ലോറിയസ് ആജീവനാന്ത ബഹുമതിക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ജർമ്മൻ ബാസ്ക്കറ്റ് ബോൾ ഇതിഹാസം ഡിർക്ക് നോവിറ്റ്സ്കി. സ്വന്തം രാജ്യത്ത് വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ അത് നാട്ടുകാരുടെ മുന്നിൽ ഏറ്റുവാങ്ങാനും തന്റെ ഉയരം കൊണ്ട് പ്രസിദ്ധനായ മുൻ ഡല്ലാസ് മാവറിക്സ് താരത്തിന് ആയി. ജർമ്മനി കണ്ട ഏറ്റവും മഹാനായ ബാസ്ക്കറ്റ് ബോൾ താരം ആയി കണക്കാക്കുന്ന നോവിറ്റ്സ്കി, അമേരിക്കക്ക് പുറത്തെ ഏറ്റവും മഹാനായ ബാസ്ക്കറ്റ് ബോൾ താരം ആയാണ് പലരും പരിഗണിക്കുന്നത്.
41 കാരനായ മുൻ എൻ.ബി.എ താരം ആയ നോവിറ്റ്സ്കി കരിയറിലെ 21 വർഷവും മാവറിക്സിനായി ആണ് കളിച്ചത്. 2011 ൽ മാവറിക്സിന്റെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് അവർക്ക് എൻ.ബി.എ കിരീടം നേടി കൊടുക്കാനും താരത്തിന് ആയിരുന്നു. 14 തവണ എൻ.ബി.എ ഓൾ സ്റ്റാർ ടീമിൽ ഇടം പിടിച്ച താരം 2007 ൽ എൻ.ബി.എയിലെ മികച്ച താരവും ആയിരുന്നു. എൻ.ബി.എയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ വിദേശതാരം കൂടിയാണ് ഈ ജർമ്മൻ താരം. 2002 ൽ ബാസ്ക്കറ്റ് ബോൾ ലോകകപ്പിൽ ജർമ്മനിക്ക് വെങ്കല മെഡൽ നേടിക്കൊടുക്കാനും നോവിറ്റ്സ്കിക്ക് ആയിരുന്നു.