ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം തവണയും 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടി നോർവെ താരം കാർസ്റ്റൻ വാർഹോം. നിലവിലെ ഒളിമ്പിക് ജേതാവ് കൂടിയായ വാർഹോം 46.89 സെക്കന്റിൽ റേസ് പൂർത്തിയാക്കി ആണ് സ്വർണം സ്വന്തം പേരിലാക്കിയത്. 47.34 സെക്കന്റിൽ ഓടിയെത്തിയ ബ്രിട്ടീഷ് വെർജിൻ ദ്വീപുകളുടെ കയിറോൺ മക്മാസ്റ്റർ വെള്ളി നേടിയപ്പോൾ തുടക്കത്തിൽ നോർവെ താരത്തിന് വെല്ലുവിളി ഉയർത്തിയ റായ് ബെഞ്ചമിൻ വെങ്കലം നേടി. 47.56 സെക്കന്റിൽ ആണ് ബെഞ്ചമിൻ റേസ് പൂർത്തിയാക്കിയത്.
വനിതകളുടെ 400 മീറ്റർ ഫൈനലിൽ ഡൊമിനികൻ റിപ്പബ്ലിക് ചരിത്രത്തിലെ ആദ്യ വനിത ലോക ചാമ്പ്യൻ ആയി ചരിത്രം എഴുതി മേരിലേഡി പൗളിനോ. പലപ്പോഴും കയ്യെത്തും ദൂരത്ത് നഷ്ടമായ സ്വർണം 48.76 സെക്കന്റ് എന്ന ദേശീയ റെക്കോർഡ് സമയം കുറിച്ചാണ് താരം നേടിയത്. പോളണ്ടിന്റെ നദാലിയ കാസ്മാർക് ഈ ഇനത്തിൽ വെള്ളി നേടിയപ്പോൾ ബാർബോഡാസിന്റെ സദ വില്യംസ് വെങ്കലം നേടി.
അതേസമയം പുരുഷന്മാരുടെ 1500 മീറ്റർ ഫൈനലിൽ വമ്പൻ അട്ടിമറി ആണ് കാണാൻ ആയത്. ഒളിമ്പിക് ചാമ്പ്യൻ ആയ നോർവെയുടെ ജാക്കബ് ഇൻഗെബ്രൈറ്റ്സനെ അവസാന ലാപ്പിൽ പിന്നിലാക്കി 3 മിനിറ്റ് 29.38 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ ബ്രിട്ടന്റെ ജോഷ് കെർ 1500 മീറ്ററിൽ സ്വർണം നേടി. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലും ഈ ഇനത്തിൽ ബ്രിട്ടീഷ് ലോക ജേതാവ് ആണ് ഉണ്ടായത്. 3 മിനിറ്റ് 29.65 സെക്കന്റിൽ ഓട്ടം പൂർത്തിയാക്കിയ ജാക്കബ് വെള്ളി മെഡൽ നേടിയപ്പോൾ നോർവെയുടെ തന്നെ നാർവ് നോർദാസ് വെങ്കലം നേടി.