ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്വർണം സ്വന്തമാക്കി അമേരിക്കൻ സ്പ്രിന്റർ നോഹ ലെയ്ൽസ്. 100, 200 മീറ്ററുകളിൽ സ്വർണം നേടിയ താരം ഇന്ന് 4×100 മീറ്റർ റിലെയിലും സ്വർണം നേടി. സാക്ഷാൽ ഉസൈൻ ബോൾട്ടിനു ശേഷം ഒരു ലോക ചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണം നേടുന്ന താരമായും ലെയിൽസ് മാറി. ടെയ്‌സൻ ഗെ, ആലിസൻ ഫെലിക്‌സ് എന്നിവർക്ക് ശേഷം ഒരു ലോക ചാമ്പ്യൻഷിപ്പിൽ 3 സ്വർണം നേടുന്ന ആദ്യ അമേരിക്കൻ താരം കൂടിയാണ് ലെയ്ൽസ്. 37.38 സെക്കന്റിൽ റിലെ പൂർത്തിയാക്കിയ അവർ ഈ വർഷത്തെ ഏറ്റവും മികച്ച സമയവും കുറിച്ചു വേൾഡ് ലീഡ് സ്വന്തമാക്കി. 37.62 സെക്കന്റിൽ സീസൺ ബെസ്റ്റ് കുറിച്ച ഇറ്റലി വെള്ളി മെഡൽ നേടിയപ്പോൾ ജമൈക്കയാണ് വെങ്കലം നേടിയത്.
അതേസമയം 4×100 മീറ്റർ റിലെയിൽ സ്വർണം നേടിയ അമേരിക്കൻ വനിത ടീം ലോക ചാമ്പ്യൻഷിപ്പ് റെക്കോർഡ് ആണ് കുറിച്ചത്. ഇത് ആദ്യമായാണ് ഈ ഇരു ഇനങ്ങളിലും അമേരിക്ക സ്വർണം നേടുന്നത്. തമാറി ഡേവിസ്, ടി ടി ടെറി, ഗാബി തോമസ്, ഷ’കാരി റിച്ചാർഡ്സൺ എന്നിവർ അടങ്ങിയ ടീം 41.03 സെക്കന്റിൽ റിലെ പൂർത്തിയാക്കി ചാമ്പ്യൻഷിപ്പ് റെക്കോർഡ് തകർത്തു. 100 മീറ്ററിലും സ്വർണം നേടിയ റിച്ചാർഡ്സണിന്റെ രണ്ടാം സ്വർണം കൂടിയാണ് ഇത്. 41.21 സെക്കന്റിൽ സീസൺ ബെസ്റ്റ് സമയം കുറിച്ച ജമൈക്ക വെള്ളി മെഡൽ നേടിയപ്പോൾ ബ്രിട്ടൻ ആണ് വെങ്കലം നേടിയത്. ലോക ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ മുന്നേറ്റം തുടരുകയാണ്.
അതേസമയം വനിതകളുടെ മാരത്തോൺ എത്യോപ്യൻ ആധിപത്യം ആണ് കണ്ടത്. സീസൺ ബെസ്റ്റ് സമയം ആയ 2 മണിക്കൂർ 24 മിനിറ്റ് 23 സെക്കന്റ് സമയം കുറിച്ച അമനെ ബെറിസോ സ്വർണം നേടിയപ്പോൾ എത്യോപയുടെ തന്നെ ഗബ്രസലിസെ വെള്ളിയും മൊറോക്കോയുടെ ഫാത്തിമ ഗെർദാദി വെങ്കലവും നേടി. പുരുഷന്മാരുടെ ഡെക്കാത്തലോണിൽ സീസണിലെ മികച്ച പോയിന്റ് കണ്ടത്തി വേൾഡ് ലീഡ് കുറിച്ച കാനഡയുടെ പിയേഴ്‌സ് ലെപേജ് ആണ് സ്വർണം നേടിയത്. 8909 പോയിന്റ് ആണ് താരം നേടിയത്. സീസൺ ബെസ്റ്റ് പോയിന്റ് നേടിയ കാനഡയുടെ തന്നെ ഡാമിയൻ വാർണർ വെള്ളി നേടിയപ്പോൾ ദേശീയ റെക്കോർഡ് കുറിച്ച ഗ്രനാഡയുടെ ലിന്റൻ വിക്ടർ വെങ്കല മെഡൽ നേടി.