കാൻസറിനെ കീഴടക്കി മലേഷ്യൻ ബാഡ്മിന്റൺ ലെജൻഡ് കളിക്കളത്തിൽ തിരിച്ചെത്തുന്നു

മലേഷ്യയുടെ ബാഡ്മിന്റൺ ലെജൻഡ് ലീ ചോങ് വെയ് ക്യാൻസറിനെ കീഴടക്കി കളിക്കളത്തിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുന്നു. മൂക്കിൽ ബാധിച്ച കാൻസറിനെ മറികടന്ന ലീ ചോങ് വരുന്ന ഏപ്രിലിൽ ബാഡ്മിന്റൺ കോർട്ടിൽ എത്തുമെന്ന പ്രതീക്ഷയിൽ ആണ്. മലേഷ്യൻ ഓപ്പൺ കിരീടം നിലനിർത്തുക എന്ന ലക്ഷ്യമാണ് തനിക്കുള്ളത് എന്നാണ് ലീ ചോങ് പറയുന്നത്. നിലവിലെ ഒന്നാം നമ്പർ താരമായ കെന്റോ മോമോടയെ പരാജയപ്പെടുത്തിയാണ് ലീ ചോങ് കഴിഞ്ഞ വർഷത്തെ മലേഷ്യൻ ഓപ്പൺ കിരീടം ചൂടിയത്.

കഴിഞ്ഞ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് മുൻപാണ് താരത്തിന് കാൻസർ കണ്ടെത്തിയത്. തുടർന്ന് കളിക്കളത്തിൽ നിന്നും വിട്ടു നിന്ന ലീ ചോങ് തന്റെ ആദ്യ ട്രൈനിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു.

“നിലവിൽ എല്ലാം നല്ല രീതിയിൽ പോവുന്നുണ്ട്, രണ്ടാഴ്ച കൊണ്ട് എന്റെ മുഴുവൻ ഫിറ്റ്നസും വീണ്ടെടുക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ്.” ലീ ചോങ് പറഞ്ഞു.

മുൻ ലോക ഒന്നാം നമ്പർ താരമായ ലീ ചോങ് 12 തവണ മലേഷ്യൻ ഓപ്പൺ നേടിയിട്ടുണ്ട്.