കോബി അനുസ്മരണ വേദിയിൽ കണ്ണീർ അടക്കാൻ ആവാതെ മൈക്കിൾ ജോർദാൻ

- Advertisement -

തങ്ങളുടെ എക്കാലത്തെയും വലിയ ഇതിഹാസതാരത്തിനു അവസാനയാത്രയയപ്പ് നൽകി ലോസ് ആഞ്ചലസ് ലേക്കേഴ്‌സ്. ലേക്കേഴ്‌സിന്റെ മൈതാനത്ത് കോബിയെ അനുസ്മരിക്കാൻ കുടുംബക്കാരും സുഹൃത്തുക്കൾക്കും പുറമെ കായിക, സാംസ്കാരിക മേഖലയിൽ നിന്നുള്ള പ്രമുഖർ ആണ് എത്തിയത്. തന്റെ കരിയറിലെ 20 കൊല്ലം മുഴുവൻ കോബി കളിച്ച മൈതാനത്ത് കോബിക്കും മകൾക്കും അടക്കം അപകടത്തിൽ മരിച്ച എല്ലാവർക്കും അനുസ്മരണം നേരാൻ ആണ് ആളുകൾ ഒത്തു ചേർന്നത്. ഗായിക ബിയാൻസയുടെ പാട്ടിലൂടെ ആണ് അനുസ്മരണ പരിപാടി തുടങ്ങിയത്.

തുടർന്ന് കോബിയുടെ ഭാര്യ വെനേസ തന്റെ ഭർത്താവിനെയും മകളെയും കണ്ണീരോടെ ഓർത്ത് എടുത്തു. കോബിയെ അനുസ്മരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുകയും ചെയ്ത വെനേസ ലോകത്ത് എല്ലായിടത്തും നിന്നും ലഭിച്ച സ്നേഹത്തിനും പിന്തുണക്കും നന്ദി പറയുകയും ചെയ്തു. ഇതിഹാസതാരങ്ങൾ ആയ കരീം അബ്ദുൽ ജബ്ബാർ, മാജിക് ജോൺസൻ, മൈക്കിൾ ജോർദാൻ, ലൈബ്രോൻ ജെയിംസ്, സ്റ്റെഫാൻ കറി എന്നിവർ അനുസ്മരണത്തിനു എത്തിയപ്പോൾ ജെന്നിഫർ ലോറൻസ്‌, കിം കെദാർശിയൻസ്, കനയെ വെസ്റ്റ് എന്നീ പ്രമുഖരും ചടങ്ങിന് എത്തി.

ബാസ്ക്കറ്റ് ബോൾ ചരിത്രത്തിലെ ഏറ്റവും മഹാനായ താരവും കോബിയുടെ വലിയ എതിരാളിയും ആയി അറിയപ്പെടുന്ന മൈക്കിൾ ജോർദാൻ കോബിയെ അനുസ്മരിച്ചത് കണ്ണീരോടെയാണ് ആളുകൾ നോക്കിയിരുന്നത്. പ്രസംഗത്തിൽ ഉടനീളം കണ്ണീർ വാർത്ത ജോർദാൻ കോബിക്ക് ഒപ്പം തന്നിലെ ഒരു ഭാഗം കൂടിയാണ് മരിച്ചത് എന്നു പറഞ്ഞു. എതിരാളി ആയിരുന്ന സമയത്തും തങ്ങൾ തമ്മിലുള്ള മികച്ച ബന്ധം അനുസ്മരിച്ച ജോർദാൻ താൻ എന്നും കോബിക്ക് ഒരു മൂത്ത സഹോദരൻ ആയിരുന്നു എന്നും വ്യക്തമാക്കി. തുടർന്ന് മറ്റ് താരങ്ങളിൽ പലരും കോബിയെ അനുസ്മരിച്ച് സംസാരിച്ചു.

Advertisement