കബഡി ഇന്ത്യയുടെ ദേശീയ കായിക ഇനമല്ലെങ്കിലും വിജയ ചരിത്രം നോക്കുകയാണെങ്കിൽ ഇന്ത്യയുടെ ദേശീയ കായിക ഇനമായി പരിഗണിക്കാവുന്നതാണ്. ഇന്ന് വടക്കേ ഇന്ത്യയിലാണ് കബഡിക്ക് കൂടുതൽ വേരോട്ടമെങ്കിലും പണ്ട് കേരളത്തിലും കബഡി ആഘോഷിക്കപ്പെട്ടിരുന്നു. എൺപതുകളിൽ കേരളത്തിൽ മാത്രം മുന്നൂറിനു മുകളിൽ ക്ലബുകൾ ഉണ്ടായിരുന്നെന്ന് ചരിത്രം സൂചിപ്പിക്കുന്നു. സ്കൂൾ തലത്തിൽ നല്ല പ്രചാരത്തിലുണ്ടായിരുന്ന കബഡി കബഡി വിളികൾ പിന്നെ പതിയെ പതിയെ കുറഞ്ഞു വന്നു.
പ്രീമിയർ ലീഗുകളുടെ കാലത്തിൽ കച്ചവട കണ്ണുകൾ കബഡിയിൽ പതിഞ്ഞപ്പോൾ വീണ്ടും പ്രിയമേറുകയാണ് കബഡിയ്ക്ക്, പ്രോ കബഡി ലീഗിലൂടെ. പ്രോ ലീഗിൽ കേരളത്തിന്റെ ആധിപത്യം ഏറെയും പരിശീലകന്മാരിലൂടെയാണ്. അവരിൽ ആദ്യം വരുന്ന പേരാണ് കോച്ച് എടച്ചേരി ഭാസ്കരൻ എന്ന കണ്ണൂർക്കാരൻ. കബഡിയുടെ തലവര മാറ്റുന്നതിൽ മുഖ്യ പങ്കുവെച്ച ഒരാളായി ഇ ഭാസ്കരനെ ചരിത്രം രേഖപ്പെടുത്തും.
പതിമൂന്നാം വയസ്സിൽ കണ്ണൂരിന്റെ മണ്ണുകളിൽ, ആഘോഷിക്കപ്പെടാത്ത, കബഡി കളിച്ചു തുടങ്ങിയതാണ് ഇ ഭാസ്കരൻ. അമ്പത്തി രണ്ടുകാരനായ അദ്ദേഹം, കബഡി പുതിയ മികവുമായി നിൽക്കുമ്പോഴും, അതിന്റെ അമരക്കരനായി തന്നെ തുടരുന്നു. 2014 മുതൽ പ്രോ കബഡിയിലെ കരുത്തരായ യു മുമ്പയുടെ പരിശീലകനാണ് ഭാസ്കരൻ സാർ. 2015ൽ അവരെ കിരീടത്തിലേക്കും നയിച്ചു. പരിശീലിപ്പിച്ച 32കളികളിൽ 23 കളികളും ജയിച്ച ഭാസ്കരൻ സാർ പ്രോ ലീഗിൽ മികച്ച റെക്കോർഡ് ആണ് കാത്തു സൂക്ഷിക്കുന്നത്.
ഇ ഭാസ്കരൻ 2010ൽ ഇന്ത്യൻ പുരിഷ ടീമിനെ ഏഷ്യൻ ഗെയിംസിൽ കിരീടത്തിലേക്ക് നയിച്ചു. 2014ൽ ഇന്ത്യൻ വനിതാ ടീമിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്ന അദ്ദേഹം വനിതകളേയും കിരീടത്തിലേക്ക് നയിച്ച് ഇന്ത്യൻ കബഡിയുടെ യശസ്സ് ഉയർത്തി.
പ്രോ ലീഗിലേക്ക് മലയാളി താരങ്ങളെ കൊണ്ട് വരുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. പാലക്കാടുകാരനായ യൂവതാരമായ ശബീർ ഇ ഭാസ്കരൻ ഉയർത്തിക്കൊണ്ടു വന്ന മലയാളി താരങ്ങളിൽ ഒന്നാണ്.