ഒളിമ്പിക്‌സിൽ ചൈനക്ക് മറ്റൊരു സ്വർണം കൂടി. ഇത്തതവണ ജാവലിൻ ത്രോയിൽ തന്റെ സീസണിലെ ഏറ്റവും മികച്ച ദൂരമായ 66.34 മീറ്റർ താണ്ടിയ ലു ഷിയിങ് ആണ് അവർക്ക് സ്വർണം സമ്മാനിച്ചത്. തന്റെ ആദ്യ ശ്രമത്തിൽ തന്നെ ഈ ദൂരം താണ്ടിയ ലു പിന്നീട് മൂന്നാം ശ്രമത്തിലെ ഒരേയൊരു ഏറു മാത്രമാണ് എറിഞ്ഞത്. രണ്ടും നാലും ശ്രമങ്ങൾ ഫൗൾ ആയപ്പോൾ അഞ്ചും ആറും ശ്രമങ്ങൾ സ്വർണം ഉറപ്പിച്ചതിനാൽ എറിയാൻ ചൈനീസ് താരം നിന്നില്ല.
ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയിൽ ഒതുങ്ങിയതിന് ഒളിമ്പിക് സ്വർണം കൊണ്ട് ലു പ്രായശ്ചിത്തം ചെയ്തു. 64.61 മീറ്റർ എറിഞ്ഞ പോളണ്ട് താരം മരിയ ആന്ദ്രജ്സ്ക് ആണ് വെള്ളി മെഡൽ നേടിയത്. തന്റെ രണ്ടാം ശ്രമത്തിൽ ആണ് ജൂനിയർ ലോക ജേതാവ് ആയ പോളണ്ട് താരം ഈ ദൂരം താണ്ടിയത്. തന്റെ അവസാന ശ്രമത്തിൽ 64.56 മീറ്റർ താണ്ടിയ ഓസ്‌ട്രേലിയൻ താരം കെൽസി ലീ ബാർബർ നേരിയ വ്യത്യാസത്തിൽ ആണ് വെങ്കല മെഡലിൽ ഒതുങ്ങിയത്.