4×100 മീറ്റർ മെഡലെയിൽ ലോക റെക്കോർഡ് കുറിച്ചു അമേരിക്ക, കാലബ് ഡ്രസലിന് ടോക്കിയോയിൽ അഞ്ചാം സ്വർണം

നീന്തൽ കുളത്തിലെ അവസാന ദിനം അവസാന ഇനം ഏറ്റവും വലിയ ആവേശകരമായപ്പോൾ 4×100 മീറ്റർ മെഡലെയിൽ പിറന്നത് അവിസ്മരണീയമായ പോരാട്ടം. അവസാന ഇനത്തിൽ ലോക റെക്കോർഡ് നേട്ടം നേടിയ അമേരിക്ക നീന്തലിൽ ടോക്കിയോയിൽ നീന്തൽ കുളത്തിൽ പിറന്ന ലോക റെക്കോർഡുകളും എണ്ണം ആറു എന്നുമാക്കി. ബ്രിട്ടീഷ് അമേരിക്കൻ ടീമുകളുടെ അതിശക്തമായ പോരാട്ടം ആണ് റിലെയിൽ കണ്ടത്. ആദ്യ ലാപ്പിൽ ബാക് സ്ട്രോക്കിൽ അമേരിക്കക്ക് മികച്ച മുൻതൂക്കം ആണ് റയാൻ മർഫി സമ്മാനിച്ചത്. എന്നാൽ തന്റെ പ്രിയ ഇനം ആയ ബ്രസ്റ്റ് സ്ട്രോക്കിൽ മികവ് പുറത്ത് എടുത്ത ആദം പീറ്റി രണ്ടാം ലാപ്പിൽ മൈക്കിൾ ആൻഡ്രൂവിനെ മറികടന്നു ബ്രിട്ടന് മുൻതൂക്കം നൽകി.

എന്നാൽ മൂന്നാം ലാപ്പിൽ ബട്ടർഫ്ലെയിൽ നീന്താൻ ഇറങ്ങിയ കാലബ് ഡ്രസൽ ജെയിംസ് ഗെയിൽ നിന്നു ഈ മുൻതൂക്കം തിരിച്ചു പിടിച്ചു. ഒടുവിൽ അവസാന ലാപ്പിൽ ഫ്രീസ്റ്റൈലിൽ ഡങ്കൻ സ്കോട്ടിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച സാക് ആപ്പിൾ അമേരിക്കക്ക് ലോക റെക്കോർഡ് സമയത്തിൽ സ്വർണം സമ്മാനിച്ചു. 3 മിനിറ്റ് 26.78 സെക്കന്റിന്റെ പുതിയ ലോക റെക്കോർഡ് ആണ് അമേരിക്ക നേടിയത്. 3 മിനിറ്റ് 27.51 സെക്കന്റിൽ ബ്രിട്ടൻ വെള്ളി നേടിയപ്പോൾ ഇറ്റലിക്ക് ആണ് ഈ ഇനത്തിൽ വെങ്കലം. ടോക്കിയോ ഒളിമ്പിക്‌സിൽ കാലബ് ഡ്രസൽ നേടുന്ന അഞ്ചാം സ്വർണം ആണ് ഇത്. മൂന്നു വ്യക്തിഗത ഇനങ്ങളിലും രണ്ടു ടീം ഇനങ്ങളിലും ആയി മത്സരിച്ച ആറിൽ അഞ്ചു ഇനങ്ങളിലും അമേരിക്കൻ താരം ഇതോടെ സ്വർണം നേടി.