ഒരു സൂപ്പര്‍ പോയിന്റ് നേടിയെങ്കിലും മുംബൈയുടെ ചിട്ടയായ കളി അവരെ ആദ്യ സെറ്റിലേക്ക് നയിച്ചു.
രണ്ടാം സെറ്റില്‍ ഗോവ തിരിച്ചടിക്ക് ശ്രമിച്ചു. മിഡില്‍സോണില്‍ നിന്ന് പ്രിന്‍സാണ് കൗണ്ടര്‍ അറ്റാക്കിന് നേതൃത്വം നല്‍കിയത്. പക്ഷേ കാര്‍ത്തികിലൂടെ മുംബൈ മുന്നേറി. കളി തിരിച്ചുപിടിക്കാന്‍ ഗോവ സെറ്റര്‍ അരവിന്ദിനെ കളത്തിലിറക്കി. എല്‍.എം മനോജിന്റെ ഒരു സൂപ്പര്‍ സര്‍വ് ഗോവയ്ക്ക് ആഘോഷിക്കാന്‍ വക നല്‍കി. എന്നാല്‍ പ്രിന്‍സിന്റെ ഒരു ഷോട്ട് പുറത്തുപോയത് ഗോവയ്ക്ക് സൂപ്പര്‍ പോയിന്റ് നഷ്ടപ്പെടുത്തുകയും മുംബൈയെ 2-0ന് മുന്നിലെത്തിക്കുകയും ചെയ്തു. മൂന്നാം സെറ്റില്‍ ഗോവ കൂടുതല്‍ ശക്തമായി കളിച്ചു, മത്സരം കടുപ്പമേറിയതായി. പക്ഷേ അമിത് ഗുലിയയുടെ സൂപ്പര്‍ സര്‍വില്‍ മുംബൈ ആധിപത്യം തുടര്‍ന്നു. മധ്യനിരയില്‍ പെറ്റര്‍ ഓസ്റ്റ്വികും മികച്ച പ്രകടനം നടത്തി. വിക്രം നേടിയ സൂപ്പര്‍ പോയിന്റ് ഗോവയ്ക്ക് നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, സ്‌കോര്‍ 14-15ല്‍ നില്‍ക്കേ കാര്‍ത്തിക് ഗോവയുടെ ചിരാഗ് യാദവിന്റെ സ്‌പൈക്ക് തടഞ്ഞ് മുംബൈയുടെ വിജയവും ഫൈനല്‍ പ്രവേശനവും ഉറപ്പാക്കി. നിര്‍ധനരായ കുട്ടികളെ സംരക്ഷിക്കുന്ന ആദരണ ട്രസ്റ്റില്‍ നിന്നുള്ള കുട്ടികളായിരുന്നു സെമിഫൈനലില്‍ ടീമുകളെ അനുഗമിച്ചത്.
Image Caption
പ്രൈം വോളിബോൾ ലീഗിലെ ആദ്യ സെമി ഫൈനലിൽ ഗോവ ഗാർഡിയൻ സിനെ നേരിടുന്ന മുംബൈ മിറ്റിയോർസ്
ഹൈദരാബാദ്: ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആർ.ആർ കാബെൽ പ്രൈം വോളിബോൾ ലീഗിൻ്റെ നാലാം സീസണിൽ തിങ്കളാഴ്ച നടന്ന രണ്ടാം മത്സരത്തിൽ മുംബൈ മിറ്റിയോഴ്സ്, ചെന്നൈ ബ്ലിറ്റ്സിനെ 3-1ന് (16-14, 11-15, 15-12, 21-19) പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. മാത്തിയാസ് ലോഫ്റ്റെസ്നസ് ആണ് മാൻ ഓഫ് ദ മാച്ച്.
ചെന്നൈ സെറ്റർ സമീർ, ജെറോം വിനീതിനും ലൂയിസ് പെരോട്ടോയ്ക്കും ആക്രമിക്കാൻ അവസരം ഒരുക്കിയപ്പോൾ, മുംബൈക്കായി ക്യാപ്റ്റൻ അമിത് ഗുലിയ മധ്യഭാഗത്തുനിന്നും ആക്രമണം നടത്തി. മിഡിൽബ്ലോക്കർ അസീസ്ബെക് ചെന്നൈക്കായി മികച്ച പ്രതിരോധം തീർത്തെങ്കിലും അമിതിനെ തടയാനില്ല. ഓം ലാഡ് വസന്തിൻ്റെ കൃത്യ സമയത്തുള്ള ബ്ലോക്കിലൂടെ മുംബൈ ആദ്യ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിൽ ചെന്നൈ ശക്തമായി തിരിച്ചടിച്ചു. തരുൺ ചെന്നൈയുടെ കൗണ്ടർ അറ്റാക്കിന് നേതൃത്വം നൽകി. സൂരജ് ചൗധരി അമിത്തിനെതിരെ നടത്തിയ ബ്ലോക്കും, പെരോട്ടോയുടെ സൂപ്പർ സെർവും മുംബൈയെ സമ്മർദ്ദത്തിലാക്കി. ഒടുവിൽ ചെന്നൈ ബ്ലിറ്റ്സ് രണ്ടാം സെറ്റ് നേടി കളി സമനിലയിലാക്കി.
മൂന്നാം സെറ്റിൽ, ചെന്നൈയുടെ ലിബറോ ശ്രീകാന്തിൻ്റെ മികച്ച പ്രകടനം കാണികളെ ത്രസിപ്പിച്ചു. എന്നാൽ കാർത്തികിൻ്റെ ബ്ലോക്കുകളോടെ മുംബൈയുടെ പ്രതിരോധം ശക്തമായി. പെറ്റർ ഓസ്റ്റ്വിക്കിന്റെ മികച്ച ഓൾറൗണ്ട് പ്രകടനവും മുംബൈക്ക് സഹായകമായി. ലോഫ്റ്റെസ്നസിൻ്റെ മധ്യഭാഗത്തുനിന്നുള്ള ആക്രമണത്തിലൂടെ മുംബൈ വീണ്ടും ലീഡ് നേടി.
നാലാം സെറ്റിൽ ഇരുടീമുകളുടെയും ബലാബലം കണ്ടു. നിർണായകമായ രണ്ട് റിവ്യൂകൾ മുംബൈക്ക് അനുകൂലമായി വന്നു. പെരോട്ടോയും ജെറോമും ചെന്നൈക്കായി പോരാടി. എന്നാൽ കാർത്തികും ശുഭവും ചേർന്ന് തരുണിനെ തടഞ്ഞത് മുംബൈക്ക് നിർണായക പോയിന്റ് നൽകി. ഒടുവിൽ ശുഭത്തിൻ്റെ സൂപ്പർ സ്പൈക്കിലൂടെ മുംബൈ മാരത്തൺ സെറ്റും മത്സരവും സ്വന്തമാക്കി സെമിഫൈനലിലേക്ക് കുതിച്ചു.
Image Caption
പ്രൈം വോളിബോൾ ലീഗിൽ തിങ്കളാഴ്ച നടന്ന ചെന്നൈ ബ്ലിറ്റ്സ് മുംബൈ മിറ്റിയോഴ്സ് മത്സരത്തിൽ നിന്ന്
ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണിലെ കേരള ഡെർബിയിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ജയം. നിലവിലെ ജേതാക്കളായ കാലിക്കറ്റ് ഹീറോസിനെ നാല് സെറ്റ് പോരാട്ടത്തിൽ കീഴടക്കി. സ്‌കോർ: 15–13, 9–15, 15–8, 15–13. പി.എ മൊഹ്‌സിൻ ആണ് കളിയിലെ താരം.
ബ്ലോക്കർ ജസ്‌ജോത് സിങ്ങിന്റെ നേതൃത്വത്തിൽ മികച്ച തുടക്കമാണ് കൊച്ചി കുറിച്ചത്. എറിൻ വർഗീസിന്റെ സൂപ്പർ സെർവിൽ അവർ ലീഡും ഉയർത്തി. അശോക് ബിഷ്‌ണോയിയാണ് കാലിക്കറ്റിനായി പൊരുതിയത്. പിന്നാലെ കൊച്ചിയുടെ ആക്രമണങ്ങളെ ഷമീമുദീൻ തടഞ്ഞു. ക്യാപ്‌റ്റൻ മോഹൻ ഉക്രപാണ്ഡ്യനും തിളങ്ങിയതോടെ കാലിക്കറ്റ് കളിപിടിക്കാൻ തുടങ്ങി. പക്ഷേ, കാലിക്കറ്റിന്റെ പോരാട്ടത്തിനിടയിലും ഹേമന്തിന്റെ സൂപ്പർ സ്‌പൈക്കിലൂടെ കൊച്ചി ആദ്യ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിൽ ഷമീമും സന്തോഷും ചേർന്നാണ് കാലിക്കറ്റിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. സെറ്റർ മൊഹ്‌സിൻ കൊച്ചിക്കായി നിരവധി അവസരങ്ങൾ ഒരുക്കിയെങ്കിലും ബിഷ്‌ണോയിയുടെ മികവിൽ കാലിക്കറ്റ് തിരിച്ചുവന്നു. ഇതോടെ കൊച്ചി ബ്ലോക്കർ അമരീന്ദർപാൽ സിങ്ങിനെ കളത്തിലേക്ക് തിരികെകൊണ്ടുവന്നു. പക്ഷേ, ബിഷ്‌ണോയി വിടവുകൾ കണ്ടെത്തി പോയിന്റുകൾ നേടിക്കൊണ്ടിരുന്നു. പിന്നാലെ സൂപ്പർ പോയിന്റിലൂടെ കാലിക്കറ്റിനെ ഒപ്പമെത്തിക്കുകയും ചെയ്‌തു.
ജസ്‌ജോദിന്റെ മിടുക്കിലാണ് കൊച്ചി ഉണർന്നത്. എറിന്റെ തുടർച്ചയായ ആക്രമണങ്ങളും കാലിക്കറ്റിനെ സമ്മർദത്തിലാക്കി. കാലിക്കറ്റ് ലിബെറോ മുകേഷ് പ്രതിരോധത്തിൽ തിളങ്ങിയെങ്കിലും അമലിന്റെ മികവിൽ കൊച്ചി വീണ്ടും ലീഡ് എടുത്തു. അബ്‌ദുൾ റഹീമിന്റെ പോരാട്ടത്തിലാണ് കാലിക്കറ്റ് തിരിച്ചുവരാൻ ശ്രമിച്ചത്. എന്നാൽ അമലും എറിനും ആ സാധ്യതകൾ അവസാനിപ്പിക്കുകയായിരുന്നു.
തുടർച്ചയായ രണ്ട് സൂപ്പർ പോയിന്റുകളിലൂടെയായിരുന്നു മുന്നേറ്റം. ഒടുവിൽ ഹേമന്തിന്റെ ഓൾ റൗണ്ട് മികവിൽ കൊച്ചി ജയം പൂർത്തിയാക്കി. സീസണിൽ ഒരു ജയം മാത്രം നേടിയാണ് കാലിക്കറ്റ് മടങ്ങുന്നത്. രണ്ടാം ജയത്തോടെ കൊച്ചി എട്ടാമതെത്തി. ഒരു കളി ബാക്കിയുണ്ട്.
ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ മനോഹരമായ തിരിച്ചുവരവിലൂടെ ജയം സ്വന്തമാക്കി ഗോവ ഗാര്‍ഡിയന്‍സ്. രണ്ട് സെറ്റിന് പിന്നിട്ടുനിന്ന ശേഷം ഡല്‍ഹി തൂഫാന്‍സിനെ അഞ്ച് സെറ്റ് പോരാട്ടത്തില്‍ കീഴടക്കിയാണ് ജയം. സ്‌കോര്‍: 14-16, 11-15, 15-11, 16-13, 15-11. ജയത്തോടെ പത്ത്‌പോയിന്റുമായി ഗോവ നാലാമതെത്തി. ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു. ഹെസ്യൂസ് ചൗറിയോയയും മുഹമ്മദ് ജാസിമും ഡല്‍ഹിക്കായി മികച്ച തുടക്കം നല്‍കി. പിന്നാലെ ദുഷ്യന്ത് സിങ് സൂപ്പര്‍ സെര്‍വിലൂടെ ഗോവയെ മുന്നിലെത്തിച്ചു. മെന്‍സെലും തിളങ്ങി. പക്ഷേ, അനു ജയിംസും ചൗറിയോയും കരുത്തുകാട്ടി ഡല്‍ഹിക്ക് 16-14ന് ആദ്യ സെറ്റ് നല്‍കി. രണ്ടാം സെറ്റിലും ഡല്‍ഹി കുതിപ്പ് തുടര്‍ന്നു. കാര്‍ലോസ് ബാരിയോസ് തൊടുത്ത സ്‌പൈക്കുകളിലായിരുന്നു മുന്നേറ്റം. സഖ്‌ലെയ്ന്‍ താരിഖ് അവസരമൊരുക്കിയപ്പോള്‍ ചൗറിയോയയും ബെരിയോസും ചേര്‍ന്ന് 15-11ന് രണ്ടാം സെറ്റും ഡല്‍ഹിക്ക് നല്‍കി.
മൂന്നാം സെറ്റിലായിരുന്നു ഗോവയുടെ തിരിച്ചടി. നതാനിയേല്‍ അറ്റാക്കിങ്ങില്‍ എത്തിയതോടെ കളി മാറി. ചിരാഗ് യാദവിന്റെ സെര്‍വുകളും ഡല്‍ഹിയെ വിറപ്പിച്ചു. പ്രിന്‍സിന്റെ മികച്ച ബ്ലോക്കും കൂടിയായപ്പോള്‍ ഗോവ താളം കണ്ടെത്തുകയായിരുന്നു. നാലാം സെറ്റില്‍ ചൗറിയോയും ബെറിയോസും വേഗത്തില്‍ കളി തീര്‍ക്കാനായിരുന്നു ശ്രമിച്ചത്. പക്ഷേ, മെന്‍സെലിന്റെ സ്‌പൈക്കുകളും പ്രിന്‍സിന്റെ ബ്ലോക്കുകളും കാര്യങ്ങള്‍ ഗോവയ്ക്ക് അനുകൂലമായി മാറുകയായിരുന്നു. പ്രിന്‍സിന്റെ സൂപ്പര്‍ സെര്‍വിലൂടെ സെറ്റ് ഗോവ 16-13ന് സ്വന്തമാക്കി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ അരവിന്ദനിലൂടെ ഗോവ കളം പിടിച്ചു. പ്രിന്‍സ് നെറ്റിന് മുന്നില്‍ വീണ്ടും തിളങ്ങി. ഡല്‍ഹിക്കായി അനു ജയിംസ് ആഞ്ഞുശ്രമിച്ചെങ്കിലും ചിരാഗ് യാദവിന്റെ കരുത്തുറ്റ സ്‌പൈക്കില്‍ സൂപ്പര്‍ പോയിന്റ് നേടി ഗോവ 3-2ന് കളി പിടിച്ചു. ഇന്ന് രണ്ട് കളിയാണ്. വൈകിട്ട് 6.30ന് ഹൈദരാബാദ് ബ്ലാക് ഹോക്‌സും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സും ഏറ്റുമുട്ടും. രാത്രി 8.30ന് ചെന്നൈ ബ്ലിറ്റ്‌സും മുംബൈ മിറ്റിയോഴ്‌സും തമ്മിലാണ് കളി.
Image Caption
പ്രൈം വോളിബോള്‍ ലീഗില്‍ ഞായറാഴ്ച്ച നടന്ന ഡല്‍ഹി തൂഫാന്‍സ്-ഗോവ ഗാര്‍ഡിയന്‍സ് മത്സരത്തില്‍ നിന്ന്
ഹൈദരാബാദ്: ആർ.ആർ കാബെൽ പ്രൈം വോളിബോൾ ലീഗ് നാലാം സീസണിൽ ഹൈദരാബാദ് ബ്ലാക്ക്ഹോക്‌സിന് മിന്നും ജയം. അഞ്ച് തുടർജയങ്ങളുമായി കുതിക്കുകയായിരുന്ന ബംഗളൂരു ടോർപിഡോസിനെ അഞ്ച് സെറ്റ് നീണ്ട ത്രില്ലർ പോരാട്ടത്തിലാണ് ഹൈദരാബാദ് കീഴടക്കിയത് (13-15,15-10,18-16,14-16,15-11). ബംഗളൂരുവിന്റെ ആദ്യ തോൽവിയാണ്. 14 പോയിന്റുമായി ഒന്നാമത് തുടരുന്നു. ആറ് കളിയിൽ ഒമ്പത് പോയിന്റുമായി ഹൈദരാബാദ് അഞ്ചാമത്തെത്തി. ദീപു വേണുഗോപാൽ ആണ് കളിയിലെ താരം.
യാലെൻ പെന്റോസിനെ ആക്രമണം ഏല്പിച്ചാണ് ബംഗളൂരു ക്യാപ്റ്റൻ മാത്യു വെസ്റ്റ് കളി തുടങ്ങിയത്. ഒന്നാന്തരം ബ്ലോക്കുകളുമായി മുജീബും ജിഷ്ണുവും കളം പിടിച്ചു. ഇതിനിടെ സഹിലിന്റെ മിന്നും സ്‌പൈക്കിലൂടെ ഹൈദരാബാദ് സൂപ്പർ പോയിന്റ് നേടി. പക്ഷേ അതുലിന്റെ സർവീസ് പിഴവ് ബംഗളുരുവിനു ആദ്യ സെറ്റ് സമ്മാനിച്ചു.
രണ്ടാം സെറ്റിൽ ഹൈദരാബാദ് കളി മാറ്റി. അറ്റാക്കിൽ ജോയൽ ബഞ്ചമിൻ താളം കണ്ടെത്തുകയും സഹിലിന്റെ ഓൾറൌണ്ട് പ്രകടനവും ഹൈദരാബാദ് തുണയായി. ശിഖർ സിങ് പ്രതിരോധത്തിന് കരുത്തും പകർന്നു. ഒടുവിൽ പെന്റോസിന്റെ അറ്റാക്കിനു നിയാസ് തടയിട്ടതോടെ ഹൈദരാബാദ് ചുവടുറപ്പിച്ചു.
പ്രീത് കിരണിന്റെ പാസ്സിങ്ങും ഹൈദരാബാദിന് ഗുണം ചെയ്തു. എന്നാൽ സഹിലിന്റെ ലക്ഷ്യം തെറ്റിയ അടി ബംഗളുരുവിനു സൂപ്പർ പോയിന്റ് നൽകി. എന്നാൽ ലിബറോ ദീപുവിന്റെ അതിമനോഹര പ്രതിരോധം ബംഗളുരു അറ്റാക്കർ പെന്റോസിന്റെ വഴിയടച്ചു. ഇത് നിർണായകമായി. വിക്ടർ യുടി യമാമോട്ടോ ക്രോസ്സ് ബോഡി സ്‌പൈക്കുകൾ ഹൈദരാബാദിന് നിർണയക പോയിന്റുകൾ നൽകി. ഇതിനിടെ വെസ്റ്റ് ഒന്നാന്തരം സെർവിലൂടെ ബംഗളുരുവിനു സൂപ്പർ പോയിന്റ് സമ്മാനിച്ചു. സഹിലിനെ ജിഷ്ണു മിന്നും ബ്ലോക്കിൽ തടയുകയും ചെയ്തതോടെ കളി അഞ്ചാം സെറ്റിലേക്ക് വന്നു.
ആദ്യ മൂന്ന് പോയിന്റ് പിടിച്ചു ബംഗളുരു നല്ല തുടക്കം കുറിച്ചതാണ്. എന്നാൽ യുടിയുടെ മികവിൽ ഹൈദരാബാദ് തിരിച്ചു വന്നു. ശിഖറിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ബംഗളുരു അറ്റക്കർമാരെ നിലയറുപ്പിക്കാൻ സമ്മതിച്ചില്ല. പിന്നാലെ സേതുവിന്റെ സർവീസ് പിഴവ് സൂപ്പർ പോയിന്റിലും തിരിച്ചടിയായി. ഹൈദരാബാദ് ജയവും പിടിച്ചു.
ഹൈദരാബാദ്: ആര്‍ ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം സീസണില്‍ മുംബൈ മിറ്റിയോഴ്‌സിന്റെ വിജയക്കുതിപ്പിന് തടയിട്ട് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്. നാല് സെറ്റ് പോരാട്ടത്തിലാണ് ജയം (12-15, 15-7, 15-12, 21-20). നന്ദഗോപാലാണ് കളിയിലെ താരം. 12 പോയിന്റുമായി അഹമ്മദാബാദ് രണ്ടാമതെത്തി. മുംബൈ മൂന്നാമതായി. ആദ്യ സെറ്റില്‍ അഹമ്മദാബാദ് മികച്ച തുടക്കം നേടി. മുത്തുസ്വാമി അപ്പാവു അവസരമൊരുക്കിയപ്പോള്‍ നന്ദഗോപാല്‍ കിടയറ്റ അറ്റാക്കിലൂടെ അഹമ്മദാബാദിന് പോയിന്റുകള്‍ നല്‍കി. അഭിനവും മിന്നി. മറുവശത്ത് വിടവുകള്‍ കണ്ടെത്തി മുംബൈ ആക്രമിച്ചു. മത്തിയാസ് ലോഫ്‌റ്റെന്‍സസിന്റെ സൂപ്പര്‍ സെര്‍വിലൂടെയായിരുന്നു തുടക്കം. പീറ്റര്‍ ഒസ്റ്റവിക് രണ്ട് തവണ അംഗമുത്തുവിനെ ബ്ലോക്ക് ചെയ്തു. പിന്നാലെ മറ്റൊരു സൂപ്പര്‍ സെര്‍വിലൂടെ മുംബൈ ആദ്യ സെറ്റ് പിടിച്ചു. രണ്ടാം സെറ്റില്‍ അഹമ്മദാബാദ് കളി മാറ്റി. ബട്ടുര്‍ ബറ്റ്‌സുറിയുടെ പ്രത്യാക്രമണമാണ് കണ്ടത്. മുംബൈ പ്രതിരോധത്തെ സമ്മര്‍ത്തിലാക്കി അംഗമുത്തുവും തൊടുക്കാന്‍ തുടങ്ങി. ഇതിനിടെ നന്ദയുടെ സൂപ്പര്‍ സ്‌പൈക്കില്‍ അഹമ്മദാബാദ് സൂപ്പര്‍ പോയിന്റും നേടി. കളി മുറുകി.
ബറ്റ്‌സുറിയും അംഗമുത്തുവും നിരന്തരം ആക്രമണം നടത്തിയതോടെ കളി അഹമ്മദാബാദിന്റെ കൈയിലായി. പിന്നിലായതോടെ മുംബൈ ബ്ലോക്കര്‍ കാര്‍ത്തികിനെ രംഗത്തിറക്കി. സൂപ്പര്‍ സെര്‍വിലൂടെ കാര്‍ത്തിക് ഉടന്‍തന്നെ കളിയില്‍ സ്വാധീനമുണ്ടാക്കി. പിന്നാലെ നിഖിലിന്റെ ഇടംകൈ സ്‌പൈക്ക് മുംബൈക്ക് പ്രതീക്ഷ പകര്‍ന്നു. പക്ഷേ, നന്ദ വിട്ടുകൊടുത്തില്ല. ഒന്നാന്തരം സെര്‍വിലൂടെ നന്ദ അഹമ്മാബാദിനെ ട്രാക്കിലെത്തിച്ചു. ആവേശകരമായ നാലാം സെറ്റില്‍ ലീഡും നേടി. ഒടുവില്‍ ലോഫ്‌റ്റെന്‍സിന്റെ തകര്‍പ്പന്‍ അടി ബ്ലോക്ക് ചെയ്തു അംഗമുത്തു കളി അഹമ്മദാബാദിന്റെ പേരിലാക്കി. ഇന്ന് രണ്ട് മത്സരങ്ങളാണ്. വൈകിട്ട് 6.30ന് ഡല്‍ഹി തൂഫാന്‍സും ഗോവ ഗാര്‍ഡിയന്‍സും ഏറ്റുമുട്ടും. രാത്രി 8.30ന് കേരള ഡെര്‍ബിയാണ്. രണ്ടാം ജയം തേടി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസ് ഏറ്റുമുട്ടും. കഴിഞ്ഞ സീസണില്‍ കേരളടീമുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 3-1ന് കാലിക്കറ്റിനായിരുന്നു ജയം. നാലാം സീസണില്‍ നിരാശപ്പെടുത്തിയ ഇരുടീമുകള്‍ക്കും നിലവില്‍ 4 പോയിന്റ് വീതമാണുള്ളത്, കാലിക്കറ്റ് ഏറ്റവും അവസാന സ്ഥാനത്തും കൊച്ചി 9ാം സ്ഥാനത്തും. നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസിന് ഇന്ന് അവസാന മത്സരമാണ്, ടീം നേരത്തേ സെമിഫൈനല്‍ കാണാതെ പുറത്തായിരുന്നു.
Image Caption
പ്രൈം വോളിബോള്‍ ലീഗില്‍ ശനിയാഴ്ച്ച നടന്ന അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്-മുംബൈ മിറ്റിയോഴ്‌സ് മത്സരത്തില്‍ നിന്ന്
ഹൈദരാബാദ്: ആർ ആർ കാബെൽ പ്രൈം വോളിബോൾ ലീഗിന്റെ നാലാം സീസണിൽ ചെന്നൈ ബ്ലിറ്റ്‌സിന് നാലാം ജയം. ഡൽഹി തൂഫാൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു. സ്‌കോർ: 15–10, 15–10, 15–10. ചെന്നൈ മൂന്നാമതും ഡൽഹി ആറാമതുമാണ്. ചെന്നൈക്ക് ആറ് കളിയിൽ ഒൻപത് പോയിന്റായി. സമീർ ചൗധരിയാണ് കളിയിലെ താരം.
തരുൺ ഗൗഡയും ജെറോം വിനിതും കരുത്തുറ്റ തുടക്കമാണ് ചെന്നൈക്ക് നൽകിയത്. അതേസമയം, ഹെസ്യൂസ് ചൗറിയോ ഡൽഹിയെ കാത്തു. പക്ഷേ, ലൂയിസ് പെറോറ്റോ ഡൽഹി പ്രതിരോധത്തെ തകർത്ത് ചെന്നൈയെ തിരികെ കൊണ്ടുവരികയായിരുന്നു. ബ്ലോക്കർ സുരാജ് ചൗധരിയുടെ മിടുക്കും കൂടിയായപ്പോൾ തുടക്കത്തിൽതന്നെ ചെന്നൈ ലീഡ് നേടി. ലിബെറോ ആനന്ദാണ് ഡൽഹിയെ മികച്ച കളിയിലൂടെ ഉണർത്തിയത്. അതേസമയം, ചെന്നൈയുടെ സെറ്റർ സമീർ മികച്ച പാസുകളിലൂടെ ഡൽഹിയെ പ്രതിരോധത്തിലാക്കി. പിന്നാലെ അസിസ്ബെക് കുച്‌കൊറോവ് കളത്തിൽ ചെന്നൈയുടെ അറ്റാക്കിങ് നിരയ്‌ക്ക് കരുത്തു പകർന്നു. കളി ചെന്നൈയുടെ നിയന്ത്രണത്തിലുമായി.
മിഡിൽ സോണിലെ ചെന്നൈയുടെ ദൗർബല്യം മുതലെടുത്ത ചെന്നൈ ആഞ്ഞടിച്ചു. സുരാജിന് അവസരമൊരുക്കി സമീറാണ് ചെന്നൈയുടെ കളി വേഗത്തിലാക്കിയത്. ജെറോമും അതിനൊപ്പം ചേർന്നു. പിന്നാലെ നിർണായക സൂപ്പർ പോയിന്റിലൂടെ ചെന്നൈ കളി പിടിച്ചു. സൂപ്പർ സെർവിലൂടെ തരുണാണ് ജയമൊരുക്കിയത്. ഇന്ന് വൈകിട്ട് 6.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് മുംബൈ മിറ്റിയോഴ്‌സിനെ നേരിടും. രാത്രി 8.30ന് ബംഗളൂരു ടോര്‍പിഡോസും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും തമ്മിലാണ് രണ്ടാം മത്സരം.
Image Caption
പ്രൈം വോളിബോള്‍ ലീഗില്‍ വെള്ളിയാഴ്ച്ച നടന്ന ചെന്നൈ ബ്ലിറ്റ്സ് ഡൽഹി തൂഫാൻസ് മത്സരത്തിൽ നിന്ന്
ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസസണില്‍ ആദ്യജയം കുറിച്ച് നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസ്. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ കീഴടക്കി (15-10, 15-11, 15-12). മോഹന്‍ ഉക്രപാണ്ഡ്യന്‍ ആണ് കളിയിലെ താരം. ആദ്യ അഞ്ച് കളിയും തോറ്റ് സെമി സാധ്യത അവസാനിച്ച കാലിക്കറ്റ് ആറാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. തോറ്റിട്ടും കഴിഞ്ഞ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഷമീമുദ്ധീന്റെ ഉശിരന്‍ പ്രകടനത്തിലൂടെയായിരുന്നു തുടക്കം.
കൊല്‍ക്കത്തയുടെ അപകടകാരിയായ അശ്വില്‍ റായിയുടെ സെര്‍വുകള്‍ കൃത്യമായി ബ്ലോക്ക് ചെയ്തു. അശോക് ബിഷ്‌ണോയിയുടെ ഒന്നാന്തരം സെര്‍വുകളുമായപ്പോള്‍ കാലിക്കറ്റ് കളംപിടിച്ചു. ഇതിനിടെ കൊല്‍ക്കത്തയുടെ വിദേശ താരം മാര്‍ട്ടിന്‍ ടകവര്‍ സൂപ്പര്‍ സ്‌പൈക്കുകളിലൂടെ കാലിക്കറ്റിനെ ഞെട്ടിച്ചു. പക്ഷേ, സെര്‍വീസ് പിഴവുകള്‍ അവര്‍ക്ക് വിനയായി.
രണ്ടാം സെറ്റില്‍ മോഹന്‍ ഉക്രപാണ്ഡ്യന്‍ കളംനിറഞ്ഞു. ഒന്നാന്തരം പാസുകളിലൂടെ ക്യാപ്റ്റന്‍ അറ്റാക്കര്‍ക്കമാര്‍ക്ക് ഊര്‍ജം പകരുകയായിരുന്നു. സന്തോഷ് കൂടി ആക്രമണത്തില്‍ എത്തിയതോടെ കാലിക്കറ്റിന്റെ കളി വേഗത്തിലായി. വികാസ് മാനും ഷമീമും ചേര്‍ന്ന് മികച്ച ബ്ലോക്കുകള്‍ തീര്‍ത്തു. ഇതോടെ കൊല്‍ക്കത്തയുടെ ആക്രണനിര പതറി. ഇതിനിടെ സെര്‍വീസ് പിഴവുകളാണ് കാലിക്കറ്റിന് തിരിച്ചടിയായത്. കൊല്‍ക്കത്ത തിരിച്ചടിക്കാന്‍ തുടങ്ങി. പക്ഷേ, പങ്കജ് ശര്‍മയുടെ സ്‌പൈക്ക് പുറത്തേക്കായതോടെ കാലിക്കറ്റ് രണ്ടാം സെറ്റ് പിടിച്ചു. പ്രതിരോധത്തില്‍ ഷമീം തിളങ്ങിയതോടെ കാലിക്കറ്റ് തിരിച്ചുവരികയായിരുന്നു. കൊല്‍ക്കത്ത സെറ്റര്‍ ജിതിന്റെ പ്രകടനത്തിലൂടെ തിരിച്ചുവരാന്‍ ശ്രമിക്കുന്ന ഘട്ടത്തിലെല്ലാം കാലിക്കറ്റ് മികച്ച പ്രതിരോധം കാട്ടി തടഞ്ഞു. ആക്രമണനിരയില്‍ സന്തോഷും തരുഷ ചാമത് ഒരുപോലെ തിളങ്ങിയതോടെ കാലിക്കറ്റ് ഏകപക്ഷീയമായ സെറ്റുകള്‍ കുറിച്ച് മൂന്ന് പോയിന്റും സ്വന്തമാക്കി.
തങ്ങളുടെ സീസണിലെ അവസാന മത്സരത്തില്‍ ഞായറാഴ്ച കാലിക്കറ്റ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. നാളെ (ശനി) വൈകിട്ട് 6.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് മുംബൈ മിറ്റിയോഴ്‌സിനെ നേരിടും. രാത്രി 8.30ന് ബംഗളൂരു ടോര്‍പിഡോസും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും തമ്മിലാണ് രണ്ടാം മത്സരം.
Image Caption
1.പ്രൈം വോളിബോള്‍ ലീഗില്‍ വെള്ളിയാഴ്ച്ച നടന്ന കാലിക്കറ്റ് ഹീറോസ്-കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് മത്സരത്തില്‍ നിന്ന്
2.പ്രൈം വോളിബോള്‍ ലീഗില്‍ വെള്ളിയാഴ്ച്ച നടന്ന കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെതിരായ മത്സരത്തില്‍ വിജയംആഘോഷിക്കുന്ന കാലിക്കറ്റ് ഹീറോസ് ടീം