നാലാം സീഡിനെ അട്ടിമറിച്ച് ഫൈനലിലേക്ക് കടന്ന് പാരുപ്പള്ളി കശ്യപ്

കാനഡ ഓപ്പണിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പാരുപ്പള്ളി കശ്യാപ്. സെമിയില്‍ ചൈനീസ് തായ്പേയുടെ വാംഗ് സു വീയെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കശ്യപ് അട്ടിമറിച്ചത്. 14-21, 21-17, 21-18 എന്ന സ്കോറിന് ആദ്യ ഗെയിം കൈവിട്ട ശേഷമാണ് കശ്യപിന്റെ ശക്തമായ തിരിച്ചുവരവ്. 71 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് കശ്യപിന്റെ വിജയം. ഫൈനലില്‍ ചൈനയുടെ ഷീ ഫെംഗ് ലിയാണ് കശ്യപിന്റെ എതിരാളി.

ചൈനീസ് താരവും മൂന്ന് ഗെയിം പോരാട്ടത്തിലാണ് ജയം നേടിയത്. ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം നിന്ന ശേഷം 20-22ന് ജപ്പാന്റെ കോകി വാന്റാബേയോട് ഷീ പിന്നില്‍ പോയെങ്കിലും അടുത്ത രണ്ട് ഗെയിമുകളില്‍ ജാപ്പനീസ് താരത്തെ നിഷ്പ്രഭമാക്കിയാണ് ചൈനയുടെ താരം വിജയം കുറിച്ചത്. സ്കോര്‍: 20-22, 21-10, 21-11. 57 മിനുട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്.