ആവേശപ്പോരില്‍ വിജയം ഒരു പോയിന്റിനു സ്വന്തമാക്കി ദബാംഗ് ഡല്‍ഹി

ബെംഗളൂരു ബുള്‍സിനെതിരെ 1 പോയിന്റ് വ്യത്യാസത്തില്‍ വിജയം സ്വന്തമാക്കി ദബാംഗ് ഡല്‍ഹി. അവസാന നിമിഷം വരെ ഇരു ടീമുകളും ആവേശത്തോടെ പോരാടിയ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ പോയിന്റുകള്‍ വാരിക്കൂട്ടി ബെംഗളൂരു ഡല്‍ഹിയെ വിറപ്പിച്ചുവെങ്കിലും അന്തരം ഒരു പോയിന്റായി കുറച്ച് കൊണ്ടുവന്നപ്പോളെയ്ക്കും മത്സരം അവസാനിക്കുകയായിരുന്നു. 32-31 എന്ന സ്കോറിനായിരുന്നു ഡല്‍ഹിയുടെ വിജയം. ഇടവേള സമയത്ത് 14-10നു ഡല്‍ഹിയായിരുന്നു മുന്നില്‍. രണ്ടാം പകുതിയില്‍ ഒരു ഘട്ടത്തില്‍ 12 പോയിന്റെ ലീഡ് വരെ നേടിയ ശേഷമാണ് ഡല്‍ഹിയ്ക്കെതിരെ ബെംഗളൂരു തിരിച്ചുവരവ് നടത്തിയത്.

ചന്ദ്രന്‍ രഞ്ജിത്ത്(9), മെറാജ് ഷെയ്ഖ്(7) എന്നിവര്‍ ആണ് ഡല്‍ഹിയുടെ പ്രധാന സ്കോറര്‍മാര്‍. ബെംഗളൂരുവിനായി രോഹിത് കുമാര്‍ 12 പോയിന്റും പവന്‍ ഷെഹ്റാവത്ത് 10 പോയിന്റും നേടി തിളങ്ങി. റെയിഡിംഗില്‍ 24-16നു ബെംഗളൂരുവായിരുന്നു മുന്നിലെങ്കിലും രണ്ട് പ്രാവശ്യം ബെംഗളൂരുവിനെ ഓള്‍ഔട്ട് ആക്കിയതിലെയും പ്രതിരോധത്തിലെ 10-5ന്റെ ലീഡും ഡല്‍ഹിയെ തുണച്ചു. അധിക പോയിന്റില്‍ 2-0നു മുന്നില്‍ നില്‍ക്കുവാനും ബെംഗളൂരുവിനായി.