ഇന്ത്യയുടെ കിഡമ്പി ശ്രീകാന്ത് ബിഡബ്ല്യുഎഫ് കാനഡ ഓപ്പൺ 2025-ൽ മികച്ച ഫോം തുടർന്ന് സെമിഫൈനലിൽ പ്രവേശിച്ചു. ഒന്റാരിയോയിൽ വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ലോക ആറാം നമ്പർ താരം ചൗ ടിയൻ ചെന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-18, 21-9) തകർത്താണ് 32 വയസ്സുകാരനായ ശ്രീകാന്ത് സൂപ്പർ 300 ടൂർണമെന്റിന്റെ സെമിയിൽ കടന്നത്.
സെമിയിൽ ജപ്പാന്റെ കെന്റാ നിഷിമോട്ടോയാണ് ശ്രീകാന്തിന്റെ എതിരാളി.
നിലവിൽ ലോക 49-ാം നമ്പർ താരമായ ശ്രീകാന്ത്, തന്റെ ട്രേഡ്മാർക്ക് സ്ട്രോക്ക്പ്ലേയും മികച്ച മാനസികാവസ്ഥയും പ്രകടിപ്പിച്ച് ടോപ് സീഡായ തായ്‌വാനീസ് താരത്തിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാഴ്ചയ്ക്കിടെ ഒരു ഇന്ത്യൻ ഷട്ട്ലറോട് ചൗ ടിയൻ ചെൻ തോൽക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ അയോവയിൽ വച്ച് ആയുഷ് ഷെട്ടിയോടും അദ്ദേഹം പരാജയപ്പെട്ടിരുന്നു.
ശ്രീകാന്തിന്റെ അടുത്ത എതിരാളിയായ നിഷിമോട്ടോക്ക് എതിരെ ഹെഡ് ടു ഹെഡിൽ 6-4 എന്ന മുൻതൂക്കം ശ്രീകാന്തിന് ഉണ്ട്. ലോക ചാമ്പ്യൻഷിപ്പിൽ നടന്ന അവസാന എറ്റുമുട്ടലിലും ശ്രീകാന്ത് വിജയിച്ചിരുന്നു.