വീണ്ടും ഒരിക്കൽ കൂടി ഒളിമ്പിക് പുരുഷ ബാസ്ക്കറ്റ്ബോൾ സ്വർണം അമേരിക്കക്ക് സ്വന്തം. ഇതോടെ 16 തവണയാണ് അമേരിക്ക ബാസ്കറ്റ്ബോളിൽ ഒളിമ്പിക് സ്വർണം നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും കഴിഞ്ഞ ലോക കപ്പിലും തങ്ങളെ തോൽപ്പിച്ച ഫ്രാൻസിനോട് പ്രതികാരം ചെയ്താണ് അമേരിക്ക ജയം കണ്ടത്. കെവിൻ ഡ്യൂറന്റ് ഒഴിച്ചാൽ വലിയ സൂപ്പർ താരങ്ങൾ ഒന്നും ഇല്ലാതെ വന്ന അമേരിക്കയെ ഫ്രാൻസ് വലിയ നിലക്ക് സമ്മർദ്ദത്തിൽ ആക്കി. എന്നാൽ 87-82 എന്ന സ്കോറിന് അമേരിക്ക കടന്നു കൂടുക ആയിരുന്നു.
ഇത് തുടർച്ചയായ നാലാം ഒളിമ്പിക് സ്വർണം കൂടിയാണ് അമേരിക്കക്ക്. ആദ്യ ക്വാട്ടറിൽ 22-18 നു മുന്നിലെത്തി അമേരിക്ക. കെവിൻ ഡ്യൂറന്റിന് തുടർച്ചയായ മൂന്നാം ഒളിമ്പിക് സ്വർണവും ആയി ഇത്. രണ്ടാം ക്വാട്ടറിൽ വലിയ പോരാട്ടം കണ്ടപ്പോൾ 22 പോയിന്റുകൾ അമേരിക്കയും 21 പോയിന്റുകൾ ഫ്രാൻസും നേടി. മൂന്നാം ക്വാട്ടറിലും കടുത്ത പോരാട്ടം തന്നെയാണ് കണ്ടത് എങ്കിലും 27-24 നു അമേരിക്ക മുന്നിട്ട് നിന്നു. അവസാന ക്വാട്ടറിൽ ഫ്രാൻസ് 19-16 നു മുൻതൂക്കം നേടിയെങ്കിലും ഇത് അമേരിക്കൻ സ്കോർ മറികടക്കാൻ ഉതകുന്നത് ആയിരുന്നില്ല. ഡ്യൂറന്റ് 29 പോയിന്റുകൾ നേടിയപ്പോൾ ടാറ്റം 19 പോയിന്റുകൾ ആണ് കണ്ടത്തിയത്. ഫ്രാൻസിന് ആയി ഗോബർട്ട് 16 പോയിന്റുകളും നേടി.