റഷ്യയില്‍ ഇന്ത്യന്‍ താരങ്ങളുടെ മികവ് തുടരുന്നു

- Advertisement -

റഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം തുടരുന്നു. സൗരഭ് വര്‍മ്മ, ശുഭാങ്കര്‍ ഡേ, മിഥുന്‍ മഞ്ജുനാഥ് എന്നിവര്‍ പുരുഷ സിംഗിള്‍സില്‍ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ വനിത സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നിവയിലും ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറില്‍ എത്തി.

മിഥുന്‍ മഞ്ജുനാഥ് 21-16, 21-13 എന്ന സ്കോറിനു ജപ്പാന്‍ താരത്തെ പരാജയപ്പെടുത്തിയപ്പോള്‍ ശുഭാങ്കര്‍ ഡേ ഇന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് പ്രതാപ് സിംഗിനെയാണ് പ്രീക്വാര്‍ട്ടറില്‍ തകര്‍ത്തത്. സ്കോര്‍ 21-11, 21-19. സൗരഭ് വര്‍മ്മ റഷ്യയുടെ സെര്‍ജേ സിരാന്റിനെ 21-11, 21-9 എന്ന സ്കോറിനു പരാജയപ്പെടുത്തി. വനിത സിംഗിള്‍സില്‍ ഋതുപര്‍ണ്ണ ദാസ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മലേഷ്യയുടെ യിംഗ് യിംഗ് ലീയെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് താരം പരാജയപ്പെടുത്തിയത്. 53 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ ആദ്യ ഗെയിം 13-21നു അടിയറവു പറഞ്ഞ ശേഷമാണ് മത്സരം 13-21, 21-17, 21-19 എന്ന സ്കോറിനു താരം ജയിച്ചത്.

മിക്സഡ് ഡബിള്‍സില്‍ രോഹന്‍ കപൂര്‍-കൂഹു ഗാര്‍ഡ് എന്നിവര്‍ 21-10, 21-14 എന്ന സ്കോറിനു ജയം നേടി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. പുരുഷ ഡബിള്‍സില്‍ അരുണ്‍ ജോര്‍ജ്ജ്-സന്യം ശുക്ല 21-12, 21-13 എന്ന സ്കോറിനു എതിരാളികളെ അടിയറവു പറയിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement