ചരിത്രം കുറിച്ച് സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്, തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടം

- Advertisement -

തായ്‍ലാന്‍ഡ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം സ്വന്തമാക്കി സാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരങ്ങളെ മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയം സ്വന്തമാക്കാനായത്. 21-19, 18-21, 21-19 എന്ന സ്കോറിനാണ് വിജയം. ലോക രണ്ടാം റാങ്കുകാരായ ചൈനീസ് കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. നിലവിലെ ലോക ചാമ്പ്യന്മാര്‍ കൂടിയാണ് ചൈനീസ് താരങ്ങള്‍.

ആദ്യ ഗെയിമില്‍ 21-19ന് വിജയിച്ച ഇന്ത്യന്‍ കൂട്ടുകെട്ട് രണ്ടാം ഗെയിമില്‍ 18-16ന് മുന്നിലായിരുന്നുവെങ്കിലും ചൈനീസ് താരങ്ങള്‍ തുടരെ അഞ്ച് പോയിന്റ് നേടി മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. മൂന്നാം ഗെയിമിലും മേധാവിത്വം പുലര്‍ത്തി ചൈനീസ് താരങ്ങള്‍ 4-1ന്റെ ലീഡ് നേടിയെങ്കിലും 6-6ന് ഇന്ത്യന്‍ താരങ്ങള്‍ ഒപ്പം പിടിയ്ക്കുകയും പിന്നീട് 8-6ന്റെ ലീഡ് നേടുകയും ചെയ്തു. മൂന്നാം ഗെയിമിന്റെ ഇടവേള സമയത്ത് 11-8ന് ഇന്ത്യന്‍ ജോഡി ലീഡ് ചെയ്യുകയായിരുന്നു.

ഇടവേളയ്ക്ക് ശേഷം ലീഡ് 15-11ലേക്ക് ഉയര്‍ത്തുവാന്‍ ഇന്ത്യയ്ക്കായി. സാത്വിക് വമ്പന്‍ സ്മാഷുകളിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ഗെയിമിലേതിന് സമാനമായി പോയിന്റുകള്‍ തുടരെ നേടി ചൈനീസ് താരങ്ങള്‍ തിരിച്ചുവരവ് നടത്തുന്നതാണ് പിന്നീട് കണ്ടതെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ലീഡ് 18-15 ലേക്ക് ഉയര്‍ത്തി.

മൂന്നാം ഗെയിം 21-18ന് സ്വന്തമാക്കി ഇന്ത്യന്‍ ജോഡി മത്സരവും കിരീടവും സ്വന്തമാക്കുകയായിരുന്നു.

 

Advertisement