ട്രാൻസ് ജെൻഡറുകൾ മത്സരിക്കേണ്ടത് ആർക്കൊപ്പം?

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ശരിക്കും ട്രാൻസ് ജെൻഡറുകൾക്കും വേണ്ടേ ഒരു ഒളിമ്പിക് ജേതാവ്? ലോകജേതാവ്? ശരിക്കും ആർക്കൊപ്പമാണ് അവർ മത്സരിക്കേണ്ടത്? പുരുഷ, വനിത വിഭാഗങ്ങൾ പോലെ വേണ്ടേ ട്രാൻസ് ജെൻഡറുകൾക്കും മത്സരിക്കാൻ ഒരു വിഭാഗം? ചോദ്യങ്ങൾ നിരവധിയാണ്, വിവാദങ്ങളും. പ്രത്യേകിച്ച് ന്യൂസിലാൻന്റിന്റെ ലോറൽ ഹബ്ബാർഡ് ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ട്രാൻസ് ജെൻഡർ താരമാവാൻ ഒരുങ്ങുമ്പോൾ വിവാദങ്ങളും പിറവിയെടുക്കുകയാണ്. ഈ കഴിഞ്ഞ പസഫിക് ഗെയിംസിൽ 41 വയസ്സായ ലോറൽ വനിതകളിൽ ഭാരോദ്വഹനത്തിൽ രണ്ട് സ്വർണമെഡലുകൾ ആണ് സ്വന്തമാക്കിയത്. എന്നാൽ ഈ ജയം വനിത താരങ്ങൾക്കു മേലുള്ള നീതിനിഷേധമായാണ് പലരും വ്യാഖ്യാനിച്ചത്. ലോറലിനെ പോലുള്ള ട്രാൻസ് ജെൻഡർ താരങ്ങൾക്ക് ശാരീരികമായ ആനുകൂല്യം ലഭിക്കും എന്നാണ് ഇവരുടെ വാദം.

നിലവിലെ സാഹചര്യത്തിൽ മത്സരത്തിന് 12 മാസം മുമ്പ് പുരുഷ ഹോർമോൺ ആയ ‘Testosterone’ ന്റെ സാന്നിധ്യം നിക്ഷിതപരിധിക്കുള്ളിൽ വരുന്ന താരങ്ങളെ മാത്രമെ അത്ലറ്റിക് ഫെഡറേഷൻ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുന്നുള്ളു. ഈ നിലപാട് തന്നെയാണ് അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും സ്വീകരിക്കുന്നത്. എന്നാൽ ഈ രീതിയിൽ ട്രാൻസ് ജെൻഡറുകളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് ശരിയല്ല എന്ന വാദമാണ് മുൻ ഒളിമ്പിക് വെള്ളി മെഡൽ ജേതാവായ നീന്തൽ താരം ഷാരോൺ ഡേവിസിനെ പോലുള്ളവർക്ക് ഉള്ളത്. ഇതിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് വാദിക്കുന്ന അവർ ഇത്തരം നിലപാട് വനിത താരങ്ങൾക്ക് നീതി നിഷേധിക്കുന്ന നിലപാട് ആണെന്നും വാദിക്കുന്നു.

എന്നാൽ ഇങ്ങനെ നിലവിലെ ശാരീരിക അവസ്ഥയിൽ നിന്ന് ഹോർമോൺ കുറക്കാൻ മരുന്നുകളുടെ സഹായമാണ് താരങ്ങൾ ഉപയോഗിക്കുക. ഈ മരുന്നുകൾ താരങ്ങൾക്ക് ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകൾ വരെ ഉണ്ടാക്കും. അതിനാൽ തന്നെ ഇത്തരം രീതി പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല എന്ന വാദമാണ് ടെന്നീസ് ഇതിഹാസം മാർട്ടിന നവരതനോവ ട്രാൻസ് ജെൻഡർ സൈക്കിലിസ്റ്റ് റാച്ചൽ മക്കിനോൻ എന്നിവരുടെ വാദം. അതിനാൽ തന്നെ വനിതകൾക്കും ട്രാൻസ് ജെൻഡറുകൾക്കും എങ്ങനെ ശരിയായ നീതി ഉറപ്പാക്കും എന്നത് കായിക മേധാവികൾക്കും ഒരു വലിയ പ്രഹേളിക ആയി മാറുകയാണ്. അതിനാൽ തന്നെ ട്രാൻസ് ജെൻഡറുകൾക്കായി ഒരു പ്രത്യേക വിഭാഗം മത്സരങ്ങൾ സംഘടിപ്പിക്കുക എന്ന ആശയത്തിന് പിന്തുണ ഏറുകയാണ് കായിക മേഖലയിൽ. സ്ത്രീകളുടേതും പുരുഷന്മാരുടെയും മാത്രമല്ല ട്രാൻസ് ജെൻഡറുകളുടേതും കൂടിയാണ് ഈ ലോകം എന്ന് പറയാൻ അത്തരം ഒരു ശ്രമം അത്യാവശ്യം കൂടിയാണ്.