സുവര്‍ണ്ണ പ്രതീക്ഷകളില്ല, തായി സുവിനോട് സിന്ധുവിന് സെമിയിൽ പരാജയം

Pvsindhu2

സ്വര്‍ണ്ണ മെഡലെന്ന സിന്ധുവിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കി ചൈനീസ് തായ്പേയുടെ തായി സു യിംഗ്. ഇന്ന് നടന്ന മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിനെതിരെ തായിയുടെ വിജയം. ആദ്യ ഗെയിമിൽ ഒപ്പത്തിനൊപ്പം നടന്ന പോരാട്ടത്തിനൊടുവിൽ തായി ഗെയിം സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഗെയിമിൽ സിന്ധുവിനെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് ചൈനീസ് തായ്പേയ് താരം സ്വന്തമാക്കിയത്. 18-21, 12-21 എന്ന സ്കോറിനാണ് സിന്ധു പിന്നില്‍ പോയത്.

ആദ്യ ഗെയിമിൽ സിന്ധു 5-2ന്റെ ലീഡ് നേടി. സിന്ധു 8-4ന്റെ ലീഡ് നേടിയെങ്കിലും ആദ്യ ബ്രേക്കിന് പോകുമ്പോള്‍ സിന്ധുവിന് 11-9ന്റെ ലീഡ് നേടാനായെങ്കിലും ബ്രേക്കിന് ശേഷം തായി സു 11-11ന് ഒപ്പമെത്തി. പിന്നീട് മത്സരത്തിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങുന്ന കാഴ്ചയാണ് കണ്ടത്.

16-14ന്റെ ലീഡ് സിന്ധു നേടിയെങ്കിലും മികച്ച രീതിയിൽ തായി രണ്ട് പോയിന്റുകള്‍ നേടി സിന്ധുവിനൊപ്പമെത്തി. തായി മത്സരത്തിൽ ആദ്യമായി ലീഡ് നേടുകയും 21-18ന് ഗെയിം നേടുകയും ചെയ്തപ്പോള്‍ ആദ്യ ഗെയിം ചൈനീസ് തായ്പേയ് താരം സ്വന്തമാക്കി.

രണ്ടാം ഗെയിമിൽ സിന്ധുവിൽ നിന്ന് പതിവിലധികം പിഴവുകള്‍ വരുത്തിയപ്പോള്‍ തായി ബ്രേക്കിന് 11-7ന്റെ ലീഡ് നേടി. ബ്രേക്കിന് ശേഷവും അനായാസം തായി കസറിയപ്പോള്‍ സിന്ധുവിന്റെയും ഇന്ത്യയുടെ പ്രതീക്ഷകള്‍ ഇല്ലാതായി.

Previous articleഅവസാനം വന്ന് റാഫാ മിറിന് ഹാട്രിക്ക്, സ്പെയിൻ ഒളിമ്പിക്സ് ഫുട്ബോൾ സെമി ഫൈനലിൽ
Next articleലോംഗ് ജംപിൽ യോഗ്യത നേടാനാകാതെ ശ്രീശങ്കര്‍