മലയാളി അത്ലറ്റ് മുഹമ്മദ് അനസിന് അർജുന അവാർഡ് ശുപാർശ

മലയാളികളുടെ അഭിമാനമായ അത്‌ലറ്റ് മുഹമ്മദ് അനസിന് രാജ്യത്തിന്റെ അംഗീകാരം ലഭിക്കാൻ സാധ്യത. അർജുന അവാർഡിന് ആയി ശുപാർശ ചെയ്യപ്പെട്ടവരിൽ അനസും ഉൾപ്പെട്ടിരിക്കുകയാണ്. അനസ് ഉൾപ്പെടെ 19 പേരാണ് ഇത്തവണ അര്‍ജുന അവാര്‍ഡ് ശുപാർശ ലിസ്റ്റിൽ ഉള്ളത്. 400 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡിട്ട അനസ് അവസാന വർഷങ്ങളിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷയായി തന്നെ വളർന്നിരുന്നു‌.

2018 ഏഷ്യന്‍ ഗെയിംസിൽ മൂന്ന് മെഡലുകൾ ഇന്ത്യക്കായി നേടിയ താരമാണ് അനസ്. 400 മീറ്റർ ഓട്ടത്തിലും, 400 മീറ്റർ റിലേയിലും, മിക്സ്ഡ് റിലേയില്ലും ആയിരുന്നു അനസിന്റെ മെഡലുകൾ. മിക്‌സഡ് റിലേയില്‍ സ്വര്‍ണം ആയിരുന്നു നേടിയത്. അനസിനെ കൂടാതെ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, ഫുട്ബോൾ താരം ഗുർപ്രീത് സിംഗ് സന്ധു എന്നിവരും അർജുന അവാർഡ് ശുപാർശ നേടിയവരിൽ പെടുന്നു.