ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോളിന് പുത്തന്‍ ഉണര്‍വായി ഐഎൻബിഎൽ, കൊച്ചി റൗണ്ട് മത്സരങ്ങള്‍ തുടങ്ങി

Img 20221017 Wa0093

കൊച്ചി: ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോളിന് പുത്തന്‍ ഉണര്‍വ് നല്‍കി ഇന്ത്യന്‍ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗിന് (ഐഎൻബിഎൽ) കൊച്ചിയില്‍ തുടക്കം. കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് (രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം) ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയുള്ള ഐഎന്‍ബിഎലിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമായത്. കൊച്ചി, ബെംഗളൂരു, ചണ്ഡിഗഡ്, ചെന്നൈ, ഡല്‍ഹി, മുംബൈ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന ആറ് ടീമുകളാണ് മത്സരിക്കുന്നത്. ഞായറാഴ്ച തുടങ്ങിയ ആദ്യ റൗണ്ട് മത്സരത്തിന്റെ ആദ്യദിനം ചെന്നൈ ഹീറ്റ് ഡല്‍ഹി ഡ്രിബ്ലേഴ്‌സിനെയും, മുംബൈ ടൈറ്റന്‍സ് ബെംഗളൂരു കിങ്‌സിനെയും പരാജയപ്പെടുത്തി. ആതിഥേയരായ കൊച്ചി ടൈഗേഴ്‌സ് ചണ്ഡീഗഡ് വാരിയേഴ്‌സിനെ തോല്‍പ്പിച്ച് ജയത്തോടെ തുടങ്ങി. ഒക്ടോബര്‍ 20ന് കൊച്ചി റൗണ്ട് മത്സരങ്ങള്‍ അവസാനിക്കും.

Img 20221017 Wa0105

ഇന്ത്യയിലെ പ്രതിഭകളെ കണ്ടെത്തി, കളിക്കാരെ അന്താരാഷ്ട്ര തലത്തിലേക്കുയര്‍ത്തുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് ഐഎന്‍ബിഎല്‍ സിഇഒ പര്‍വീണ്‍ ബാറ്റിഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ ടൂര്‍ണമെന്റിനെ സംയോജിപ്പിക്കുന്നതിനുള്ള വേഗമേറിയ യാത്രയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്നത്. ബാസ്‌ക്കറ്റ്‌ബോളിനെ താഴെത്തട്ടിലേക്ക് കൊണ്ടുപോകാനുള്ള ഞങ്ങളുടെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുകയും ഈ കായികവിനോദത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്ന, ഫെഡറേഷന്‍ ഭാരവാഹികള്‍, കോര്‍പറേറ്റുകള്‍, പ്രമുഖ വ്യക്തികളില്‍ എന്നിവരില്‍ നിന്നും തുടക്കം മുതല്‍ വലിയ താല്‍പര്യവും പങ്കാളിത്തവുമാണ് ലീഗിന് ലഭിച്ചത്. ടൂര്‍ണമെന്റ് ആരംഭിക്കാനായതില്‍ ഞങ്ങള്‍ക്ക് സന്തോഷവും അഭിമാനവുമുണ്ട്, അതിന്റെ വിജയം ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎന്‍ബിഎല്‍ സിഒഒയും കോംപറ്റീഷന്‍സ് ഡയറക്ടറുമായ മഗേഷ് സാബാ, കൊച്ചി കോമ്പറ്റീഷന്‍ ഡയറക്ടറും ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ റാണാ താളിയത്ത്, കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മനോഹര കുമാര്‍, സെക്രട്ടറി ശശിധരന്‍ സി.കെ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ആകെ മൂന്ന് റൗണ്ട് മത്സരങ്ങളാണുള്ളത്. ലീഗിന്റെ രണ്ടാം റൗണ്ട് ഒക്ടോബര്‍ 26 മുതല്‍ 30 വരെ ജയ്പൂരിലും, മൂന്നാം റൗണ്ട് ഡിസംബര്‍ 7 മുതല്‍ 11 വരെ പൂനെയിലും നടക്കും. 2023 ജനുവരി 11 മുതല്‍ 15 വരെ ബെംഗളുരുവിലാണ് പ്ലേഓഫ് മത്സരങ്ങള്‍ നടക്കുക. അഞ്ച് ദിവസങ്ങളിലായാണ് ഓരോ റൗണ്ടും നടക്കുക. ആറ് ടീമുകളും ബാക്കിയുള്ള എല്ലാ ടീമുകള്‍ക്കെതിരെയും ഓരോ റൗണ്ടിലും ഒരുതവണ മത്സരിക്കും. മൂന്ന് റൗണ്ടിന് ശേഷമുള്ള പോയിന്റ് ടേബിളിന്റെ അടിസ്ഥാനത്തിലായിരിക്കും പ്ലേഓഫ് സീഡിങ് നിര്‍ണയിക്കുക. അഞ്ച് ദിവസത്തെ റൗണ്ട് റോബിന്‍ മത്സരങ്ങള്‍ക്ക് ശേഷം പോയിന്റ് ടേബിളില്‍ ഒന്നാമതെത്തുന്ന ടീമിന് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഏറ്റവും മൂല്യമേറിയ താരത്തിന് 25,000 രൂപയും സമ്മാനം നല്‍കും. കാണികള്‍ക്ക് എല്ലാ മത്സരങ്ങള്‍ക്കുമുള്ള പ്രവേശനം സൗജന്യമാണ്. പ്രത്യേക ഗേറ്റ് വഴി സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാം.

Img 20221017 Wa0099

ദശലക്ഷക്കണക്കിന് ബാസ്‌കറ്റ്‌ബോള്‍ ആരാധകര്‍ ഇന്ത്യയില്‍ ഒരു ദേശീയ ലീഗ് വളരെക്കാലമായി സ്വപ്നം കാണുന്നുവെന്നത് സത്യമാണെന്ന് ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഎഫ്‌ഐ) പ്രസിഡന്റ് ഡോ. കെ ഗോവിന്ദരാജ് അഭിപ്രായപ്പെട്ടു. ബിഎഫ്‌ഐ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ കാഴ്ചപ്പാട് അനുസരിച്ച് പദ്ധതികള്‍ നടപ്പിലാക്കാന്‍ ഹെഡ്സ്റ്റാര്‍ട്ട് അരീന ഇന്ത്യയെ ഞങ്ങള്‍ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ രണ്ടാം വാരാന്ത്യത്തിലും ആയിരക്കണക്കിന് കളിക്കാര്‍ക്ക് മത്സരാധിഷ്ഠിത ഗെയിം നല്‍കാനാണ് ഐഎന്‍ബിഎല്‍ ലക്ഷ്യമിടുന്നതെന്ന് ബിഎഫ്‌ഐ സെക്രട്ടറി ജനറല്‍ ചന്ദര്‍ മുഖി ശര്‍മ പറഞ്ഞു. ലീഗ് രൂപീകരണത്തിനും ടൂര്‍ണമെന്റ് പ്രഖ്യാപനത്തിനും ശേഷം, ഇത്രയും കുറഞ്ഞ കാലയളവില്‍ സജീവമായ പങ്കാളിത്തത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഐഎന്‍ബിഎല്‍ സിഒഒയും കോംപറ്റീഷന്‍സ് ഡയറക്ടറുമായ മഗേഷ് സാബാ കൂട്ടിച്ചേര്‍ത്തു.