ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 100 മീറ്ററിന് പിറകെ 200 മീറ്ററിലും മൂന്നു മെഡലുകളും തൂത്ത് വാരി അമേരിക്ക. ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ നാലാമത്തെ സമയം കുറിച്ചാണ് 25 കാരനായ നോഹ ലെയിൽസ് സ്വർണം സ്വന്തമാക്കിയത്. 19.31 സെക്കന്റിൽ 200 മീറ്റർ പൂർത്തിയാക്കിയ താരത്തിനെക്കാൾ മികച്ച സമയം കൊണ്ട് 200 മീറ്റർ പൂർത്തിയാക്കിയവർ ജമൈക്കൻ താരങ്ങളായ സാക്ഷാൽ ഉസൈൻ ബോൾട്ടും, യോഹൻ ബ്ലേക്കും മാത്രമാണ്.
ഒളിമ്പിക്‌സിൽ നിരാശപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച ലെയിൽസ് അമേരിക്കൻ ദേശീയ റെക്കോർഡും തിരുത്തി. മൈക്കിൾ ജോൺസന്റെ 19.32 സെക്കന്റുകൾ എന്ന സമയം ആണ് താരം തിരുത്തിയത്. 19.77 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ കെന്നി ബെഡ്നരക് വെള്ളിമെഡൽ നേടിയപ്പോൾ 19.80 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ എറിയൻ നൈറ്റൻ വെങ്കല മെഡലും നേടി. 18 കാരനായ ഭാവി വാഗ്ദാനം ആയി അറിയപ്പെടുന്ന നൈറ്റനിൽ നിന്നു മികച്ച പ്രകടനം ആണ് കാണാൻ ആയത്.