വനിത 100 മീറ്റർ സ്പ്രിന്റ് ഫൈനലിൽ മെഡലുകൾ തൂത്തു വാരിയ ജമൈക്കൻ പ്രകടനത്തിന് പിറകെ അവരെ അനുമോദിച്ചു ഇതിഹാസ താരം ഉസൈൻ ബോൾട്ട് രംഗത്ത് വന്നു. 100, 200 മീറ്റർ സ്പ്രിന്റുകളിൽ ലോക റെക്കോർഡുകൾ കൊണ്ടും ലോക ജേതാവ് ആയും ഒളിമ്പിക് ജേതാവ് ആയും അത്ലറ്റിക്സ് അടക്കി വാണ ഉസൈൻ ബോൾട്ട് ഇല്ലാതെ നടക്കുന്ന ആദ്യ ഒളിമ്പിക്സിൽ ജമൈക്ക ക്ഷീണിക്കില്ല എന്ന വ്യക്തമായ സൂചനയാണ് ഇന്ന് വനിതകൾ നൽകിയത്.
100 മീറ്റർ ഫൈനലിന് ശേഷം ‘1.2.3 🇯🇲🇯🇲🇯🇲’ എന്നു ട്വീറ്റ് ചെയ്ത ബോൾട്ട് അതിനു ശേഷം മെഡലുകൾ നേടിയ എലൈൻ തോംപ്സൻ, ഷെല്ലി ആൻ ഫ്രേസർ, ഷെറിക ജാക്സൻ എന്നിവർ ജമൈക്കൻ പതാകയും ആയി നിൽക്കുന്ന ചിത്രവും പങ്ക് വച്ചു. സ്പ്രിന്റ് ഇനങ്ങളിൽ ബോൾട്ടിന്റെ അഭാവത്തിൽ പുരുഷന്മാർ തളർന്നാലും തുടർന്നും 200 മീറ്റർ, 4×100 മീറ്റർ റിലെ എന്നീ ഇനങ്ങളിൽ ജമൈക്കക്ക് ആയി മെഡൽ കൊണ്ടു വരും എന്ന വ്യക്തമായ സൂചനയാണ് ജമൈക്കൻ വനിത താരങ്ങൾ നൽകുന്നത്.