ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലക്ഷദ്വീപിന് ചരിത്രത്തിലെ ആദ്യ സ്വർണം സമ്മാനിച്ചു മുബസ്സിന മുഹമ്മദ്. അണ്ടർ 18 പെൺ കുട്ടികളുടെ ലോങ് ജംപിൽ 5.90 മീറ്റർ ദൂരം ചാടിയ മുബസ്സിന ഇതോടെ ഏഷ്യൻ യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യതയും നേടി. കഴിഞ്ഞ വർഷം കേരളത്തിൽ പഠിച്ച മുബസ്സിന ഫ്രാൻസിൽ വച്ചു നടന്ന ലോക സ്‌കൂൾ മീറ്റിൽ പങ്കെടുത്തിരുന്നു.
നേരത്തെ 33 മത് സൗത്ത് സോൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ് ജംപ്, ഹെപാത്ലോൺ ഇനങ്ങളിൽ സ്വർണം നേടിയ മുബസ്സിന ലക്ഷദ്വീപിന്റെ കായിക രംഗത്തെ ഒന്നാകെ പുതിയ ഉയരങ്ങളിൽ എത്തിക്കുക ആണ്. സൗത്ത് സോണിൽ മുബസ്സിനക്ക് പിറകെ അണ്ടർ 14 വിഭാഗത്തിൽ ജാവലിനിൽ മുബസ്സിനയുടെ സഹോദരി മുസൈന മുഹമ്മദ് വെങ്കലവും റയീസ ബീഗം സ്വർണവും നേടിയിരുന്നു. ലക്ഷദ്വീപിലെ കുട്ടികളുടെ മിന്നും പ്രകടനങ്ങൾക്ക് അത്ലറ്റിക് മുഖ്യ പരിശീലകൻ അഹ്മദ് ജവാദ് വലിയ പങ്ക് ആണ് വഹിക്കുന്നത്.