സമ്പൂർണ ആധിപത്യത്തോടെ വനിത ഷോട്ട് പുട്ടിൽ സ്വർണം നേടി ചൈനീസ് താരം

Wasim Akram

ഒളിമ്പിക്‌സിൽ അത്ലറ്റിക്സിൽ ആദ്യ സ്വർണം സ്വന്തമാക്കി ചൈന. ചൈന ഏറെ പ്രതീക്ഷിച്ച ഷോട്ട് പുട്ടിൽ രണ്ടു തവണ ലോക ജേതാവ് ആയ ലോങ് ലിജിയോ ആണ് അവർക്ക് സ്വർണം സമ്മാനിച്ചത്. 2008 ഒളിമ്പിക്‌സിൽ വെങ്കലവും 2012 ഒളിമ്പിക്‌സിൽ വെള്ളിയും നേടിയ താരത്തിന്റെ ആദ്യ ഒളിമ്പിക് സ്വർണം ആണ് ടോക്കിയോയിൽ പിറന്നത്. അവസാന ശ്രമത്തിൽ 20.58 മീറ്റർ എറിഞ്ഞ താരം അനായാസം സ്വർണം സ്വന്തമാക്കി.

19.95 മീറ്റർ, 19.98 മീറ്റർ, 19.80 മീറ്റർ, 20.53 മീറ്റർ എന്നീ ദൂരങ്ങൾ എറിഞ്ഞ ശേഷമാണ് താരം 20.58 മീറ്റർ എന്ന ദൂരം എറിഞ്ഞത്. ചൈനീസ് താരം എറിഞ്ഞ ഒരു ദൂരവും മറികടക്കാൻ ഒരാൾക്ക് പോലും കഴിഞ്ഞില്ല എന്നത് ചൈനീസ് താരത്തിന്റെ ആധിപത്യം കാണിച്ചു. അഞ്ചാം ശ്രമത്തിൽ 19.79 മീറ്റർ എറിഞ്ഞ അമേരിക്കൻ താരം റേവൻ സൗന്ദർസ് വെള്ളി നേടിയപ്പോൾ മൂന്നാം ശ്രമത്തിൽ 19.62 മീറ്റർ എറിഞ്ഞ ന്യൂസിലാൻഡ് താരം വലെരി ആദംസ് വെങ്കലവും നേടി.