ബുഡാപെസ്റ്റിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഭിമാനകരമായ പ്രകടനം കാഴ്ചവെച്ച ജാവലിൻ താരം കിഷോർ ജെനയ്ക്ക് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പാരിതോഷികം പ്രഖ്യാപിച്ചു. തിങ്കളാഴ്ച 25 ലക്ഷം രൂപയുടെ പാരിതോഷികം ആണ് ഒഡീഷ ഗവൺമെന്റ് പ്രഖ്യാപിച്ചത്.
ഞായറാഴ്ച നടന്ന ഫൈനലിൽ കിഷോർ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. 84.77 മീറ്ററുമായി പുതിയ വ്യക്തിഗത ബെസ്റ്റ് ത്രോയും അദ്ദേഹം എറിഞ്ഞു. ഇന്ത്യയുടെ നീരജ് ചോപ്ര ആയിരുന്നു ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയത്.
കിഷോറിന്റെ ബുഡാപെസ്റ്റിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ പ്രകടനം സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനം ആണെന്നും, വരും വർഷങ്ങളിൽ നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി പട്നായിക് പറഞ്ഞു.
ഭുവനേശ്വറിലെ ഗവൺമെന്റ് സ്‌പോർട്‌സ് ഹോസ്റ്റലിലെ ഉൽപ്പന്നമായ ജെന, പരിശീലകന്റെ നിർദ്ദേശപ്രകാരം വോളിബോളിൽ നിന്ന് മാറി 2015-ൽ ജാവലിൻ ഏറ്റെടുത്തു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് മുമ്പ് ഭുവനേശ്വറിലെ റിലയൻസ് ഫൗണ്ടേഷൻ അത്‌ലറ്റിക്‌സ് ഹൈ പെർഫോമൻസ് സെന്ററിൽ പരിശീലനത്തിലായിരുന്നു.