ജയ്പൂരിനെ കീഴടക്കി മുംബൈ

സിദ്ധാര്‍ത്ഥ് ദേശായിയുടെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ 39-32 എന്ന സ്കോറിനു ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ കീഴടക്കി യു മുംബ. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ മുന്‍ മുംബൈ താരം അനൂപ് കുമാര്‍ ജയ്പൂര്‍ പാളയത്തില്‍ എത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തുക്കുവാന്‍ സീനിയര്‍ താരത്തിനായില്ല. 13 പോയിന്റ് നേടിയ സിദ്ധാര്‍ത്ഥ് ദേശായിയുടെ മികവിലാണ് മുംബൈ വിജയം കൊയ്തത്. പകുതി സമയത്ത് ജയ്പൂര്‍ ആയിരുന്നു 15-13നു മുന്നില്‍.

പ്രതിരോധത്തില്‍ ഇരു ടീമുകളും 10 പോയിന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ജയ്പൂര്‍ മത്സരത്തില്‍ രണ്ട് തവണ ഓള്‍ഔട്ട് ആയപ്പോള്‍ മുംബൈ ഒരു തവണ പുറത്തായി. മുംബൈ 22 പോയിന്റുകള്‍ നേടിയപ്പോള്‍ 14 പോയിന്റാണ് റെയിഡിംഗില്‍ നിന്ന് ജയ്പൂര്‍ സ്വന്തമാക്കിയത്. ആറ് എക്സ്ട്രാ പോയിന്റുകള്‍ ജയ്പൂര്‍ നേടിയപ്പോള്‍ മുംബൈയ്ക്ക് പകുതി പോയിന്റ് മാത്രമേ നേടാനായുള്ളു.