ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിനത്തിൽ ഇന്ത്യക്ക് നിരാശ. 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എം.പി ജാബിർ സെമിഫൈനലിൽ എത്താൻ ആവാതെ പുറത്തായി. രണ്ടാം ഹീറ്റ്‌സിൽ ഏഴാം സ്ഥാനക്കാരനായി ആണ് ജാബിർ റേസ് അവസാനിപ്പിച്ചത്. കരിയറിൽ 49.13 സെക്കന്റുകൾ മികച്ച സമയമുള്ള ജാബിറിന് ഒറഗണിൽ കുറിക്കാൻ ആയത് 50.76 സെക്കന്റുകൾ മാത്രം ആണ്. ഈ സീസണിൽ 49.76 സെക്കന്റ് മികച്ച സമയമുള്ള താരത്തിന് ഈ പ്രകടനം നിരാശ നൽകും.
അതേസമയം വനിതകളുടെ 3000 മീറ്റർ സ്റ്റീപിൾ ചേസിൽ കരിയറിലെ മികച്ച സമയം ആണ് പരുൾ ചൗദരി കുറിച്ചത്. 9.38.09 മിനിറ്റിനുള്ളിൽ ഓടി തീർത്ത പരുൾ തന്റെ കരിയറിലെ മികച്ച സമയം കുറിച്ചു എങ്കിലും ഹീറ്റിൽ പന്ത്രണ്ടാം സ്ഥാനത്ത് ആയാണ് ഓട്ടം അവസാനിപ്പിച്ചത്. ഫൈനലിലേക്ക് യോഗ്യത നേടാൻ ഈ പ്രകടനം കൊണ്ടു താരത്തിന് ആയില്ല. എങ്കിലും കരിയറിലെ ആദ്യ ലോക ചാമ്പ്യൻഷിപ്പിൽ കരിയറിലെ ഏറ്റവും മികച്ച സമയം കുറിക്കാൻ ആയത് താരത്തിന് വരും വർഷങ്ങളിൽ ആത്മവിശ്വാസം പകരും. ലോക ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിനമായ ഇന്ന് ഇനി മുരളി ശ്രീശങ്കറിന്റെ ലോങ് ജംപ് ഫൈനൽ ആണ് ഇന്ത്യയുടെ ബാക്കിയുള്ള മത്സര ഇനം.